Tuesday, April 17, 2012

ഫെയര്‍മീറ്റര്‍കുടിശ്ശിക

ഫെയര്‍മീറ്റര്‍കുടിശ്ശികയെന്നപേരില്‍ മലപ്പുറം ജില്ലയിലെ ഓട്ടോറിക്ഷാ തൊഴിലാളികളില്‍ നിന്നും അനധികൃതമായി പണം പിരിച്ചെടുത്ത വകുപ്പിലെ ജീവനക്കാര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ കീഴിലുള്ള സുതാര്യ കേരളം അന്വേഷിച്ചതിന്റെ ഫയല്‍ മുക്കി.
ഫയലിനെ കുറിച്ച് ഞാന്‍ സുതാര്യ കേരളത്തില്‍ നേരിട്ട് അന്വേഷിച്ചപ്പോഴാണ് ഫയല്‍ കാണാനില്ലെന്ന മറുപടി ലഭിച്ചത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തുള്ള ഫയല്‍ ആയതിനാലാണ് ഇപ്പോള്‍ കാണാനാകാത്തതെന്ന ഒഴുക്കന്‍ മറുപടിയാണ് വകുപ്പ് പറഞ്ഞത്.ഇതോടെ ലീഗല്‍ മെട്രോളജി വകുപ്പിനെ സംരക്ഷിക്കാന്‍ സുതാര്യ കേരളം നടത്തുന്ന തന്ത്രത്തിന്റെ ഭാഗമാണിതെന്ന മനസ്സിലാകുന്നു.
1992 ലാണ് മഞ്ചേരി മുനിസിപ്പാലിറ്റി പരിധികളില്‍ ഓട്ടോറിക്ഷകളില്‍ ഫെയര്‍മീറ്റര്‍ സ്ഥപിക്കണമെന്ന നിയമം നിലവില്‍ വന്നത്.എന്നാല്‍ 2002 വരെ മലപ്പുറം ജില്ലയില്‍ ഈ നിയമം പരിഗണിക്കാതെയാണ് മോട്ടോര്‍ വാഹന വകുപ്പ് വാഹനങ്ങളുടെ രജിസ്‌ട്രേഷനും പെര്‍മിറ്റും നല്‍കിയത്.എന്നാല്‍ 2002 മുതല്‍ ഫെയര്‍മീറ്റര്‍ നിയമം കര്‍ശനമാക്കിയതോടെ നേരത്തെ വാഹനമെടുത്ത ഓട്ടോറിക്ഷ ഡ്രൈവന്മാരില്‍ പെര്‍മിറ്റിന്റെ അടിസ്ഥനമാക്കി ലീഗല്‍ മെട്രോളജി വകുപ്പ് കുടിശ്ശിക വാങ്ങാനാരംഭിച്ചു. ഇതനുസരിച്ച് നിരവധി ഓട്ടോതൊഴിലാളികളില്‍ നിന്ന് 2000 രൂപ വരെ ഈടാക്കിയിരുന്നു. ഇതാണ് വിവാദമായത്. 
തുടര്‍ന്ന് ഡ്രൈവേസ് വെല്‍ഫയര്‍ സൊസൈറ്റി ഭാരവാഹികള്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.2010 ഫെബ്രുവരി പന്ത്രണ്ടിനാണ് കുടിശ്ശിക ഈടാക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.തുടര്‍ന്ന് കുടിശ്ശിക ഈടാക്കിയ പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ഞാന്‍ ലീഗല്‍ മെട്രോളജി വകുപ്പിന് നിവേദനം നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് നിവേദനത്തില്‍ സ്വീകരിച്ച നടപടിയെ സംബന്ധിച്ച് വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കിയിട്ടും മറുപടി നല്‍കിയില്ല. തുടര്‍ന്ന് ഞാന്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ നടപടിയെ ചോദ്യം ചെയ്ത് സംസ്ഥാന വിവരാവകാശ കമ്മീഷനില്‍ അപ്പീല്‍ നല്‍കുകയായിരുന്നു തുടര്‍ന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന്‍ തിരുവനന്തപുരം ലീഗല്‍ മെട്രോളജി വകുപ്പിലെ ഡെപ്യൂട്ടി കണ്‍ട്രോളര്‍ പി ബാബുരാജിനു 20,000രൂപ പിഴ വിധിച്ചിരുന്നു. എന്നാല്‍ വിവരങ്ങള്‍ ലഭ്യാമാക്കാത്തതിനെ തുടര്‍ന്ന് ഞാന്‍ മുഖ്യമന്ത്രിയുടെ 'സുതാര്യ കേരളത്തില്‍' പരാതി നല്‍കുകയായിരുന്നു. ഇതെ തുടര്‍ന്നാണ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്. 
ഈ അന്വേഷണത്തില്‍ ലീഗല്‍മെട്രോളജിവകുപ്പിന് വീഴ്ചപറ്റിയെന്നും ഇത് തികച്ചും ന്യായീകരിക്കാനാകുന്നതല്ലെന്നും ലീഗല്‍മെട്രോളജി ഉത്തരമേഖലാ ഡെപ്യൂട്ടി കണ്‍ട്രോളര്‍ പി ബാബുരാജ് സംസ്ഥാന കണ്‍ട്രോളര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.ഓട്ടോറിക്ഷക്ക് പുതിയ ഫെയര്‍മീറ്റര്‍ ഘടിപ്പിക്കുമ്പോള്‍ ലീഗല്‍മെട്രോളജി ഓഫീസില്‍ കൊണ്ടുവന്ന് ഒരു വര്‍ഷത്തേക്ക് സീല്‍ചയ്യാറാണ് പതിവ്. എന്നാല്‍ ഓരോവര്‍ഷങ്ങളിലും സീല്‍ചെയ്യാതെവന്നാല്‍ ആ വര്‍ഷങ്ങള്‍ക്കുമാത്രമാണ് കുടിശ്ശിക ഈടാക്കേണ്ടത്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും ഓട്ടോറിക്ഷയുടെ കാര്യത്തില്‍ പാലിച്ചുകണ്ടില്ലെന്നും ഇത് തികച്ചും ന്യായീകരിക്കാനാവില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ സുതാര്യ കേരളത്തിന്റെ ഓഫീസില്‍ നേരിട്ടെത്തി കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് ഫയലുകള്‍ അവിടെ കാണാനില്ലെന്ന് പറഞ്ഞത്. സുതാര്യ കേരളത്തിന്റെ നേട്ടങ്ങള്‍ മാത്രം ദൃശ്യ മാധ്യമത്തില്‍ സംപ്രേഷണം ചെയ്ത് സര്‍ക്കാര്‍ നേട്ടമായി അവതരിപ്പിക്കുമ്പോള്‍ ഫയലുകള്‍ തന്നെ അപ്രത്യക്ഷമാകുന്ന സംഭവങ്ങളും നിരവധിയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

Wednesday, July 20, 2011

Pal At

Thursday, July 14, 2011

മുംബൈയില്‍ മൂന്നിടത്ത് സ്‌ഫോടനം; 21 മരണം


മുംബൈ: രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ ജനത്തിരക്കേറിയ മൂന്നിടങ്ങളില്‍ മിനിറ്റുകളുടെ മാത്രം ഇടവേളയിലുണ്ടായ സ്‌ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 21 ആയി. നൂറിലധികം പേര്‍ക്കു പരുക്കേറ്റു. വൈകിട്ട് 7 മണിയോടെ മധ്യ മുംബൈയിലെ ദാദര്‍, ദക്ഷിണ മുംബൈയിലെ തിരക്കേറിയ കച്ചവട കേന്ദ്രമായ ഒപേറ ഹൗസ്, ആഭരണ വില്‍പ്പന കേന്ദ്രമായ സാവേരി ബസാര്‍ എന്നിവിടങ്ങളിലാണ് സ്‌ഫോടനങ്ങളുണ്ടായത്. തിരക്കേറിയ സ്ഥലങ്ങളില്‍ ഏറ്റവും തിരക്കേറിയ വേളയില്‍ ഉണ്ടായ സ്‌ഫോടനങ്ങള്‍ ദുരന്തത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു. ഭീകരാക്രമണം തന്നെയാണുണ്ടായതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.

