Sunday, May 29, 2011

ബാലകൃഷ്ണപിള്ളയുടെ ആദ്യ പരോള്‍രേഖകളില്‍വൈരുധ്യം


കോട്ടക്കല്‍: ഇടമലയാര്‍ കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളക്ക് ആദ്യ പരോള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട രേഖകളില്‍ വൈരുധ്യം. വിവരാവകാശ നിയമപ്രകാരം അങ്ങാടിപ്പുറം തിരൂര്‍ക്കാട് ചെന്ത്രത്തില്‍ അനില്‍കുമാറിന് ജയില്‍ ആസ്ഥാനത്തുനിന്ന് അനുവദിച്ച രേഖകളിലാണ് വൈരുദ്ധ്യം.
ഏപ്രില്‍ 19ന് ജയില്‍ എ.ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബ് അനുവദിച്ച പരോള്‍ ഉത്തരവിന് ബാലകൃഷ്ണപിള്ളയുടെ മകള്‍ ബിന്ദു ബാലകൃഷ്ണന്‍ അപേക്ഷ നല്‍കിയതും അതേ തീയതിയിലാണ്. കേരള ജയില്‍ ചട്ടം 454ാം വകുപ്പ് പ്രകാരം അടിയന്തരാവധി അനുവദിക്കാനുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പരോള്‍ അനുവദിച്ചതെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു.
അടിയന്തര സാഹചര്യങ്ങളില്‍ 454(1)എ(i) പ്രകാരം അച്ഛന്‍, അമ്മ, മക്കള്‍, ഭാര്യ, ഭര്‍ത്താവ്, സഹോദരന്‍, സഹോദരി, പേരക്കുട്ടികള്‍, മുത്തച്ഛന്‍, മുത്തശ്ശി, ഭാര്യാപിതാവ്, ഭര്‍തൃപിതാവ്, അമ്മാവന്‍ ഇവരിലാര്‍ക്കെങ്കിലും ഗുരുതരമായ രോഗമോ മക്കളുടെയോ അടുത്ത ബന്ധുക്കളുടെയോ വിവാഹാവശ്യത്തിനോ പരോള്‍ അനുവദിക്കാമെന്നാണ് ചട്ടം. എന്നാല്‍, ബാലകൃഷ്ണപിള്ളയുടെ കാര്യത്തില്‍ മകള്‍ ബിന്ദു ബാലകൃഷ്ണന്റെ പരോള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ടൈപ്പ് 2, ഡയബറ്റിസ് മെലിറ്റസും കിറ്റോസിസ്, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നീ രോഗങ്ങളുമാണ് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.
കൊട്ടാരക്കര താലൂക്ക് ഹെഡ് ക്വാര്‍ട്ടര്‍ ആശുപത്രിയിലെ സിവില്‍ സര്‍ജന്‍ ഡോ. എ. ഷാജി ഒപ്പുവെച്ച സര്‍ട്ടിഫിക്കറ്റാണ് അപേക്ഷയോടൊപ്പം നല്‍കിയത്. ഈ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് മാര്‍ച്ച് 16നാണ് എന്നതും അതിന്റെ പിന്‍ബലത്തില്‍ ഏപ്രില്‍ 19നാണ് പരോള്‍ അനുവദിച്ചതെന്നതും വൈരുദ്ധ്യമാണ്. കൂടാതെ, പരോള്‍ അനുവദിക്കാനായി അവലംബിച്ച കൊല്ലം പ്രൊബേഷന്‍ ഓഫിസറുടെ റിപ്പോര്‍ട്ടിലും സമാന വൈരുദ്ധ്യമുണ്ട്. മാര്‍ച്ച് 18നാണ് ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടില്‍ പ്രൊബേഷന്‍ ഓഫിസര്‍ പിള്ളയുടെ ഭാര്യ വത്സലയുടെ ആരോഗ്യനിലയെ കുറിച്ച് സംസാരിച്ചത് കൊട്ടാരക്കര താലൂക്ക് ആശുപത്രി ഫിസിഷ്യന്‍ ഡോ. സന്തോഷിനോടാണ്. മാര്‍ച്ച് 16ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വത്സലക്ക് ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവുമുണ്ട്. ഡോക്ടറുടെ അഭിപ്രായത്തില്‍ അവര്‍ക്ക് അഞ്ച് ദിവസത്തെ കിടത്തി ചികിത്സയും മൂന്നോ നാലോ ആഴ്ച വീട്ടിലെ വിശ്രമവും വേണമെന്നുമാണ് പ്രൊബേഷന്‍ ഓഫിസറുടെ റിപ്പോര്‍ട്ട്. മാര്‍ച്ച് 17നാണ് കൊല്ലം റൂറല്‍ ജില്ലാ പൊലീസ് ചീഫ് ജയില്‍ സൂപ്രണ്ടിന് റിപ്പോര്‍ട്ട് നല്‍കിയതും.
പരോള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ആവശ്യപ്പെട്ട പ്രകാരം ലഭിച്ച മറുപടിയിലാണ് പരസ്‌പര വിരുദ്ധമായ വിവരങ്ങള്‍. മാര്‍ച്ച് 16ന് നല്‍കിയ പ്രൊബേഷന്‍ ഓഫിസറുടെ റിപ്പോര്‍ട്ടിന്റെയും ആശുപത്രി സര്‍ട്ടിഫിക്കറ്റിന്റെയും അടിസ്ഥാനത്തില്‍ ഒരു മാസം കഴിഞ്ഞ് ഏപ്രില്‍ 19ന് അപേക്ഷ ലഭിച്ച് അന്നുതന്നെ പരോള്‍ അനുവദിച്ചതില്‍ ജയില്‍ ചട്ട ലംഘനം നടന്നതായാണ് സൂചന.
(കടപ്പാട് Madyamamonline)

No comments:

Post a Comment