Thursday, December 9, 2010

വിവരാവകാശ അപേക്ഷയില്‍ മറുപടി വൈകിച്ച പിഎസ്സി ജോയിന്റ് സെക്രട്ടറിക്ക് പിഴ

വിവരാവകാശപ്രകാരമുള്ള അപേക്ഷയില്‍ മറുപടി താമസിപ്പിച്ചതിനും അധിക ഫീസ് വാങ്ങിയതിനും പിഎസ്സി ജോയിന്റ് സെക്രട്ടറിക്ക് പിഴ. പിഎസ്സി ജോയിന്റ് സെക്രട്ടറിയും സ്റ്റേറ്റ് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഒാഫിസറുമായ എ.ജി. സുധ 2250 രൂപ പിഴ അടയ്ക്കാനും സമയത്തു മറുപടി നല്‍കാത്തതിനാല്‍ പരാതിക്കാരനില്‍നിന്നു വാങ്ങിയ 82 രൂപ മടക്കി നല്‍കാനും ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മിഷണറുടെ ചുമതല വഹിക്കുന്ന വി.വി. ഗിരി ഉത്തരവിട്ടു.

1995ലെ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ (ജനറല്‍ എക്സിക്യൂട്ടീവ് ബ്രാഞ്ച്) തസ്തികയില്‍ എത്രപേരെ തിരഞ്ഞെടുത്തു, അവരുടെ പേരുവിവരം, പരീക്ഷയിലും അഭിമുഖത്തിലും ലഭിച്ച മാര്‍ക്ക് എന്നിവ ആവശ്യപ്പെട്ടാണ് വടവാതൂര്‍ തകടിയേല്‍ ഷാജി ഏബ്രഹാം വിവരാവകാശപ്രകാരം അപേക്ഷ നല്‍കിയത്.

2009 ഡിസംബര്‍ ഒന്നിന് നല്‍കിയ അപേക്ഷയില്‍ പിഎസ്സി അധികൃതര്‍ നല്‍കിയ മറുപടി വ്യക്തമല്ലെന്നു കാണിച്ച് കഴിഞ്ഞ ജൂണില്‍ അപ്പീല്‍ അധികാരിയായ പിഎസ്സി അഡീഷനല്‍ സെക്രട്ടറിക്ക് അപേക്ഷ നല്‍കി. ഇതിലും വ്യക്തമായ മറുപടി ലഭിക്കാതെ, ഫീസ് അടച്ചിട്ടില്ലെന്നായിരുന്നു അപ്പീല്‍ അധികാരിയില്‍നിന്നു ലഭിച്ച അറിയിപ്പ്.തുടര്‍ന്ന് ഷാജി ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍ക്ക് പരാതി നല്‍കി.

നവംബര്‍ ഒന്‍പതിന് അഡീഷനല്‍ സെക്രട്ടറി കമ്മിഷനു മുന്നില്‍ ഹാജരായി വിശദീകരണം നല്‍കി. അപേക്ഷ സമര്‍പ്പിച്ച് 24 ദിവസത്തിനു ശേഷമാണ് ഫീസ് ആവശ്യപ്പെട്ടുള്ള അറിയിപ്പ് നല്‍കിയതെന്നും മറുപടി നല്‍കാനുള്ള ആറു ദിവസ സമയപരിധിക്കു പകരം 15 ദിവസം എടുത്തുവെന്നും കമ്മിഷന്‍ നിരീക്ഷിച്ചു. വിവരാവകാശപ്രകാരം അനുവദിച്ചിട്ടുള്ളതിനെക്കാള്‍ ഒന്‍പത് ദിവസത്തിനു ശേഷമാണ് മറുപടി നല്‍കിയത്.

ഈ കാലതാമസത്തിനു മതിയായ കാരണം ബോധ്യപ്പെടുത്താന്‍ ജോയിന്റ് സെക്രട്ടറിക്ക് കഴിഞ്ഞില്ല.തുടര്‍ന്നാണ് മതിയായ കാരണം കൂടാതെയുണ്ടായ ഒന്‍പത് ദിവസത്തിന് ദിവസം ഒന്നിന് 250 രൂപ പ്രകാരം 2250 രൂപ പിഴ ചുമത്തിയത്. പിഴ അടച്ചില്ലെങ്കില്‍ സ്ഥാവര ജംഗമ വസ്തുക്കള്‍ ജപ്തിചെയ്ത് പിഴ ഈടാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. നിശ്ചിത സമയപരിധിക്കുള്ളില്‍ വിവരം നല്‍കിയിട്ടില്ലാത്തതിനാല്‍ വിവരം സൌജന്യമായി ലഭിക്കാന്‍ അപേക്ഷകന് അര്‍ഹതയുള്ളതിനാല്‍ മറുപടിക്കായി ഈടാക്കിയ 82 രൂപ പരാതിക്കാരന് തിരികെ നല്‍കാനും കമ്മിഷന്‍ നിര്‍ദേശിച്ചു.[malayala manorama dt: 9-12-2010]

സ്മാര്‍ട്ട് സിറ്റി: മധ്യസ്ഥ ശ്രമം തുടങ്ങി; ഏറെ പ്രതീക്ഷയെന്ന് യൂസഫലി

ദുബൈ: സ്മാര്‍ട്ട് സിറ്റി സംബന്ധിച്ച തര്‍ക്കം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ഏറെ ശുഭപ്രതീക്ഷയുണ്ടെന്നും പ്രമുഖ വ്യവസായിയും നോര്‍ക്ക വൈസ് ചെയര്‍മാനുമായ പത്മശ്രീ എം.എ യൂസഫലി.
പദ്ധതി നടപ്പാകുമെന്ന കാര്യത്തില്‍ തനിക്ക് ശുഭപ്രതീക്ഷയുണ്ട്. മധ്യസ്ഥനെന്ന നിലക്ക് പ്രവര്‍ത്തിക്കാനായതും ഏറെ സന്തോഷമുള്ള കാര്യമാണ്. ടീകോമിന്റെ ഉന്നത വൃത്തങ്ങളുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ടീകോമിന്റെ മാതൃസ്ഥാപനമായ ദുബൈ ഹോള്‍ഡിങ് ചെയര്‍മാനും യു.എ.ഇ കാബിനറ്റ്കാര്യ മന്ത്രിയുമായ മുഹമ്മദ് അല്‍ ഗര്‍ഗാവിയുമായും സി.ഇ.ഒ അബ്ദുല്‍ അസീസ് ആല്‍ മുഅല്ലയുമായും സ്മാര്‍ട്ട് സിറ്റി നടപ്പാക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയതായി അദ്ദേഹം പറഞ്ഞു. നോര്‍ക്ക വൈസ് ചെയര്‍മാനെന്ന നിലക്കാണ് ചര്‍ച്ച നടത്തിയത്. താന്‍ നേരത്തെ പ്രതീക്ഷിച്ചതിലും മികച്ച പുരോഗതിയാണ് ഈ വിഷയത്തിലുള്ളത്. ഒന്നര മണിക്കൂര്‍ സമയം ഇരുവരുമായും സംസാരിച്ചതിന്റെ വിശദാംശങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും യൂസഫലി പറഞ്ഞു. സ്മാര്‍ട്ട്‌സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ടീകോമുമായി ചര്‍ച്ച നടത്തുന്നതിന് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ യൂസഫലിയെ മധ്യസ്ഥനായി നിയോഗിച്ചത്. ടീകോമിന് അന്തിമ കത്ത് നല്‍കുകയും ദുബൈയിലെത്തിയാല്‍ ചര്‍ച്ചയാകാമെന്ന് ടീകോം മറുപടി നല്‍കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ഇത്.

കലക്ടര്‍ക്ക് സസ്‌പെന്‍ഷന്‍; പത്ത് വര്‍ഷത്തെ നിയമനം പരിശോധിക്കും

തിരുവനന്തപുരം: നിയമനതട്ടിപ്പുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാത്രി സ്ഥലംമാറ്റിയ വയനാട് കലക്ടര്‍ ടി. ഭാസ്‌കരനെ സസ്‌പെന്‍ഡ് ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 2001 മുതലുള്ള എല്ലാ ജില്ലകളിലെയും എല്ലാ വകുപ്പുകളിലെയും മുഴുവന്‍ നിയമനങ്ങളും വിശദമായി പരിശോധിക്കും. ഇതിന് ഉദ്യോഗസ്ഥ-ഭരണ പരിഷ്‌കാര വകുപ്പില്‍ പ്രത്യേക സെല്‍ ഉണ്ടാക്കും. നിയമനതട്ടിപ്പിനെ കുറിച്ച് ക്രൈംബ്രാഞ്ച് മേധാവി വിന്‍സന്‍ എം. പോളിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം അന്വേഷിക്കും ജീവനക്കാരുടെ അഴിമതി വിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ കുറ്റകരമായ അനാസ്ഥയും ഗുരുതരവീഴ്ചയും വരുത്തിയതിനാണ് ജില്ലാ കലക്ടറെ സസ്‌പെന്‍ഡ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാട് ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയം മന്ത്രിസഭ വിശദമായി ചര്‍ച്ച ചെയ്തു. തട്ടിപ്പിനെ കുറിച്ചുള്ള പരാതി ഒക്‌ടോബറില്‍ റവന്യു മന്ത്രിക്ക് ലഭിച്ചപ്പോള്‍ തന്നെ അദ്ദേഹം കോഴിക്കോട് വിജിലന്‍സ് ഡെപ്യൂട്ടി കലക്ടറോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. ഡെപ്യൂട്ടി കലക്ടറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണത്തിന് ലാന്‍ഡ് റവന്യു കമീഷണര്‍ കെ.ആര്‍. മുരളീധരനെ ചുമതലപ്പെടുത്തി. സുതാര്യ കേരളത്തില്‍ ലഭിച്ച പരാതി അര്‍ഹിക്കുന്ന ഗൗരവത്തോടെ ജില്ലാ കലക്ടര്‍ കൈകാര്യം ചെയ്തിട്ടില്ലെന്ന് കെ.ആര്‍. മുരളീധരന്റെ അന്വേഷണത്തില്‍ വ്യക്തമായി. കലക്ടര്‍ കുറ്റകരമായ അനാസ്ഥ കാണിച്ചതായും വ്യാജമായി ജോലി സമ്പാദിച്ചവരെ പൊലീസ് വെരിഫിക്കേഷന്‍ ഇല്ലാതെ റെഗുലറൈസ് ചെയ്തതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
എല്ലാ ജില്ലകളിലെയും എല്ലാ വകുപ്പുകളിലെയും നിയമനത്തെ കുറിച്ച് അന്വേഷിക്കണമെന്ന പി.എസ്.സി ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ പത്ത് വര്‍ഷം നടത്തിയ നിയമനങ്ങളെ കുറിച്ച് പരിശോധിക്കാന്‍ തീരുമാനിച്ചത്. പി.എസ്.സിയുടെ കൂടി സഹായത്തോടെ അവരുടെ രേഖകളും ഒത്തുനോക്കിയായിരിക്കും ഇത്. പത്തുവര്‍ഷത്തെ നിയമനങ്ങള്‍ പരിശോധിക്കുമ്പോള്‍ മൂന്നരലക്ഷത്തോളം ജീവനക്കാരുടെ രേഖകള്‍ പരിഗണിക്കേണ്ടിവരും. റവന്യു മന്ത്രിയുടെ ഇടപെടല്‍ മൂലമാണ് കലക്ടര്‍ക്ക് നടപടി എടുക്കാതിരിക്കാന്‍ കഴിയാഞ്ഞതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവരം അറിഞ്ഞ ഉടന്‍ റവന്യു മന്ത്രി നടപടി കൈക്കൊണ്ടിരുന്നു. അത്തരം അവാസ്തവ വിവരങ്ങള്‍ ചില മാധ്യമങ്ങള്‍ അനാവശ്യമായി വലിച്ചുനീട്ടുകയാണ്. തട്ടിപ്പ് നടത്തിയവര്‍ ജോയന്റ് കൗണ്‍സിലുകാരാണോ എന്ന് ചോദിച്ചപ്പോള്‍ ആരാണെന്ന് വെരിഫൈ ചെയ്തിട്ടില്ലെന്നായിരുന്നു മറുപടി. തട്ടിപ്പിനെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യമില്ല -മുഖ്യമന്ത്രി പറഞ്ഞു.

മിഠായിത്തെരുവില്‍ തീപിടിത്തം: എട്ട് കടകള്‍ കത്തി നശിച്ചു

കോഴിക്കോട്: നഗരത്തിലെ മിഠായിത്തെരു, മൊയ്തീന്‍ പള്ളി റോഡ് ജംഗ്ഷനില്‍ പുലര്‍ച്ചെ 4.30ന് ഉണ്ടായ തീപ്പിടുത്തത്തില്‍ എട്ട് കടകള്‍ കത്തിനശിച്ചു. ബ്രദേഴ്‌സ് ബട്ടണ്‍ ഹൗസ്, സഫാരി ലതര്‍ ബാഗ്‌സ്, കാലിക്കറ്റ് മിറര്‍ മാര്‍ട്ട്, ഡേവിഡ് സ്‌റ്റേഷനറി, നാഷനല്‍ സ്‌റ്റോര്‍, കൈരളി റെഡിമെയ്ഡ്‌സ് തുടങ്ങി ഏഴ് കടകള്‍ക്കും ഒരു ഒഴിഞ്ഞ കടക്കുമാണ് തീപിടിച്ചത്. 6.30ഓടെ ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. ഉന്നതപോലീസ് ഉദ്യോഗസ്ഥരും ജില്ലാ കലക്ടറും, ജനപ്രതിനിധികളും സ്ഥലത്തുണ്ട്. അരക്കോടിയിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. സംഭവത്തിനു പിന്നില്‍ അട്ടിമറിയാണെന്ന് സംശയിക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് വിദഗ്ധര്‍ പ്രാധമികമായി വിലയിരുത്തി. ഫോറന്‍സിക് വിഭാഗം പരിശോധന തുടരുന്നു. മിഠായിതെരുവ്, മൊയ്തീന്‍പള്ളി റോഡ് മേഘലയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി സംഭവത്തില്‍ ദുഃഖ സൂചകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഉച്ചക്ക് 12 മണിക്ക് മേയര്‍ സ്ഥിതിഗതികള്‍ വിലയിരുത്താനായി പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്.

