സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വിപ്ലവകരമായ നിയമമായ വിവരാവകാശ നിയമത്തിന്റെ കഴുത്തറത്ത് കൊല്ലാൻ അതിന്റെ കരട് തയ്യാറാക്കുമ്പോൾ തന്നെ ശ്രമം തുടങ്ങിയതാണു.അഴിമതിക്കാരുടെ ഉറക്കം കെടുത്തുന്ന,ഭരണസംവിധാനത്തെ എറ്റവും സുതാര്യ മാക്കുന്ന ഈ നിയമത്തിന്റെ സദ്ഫലങ്ങൽ അഞ്ചുവർഷം കൊണ്ടു തന്നെ ജനങ്ങൾക്ക് അനുഭവവേദ്യമായിട്ടുണ്ട്.അതിന്റെ ശക്തി ഭരണാധികാരികളെ വിറപ്പിച്ചിട്ടുണ്ടു.അതുകൊണ്ട് തന്നെയാണു, നിയമത്തെ കൂടുതൽ ശക്തിപ്പെടുത്താനെന്ന പേരിൽ കേന്ദ്രസർക്കാർ അടുത്തിടെ പുറത്തിറക്കിയ ചട്ടങ്ങളുടെ കരട് വിവരാവകാശ നിയമത്തിന്റെ നട്ടെല്ലു തന്നെ ഒടിക്കുന്നത്.
പത്ത് രൂപയടച്ച് ഏതൊരു പൌരനും ഏതു രേഖയും വിവരങ്ങളും ആവശ്യപെടാമെന്നാണു നിയമവ്യവസ്ഥ.രാജ്യത്തിന്റെ സുരക്ഷയേയും മറ്റും സംബന്ധിച്ച പരിമിതമായ ചില നിയന്ത്രണങ്ങൾ മാത്രമേ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളൂ.അതിനാലാണു വിവരാവകാശ നിയമം ഓരോ പൌരനേയും ഒരേസമയം എം.എൽ.എയും എം.പിയുമാക്കി മാറ്റിയത് എന്ന് പറയുന്നത്.പഞ്ചായത്ത് തലം മുതൽ രാഷ്ട്രപതിഭവൻ വരെയുള്ള ഏതുകാര്യങ്ങളും,സാധാരണക്കാരിൽ സാധാരണക്കാർക്കുവരെ ലഭ്യമാക്കിയ ഈ നിയമം ഇന്ത്യൻ ജനാധിപത്യത്തെ അതിശക്തമാക്കി.ഇപ്പോൾ അഴിമതിയോ,സ്വജനപക്ഷപാതമോ നടത്തുന്ന രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും,തങ്ങൾ എപ്പോഴും ആയിരക്കണക്കിനു ജാഗരൂകരായ പൌരരുടെ ദൃഷ്ടിപഥത്തിനുള്ളിലാണെന്ന് ഉൾക്കിടിലത്തോടെ ഓർക്കും.ഇന്നല്ലെങ്കിൽ നാളെ ആരെങ്കിലുമൊരാൾ പത്ത് രൂപ അടച്ച് ഈ രഹസ്യങ്ങൾ തുറന്നുകാട്ടുമെന്ന് അവർക്കറിയാം.ഫയലിന്മേൽ അടയിരിക്കുന്നവരുടെ ശീലങ്ങൾ മാറുകയാണിപ്പോൾ.“എവിടെ എന്റെ അപേക്ഷ?” എന്ന് ചോദിച്ച് വിവരാവകാശ നിയമപ്രകാരം രേഖകൾ തിരക്കി നിസ്വനായ ഒരാൾ നാളെ പടികടന്നെത്തുമെന്ന അറിവ് ,ചുവപ്പ്നാടക്കാരെപ്പോലും വേട്ടയാടുന്നു.അഴിമതിയിൽ ലോകത്ത് ഒന്നാം നിരയിൽ തന്നെ സ്ഥാനമുണ്ടു ഇന്ത്യയ്ക്ക് .പക്ഷേ കഴിഞ്ഞ അഞ്ചുവർഷം കൊണ്ടു തന്നെ ആ കസേരയ്ക്ക് ഇളക്കം തട്ടുന്നതായി സൂചനകൾ വന്നു കഴിഞ്ഞു.അടുത്തിടെ മഹാരാഷ്ട്രാമുഖ്യമന്ത്രിയുടേയും ടെലികോം മന്ത്രിയുടേയുമൊക്കെ കസേരകൾ തെറുപ്പിച്ചതും,കർണ്ണാടകത്തിൽ രാഷ്ട്രീയപ്രതിസന്ധി സൃഷ്ടിച്ചതുമായ അഴിമതിരേഖകൾ പുറത്ത് കൊണ്ടുവരുന്നതിൽ വിവരാവകാശനിയമം വലിയപങ്കു വഹിച്ചിട്ടുണ്ടു. ഇനിയും എത്രയോ തലകൾ ഉരുളാനിരിക്കുന്നു.എത്രയോ രാജാക്കന്മാർ നഗ്നരാണെന്ന് ജനം വിളിച്ചുകൂവാനിരിക്കുന്നു!
വിവരാവകാശനിയമം നിലവിൽ വന്നതോടെ ഔദ്യോഗികരഹസ്യനിയമം അപ്രസക്തമായിത്തീർന്നു.ഫയൽ നോട്ടുകളും ,ഉദ്യോഗസ്ഥരുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ടുകൾ പോലും ഇപ്പോൾ രഹസ്യരേഖകളല്ല.ഉദ്യോഗസ്ഥതലത്തിൽ നിയമം ദുർബലപ്പെടുത്താനുള്ള ആദ്യ നീക്കം ഡൽഹിയിൽ നടത്തിയവർ ഈ വ്യവസ്ഥകൾ നിയമത്തിൽ നിന്ന് എടുത്തുകളയാൻ സമ്മർദ്ദം ചെലുത്തി.പ്രധാനമന്ത്രിയുടെ ഓഫീസ് പോലും ഇതിനെ അനുകൂലിച്ചെങ്കിലും സോണിയാഗാന്ധിയുടെ ശക്തമായ എതിപ്പിനെത്തുടർന്ന് ആ നീക്കം പരാജയപ്പെട്ടു.
പക്ഷേ,നിയമത്തിന്റെ അന്തസത്തയ്ക്ക് എതിരായ ഒട്ടേറെ ചട്ടങ്ങളും,കേന്ദ്ര-സംസ്ഥാന വിവരാവകാശകമ്മീഷനുകളുടെ ഉത്തരവുകളും വ്യാഖ്യാനങ്ങളും അടുത്തിടെ ഉണ്ടായി.“എന്തുകൊണ്ട്”എന്ന ചോദ്യത്തിനു ഉത്തരം നൽകേണ്ടെന്ന തീരുമാനം,സത്യത്തിൽ വിവരാവകാശ നിയമത്തിന്റെ മുന തന്നെ ഒടിച്ചുകളഞ്ഞിരിക്കുകയാണു.ഒരു അഴിമതി നടത്തുമ്പോൾ,ഒരു നിയമം മറികടക്കുമ്പോൾ ,ഒരു ഫയൽ പൂഴ്ത്തിവെക്കുമ്പോൾ ഇപ്പോൾ ഒരാൾക്കും “എന്തു കൊണ്ട് ഇങ്ങനെ ചെയ്തു?എന്താണു കാരണം?”എന്ന് വിവരാവകാശനിയമപ്രകാരം ചോദിച്ച് ചെല്ലാൻ കഴിയില്ല.ഇത് നിയമത്തെ ദുർബ്ബലപ്പെടുത്തുമെന്ന് ഉറപ്പ്.ഉദാഹരണത്തിനു,നിങ്ങളുടെ ഒരു അപേക്ഷ ,കൈക്കൂലി കൊടുക്കാത്തതിനാൽ പഞ്ചായഠ് ഓഫീസിലെ ഗുമസ്ഥൻ പൂഴ്ത്തി വെച്ചിരിക്കുന്നു.മുൻപ് പത്ത് രൂപ അടച്ച് വിവരാവകാശ നിയമപ്രകാരാം ഒരു കത്ത് നൽകേണ്ട താമസമേ ഉണ്ടയിരുന്നുള്ളൂ,ചുവപ്പ്നാടക്കുള്ളിൽ ഉറക്കിക്കിടത്തിയിരുന്ന ആ ഫയലിനു മിന്നൽ വേഗം കിട്ടാൻ.“എന്തുകൊണ്ടു തീരുമാനമെടുക്കുന്നില്ല?”/“എന്തുകൊണ്ടു മറ്റെയാൾക്ക് ആ ആനുകൂല്യം കൊടുത്തു?”എന്ന് ചോദിച്ചാൽ നിയമപ്രകാരം കാരണങ്ങൾ വ്യക്തമാക്കാൻ ബാദ്ധ്യതയില്ല എന്ന ഉത്തരമാകും പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ഇപ്പോൾ നൽകുക.ഇത് നിയമത്തെ ഭാവിയിൽ തമാശയാക്കി മാറ്റിയേക്കും.“അപേക്ഷ കിട്ടിയോ?”എന്ന് തിരക്കിയാൽ “കിട്ടിയിട്ട് പത്ത് വർഷമായി” എന്നും “അതിന്മേൽ നടപടി സ്വീകരിക്കാത്തത് എന്ത്?” എന്ന് ചോദിച്ചാൽ“നിയമപ്രകാരം അതിന്റെ കാരണം വ്യക്തമാക്കാൻ പറ്റില്ല” എന്നുമായിരിക്കും നിങ്ങൾക്ക് കിട്ടുന്ന മറുപടി.ഇതുകൊണ്ടു എന്ത് പ്രയോജനം?
അടുത്തിടെ നിയമത്തെ മറികടക്കാനായി ഉദ്യോഗസ്ഥർ കണ്ടെത്തിയ ചില ചെപ്പടി വിദ്യകളുണ്ടു.ലഭ്യമായ വിവരങ്ങളും രേഖകളും നൽകിയാൽ മതി എന്നാണു വ്യവസ്ഥ.ഒരാൾ അപേക്ഷ നൽകി എന്നതുകൊണ്ടു മാത്രം വിവരങ്ങൾ ‘ജനറേറ്റ്”ചെയ്തു നൽകേണ്ട എന്ന നിർദ്ദേശത്തിന്റെ മറവിൽ “വിവരങ്ങൾ ലഭ്യമല്ല” എന്ന് ഉത്തരം നൽകി കൈകഴുകുന്ന ഉദ്യോഗസ്ഥരുടെ എണ്ണം കൂടിവരുന്നു.വിവരങ്ങൾ നൽകുന്നത് വളരെ ചെലവേറിയതും ഓഫീസിന്റെ സാധാരണപ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നതുമാണെങ്കിൽ,അപേക്ഷകനു താല്പര്യമുണ്ടെങ്കിൽ അവ നേരിട്ട് ചെൻന്ന പരിശോധിക്കാൻ അവസരം നൽകണമെന്നാണു ചട്ടം.അതിന്റെ മറവിൽ ഏതു വിവരം ആവശ്യപ്പെട്ടാലും,“ഓഫീസിൽ വന്ന് താങ്കൾക്ക് പരിശോധിക്കാം”എന്ന് മറുപടി അയച്ച് കൈകഴുകുന്നവരുമുണ്ടു.ഉത്തരം ഓഫീസിൽ വന്ന് വാങ്ങിക്കൊണ്ട്പോകണമെന്ന് ശഠിക്കുന്ന മറ്റൊരു വിഭാഗവുമുണ്ടു.ഉന്നതാധികാരിക്ക് ഒന്നാം അപ്പീൽ നൽകുകയോ.കമ്മീഷനെ സമീപിക്കുകയോ ആണു ഇത് തടയിടാനുള്ള ഏകമാർഗ്ഗം.പക്ഷേ, ഒരു ശതമാനം പേർ പോലും അപ്പീലുമായി പോകില്ലെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ മനസിലാക്കിയ ഉദ്യോഗസ്ഥലോബിയാണു നിയമത്തെ ഇങ്ങനെ നോക്കുകുത്തിയാക്കുന്നത്.ഒന്നാം അപ്പീലിൽ തീർപ്പ് കൽപ്പിക്കുന്നതിനു കാലപരിധിയുണ്ടെങ്കിലും അപ്പോഴേക്കും മാസങ്ങൾ വൈകും.സംസ്ഥാന-കേന്ദ്ര കമ്മീഷനുകളിൽ അപ്പീലുമായി എത്തുന്നവർ അത്യപൂർവ്വം.അതിന്റെ നൂലാമാലകൾ തന്നെ കാരണം.മിക്കവാറും അതിണു ഒരു വക്കീലിന്റെ സേവനം ആവശ്യമായി വരും.അപ്പീൽ നൽകിയാലോ?തീരുമാനമെടുക്കുന്നതിനു സമയപരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാൽ അത് വർഷങ്ങളോളം നീണ്ടു പോകാം.അതിനു ആരു തുനിയും?
വിവരാവകാശ നിയമത്തിന്റെ ആത്മാവ് തന്നെ നശിപ്പിക്കുന്ന ഈ പോരായ്മകൽ പരിഹരിച്ച് അതിനെ അതിശക്തമാക്കാനാണു കേന്ദ്രസർക്കാർ ശ്രമിക്കേണ്ടത്.അതിനു പകരം നിയമത്തെ തന്നെ അർത്ഥശൂന്യമാക്കുന്ന ഭേദഗതികളാണു കരട്ചട്ടങ്ങളിൽ ഉള്ളത്.ഒരു വിഷയത്തെ കുറിച്ച് മാത്രമേ ചോദിക്കാൻ പാടുള്ളൂ എന്നും ,ഒരു അപേക്ഷയിൽ 250 വാക്കുകളിൽ കൂടാൻ പാടില്ല എന്നും പറയുന്നു.ഇപ്പോൾ ഒരു അപേക്ഷയിൽ എത്ര ആയിരം ചോദ്യം വേണമെങ്കിലും ചോദിക്കാം.നിയമം ദുരുപയോഗം ചെയ്യുന്നവർ ആയിരക്കണക്കിനു ചോദ്യങ്ങ ചോദിച്ച് സർക്കാർ ഓഫീസുകളുടെ ദൈനംദിനപ്രവർത്തനങ്ങൾ തന്നെ തടസ്സപ്പെടുത്തുന്ന പ്രവണതയുണ്ടു.ഇതിനു തടയിടേണ്ടത് ആവശ്യം തന്നെ.അതുകൊണ്ടു ചോദ്യങ്ങളുടെ എണ്ണം അഞ്ചോ പത്തോ ആയി നിജപ്പെടുത്താം.പക്ഷേ ഒരു അപേക്ഷയിൽ ഒരു വിഷയം മാത്രമേ പാടുള്ളുവെന്ന് നിഷ്കർഷിച്ചാൻ അത് വിവരങ്ങൾ നിഷേധിക്കപ്പെടുന്നതിനു ഇടയാക്കും.സർക്കാരിന്റെ പ്രവർത്തനം എണ്ണമറ്റ വകുപ്പുകളും സ്ഥാപനങ്ങളുമയി ബന്ധപ്പെട്ടതാകയാലും,ഒന്നിലധികം വിഭാഗങ്ങളിലൂടെ കടന്നു പോകുന്നതാണു സാധാരണ ഫയലുകൾ പോലും എന്നതിനാലും ഈ ചട്ടം ഒട്ടും പ്രായോഗികമല്ല.ഏതു വിധേനയും നിയമത്തെ ദുർബലപ്പെടുത്തുവാൻ സത്യപ്രതിജ്ഞയെടുത്തിരിക്കുന്ന അഴിമതിവീരരായ ഉദ്യോഗസ്ഥർ ഈ ചട്ടമുപയോഗിച്ച് നിയമത്തെ കുഴിച്ച്മൂടുക തന്നെ ചെയ്യും.
അതിനെക്കാൾ പ്രതിലോമകരമാണു,വിവരങ്ങൾ ലഭ്യമാക്കാൻ ഉണ്ടാകുന്ന ചെലവു കൂടി അപേക്ഷകരിൽ നിന്ന് ഈടാക്കണമെന്ന നിർദ്ദേശം.വിവരാവകാശ നിയപ്രകാരം നൽകിയ അപേക്ഷക്ക് ഉത്തരം നൽകാൻ ഫയലുകൾ തിരഞ്ഞതിനു ഗുമസ്ഥനും പ്യൂണിനും ഓവർടൈം നൽകിയ വകയിലും ,അന്നേദിവസം അവർക്ക് ചായയും കാപ്പിയും ഊണും മറ്റും നൽകിയ വകയിലും,ഓഫീസ് അധികസമയം പ്രവർത്തിപ്പിച്ചതുമൂലം അധിക വൈദ്യുതി ചെലവായ വകയിലുമൊക്കെ വലിയൊരു ബിൽ തുക എഴുതി അത് അപേക്ഷകരിൽ നിന്ന് വസൂലാക്കാൻ ഇനി എന്തെളുപ്പം!വിവരം തിരക്കുന്ന ഓഫിസിന്റെ നിലവാരം കൂടുന്നതനുസരിച്ച് ഇനി വിവരം കിട്ടാനുള്ള ബില്ലിന്റെ സ്റ്റാറ്റസും ഉയരും.കേന്ദ്ര -സംസ്ഥാന സെക്രട്ടേറിയറ്റുകളിലും പാർലമെന്റിൽ നിന്നും, നമ്മുടെഎം.എൽ.എയും എം.പിയും എത്ര രൂപ യാത്രപ്പടി വാങ്ങിയെന്നോ,കഴിഞ്ഞ വർഷം എത്രപ്രാവശ്യം വാ തുറന്നുവെന്നോ ചോദിച്ച് വിവരാവകാശപ്രകാരം ഒരു അപേക്ഷ നൽകിയാൽ ഇനി എന്തുണ്ടാകും?കൊടി വെച്ച ഉന്നത് ഉദ്യോഗസ്ഥരുടെ പക്കലുള്ളതാണു ഈ വിവരങ്ങൾ.അവർക്ക് കൃത്യാന്തരബാഹുല്യം കാരണം അവധി ദിവസങ്ങലിൽ പറന്ന് വന്ന് വിവരങ്ങൾ തെരഞ്ഞുപിടിച്ച് നൽകേണ്ടിവരും.അതിനുള്ള വിമാനക്കൂലി കൂടി,ബത്ത,സ്പെഷ്യൽ പെ തുടങ്ങിയവയടക്കം, വിലപ്പെട്ട വിവരങ്ങൾ ലഭ്യമാക്കാൻ ചെലവായ തുക ചിലപ്പോൾ ലക്ഷങ്ങൾ വന്നേക്കാം.അതിന്റെ ബിൽ കണക്കു കൂട്ടി മുങ്കൂർ പണം അടക്കാനുള്ള ഇണ്ടാസായിരിക്കും നിങ്ങൾക്ക് ലഭിക്കുക!
വിവരാവകാശ നിയമത്തെ എങ്ങനെയും കെട്ടുകെട്ടിക്കണമെന്നു തീരുമനിച്ചുറപ്പിച്ചവരുടെ ദുഷ്ടബുദ്ധി,ഈ കരട് തയ്യാറാക്കുന്നതിൽ പ്രവർത്തിച്ചിരിക്കുന്നതിനു മറ്റൊരു ദൃഷ്ടാന്തം കൂടിയുണ്ടു.അപേക്ഷകർ മരിച്ചാൽ അപേക്ഷയിന്മേൽ തുടർനടപടി വേണ്ടെന്ന നിർദ്ദേശമാണത്.ഇപ്പോൾ തന്നെ പത്തോളം വിവരാവകാശപ്രവർത്തകർ കൊലചെയ്യപ്പെട്ടിട്ടുണ്ടു.അവരെ സംരക്ഷിക്കുന്നതിനുള്ള നിയമനിർമ്മാണത്തിനു മുങ്കൈയെടുത്ത സർക്കാർ തന്നെ ഇത്തരമൊരു വ്യവസ്ഥ നിയമത്തിന്റെ ചട്ടത്തിൽ തിരുകികയറ്റുന്നതിന്റെ യുക്തി മനസിലാകുന്നില്ല.അപകടകരമായ വിവരങ്ങൾ തിരക്കി അപേക്ഷ നൽകുന്ന വിവരാവകാശ ആക്ടിവിസ്റ്റുകളെ കൈകാര്യം ചെയ്യാൻ ഇനി എന്തെളുപ്പം;ആളെ തീർത്തേക്കുക.അധോലോകത്തെ ഇതിൽപ്പരം സന്തോഷിപ്പിക്കുവതെന്ത്?
അപ്പീലുകളിന്മേൽ പ്രാഥമിക വാദം കേട്ട് മാത്രമേ അവ സ്വീകരിക്കേണ്ടതുള്ളുവെന്നതാണു മറ്റൊരു നിർദ്ദേശം.അത് ഇനിയും കാലതാമസമുണ്ടാക്കുന്ന പ്രക്രിയയാക്കും.വിവരാവകാശ നിയമം സാധാരണക്കാരുടെ കൈയ്യിൽ നിന്ന് വക്കീലന്മാരുടെ കൈകളിലേക്ക് പോകും.ഉപഭോക്തൃസംരക്ഷണ നിയമം കാലക്രമത്തിൽ വക്കീലന്മാർക്ക് പുതിയ തൊഴിൽ സാദ്ധ്യതകൾ തുറന്നു നൽകിയതു പോലെ വിവരാവകാശ നിയമവും അവർക്കൊരു വരുമാനമാർഗ്ഗമാകും.വിവരാവകാശ നിയമത്തെ ഇല്ലാതാക്കാനുള്ള,തികച്ചും ദുഷ്ടലാക്കോടെയുള്ള,ഒട്ടും സദുദ്ദേശ്യപരമല്ലാത്ത നീക്കമാണു ഈ ചട്ടഭേദഗതിയിലുള്ളത്.ഇത് ജനാധിപത്യത്തിന്റേയും സുതാര്യതയുടേയും അന്തകരെ മാത്രമേ സന്തോഷിപ്പിക്കുകയുള്ളൂ.
അരുത് കാട്ടാളരേ,വിവരാവകാശ നിയമത്തെ കൊല്ലരുത്...
No comments:
Post a Comment