Monday, April 25, 2011

എന്‍ഡോസള്‍ഫാന്‍ നിരോധനം മനുഷ്യരെല്ലാം മരിച്ചു തീര്‍ന്നിട്ടാവരുത്‌: കാന്തപുരം


കാസര്‍കോട്‌: കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുകയുള്ളുവെന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്‌താവന പ്രധാന മന്ത്രിയെന്ന നിലയില്‍ ന്യായമാണെങ്കിലും ആ പഠനം ജനങ്ങളെല്ലാം എന്‍ഡോസള്‍ഫാന്‍ ബാധിച്ച്‌ മരിച്ചു തീരും വരെ നീട്ടിക്കൊണ്ട്‌ പോകരുതെന്നും കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ എന്‍ഡോസള്‍ഫാന്‍ അടിയന്തിരമായി നിരോധിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു.

കാസര്‍കോട്‌ പുതിയ ബസ്‌സ്റ്റാന്‍ഡ് പരിസരത്ത്‌ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ കൂട്ടായ്‌മയായ എന്‍വിസാജ് ഒരുക്കിയ ഒപ്പ്‌ മരച്ചുച്ചോട്ടില്‍ ഒപ്പ്‌ ചാര്‍ത്തി സംസാരിക്കുകയായിരുന്നു കാന്തപുരം. എന്‍ഡോസള്‍ഫാന്‍ പോലുള്ള മാരകകീടനാശിനികള്‍ മനുഷ്യരിലും പ്രകൃതിയിലും ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നതായ നിരവധി പഠന റിപ്പോര്‍ട്ടുകള്‍ പുറത്ത്‌ വന്നിട്ടും കൃഷി വകുപ്പ്‌ സാങ്കേതികതയില്‍ പിടിച്ചു തൂങ്ങുന്നത്‌ ശരിയല്ല.

25ന്‌ ജനീവയില്‍ നടക്കുന്ന സ്റ്റോക്ക്‌ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന്‌ അനുകൂലമായ നിലപാട്‌ സ്വീകരിക്കണം. മനുഷ്യനെയും പ്രകൃതിയേയും കൊന്നു കൊണ്ടുള്ള വികസനമല്ല നമുക്ക്‌ വേണ്ടത്‌. മാരകമായ കീടനാശിനികള്‍ക്കനുകൂലമായി ചില കോണുകളില്‍ നിന്നുയരുന്ന ശബ്‌ദം മനുഷ്യത്വരഹിതമാണ്‌. അനാവശ്യ വിവാദങ്ങള്‍ മാറ്റിവെച്ച്‌ ദുരിത ബാധിതരുടെ കണ്ണീരൊപ്പാന്‍ നടപടി സ്വീകരിക്കണം. മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക്‌ നഷ്‌ടപരിഹാരം നല്‍കണമെന്നും ചികിത്സാ പുനരധിവാസ പാക്കേജുകള്‍ ത്വരിതപ്പെടുത്തണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

എസ്‌.വൈ.എസ്‌ സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗം ബി.എസ്‌ അബദുല്ലക്കുഞ്ഞി ഫൈസി, ജില്ലാ പ്രസിഡന്റ്‌ പള്ളങ്കോട്‌ അബദുല്‍ ഖാദിര്‍ മദനി, ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, ബശീര്‍ പുളിക്കൂര്‍, മൂസ സഖാഫി കളത്തൂര്‍, ബി.കെ അബ്‌ദുല്ല ഹാജി, മുനീര്‍ ബാഖവി തുരുത്തി, ഹാജി അമീറലി ചൂരി അബ്‌ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്‌ദുല്‍ അസീസ്‌ സൈനി, ഇല്യാസ്‌ കൊറ്റുമ്പ, പി.ഇ താജുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സമര സമിതി നേതാവ്‌ പ്രഫ. എം.എ റഹ്മാന്‍ കാന്തപുരത്തെ സ്വീകരിച്ചു

