ന്യൂഡല്‍ഹി: കാസര്‍ഗോഡ് ജില്ലയില്‍ നൂറുകണക്കിനാളുകളുടെ മരണത്തിനും ആയിരങ്ങളുടെ തീരാദുരിതത്തിനും കാരണമായ എന്‍ഡോസള്‍ഫാന്‍ നിരോധിക്കരുതെന്ന് ഒരു സംസ്‌ഥാനം പോലും ആവശ്യപ്പെട്ടില്ല. കേന്ദ്രകൃഷിവകുപ്പില്‍ 'മംഗളം' വിവരാവകാശ നിയമപ്രകാരം നടത്തിയ അന്വേഷണത്തിലാണു കേന്ദ്രമന്ത്രി ശരദ്‌പവാറിന്റെ കള്ളിവെളിച്ചത്തായത്. എന്‍ഡോസള്‍ഫാന്‍ നിരോധനവുമായി ബന്ധപ്പെട്ട് കെ. സുധാകരന്‍ എം.പി. ഉന്നയിച്ച ചോദ്യത്തിനും പി.കരുണാകരന്റെ ഉപചോദ്യത്തിനും മറുപടി പറഞ്ഞപ്പോഴാണു മറ്റു സംസ്‌ഥാനങ്ങള്‍ എതിര്‍ക്കുന്നതിനാലാണ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനാവാത്തതെന്നു പവാര്‍ പറഞ്ഞത്.
കേരളവും കര്‍ണാടകയും എന്‍ഡോസള്‍ഫാന്‍ ഉപയോഗം നിരോധിച്ചതായി അറിയിച്ചിരുന്നെങ്കിലും നിരോധനം എതിര്‍ക്കുന്നത് ഏതൊക്കെ സംസ്‌ഥാനങ്ങളാണെന്നു പവാര്‍ വ്യക്‌തമാക്കിയിരുന്നില്ല. കാസര്‍ഗോട്ടെ ദുരിതങ്ങള്‍ക്കു കാരണം എന്‍ഡോസള്‍ഫാനാണെന്നു വിദഗ്‌ധസമിതികളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പവാര്‍ പറഞ്ഞിരുന്നു. എന്‍ഡോസള്‍ഫാന്‍ നിരോധനവുമായി ബന്ധപ്പെട്ടു കേന്ദ്രം ഒരു സംസ്‌ഥാനവുമായും കത്തിടപാടു നടത്തിയിട്ടില്ലെന്നാണു ലഭിച്ച മറുപടി.
എന്‍ഡോസള്‍ഫാന്‍ നിര്‍മാതാക്കളും അവരുടെ ലോബിയുമാണു യഥാര്‍ഥത്തില്‍ നിരോധനത്തെ എതിര്‍ത്തത്. നിരവധി കൃഷിക്കാരും കര്‍ഷകനേതാക്കളും ഈ കീടനാശിനി നിരോധിക്കരുതെന്ന് ആവശ്യപ്പെട്ടതായി പവാര്‍ സഭയെ അറിയിച്ചിരുന്നു. ആറു കത്തുകള്‍ മാത്രമാണ് ഇത്തരത്തില്‍ മന്ത്രാലയത്തിനു ലഭിച്ചത്. അവയില്‍ കര്‍ഷകരുടേതു രണ്ടു മാത്രം. അതും ഗുജറാത്തില്‍നിന്നുള്ള കര്‍ഷകരുടേത്. എന്‍ഡോസള്‍ഫാന്‍ നിര്‍മാതാക്കള്‍ ഗുജറാത്ത് കമ്പനികളാണ്.
എന്‍ഡോസള്‍ഫാനെക്കുറിച്ചു പഠിക്കാന്‍ നാലു സമിതികളെ നിയോഗിച്ചെന്നും അവയെല്ലാം ഉപയോഗം തുടരാനുള്ള റിപ്പോര്‍ട്ട് നല്‍കിയെന്നുമാണു പവാര്‍ സഭയെ അറിയിച്ചത്. ജലസാമീപ്യമുള്ള പ്രദേശത്ത് എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കരുതെന്ന് 1991-ല്‍ ബാനര്‍ജി സമിതി വ്യക്‌തമാക്കിയിരുന്നു. 1999 ലെ ആര്‍.ബി. സിംഗ് കമ്മിറ്റിയും ഇതേ ആവശ്യമാണ് ഉന്നയിച്ചത്. ഇക്കാര്യം സഭയില്‍നിന്നു പവാര്‍ മറച്ചുവച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പുഴകള്‍ ഒഴുകുന്നതു കാസര്‍ഗോഡ് ജില്ലയിലൂടെയാണ്.
ബ്രസീലും ഓസ്‌ട്രേലിയയും ഉള്‍പ്പെടെ 40 രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടില്ലെന്നു പവാര്‍ സഭയെ അറിയിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ജൂലൈ 31-നു ബ്രസീലും ഒക്‌ടോബര്‍ 12-ന് ഓസ്‌ട്രേലിയയും എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു. സ്‌റ്റോക്‌ഹോം കണ്‍വന്‍ഷന്റെ ശാസ്‌ത്രസമിതി കഴിഞ്ഞ ഒക്‌ടോബറില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനായി ഇന്ത്യയുള്‍പ്പെടെയുളള അംഗരാജ്യങ്ങളോടു ശിപാര്‍ശ ചെയ്‌തെന്ന വസ്‌തുതയും പവാര്‍ മറച്ചുവച്ചു.
No comments:
Post a Comment