Wednesday, December 8, 2010

മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്

തിരുവനന്തപുരം: 2010-11 വര്‍ഷം ഒന്നാം വര്‍ഷ ബിരുദ പഠനം മുതല്‍ ഉന്നത വിദ്യാഭ്യാസം തേടുന്ന ഗവണ്‍മെന്റ്, എയ്ഡഡ് സ്ഥാപനങ്ങളിലെ മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്കും, പൊതുപ്രവേശന പരീക്ഷയെഴുതി സര്‍ക്കാര്‍ വിഹിതമെന്ന നിലയില്‍ സ്വാശ്രയ സ്ഥാപനങ്ങളില്‍ ഒന്നാം വര്‍ഷം പഠിക്കുന്ന മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്കും 5000 സ്‌കോളര്‍ഷിപ്പുകളും 2000 ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റും അനുവദിക്കും.
ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റിന് അര്‍ഹതയുള്ളവര്‍ക്ക് സ്‌കോളര്‍ഷിപ് ലഭിക്കില്ല.
കേരളത്തില്‍ പഠിക്കുന്ന മുസ്‌ലിം വിദ്യാര്‍ഥിനികളാവണം. യോഗ്യതാ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടണം. വാര്‍ഷിക കുടുംബ വരുമാനം 2.50 ലക്ഷം രൂപയില്‍ താഴെയാവണം. ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റിന് അപേക്ഷിക്കുന്നവര്‍ അംഗീകൃത ഹോസ്റ്റലില്‍ താമസിക്കുന്നവരാവണം. (സര്‍ക്കാര്‍, സോഷ്യല്‍ വെല്‍ഫയര്‍ വകുപ്പ്,യൂനിവേഴ്‌സിറ്റി, ഐ.എച്ച്.ആര്‍.ഡി., എല്‍.ബി.എസ്. എന്നിവ നടത്തുന്ന ഹോസ്റ്റലുകളും കുട്ടി പഠിക്കുന്ന സ്ഥാപനം നേരിട്ട് നടത്തുന്ന ഹോസ്റ്റലുകളും അംഗീകൃതമാണ്)
അപേക്ഷയോടൊപ്പം നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്, (ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയത്) വില്ലേജോഫിസറില്‍ നിന്ന് വാങ്ങിയ വരുമാന സര്‍ട്ടിഫിക്കറ്റ് അസ്സല്‍, ഹോസ്റ്റലര്‍ ആണെങ്കില്‍ വാര്‍ഡനില്‍നിന്ന് വാങ്ങി സ്ഥാപന മേധാവി മേലൊപ്പിട്ട ഇന്മേറ്റ് സര്‍ട്ടിഫിക്കറ്റ്, സ്വാശ്രയ സഥാപനങ്ങളില്‍ പഠിക്കുന്നവര്‍ ഗവണ്‍മെന്റ് അലോട്ട്‌മെന്റ് മെമ്മോ എന്നിവ നിര്‍ബന്ധമായും ഹജരാക്കണം. എസ്.ബി.ടിയുടെ ഏതെങ്കിലും ശാഖയില്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉണ്ടാവണം.
വിശദവിവരം www.dcescholarship.kerala.gov.in വെബ്‌സൈറ്റില്‍ തിങ്കളാഴ്ച മുതല്‍ ലഭിക്കും.