Friday, April 1, 2011

[RTI] എന്‍ഡോസള്‍ഫാന്‍ നിരോധിക്കരുതെന്ന്‌ ഒരു സംസ്‌ഥാനവും ആവശ്യപ്പെട്ടില്ല

ന്യൂഡല്‍ഹി: കാസര്‍ഗോഡ്‌ ജില്ലയില്‍ നൂറുകണക്കിനാളുകളുടെ മരണത്തിനും ആയിരങ്ങളുടെ തീരാദുരിതത്തിനും കാരണമായ എന്‍ഡോസള്‍ഫാന്‍ നിരോധിക്കരുതെന്ന്‌ ഒരു സംസ്‌ഥാനം പോലും ആവശ്യപ്പെട്ടില്ല. കേന്ദ്രകൃഷിവകുപ്പില്‍ 'മംഗളം' വിവരാവകാശ നിയമപ്രകാരം നടത്തിയ അന്വേഷണത്തിലാണു കേന്ദ്രമന്ത്രി ശരദ്‌പവാറിന്റെ കള്ളിവെളിച്ചത്തായത്‌. എന്‍ഡോസള്‍ഫാന്‍ നിരോധനവുമായി ബന്ധപ്പെട്ട്‌ കെ. സുധാകരന്‍ എം.പി. ഉന്നയിച്ച ചോദ്യത്തിനും പി.കരുണാകരന്റെ ഉപചോദ്യത്തിനും മറുപടി പറഞ്ഞപ്പോഴാണു മറ്റു സംസ്‌ഥാനങ്ങള്‍ എതിര്‍ക്കുന്നതിനാലാണ്‌ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനാവാത്തതെന്നു പവാര്‍ പറഞ്ഞത്‌.

കേരളവും കര്‍ണാടകയും എന്‍ഡോസള്‍ഫാന്‍ ഉപയോഗം നിരോധിച്ചതായി അറിയിച്ചിരുന്നെങ്കിലും നിരോധനം എതിര്‍ക്കുന്നത്‌ ഏതൊക്കെ സംസ്‌ഥാനങ്ങളാണെന്നു പവാര്‍ വ്യക്‌തമാക്കിയിരുന്നില്ല. കാസര്‍ഗോട്ടെ ദുരിതങ്ങള്‍ക്കു കാരണം എന്‍ഡോസള്‍ഫാനാണെന്നു വിദഗ്‌ധസമിതികളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പവാര്‍ പറഞ്ഞിരുന്നു. എന്‍ഡോസള്‍ഫാന്‍ നിരോധനവുമായി ബന്ധപ്പെട്ടു കേന്ദ്രം ഒരു സംസ്‌ഥാനവുമായും കത്തിടപാടു നടത്തിയിട്ടില്ലെന്നാണു ലഭിച്ച മറുപടി.

എന്‍ഡോസള്‍ഫാന്‍ നിര്‍മാതാക്കളും അവരുടെ ലോബിയുമാണു യഥാര്‍ഥത്തില്‍ നിരോധനത്തെ എതിര്‍ത്തത്‌. നിരവധി കൃഷിക്കാരും കര്‍ഷകനേതാക്കളും ഈ കീടനാശിനി നിരോധിക്കരുതെന്ന്‌ ആവശ്യപ്പെട്ടതായി പവാര്‍ സഭയെ അറിയിച്ചിരുന്നു. ആറു കത്തുകള്‍ മാത്രമാണ്‌ ഇത്തരത്തില്‍ മന്ത്രാലയത്തിനു ലഭിച്ചത്‌. അവയില്‍ കര്‍ഷകരുടേതു രണ്ടു മാത്രം. അതും ഗുജറാത്തില്‍നിന്നുള്ള കര്‍ഷകരുടേത്‌. എന്‍ഡോസള്‍ഫാന്‍ നിര്‍മാതാക്കള്‍ ഗുജറാത്ത്‌ കമ്പനികളാണ്‌.

എന്‍ഡോസള്‍ഫാനെക്കുറിച്ചു പഠിക്കാന്‍ നാലു സമിതികളെ നിയോഗിച്ചെന്നും അവയെല്ലാം ഉപയോഗം തുടരാനുള്ള റിപ്പോര്‍ട്ട്‌ നല്‍കിയെന്നുമാണു പവാര്‍ സഭയെ അറിയിച്ചത്‌. ജലസാമീപ്യമുള്ള പ്രദേശത്ത്‌ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കരുതെന്ന്‌ 1991-ല്‍ ബാനര്‍ജി സമിതി വ്യക്‌തമാക്കിയിരുന്നു. 1999 ലെ ആര്‍.ബി. സിംഗ്‌ കമ്മിറ്റിയും ഇതേ ആവശ്യമാണ്‌ ഉന്നയിച്ചത്‌. ഇക്കാര്യം സഭയില്‍നിന്നു പവാര്‍ മറച്ചുവച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പുഴകള്‍ ഒഴുകുന്നതു കാസര്‍ഗോഡ്‌ ജില്ലയിലൂടെയാണ്‌.

ബ്രസീലും ഓസ്‌ട്രേലിയയും ഉള്‍പ്പെടെ 40 രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടില്ലെന്നു പവാര്‍ സഭയെ അറിയിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ജൂലൈ 31-നു ബ്രസീലും ഒക്‌ടോബര്‍ 12-ന്‌ ഓസ്‌ട്രേലിയയും എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു. സ്‌റ്റോക്‌ഹോം കണ്‍വന്‍ഷന്റെ ശാസ്‌ത്രസമിതി കഴിഞ്ഞ ഒക്‌ടോബറില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനായി ഇന്ത്യയുള്‍പ്പെടെയുളള അംഗരാജ്യങ്ങളോടു ശിപാര്‍ശ ചെയ്‌തെന്ന വസ്‌തുതയും പവാര്‍ മറച്ചുവച്ചു.