Sunday, March 6, 2011
നോര്‍ക്ക റൂട്ട്‌സ് മാധ്യമ പുരസ്‌കാരം ഹംസ ആലുങ്ങല്‍ ഏറ്റുവാങ്ങി
തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സ് ഏര്‍പ്പെടുത്തിയ പ്രഥമ പ്രവാസി-സാഹിത്യ മാധ്യമ പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വിതരണം ചെയ്‌തു. കേരളത്തിന്റെ സാമ്പത്തിക പുരോഗതിക്ക് പ്രവാസികളുടെ സംഭാവന നിസ്‌തുലമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പത്രമാധ്യമ വിഭാഗത്തില്‍ സിറാജ് ദിനപത്രം കോഴിക്കോട് യൂനിറ്റിലെ സബ് എഡിറ്റര്‍ ഹംസ ആലുങ്ങല്‍, യാസിര്‍ ഫയാസ് (മാതൃഭൂമി) എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. സിറാജില്‍ പ്രസിദ്ധീകരിച്ച `സ്വപ്‌നഭൂമിയിലെ പുതിയ ചതിക്കുഴികള്‍' എന്ന ലേഖന പരമ്പരയാണ് ഹംസ ആലുങ്ങലിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.25000 രൂപയും പ്രശസ്‌തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.
കൈരളി ടി വിയിലെ പ്രവാസലോകം പരിപാടിയുടെ സംവിധായകന്‍ റഫീഖ് റാവുത്തര്‍ ദൃശ്യമാധ്യമ അവാര്‍ഡ് ഏറ്റുവാങ്ങി. ചന്ദ്രകാന്ത് വിശ്വനാഥ് (മനോരമ ന്യൂസ്) പ്രത്യേക ജ്യൂറി അവാര്‍ഡ് നേടി.
`ആടു ജീവിതം' എന്ന നോവലിന്റെ രചയിതാവ് ബെന്യാമിന്‍, `നിങ്ങളെന്നെ ഫെമിനിസ്‌റ്റാക്കി' എന്ന ചെറുകഥാ സമാഹാരം രചിച്ച കനേഡിയന്‍ പ്രവാസിയായ നിര്‍മല എന്നിവരും തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ മുഖ്യമന്ത്രിയില്‍നിന്ന് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. നോര്‍ക്ക റൂട്ട്‌സ് ഡയറക്‌ടര്‍ എ കെ മൂസ അധ്യക്ഷത വഹിച്ചു. കേരള പ്രസ് അക്കാദമി ചെയര്‍മാന്‍ ആര്‍ ശക്തിധരന്‍, സാഹിത്യ നിരൂപകന്‍ കെ എസ് രവികുമാര്‍ എന്നിവര്‍ അവാര്‍ഡിനര്‍ഹമായ രചനകളെ വിലയിരുത്തി സംസാരിച്ചു. പി കെ രാജശേഖരന്‍, സതീഷ്‌ബാബു പയ്യന്നൂര്‍, എം അനിരുദ്ധന്‍ എന്നിവര്‍ സംസാരിച്ചു. അവാര്‍ഡ് ജേതാക്കള്‍ മറുപടി പ്രസംഗം നടത്തി. നോര്‍ക്ക സെക്രട്ടറി ടി കെ മനോജ് കുമാര്‍ സ്വാഗതവും നോര്‍ക്ക റൂട്ട്‌സ് സി ഇ ഒ കെ ടി ബാലഭാസ്‌കര്‍ ഐ എ എസ് നന്ദിയും പറഞ്ഞു.
Subscribe to:
Post Comments (Atom)
`ആടു ജീവിതം' നല്ലൊരു വായനാനുഭവമാണ് ,ആ ഓര്‍മ്മ പുതുക്കാനായതില്‍ സന്തോഷം..
ReplyDelete