തിരുവാലിയില്‍ മദ്യഷാപ്പുകള്‍ തുറക്കാന്‍ നീക്കും ; ജനങ്ങള്‍ പ്രക്ഷോഭത്തിലേക്ക്‌

വണ്ടൂര്‍: കിഴക്കനേറനാട്ടിലെ വാണിയമ്പലം വിഷക്കള്ള്‌ ദുരന്തത്തില്‍
നിന്ന്‌ ജനങ്ങളുടെ ഞെട്ടല്‍മാറും മുമ്പെ തിരുവാലി കേന്ദ്രീകരിച്ച്‌
കള്ളുഷാപ്പും, വിദേശ മദ്യ ഷാപ്പും സ്ഥാപിക്കാന്‍ സര്‍ക്കാര്‍-മദ്യ ലോബി
ശ്രമം നടക്കുന്നു. തിരുവാലി ഗ്രാമ പഞ്ചായത്തിലാണ്‌ ബീവറേജസ്‌
കോര്‍പറേഷന്റെ വിദേശ മദ്യഷാപ്പും, അടച്ചുപൂട്ടിയ കള്ളുഷാപ്പും തുറക്കാന്‍
സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരുന്നത്‌.

അതെ സമയം സര്‍ക്കാര്‍ നീ്‌ക്കത്തില്‍ പ്രതിഷേധിച്ച്‌ തിരുവാലിയില്‍
ജനങ്ങള്‍ സംഘടിക്കാനും കള്ളുഷാപ്പ വിരുദ്ധ സമരപരിപാടികള്‍ ആസൂത്രണം
ചെയ്‌തു.
വാണിയമ്പലം വിഷക്കള്ള്‌ ദുരന്തത്തെ തുടര്‍ന്ന്‌ അടച്ച്‌ പൂട്ടിയ
ഗ്രാമപഞ്ചായത്തിലെ കള്ളുഷാപ്പുകള്‍ വീണ്ടും തുറക്കുന്നതിനെതിരെയും
ബീവറേജസ്‌ കോര്‍പറേഷന്റെ വിദേശ മദ്യഷാപ്പ്‌ പുതുതായി സ്ഥാപിക്കാനുള്ള
നീക്കത്തിനെതിരെയുമാണ്‌ നാട്ടുകാര്‍ പ്രക്ഷോഭ സമിതി രൂപവത്‌ക്കരിച്ചത്‌.


തിരുവാലി പഞ്ചായത്ത്‌ മുസ്‌ലിംലീഗ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍
കഴിഞ്ഞ ദിവസം തിരുവാലി ബാങ്ക്‌ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ബഹുജന
കണ്‍വെന്‍ഷനിലാണ്‌ മദ്യവിരുദ്ധ പ്രക്ഷോഭ സമിതിക്ക്‌ രൂപം നല്‍കിയത്‌.
വിദേശ മദ്യഷാപ്പ്‌ ആരംഭിക്കുന്നതിനെതിരെയും കള്ളുഷാപ്പുകള്‍ വീണ്ടും
തുറക്കാനുള്ള നീക്കത്തിനെതിരെയും ജില്ലാ കളക്‌ടര്‍, അസിസ്റ്റന്റ്‌
എക്‌സൈസ്‌ കമ്മീഷണര്‍ തുടങ്ങിയ ഉന്നതോദ്യോഗസ്ഥര്‍ക്ക്‌ പരാതി നല്‍കാനും
യോഗം തീരുമാനിച്ചു.

യോഗം തിരുവാലി ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ സി കെ ജയദേവ്‌ ഉദ്‌ഘാടനം
ചെയ്‌തു. പഞ്ചായത്ത്‌ മുസ്‌ലിംലീഗ്‌ പ്രസിഡണ്ട്‌ കെ മുഹമ്മദ്‌ നജീബ്‌
അധ്യക്ഷത വഹിച്ചു. നിലമ്പൂര്‍ താലൂക്ക്‌ തഹസില്‍ദാര്‍ വി.ബാലകൃഷ്‌ണന്‍,
തിരുവാലി സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡണ്ട്‌ പി പി രവീന്ദ്രന്‍,
പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ സി ടി ഹുസൈന്‍
ഹാജി,ടി പി മുജീബ്‌ റഹ്‌്‌മാന്‍ പത്തിരിയാല്‍, റോജി തോമസ്‌, ഒ അബ്ദുല്‍
കരീം മാസ്റ്റര്‍ പ്രസംഗിച്ചു. സി ടി അബ്ദുല്‍കരീം സ്വാഗതവും കെ സലാം ഹാജി
നന്ദിയും പറഞ്ഞു.

നിലമ്പൂര്‍ തഹസില്‍ദാര്‍ വിബാലകൃഷ്‌ണന്‍, പഞ്ചായത്ത്‌ പ്രസിഡണ്ട്‌ സി.കെ
ജയദേവ്‌ എന്നിവര്‍ മുഖ്യരക്ഷാധികാരികളും പി ി രവീന്ദ്രന്‍ (ചെയര്‍മാന്‍),
സി.ടി അബ്ദുല്‍ കരീം (കണ്‍വീനര്‍), റോജിതോമസ്‌ (ട്രഷറര്‍) ആയും തിരുവാലി
പഞ്ചായത്ത്‌ മദ്യ വിരുദ്ധ പ്രക്ഷോഭസമിതി രൂപീകരിച്ചു.

മദ്യവിപത്തിനെതിരെ മാര്‍ക്‌സിസ്റ്റ് കൂട്ടായ്മ

മദ്യത്തില്‍ മുങ്ങിച്ചാവാന്‍ പോവുന്ന കേരളത്തില്‍ ചരിത്രത്തിലാദ്യമായാവണം വ്യാപകമായ മദ്യവിരുദ്ധ പ്രചാരണത്തിനിറങ്ങിയിരിക്കുകയാണ് മാര്‍ക്‌സിസ്റ്റ് യുവജന-വിദ്യാര്‍ഥി-മഹിളാ സംഘടനകളുടെ കൂട്ടായ്മ. അതിന്റെ സംസ്ഥാനതല പ്രചരണോദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സി.പി.എം സെക്രട്ടറി പിണറായി വിജയന്‍, കേരളം നേരിടുന്ന വന്‍ വിപത്താണ് മദ്യപാനാസക്തിയെന്ന് ചൂണ്ടിക്കാട്ടി. ആഘോഷങ്ങളുടെ മുഴുവന്‍ അനുപേക്ഷ്യ ഘടകമായി മദ്യം മാറിക്കഴിഞ്ഞ സ്ഥിതിവിശേഷത്തില്‍ ഉത്കണ്ഠ രേഖപ്പെടുത്തിയ അദ്ദേഹം പക്ഷേ, മദ്യനിരോധം അപ്രായോഗികമാണെന്ന നിലപാടില്‍ ഉറച്ചുനിന്നു. വീടുകള്‍തോറുമുള്ള മദ്യവിരുദ്ധ പ്രചാരണവും ബോധവത്കരണവും മാത്രമേ ഈ വിപത്തില്‍നിന്നുള്ള മോചനത്തിനു വഴിയുള്ളൂവെന്നാണ് സി.പി.എമ്മിന്റെയും പോഷക സംഘടനകളുടെയും പക്ഷം. മദ്യപാനം യുവാക്കളില്‍ വര്‍ധിക്കാന്‍ സാഹചര്യമൊരുക്കിയത് അരാഷ്ട്രീയവത്കരണമാണെന്നും അവര്‍ നിരീക്ഷിക്കുന്നു.
ഘട്ടംഘട്ടമായുള്ള മദ്യവര്‍ജനം ഉറപ്പുനല്‍കിയാണ് ഇത്തവണ ഇടതുമുന്നണി അധികാരത്തിലേറിയത്. യു.ഡി.എഫും തെരഞ്ഞെടുപ്പ് വിജ്ഞാപനങ്ങളില്‍ ഒരിക്കലും പടിപടിയായുള്ള മദ്യനിരോധം ഉറപ്പുനല്‍കാന്‍ മടിക്കാറില്ല. എല്ലാം പൊള്ളയായ വാഗ്ദാനങ്ങളായിരുന്നെന്ന്, 1967ന് അധികാരമേറ്റ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള സപ്തകക്ഷി സര്‍ക്കാര്‍ കേരളത്തില്‍ മദ്യനിരോധം റദ്ദാക്കിയശേഷം ഇതഃപര്യന്തം ഭരിച്ച എല്ലാ സര്‍ക്കാറുകളുടെയും ചെയ്തികള്‍ വിളിച്ചോതുന്നു. അന്ന് മനസ്സുവെച്ചാല്‍ സമ്പൂര്‍ണ മദ്യനിരോധം നടപ്പാക്കാമായിരുന്നു. ഏതാനും ആയിരം വരുന്ന ചെത്തുതൊഴിലാളികളുടെ തൊഴില്‍പ്രശ്‌നം എടുത്തുപറഞ്ഞാണ് സര്‍ക്കാറുകളും പാര്‍ട്ടികളും മദ്യനിരോധത്തിന്റെ അപ്രായോഗികതയെ ന്യായീകരിച്ചത്. മദ്യത്തൊഴിലാളികളെ മറ്റു തൊഴിലുകളില്‍ പുനരധിവസിപ്പിച്ചുകൊണ്ട് മദ്യം എന്ന മഹാവിപത്തിനെ സര്‍വശക്തിയും ഉപയോഗിച്ച് പ്രതിരോധിച്ചിരുന്നുവെങ്കില്‍ ഇന്നേറ്റവുമധികം പ്രതിശീര്‍ഷ മദ്യോപഭോഗമുള്ള ഇന്ത്യന്‍ സംസ്ഥാനമായി കേരളം മാറുമായിരുന്നില്ല; 13 വയസ്സു മുതല്‍ കുട്ടികള്‍ മദ്യപാനം ശീലിക്കുമായിരുന്നില്ല; 65 ശതമാനത്തോളമായി മദ്യപരുടെ സംഖ്യ ഉയരുമായിരുന്നില്ല; അവരില്‍ ഇനിയൊരു തിരിച്ചുവരവ് അസാധ്യമാവുംവിധം 20 ശതമാനം ലഹരിയുടെ അടിമകളായിത്തീരുമായിരുന്നില്ല; രാജ്യത്തേറ്റവും വാഹനാപകടങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളം കുപ്രസിദ്ധി നേടുമായിരുന്നില്ല; സ്ത്രീ പീഡനങ്ങളും കുടുംബത്തകര്‍ച്ചയും കുറ്റകൃത്യങ്ങളും മാനോ രോഗങ്ങളും ആത്മഹത്യയും ഭയാനകമായി പെരുകി കേരളം പിശാചിന്റെ സ്വന്തം നാടായി രൂപാന്തരപ്പെടുമായിരുന്നില്ല.
ചെത്തുതൊഴിലാളികളുടെ തൊഴില്‍പ്രശ്‌നം അങ്ങേയറ്റം ഊതിവീര്‍പ്പിച്ചതാണെന്ന് ഏറ്റവുമൊടുവില്‍ കുറ്റിപ്പുറത്തും വാണിയമ്പലത്തുമുണ്ടായ വിഷമദ്യ ദുരന്തത്തെ തുടര്‍ന്നു നടന്ന അന്വേഷണം തുറന്നുകാട്ടി. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കില്‍ മാത്രമാണ് മലബാറില്‍ കാര്യമായി തെങ്ങ് ചെത്തുന്നതെന്നും അത് ജില്ലയില്‍ തന്നെ മദ്യപര്‍ക്ക് തികയാതിരിക്കെ സ്‌പിരിറ്റ് മാഫിയയുടെ ഭീകരമായ ഇടപെടല്‍മൂലം വിഷമദ്യമാക്കി മാറ്റി സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളില്‍ 'തെങ്ങിന്‍കള്ളായി' വിതരണം ചെയ്യുകയാണെന്നുമുള്ള സത്യം പുറത്തുവന്നു. യഥാര്‍ഥ ചെത്തുതൊഴിലാളികള്‍ തെങ്ങു ചെത്തി ഊറ്റിയെടുക്കുന്ന കള്ള് മാത്രം വിതരണം ചെയ്താല്‍, വ്യാജമദ്യ സാമ്രാജ്യംതന്നെ തകര്‍ന്നു തരിപ്പണമാവുമെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. പക്ഷേ, സര്‍ക്കാര്‍ എല്ലാം കണ്ടില്ലെന്നു നടിക്കുന്നു. വ്യാജമദ്യ ലോബി പാര്‍ട്ടികളെയും ഉദ്യോഗസ്ഥരെയും മാസപ്പടിയില്‍ പിടിച്ചുനിര്‍ത്തുന്നു. കുടിയന്മാര്‍ പെട്ടെന്ന് ചാവുന്ന സംഭവങ്ങള്‍ മാത്രം വിഷമദ്യ ദുരന്തമാണെന്നും, മദ്യപരെ ഇഞ്ചിഞ്ചായി ജീവച്ഛവങ്ങളും പൂര്‍ണശവങ്ങളുമാക്കുന്ന മദ്യം അപകടകാരി അല്ലെന്നും സര്‍വസമ്മതമായി പാസാക്കിയിരിക്കയാണ്. സര്‍ക്കാറുകളാവട്ടെ പൊതുമേഖലാ സ്ഥാപനമായ ബിവറേജസ് കോര്‍പറേഷനിലൂടെ വിലകൂടിയ വിദേശമദ്യം ഉല്‍പാദിപ്പിച്ചു സംസ്ഥാനമാകെയുള്ള വിതരണ ശൃംഖലയിലൂടെ 'മാന്യന്മാരെ' കുടിപ്പിച്ച് അനേകായിരം കോടികള്‍ സംഭരിച്ച് സുഖമായി രാജ്യഭരണം നടത്തുന്നു. ലഹരിയില്‍നിന്നുള്ള വരുമാനമാണ് ഈശ്വരവിശ്വാസികളും ഗാന്ധിയന്മാരും ധാര്‍മികതയുടെ പോരാളികളുമായ എല്ലാവരുടെയും സര്‍ക്കാര്‍ വേതനത്തിന്റെ മുഖ്യ സ്രോതസ്സ്. കമ്മി നികത്താന്‍ ചൂതാട്ടത്തില്‍നിന്നുള്ള ചില്വാനവും അനുബന്ധമായുണ്ട്. ഇതായിരിക്കാം ഒരുവേള മദ്യനിരോധം അപ്രായോഗികമാണെന്നു പിണറായിയെക്കൊണ്ട് പറയിച്ചത്. എന്നാല്‍, മദ്യത്തിന്റെ ഉല്‍പാദനവും വിതരണവും ഓണംകേറാമൂലകളിലും ആദിവാസി ഊരുകളിലും വരെ നിര്‍ബാധം തുടരവെ മാര്‍ക്‌സിസ്റ്റ് പോഷകസംഘടനകളുടെ ബോധവത്കരണ പ്രചാരണ പരിപാടി സഫലമാവുമോ? അഥവാ സഫലമാവുക എന്ന മഹാദ്ഭുതം സംഭവിച്ചാല്‍ പൊതുഖജനാവ് പൂട്ടി ധനമന്ത്രി കാശിക്ക് പോവേണ്ടി വരില്ലേ?
മദ്യത്തില്‍ ഒറിജിനലും വ്യാജനും ഇല്ല, സ്വദേശിയും വിദേശിയും ഇല്ല, നല്ലതും ചീത്തയും ഇല്ല. എല്ലാം കുറഞ്ഞ അളവിലോ കൂടിയ അളവിലോ ലഹരി ഉല്‍പാദിപ്പിക്കുന്ന വിഷപാനീയമാണ്. മദ്യം വിഷമാണ്, അത് ചെത്തരുത്, വില്‍ക്കരുത്, കുടിക്കരുത് എന്ന് മഹാനായ ശ്രീനാരായണ ഗുരു വിവരക്കേട് വിളമ്പിയതല്ല. ഘട്ടംഘട്ടമായി എന്നാല്‍, പഴുതുകളടച്ചു മദ്യത്തിന്റെ ഉല്‍പാദനവും വില്‍പനയും കര്‍ശനമായി നിയന്ത്രിക്കുകയും ഒടുവില്‍ നിരോധിക്കുകയുമല്ലാതെ ഈ മാരക വിപത്തില്‍നിന്ന് കേരളത്തെ രക്ഷപ്പെടുത്താന്‍ കുറുക്കുവഴിയില്ല. അതോടൊപ്പം, മദ്യവര്‍ജനത്തിന് ശക്തവും സമഗ്രവുമായ ബോധവത്കരണവും ആവശ്യമാണ്, സ്വാഗതാര്‍ഹമാണ്. പാഠപുസ്തകങ്ങളിലൂടെ ലഹരിയുടെ ദൂഷ്യഫലങ്ങള്‍ തലമുറകളെ പഠിപ്പിച്ചും, മദ്യാസക്തരായ അധ്യാപകരെ ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തിയും ബാര്‍ ലൈസന്‍സുകള്‍ കര്‍ശനമായി നിയന്ത്രിച്ചും 18 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക് മദ്യവില്‍പന പാടേ നിരോധിച്ചും സിനിമകളില്‍ മദ്യപാന രംഗങ്ങള്‍ക്കു നേരെ കത്രിക പ്രയോഗിച്ചും ഔദ്യോഗിക വിരുന്നുകളില്‍ ലഹരിക്ക് നിശ്ശേഷം വിലക്കേര്‍പ്പെടുത്തിയുംകൊണ്ട് മദ്യവിരുദ്ധ നടപടികള്‍ക്ക് സര്‍ക്കാര്‍ ആര്‍ജവം കാട്ടുമെങ്കില്‍ മാര്‍ക്‌സിസ്റ്റ് യുവജന കൂട്ടായ്മയുടെ കാമ്പയിന്‍ ഒട്ടൊക്കെ ഗുണംചെയ്യാനാണിട. ഏതു നിലക്കും ഇതൊരു പാര്‍ട്ടിക്കാര്യമായി കാണാതെ ജനകീയ സമരമാക്കി മാറ്റാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയണം, മുന്‍വിധികളില്ലാതെ എല്ലാ മനുഷ്യസ്‌നേഹികളും അതോട് സഹകരിക്കുകയും വേണം.