Wednesday, January 12, 2011
സുന്നി-ലീഗ് ഐക്യത്തിന് തുരങ്കം വച്ചിട്ടില്ല: കാന്തപുരം
കോഴിക്കോട്: സുന്നി വിഭാഗവുമായുള്ള മുസ്ലിം ലീഗിന്റെ ഐക്യത്തിന് തുരങ്കം വച്ചിട്ടില്ലെന്ന് സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസല്യാര്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേതാക്കളുടെ ഇതു സംബന്ധിച്ച പ്രസ്താവനയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് രാഷ്ട്രീയ കാര്യത്തില്‍ തീരുമാനമെടുക്കുന്നത് സമസ്തയോടു ചോദിച്ചിട്ടാണെന്ന് തോന്നുന്നില്ല. ലീഗുമായി മാന്യമായ ബന്ധമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരമാവധി വിട്ടുവീഴ്ചകള്‍ ചെയ്ത് സുന്നികള്‍ ഐക്യപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഏറെക്കാലമായി തുടരുന്ന ഐക്യശ്രമങ്ങള്‍ ഏതാണ്ട് ഫലം കണ്ടു തുടങ്ങിയപ്പൊഴാണ് തെറ്റിദ്ധാരണാജനകമായ ചില പ്രചാരണങ്ങളുണ്ടായത്.
ഐക്യശ്രമത്തില്‍ നിന്നു പിന്മാറുകയോ അതിനുള്ള നീക്കങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ല. മധ്യസ്ഥര്‍ മുഖേന ശ്രമങ്ങള്‍ തുടരുകയാണ്. ഐക്യം എന്നതിനു ലയനം എന്നര്‍ഥമില്ലെന്നും കാന്തപുരം വ്യക്തമാക്കി. പട്ടിക്കാട് ജാമിഅയില്‍ ഈജിപ്ത് ഗ്രാന്റ് മുഫ്തിക്ക് പങ്കെടുക്കാന്‍ സാധിക്കാതെ വന്നത് സ്വാഭാവികം മാത്രമാണ്. പിറ്റെ ദിവസം അദ്ദേഹം അവിടെ പോകാന്‍ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും അവര്‍ തിരസ്കരിച്ചുവെന്നും കാന്തപുരം പറഞ്ഞു.
മര്‍കസ് സുവനീറിലോ പ്രസംഗത്തിലെ ഐക്യത്തിന് എതിരായി ഒരു പരാമര്‍ശവും ഉണ്ടിയിട്ടില്ല. ഇരു സമസ്തയിലെയും മുശാവറ ചേര്‍ന്ന് ഐക്യ ശ്രമവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ച സാഹചര്യം ഇന്നും പ്രസക്തമായി നിലനില്‍ക്കുന്നുണ്ട്. അകന്നു പോകുന്ന പ്രസ്താവനാ യുദ്ധങ്ങള്‍ നടത്താതെ ഫലപ്രദമായ ഐക്യശ്രമവുമായി മുന്നോട്ടു പോകുകയാണ് വേണ്ടതെന്നും കാന്തപുരം പറഞ്ഞു.
സമുദായ ഐക്യത്തിന് എതിരു നില്‍ക്കുന്നത് മുജാഹിദാണ്. മര്‍കസ് സമ്മേളനദിവസം തന്നെ അവര്‍ മലപ്പുറത്ത് സമ്മേളനം വച്ചു. മര്‍കസ് സമ്മേളനത്തിനു വരുന്ന വാഹനങ്ങള്‍ തടഞ്ഞു. ഇതുകൊണ്ടൊന്നും തളരില്ലെന്നും ഒരാളെപ്പോലും അവരുടെ പക്ഷത്തേക്കു ലഭിക്കില്ലെന്നും കാന്തപുരം പറഞ്ഞു.
Subscribe to:
Post Comments (Atom)
No comments:
Post a Comment