Thursday, March 17, 2011
ബഹ്‌റൈനില്‍ അടിയന്തരാവസ്‌ഥ
ടെഹ്‌റാന്‍: ഭരണകൂടവിരുദ്ധ പ്രക്ഷോഭം ശക്‌തമായ ബഹ്‌റൈനില്‍ മൂന്നുമാസത്തേക്ക് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു. രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഏതു നടപടിയുമെടുക്കാന്‍ സൈന്യത്തിന് അധികാരം നല്‍കിയെന്നും രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ അറിയിച്ചു. ബഹ്‌റൈന്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരം സൗദി അറേബ്യയില്‍നിന്ന് 1000 സൈനികരും യു.എ.ഇയില്‍നിന്ന് 500 സൈനികരും ബഹ്‌റൈനില്‍ എത്തിച്ചേര്‍ന്നു. ഭരണ, സാമ്പത്തിക സ്‌ഥാപനങ്ങളുടെയും എണ്ണവ്യവസായശാലകളുടെയും സുരക്ഷയ്‌ക്കായി ഇവരെ വിനിയോഗിക്കും. പ്രക്ഷോഭകാരികള്‍ റോഡുകളിലും മറ്റും പോലീസിനെ തടയാനായി ബാരിക്കേഡുകള്‍ തീര്‍ത്തിരിക്കുകയാണ്. തലസ്‌ഥാനത്തെ ധനകാര്യ കേന്ദ്രത്തിലേക്കുള്ള എല്ലാ റോഡുകളിലും അവര്‍ ഗതാഗതം തടസപ്പെടുത്തി. നിരായുധരാണെങ്കിലും വിദേശസൈന്യത്തെ നേരിടുമെന്നുതന്നെയാണ് പ്രക്ഷോഭകാരികളുടെ പ്രഖ്യാപനം. അതേസമയം, അയല്‍രാജ്യങ്ങളിലെ സൈന്യത്തെ വിളിച്ചുവരുത്തിയ ബഹ്‌റൈന്‍ സര്‍ക്കാരിന്റെ ഈ നടപടിയെ ഇറാന്‍ വിമര്‍ശിച്ചു. സ്‌ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ വിദേശസൈനികരെ ഉപയോഗിക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് ഇറാന്‍ വിദേശകാര്യ വക്‌താവ് പറഞ്ഞു. വിദേശസൈന്യത്തിന്റെ സാന്നിധ്യം ബഹ്‌റൈനില്‍ സ്‌ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ''ബഹ്‌റൈനിലെ ജനങ്ങള്‍ക്കു ചില ആവശ്യങ്ങളുണ്ട്. അവ നീതിയുക്‌തമാണ്. ഈ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് അവര്‍ സമാധാനപരമായാണു പ്രക്ഷോഭം നടത്തുന്നത്''- വക്‌താവ് പറഞ്ഞു. രാജ്യത്തുള്ള വിദേശ സൈനികരെ കടന്നുകയറിയവരായി മാത്രമേ കണക്കാക്കാനാവൂ എന്ന് ബഹ്‌റൈനിലെ പ്രതിപക്ഷകക്ഷികള്‍ പറഞ്ഞു. ഇപ്പോഴത്തെ സ്‌ഥിതിഗതികള്‍ പരിഹരിക്കുന്നതിനു സൈനികനീക്കവും അടിച്ചമര്‍ത്തലുമല്ല മാര്‍ഗമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ബഹ്‌റൈനിലെ 'അതിക്രമം' അവസാനിപ്പിക്കാന്‍ ഇടപെടണമെന്നു കഴിഞ്ഞ ദിവസം ഇറാന്‍ വിദേശകാര്യമന്ത്രി അലി അക്‌ബര്‍ സലേഹി ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോണ്‍ഫറന്‍സി (ഒ.ഐ.സി) നോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Subscribe to:
Post Comments (Atom)
No comments:
Post a Comment