Monday, April 25, 2011
എന്‍ഡോസള്‍ഫാന്‍ നിരോധനം മനുഷ്യരെല്ലാം മരിച്ചു തീര്‍ന്നിട്ടാവരുത്: കാന്തപുരം
കാസര്‍കോട്: കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുകയുള്ളുവെന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്‌താവന പ്രധാന മന്ത്രിയെന്ന നിലയില്‍ ന്യായമാണെങ്കിലും ആ പഠനം ജനങ്ങളെല്ലാം എന്‍ഡോസള്‍ഫാന്‍ ബാധിച്ച് മരിച്ചു തീരും വരെ നീട്ടിക്കൊണ്ട് പോകരുതെന്നും കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ എന്‍ഡോസള്‍ഫാന്‍ അടിയന്തിരമായി നിരോധിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു.
കാസര്‍കോട് പുതിയ ബസ്‌സ്റ്റാന്‍ഡ് പരിസരത്ത് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ കൂട്ടായ്‌മയായ എന്‍വിസാജ് ഒരുക്കിയ ഒപ്പ് മരച്ചുച്ചോട്ടില്‍ ഒപ്പ് ചാര്‍ത്തി സംസാരിക്കുകയായിരുന്നു കാന്തപുരം. എന്‍ഡോസള്‍ഫാന്‍ പോലുള്ള മാരകകീടനാശിനികള്‍ മനുഷ്യരിലും പ്രകൃതിയിലും ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നതായ നിരവധി പഠന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടും കൃഷി വകുപ്പ് സാങ്കേതികതയില്‍ പിടിച്ചു തൂങ്ങുന്നത് ശരിയല്ല.
25ന് ജനീവയില്‍ നടക്കുന്ന സ്റ്റോക്ക്‌ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കണം. മനുഷ്യനെയും പ്രകൃതിയേയും കൊന്നു കൊണ്ടുള്ള വികസനമല്ല നമുക്ക് വേണ്ടത്. മാരകമായ കീടനാശിനികള്‍ക്കനുകൂലമായി ചില കോണുകളില്‍ നിന്നുയരുന്ന ശബ്‌ദം മനുഷ്യത്വരഹിതമാണ്. അനാവശ്യ വിവാദങ്ങള്‍ മാറ്റിവെച്ച് ദുരിത ബാധിതരുടെ കണ്ണീരൊപ്പാന്‍ നടപടി സ്വീകരിക്കണം. മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് നഷ്‌ടപരിഹാരം നല്‍കണമെന്നും ചികിത്സാ പുനരധിവാസ പാക്കേജുകള്‍ ത്വരിതപ്പെടുത്തണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.
എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബി.എസ് അബദുല്ലക്കുഞ്ഞി ഫൈസി, ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബദുല്‍ ഖാദിര്‍ മദനി, ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, ബശീര്‍ പുളിക്കൂര്‍, മൂസ സഖാഫി കളത്തൂര്‍, ബി.കെ അബ്‌ദുല്ല ഹാജി, മുനീര്‍ ബാഖവി തുരുത്തി, ഹാജി അമീറലി ചൂരി അബ്‌ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്‌ദുല്‍ അസീസ് സൈനി, ഇല്യാസ് കൊറ്റുമ്പ, പി.ഇ താജുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സമര സമിതി നേതാവ് പ്രഫ. എം.എ റഹ്മാന്‍ കാന്തപുരത്തെ സ്വീകരിച്ചു
Subscribe to:
Post Comments (Atom)
No comments:
Post a Comment