സ്‌ഫോടനത്തില്‍ ഉള്‍പ്പെട്ടെന്നു കരുതപ്പെടുന്ന കാറിന്റെ ഉടമയെ പൊലിസ് ചോദ്യം ചെയ്തുവരികയാണ്. സംഭവസ്ഥലത്ത് ഫോറന്‍സിക് ടീം അംഗങ്ങള്‍ പരിശോധന നടത്തുകയാണ്. സംഭവസ്ഥലം സന്ദര്‍ശിക്കാനും സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനുമായി കേന്ദ്രആഭ്യന്തരമന്ത്രി പി ചിദംബരം മുംബൈയിലേക്കു പോകും. സംഭവത്തെക്കുറിച്ച് എന്‍ഐഎ അന്വേഷിക്കുമെന്ന് ചിദംബരം പറഞ്ഞു.

ദാദറില്‍ മാത്രം ആറു പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഉഗ്രശേഷിയുള്ള ഐഇഡി (ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) സ്‌ഫോടകവസ്തുക്കളാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് മുംബൈ പൊലീസ് ഉന്നത കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ആഭ്യന്തര മന്ത്രാലയം അതീവജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കേരളത്തിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ദക്ഷിണ മുബൈയിലെ മുംബാ ദേവി ക്ഷേത്രത്തിനു സമീപം സവേരി ബസാറിലാണ് ആദ്യ സ്‌ഫോടനം ഉണ്ടായത്. ഏറ്റവും തിരക്കേറിയ റയില്‍വേ മേഖലകളിലൊന്നായ ദാദര്‍ വെസ്റ്റിലാണ് രണ്ടാമത്തെ സ്‌ഫോടനമുണ്ടായത്. കാറിലുണ്ടായിരുന്ന സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും അതല്ല സമീപത്തെ ബസ് സ്‌റ്റോപ്പില്‍ ഘടിപ്പിച്ച സ്‌ഫോടകവസ്തുവാണ് സ്‌ഫോടനത്തിനിടയാക്കിയതെന്നും പിന്നീട് വിലയിരുത്തലുണ്ടായി. ഇവിടെ ഇരുപതോളം പേര്‍ക്കു പരുക്കേറ്റു. അതേസമയം, ദാദര്‍ റയില്‍വേ സ്‌റ്റേഷനു സമീപം പൊട്ടാത്ത ഒരു ബോംബ് കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്.

കേന്ദ്ര ആഭ്യന്തര സെക്രട്ടറി മഹാരാഷ്ട്ര ഡിജിപിയുമായി ഫോണില്‍ ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തി. ദേശീയ അന്വേഷണ എജന്‍സി ഉദ്യോഗസ്ഥരോട് മുംബൈയിലേക്ക് തിരിക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ഫോറന്‍സിക് വിദഗ്ധരെയും എന്‍എസ്ജി കമാന്‍ഡോകളെയും വഹിച്ചുകൊണ്ടുള്ള ബിഎസ്എഫ് വിമാനം ഡല്‍ഹിയില്‍ നിന്നും ഒന്‍പതു മണിയോടെ മുംബൈയിലെത്തി. മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായി ഫോണില്‍ ബന്ധപ്പെട്ട പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് സ്ഥിതിഗതികള്‍ വിലയിരുത്തി. ആവശ്യമെങ്കില്‍ രംഗത്തെത്താന്‍ സൈന്യത്തെ തയ്യാറാക്കിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

