Thursday, March 24, 2011
സഹായി കോഴിക്കോട്ട് പാലിയേറ്റീവ് കെയര്‍, ഡയാലിസിസ് കേന്ദ്രങ്ങള്‍ സ്ഥാപിക്കും
ദുബായ്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സഹായി എന്ന ആതുരസേവന സന്നദ്ധസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ക്യാന്‍സര്‍ രോഗികള്‍ക്കായി പാലീയേറ്റീവ് കെയര്‍ യൂണിറ്റും വൃക്ക രോഗികള്‍ക്ക് പരിചരണമുള്‍പെടെയുള്ള സേവനങ്ങളുമായി ഡയാലിസിസ് സെന്ററും സജ്ജീകരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് പത്തു വര്‍ഷമായി സേവനരംഗത്തുള്ള സഹായിയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ആറു കോടി രൂപ ചെലവില്‍ വിപുലമായ ആതുരസേവന കേന്ദ്രത്തിന്റെ ഭാഗമായാണിത്. സൗജന്യ സ്‌കാനിംഗ്, എക്‌സ്‌റേ യൂണിറ്റുകള്‍, ലബോറട്ടറി എന്നിവയും കേന്ദ്രത്തില്‍ സജ്ജീകരിക്കും. വിദൂരങ്ങളില്‍നിന്നും റേഡിയേഷന്‍, ഡയാലിസ് സേവനങ്ങള്‍ തേടിയെത്തുന്ന രോഗികള്‍ക്ക് താമസം, ഭക്ഷണം, മരുന്ന് എന്നിവ നല്‍കും. 20 ലക്ഷം രൂപ ചെലവില്‍ മെഡിക്കല്‍ കോളേജിലെ 16 ാം വാര്‍ഡ് ആധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്ന പദ്ധതി സഹായി ഏറ്റെടുത്തിട്ടുണ്ട്.
സഹായിയുടെ നേതൃത്വത്തില്‍ ആംബുലന്‍സ് സര്‍വീസ്, അത്യാഹിതവിഭാഗങ്ങളിലെ സേവനത്തിനായി വളണ്ടിയര്‍ വിഭാഗം, സൗജന്യ മരുന്ന വിതരണം, രക്തദാനസേന, സൗജന്യ ഭക്ഷണ വിതരണം, മയ്യിത്ത് പരിപാലനം, ഇഫ്താര്‍ എന്നിവ സംഘടിപ്പിച്ചു വരുന്നു. നിര്‍ധനര്‍ക്ക് പൂര്‍ണമായും സൗജന്യമാണ് ആംബുലന്‍സ് സേവനം. കാഷ്വാലിറ്റി, മോര്‍ച്ചറി, അത്യാഹിത വാര്‍ഡുകള്‍ എന്നിവിടങ്ങളില്‍ സംഘടനയുടെ 200 വളണ്ടിയര്‍മാരാണ് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രതിദിന സേവനം നടത്തുന്നത്. രോഗികള്‍ക്ക് സൗജന്യമരുന്നു വിതരണത്തിന് സഹായി ഫാര്‍മസി മെഡിക്കല്‍ കോളജ് പരിസരത്ത് പ്രവര്‍ത്തിക്കുന്നു. നിത്യവും കാഷ്വാലിറ്റിയിലെത്തുന്ന രോഗികളും സഹായികളുമായ നൂറിലധികം പേര്‍ക്കാണ് സൗജന്യ ഭക്ഷണ വിതരണം. സഹായിയുടെ സേവനം മനസ്സിലാക്കിയ സഹൃദയരുടെ സഹായത്തോടെയാണ് സംഘടന പ്രവര്‍ത്തിച്ചുവരുന്നത്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട്, കണ്ണൂര്‍ എന്നീ അഞ്ചു ജില്ലകളില്‍നിന്നുള്ളവര്‍ക്കാണ് സംഘടനയുടെ സഹായം ലഭിക്കുന്നത്. പുതിയ പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് പ്രവാസി സുമനസ്സുകളുടെ സഹായം തേടുന്നതായും സഹായി പ്രസിഡന്റ് അബ്ദുല്ല സഅദി ചെറുവാടി പറഞ്ഞു. സലീം ആര്‍ ഇ സി, ബഷീര്‍ വെള്ളായിക്കോട് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment