Tuesday, February 22, 2011

[RTI] വിവരാവകാശനിയമപ്രകാരം ആവശ്യപ്പെട്ട കൊച്ചിയിലെ ഡോ.ടി.ബാലചന്ദ്രന് അവ നിഷേധിച്ചുകൊണ്ട് വകുപ്പ് ഉത്തരവിട്ടു

ആദായനികുതി കണക്കുകള്‍ ആര്‍ക്കും നല്‍കരുതെന്ന് ശ്രീനിജനും ഭാര്യയും

കൊച്ചി: ആദായനികുതി സംബന്ധിച്ച് തങ്ങള്‍ നല്‍കിയിട്ടുള്ള കണക്കുകളും രേഖകളും ആര്‍ക്കും നല്‍കരുതെന്ന് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ മകള്‍ കെ.ബി.സോണിയും ഭര്‍ത്താവ് പി.വി.ശ്രീനിജനും ആദായനികുതി വകുപ്പിനോട് അഭ്യര്‍ഥിച്ചു.

ഈ സാഹചര്യത്തില്‍ വിവരാവകാശനിയമപ്രകാരം ആവശ്യപ്പെട്ട കൊച്ചിയിലെ ഡോ.ടി.ബാലചന്ദ്രന് അവ നിഷേധിച്ചുകൊണ്ട് വകുപ്പ് ഉത്തരവിട്ടു.

പൊതുതാത്പര്യം മുന്‍നിര്‍ത്തിയുള്ള നിയമപ്രകാരമാണ് തനിക്ക് അവ വേണ്ടതെന്ന് ഡോ. ബാലചന്ദ്രന്‍ വകുപ്പിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍കൂടിയായ അഡീഷണല്‍ ഡയറക്ടറോട് ആവശ്യപ്പെട്ടു. ജസ്റ്റിസ് ബാലകൃഷ്ണനും കുടുംബാംഗങ്ങള്‍ക്കുമെതിരെ അഴിമതിയാരോപണങ്ങള്‍ ഉന്നയിക്കപ്പെട്ട പശ്ചാത്തലത്തിലാണ് അവ താന്‍ ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പി.വി. ശ്രീനിജനും കെ.ബി. സോണിയും അഭിഭാഷകരാണെങ്കിലും വന്‍വരുമാനം ലഭിക്കുന്ന പ്രാക്ടീസ് അവര്‍ക്കുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ല. കെ.ജി. ബാലകൃഷ്ണന്‍ സുപ്രീംകോടിതി ചീഫ്ജസ്റ്റിസായശേഷം പെണ്‍മക്കളും ഭര്‍ത്താക്കന്മാരും കോടികളുടെ സ്വത്തുക്കള്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ നേടിയത് സംശയങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് അവരുടെ വരുമാനത്തിന്റെ ഉറവിടവും ആദായനികുതി രേഖകളും പൊതുതാത്പര്യം മുന്‍നിര്‍ത്തി അദ്ദേഹം തേടിയത്.

വിവരാവകാശനിയമ പ്രകാരം ആദായനികുതിരേഖകള്‍ ഒരു വ്യക്തിക്കുമാത്രം ബാധകമായതിനാലാണ് ശ്രീനിജന്റെയും സോണിയുടെയും നിലപാട് തേടിയതെന്ന് വകുപ്പ് പറഞ്ഞു. എന്നാല്‍, പൊതുതാത്പര്യം മുന്‍നിര്‍ത്തി കണക്കുകള്‍ നിയമപ്രകാരം ഒരപേക്ഷകന് നല്‍കുന്നതില്‍ തടസ്സമില്ലെന്ന് നിയമത്തില്‍ത്തന്നെ വ്യവസ്ഥയുള്ളത് വകുപ്പ് ചൂണ്ടിക്കാട്ടി.

ദേശീയസുരക്ഷ, ഔദ്യോഗിക രഹസ്യനിയമം, കേസന്വേഷണ കാര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നല്‍കാന്‍ പാടില്ലെങ്കിലും ഒരു ചീഫ്ജസ്റ്റിസിനെ ചുറ്റിപ്പറ്റി ഗൗരവപ്പെട്ട അഴിമതി ഉയര്‍ന്നപ്പോള്‍ വിവരങ്ങള്‍ ആദായനികുതിവകുപ്പ് രഹസ്യമാക്കി സൂക്ഷിക്കുന്നതിനെതിരെ തുടര്‍ന്ന് പോരാടാനാണ് ഡോ. ബാലചന്ദ്രന്റെ ശ്രമം.

വിവരങ്ങള്‍ പുറത്തുവിട്ടാല്‍ അവ പി.വി. ശ്രീനിജന്റെയും കെ.ബി. സോണിയുടെയും താത്പര്യങ്ങളെ എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്ന് വകുപ്പ് വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ആദായനികുതിരേഖകള്‍ പുറത്തുവിടുന്നതിനെ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനും എതിര്‍ത്തിരുന്നതാണ്. പാര്‍ലമെന്‍േറാ നിയമസഭയോ വിവരാവകാശനിയമപ്രകാരം ആവശ്യപ്പെടുന്ന വിവരങ്ങള്‍ വകുപ്പുകള്‍ നല്‍കുന്നത് ഇന്ത്യയിലെ ഏതു പൗരനും ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും ബന്ധപ്പെട്ട നിയമവിദഗ്ദ്ധനായ അഡ്വ. ഡി.ബി. ബിനു വ്യക്തമാക്കി.

പി.വി.ശ്രീനിജന്റെയും കെ.ബി.സോണിയുടെയും കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ആദായനികുതികണക്കുകള്‍ പുറത്തുവിടണമെന്നുള്ള ആവശ്യത്തില്‍ യാതൊരു പൊതുതാത്പര്യവും ഇല്ലെന്നാണ് ആദായനികുതിവകുപ്പിന്റെ നിലപാട്. ഇത് കൂടുതല്‍ വിവാദത്തിന് ഇടനല്‍കും.

ജസ്റ്റിസ് ബാലകൃഷ്ണന്റെ അനുജന്‍ അഡ്വ. കെ.ജി. ഭാസ്‌കരന്റെ ആദായനികുതി റിട്ടേണുകളും ഡോ. ബാലചന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. അതിന് വകുപ്പിന് അഡ്വ. ഭാസ്‌കരന്‍ മറുപടി നല്‍കിയില്ല. കേരളത്തിലും പുറത്തും ഭാസ്‌കരന് കോടികളുടെ സ്വത്തുക്കളുള്ളതായി ആരോപണമുയര്‍ന്നിട്ടുള്ളതാണ്. ഗവണ്‍മെന്റ് പ്ലീഡറായിരുന്നപ്പോള്‍ പ്രതിമാസം 30,000-ല്‍താഴെമാത്രമായിരുന്നു അദ്ദേഹത്തിന്റെ ശമ്പളം.
--

No comments:

Post a Comment