അതിനിടെ, 2008 നവംബറില്‍ മുംബൈയിലുണ്ടായ ഭീകരാക്രമണത്തില്‍ പിടിയിലായ ഏക ഭീകരന്‍ അജ്മല്‍ കസബിന്റെ ഇരുപത്തിനാലാം ജന്മദിനത്തിലാണ് സ്‌ഫോടനമുണ്ടായതെന്നതും ചില മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്. ഇന്ത്യന്‍ മുജാഹിദ്ദീന്‍, ലഷ്‌കറെ തയിബ എന്നീ സംഘടനകള്‍ക്കാവാം സ്‌ഫോടനത്തിനു പിന്നില്‍ പങ്കാളിത്തമുള്ളതെന്നും വിലയിരുത്തലുണ്ട്. സ്‌ഫോടനത്തെ രാജ്യാന്തര രംഗത്തെ നിരവധി നേതാക്കള്‍ അപലപിച്ചു. പാക്കിസ്ഥാന്‍ പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവരും സ്‌ഫോടനത്തെ അപലപിച്ചു.

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ഒരു കൈ സഹായം കാന്തപുരം ഉസ്താദ്‌ ഉത്ഘാടനം ചെയ്യുന്നു


Wednesday, July 13, 2011

ഖമ റുല്‍ ഉലമ കാന്തപുരം ഉസ്താദ്‌ മലപ്പുറം ജില്ലാ സംയുക്ത ഖാസി




മലപ്പുറം: മലപ്പുറം ജില്ലാ സംയുക്ത മഹല്ല് ജമാഅത്ത് ഖാസിയായി അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ് ലിയാരെ തിരഞ്ഞെടുത്തു. സംയുക്ത മഹല്ല് ജമാഅത്ത് ഖാസിയായിരിക്കെ അന്തരിച്ച നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ് ലിയാരുടെ ഒഴിവിലേക്കാണ് ഈ നിയമനം. ജൂലൈ 17ന് ഉച്ചക്ക് രണ്ടിന് കൊണ്ടോട്ടി മസ്ജിദുല്‍ ഫത്ഹില്‍ വെച്ച് അതത് മഹല്ല് പ്രതിനിധികള്‍ ഖാസിയായി ബൈഅത്ത് ചെയ്യും.

ഇത് സംബന്ധമായി ചേര്‍ന്ന ജില്ലാ മുശാവറ യോഗം ഇ സുലൈമാന്‍ മുസ് ലിയാരുടെ അധ്യക്ഷതയില്‍ പൊന്മള അബ്ദുല്‍ ഖാദര്‍ മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു. വൈലത്തൂര്‍ ബാവ മുസ്‌ലിയാര്‍, സയ്യിദ് യൂസഫുല്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് അഹ്മദ് ഹുസാന്‍ തങ്ങള്‍ തിരൂര്‍ക്കാട്, സി എ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, സയ്യിദ് ഹബീബ്‌ക്കോയ തങ്ങള്‍, കൊടുമുടി ഹസന്‍ ബാഖവി, ഒ.കെ അബ്ദുറശീദ് മുസ്‌ലിയാര്‍, മിഖ്ദാദ് ബാഖവി ചുങ്കത്തറ, വി. എസ് ഫൈസി എടക്കര, പി എസ് കെ ദാരിമി എടയൂര്‍, ഹംസക്കോയ ബാഖവി മുന്നിയൂര്‍, അലവി ദാരിമി ചെറുകുളം, അബ്ദുറസാഖ് ഫൈസി മാണൂര്‍, അബ്ദുല്ല ഫൈസി പെരുവള്ളൂര്‍, കെ സി അബൂബക്കര്‍ ഫൈസി കാവന്നൂര്‍, കെ കെ മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സെക്രട്ടറി അലവി സഖാഫി സ്വാഗതവും ടി ടി മഹ്മൂദ് ഫൈസി നന്ദിയും പറഞ്ഞു

Monday, July 11, 2011