Thursday, May 19, 2011

കോമിക് വേള്‍ഡ് മാഗസിന്റെ പ്രവാചക നിന്ദക്കെതിരെ പ്രധാനമന്ത്രി നിയമനടപടികള്‍ സ്വീകരിക്കണമെന്ന് അഖിലേന്ത്യ സുന്നി ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍


ന്യൂഡല്‍ഹി: കോമിക് വേള്‍ഡ് മാഗസിന്റെ പ്രവാചക നിന്ദക്കെതിരെ പ്രധാനമന്ത്രി നിയമനടപടികള്‍ സ്വീകരിക്കണമെന്ന് അഖിലേന്ത്യ സുന്നി ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടു. പ്രവാചക നിന്ദക്കെതിരെ ഇസ്ലാമിക് എജ്യുക്കേഷന്‍ ബോര്‍ഡ് ജന്ദര്‍ മന്ദറില്‍ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാചകനെ മന:പൂര്‍വം നിന്ദിക്കാനുള്ള കോമിക് വേള്‍ഡ് മാഗസിന്റെ ശ്രമം മതേതര ഭാരതത്തിന് അപമാനമാണെന്നും പ്രവാചകന്റെ സാങ്കല്‍പിക ചിത്രങ്ങളും വികലമായ ജീവചരിത്രവും അടിച്ചിറക്കിയ മാഗസിന്‍ നിരോധിക്കണമെന്നും കാന്തപുരം അഭിപ്രായപ്പെട്ടു. മാഗസിന്റെ ആര്‍.എന്‍.ഐ രജിസ്്ട്രേഷന്‍ റദ്ദാക്കാനും എഡിറ്ററും മാനേജിങ് ഡയറക്ടറുമായ ഗുല്‍ഷന്‍ റായിക്കെതിരെ നിയമനടപടിയെടുക്കാനും പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. ഡയമണ്ട് കോമിക്സ് പബ്ളിഷിങ് ഹൌസ് ഡല്‍ഹിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന കോമിക് വേള്‍ഡ് ഡൈജസ്റ്റ് ഏപ്രില്‍ 30ന് പുറത്തിറക്കിയ ഹിന്ദി, ഇംഗ്ളീഷ് പതിപ്പുകളിലാണ് പ്രവാചക നിന്ദ. പ്രവാചകന്റെ സാങ്കല്‍പിക ചിത്രത്തോടൊപ്പം കൊടുത്ത പ്രവാചക ചരിത്രവും വികലമായിരുന്നു. മുസ്ലീങ്ങള്‍ അല്ലാഹുവിന്റെ അവതാരമായ പ്രവാചകന്റെ ചിത്രങ്ങള്‍ക്ക് മുമ്പില്‍ പൂജനടത്തുന്നുവെന്നും പ്രവാചകന്റെ ജീവിതകാലത്ത് ലോകത്തിന്റെ എല്ലാഭാഗങ്ങളിലും പോയി മുഹമ്മദ്നബി ജനങ്ങളെ പേടിപ്പിച്ചിരുന്നുവെന്നുമാണ് പ്രവാചകന്‍ മുഹമ്മദ് ആരാണ് എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ജീവചരിത്രത്തിലുള്ളത്. പ്രതിഷേധ സംഗമത്തില്‍ ഡല്‍ഹി ഖാളി ശൈഖ് മുഹമ്മദ് മിയാന്‍ സമര്‍ ദഹ്ലവി അധ്യക്ഷനായിരുന്നു. അഖിലേന്ത്യാ വിദ്യാഭ്യാസ ബോര്‍ഡ് ഡയറക്ടര്‍ ശാഹുല്‍ ഹമീദ് ബാഖവി ശാന്തപുരം, ഖാരി മുഹമ്മദ് മിയാന്‍ മസ്ഹരി (ഖയാദത്ത് എഡിറ്റര്‍), മൌലാന അന്‍സാര്‍ റസ (ബീഹാര്‍), ശബീര്‍ നഖ്ശബന്തി (ഹൈദരാബാദ്), സയിദ് വാഹിദ് മിയാന്‍ മുഈനി (അജ്മീര്‍), മൌലാന മുഹമ്മദ് ജാവീദ് (ഡല്‍ഹി), അഡ്വ. ഷാനവാസ് വാരിസ്, സയിദ് വഖാര്‍ അഹമ്മദ് ഖാദിരി, അസീസ് പയ്യോളി, റാശിദ് നൂറാനി എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment