Sunday, May 29, 2011

ബാലകൃഷ്ണപിള്ളയുടെ ആദ്യ പരോള്‍രേഖകളില്‍വൈരുധ്യം


കോട്ടക്കല്‍: ഇടമലയാര്‍ കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളക്ക് ആദ്യ പരോള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട രേഖകളില്‍ വൈരുധ്യം. വിവരാവകാശ നിയമപ്രകാരം അങ്ങാടിപ്പുറം തിരൂര്‍ക്കാട് ചെന്ത്രത്തില്‍ അനില്‍കുമാറിന് ജയില്‍ ആസ്ഥാനത്തുനിന്ന് അനുവദിച്ച രേഖകളിലാണ് വൈരുദ്ധ്യം.
ഏപ്രില്‍ 19ന് ജയില്‍ എ.ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബ് അനുവദിച്ച പരോള്‍ ഉത്തരവിന് ബാലകൃഷ്ണപിള്ളയുടെ മകള്‍ ബിന്ദു ബാലകൃഷ്ണന്‍ അപേക്ഷ നല്‍കിയതും അതേ തീയതിയിലാണ്. കേരള ജയില്‍ ചട്ടം 454ാം വകുപ്പ് പ്രകാരം അടിയന്തരാവധി അനുവദിക്കാനുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പരോള്‍ അനുവദിച്ചതെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു.
അടിയന്തര സാഹചര്യങ്ങളില്‍ 454(1)എ(i) പ്രകാരം അച്ഛന്‍, അമ്മ, മക്കള്‍, ഭാര്യ, ഭര്‍ത്താവ്, സഹോദരന്‍, സഹോദരി, പേരക്കുട്ടികള്‍, മുത്തച്ഛന്‍, മുത്തശ്ശി, ഭാര്യാപിതാവ്, ഭര്‍തൃപിതാവ്, അമ്മാവന്‍ ഇവരിലാര്‍ക്കെങ്കിലും ഗുരുതരമായ രോഗമോ മക്കളുടെയോ അടുത്ത ബന്ധുക്കളുടെയോ വിവാഹാവശ്യത്തിനോ പരോള്‍ അനുവദിക്കാമെന്നാണ് ചട്ടം. എന്നാല്‍, ബാലകൃഷ്ണപിള്ളയുടെ കാര്യത്തില്‍ മകള്‍ ബിന്ദു ബാലകൃഷ്ണന്റെ പരോള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ടൈപ്പ് 2, ഡയബറ്റിസ് മെലിറ്റസും കിറ്റോസിസ്, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നീ രോഗങ്ങളുമാണ് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.
കൊട്ടാരക്കര താലൂക്ക് ഹെഡ് ക്വാര്‍ട്ടര്‍ ആശുപത്രിയിലെ സിവില്‍ സര്‍ജന്‍ ഡോ. എ. ഷാജി ഒപ്പുവെച്ച സര്‍ട്ടിഫിക്കറ്റാണ് അപേക്ഷയോടൊപ്പം നല്‍കിയത്. ഈ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് മാര്‍ച്ച് 16നാണ് എന്നതും അതിന്റെ പിന്‍ബലത്തില്‍ ഏപ്രില്‍ 19നാണ് പരോള്‍ അനുവദിച്ചതെന്നതും വൈരുദ്ധ്യമാണ്. കൂടാതെ, പരോള്‍ അനുവദിക്കാനായി അവലംബിച്ച കൊല്ലം പ്രൊബേഷന്‍ ഓഫിസറുടെ റിപ്പോര്‍ട്ടിലും സമാന വൈരുദ്ധ്യമുണ്ട്. മാര്‍ച്ച് 18നാണ് ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടില്‍ പ്രൊബേഷന്‍ ഓഫിസര്‍ പിള്ളയുടെ ഭാര്യ വത്സലയുടെ ആരോഗ്യനിലയെ കുറിച്ച് സംസാരിച്ചത് കൊട്ടാരക്കര താലൂക്ക് ആശുപത്രി ഫിസിഷ്യന്‍ ഡോ. സന്തോഷിനോടാണ്. മാര്‍ച്ച് 16ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വത്സലക്ക് ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവുമുണ്ട്. ഡോക്ടറുടെ അഭിപ്രായത്തില്‍ അവര്‍ക്ക് അഞ്ച് ദിവസത്തെ കിടത്തി ചികിത്സയും മൂന്നോ നാലോ ആഴ്ച വീട്ടിലെ വിശ്രമവും വേണമെന്നുമാണ് പ്രൊബേഷന്‍ ഓഫിസറുടെ റിപ്പോര്‍ട്ട്. മാര്‍ച്ച് 17നാണ് കൊല്ലം റൂറല്‍ ജില്ലാ പൊലീസ് ചീഫ് ജയില്‍ സൂപ്രണ്ടിന് റിപ്പോര്‍ട്ട് നല്‍കിയതും.
പരോള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ആവശ്യപ്പെട്ട പ്രകാരം ലഭിച്ച മറുപടിയിലാണ് പരസ്‌പര വിരുദ്ധമായ വിവരങ്ങള്‍. മാര്‍ച്ച് 16ന് നല്‍കിയ പ്രൊബേഷന്‍ ഓഫിസറുടെ റിപ്പോര്‍ട്ടിന്റെയും ആശുപത്രി സര്‍ട്ടിഫിക്കറ്റിന്റെയും അടിസ്ഥാനത്തില്‍ ഒരു മാസം കഴിഞ്ഞ് ഏപ്രില്‍ 19ന് അപേക്ഷ ലഭിച്ച് അന്നുതന്നെ പരോള്‍ അനുവദിച്ചതില്‍ ജയില്‍ ചട്ട ലംഘനം നടന്നതായാണ് സൂചന.
(കടപ്പാട് Madyamamonline)

Saturday, May 28, 2011

എന്‍ട്രന്‍സ് പരിക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഇര്‍ഫാന് അവാര്‍ഡ് നല്‍കുന്നു

മഅ്ദിന്‍ വിജയരേഖ പ്രോഗ്രാം: പ്രതിഭകള്‍ക്ക് ജസ്റ്റിസ്. സുഹൈല്‍ അഹ്മദ് സിദ്ദീഖി പുരസ്‌കാരം നല്‍കി.


മലപ്പുറം: വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനും പ്രതിഭകളെ ആദരിക്കുന്നതിനും മഅ്ദിനുസ്സഖാഫത്തില്‍ ഇസ്‌ലാമിയ്യയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന മഅ്ദിന്‍ വിജയരേഖ പ്രോഗ്രാം ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് അഹ്മദ് സുഹൈല്‍ സിദ്ദീഖി ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്തമാക്കിയ വി. ഇര്‍ഫാന്‍, ഉന്നത റാങ്ക് നേടിയ സി. എച്ച്. ആശിഖലി, എസ്.എസ്.എല്‍.സി യില്‍ ഉന്നത വിജയം കരസ്തമാക്കിയ സി.കെ. അബ്ദുല്‍ സമദ് എന്നിവര്‍ക്ക് അദ്ദേഹം വിജയരേഖ പുരസ്‌കാരം വിതരണം ചെയ്തു. പിന്നോക്ക ജില്ലയായ മലപ്പുറത്ത് നിന്നും പിന്നോക്ക മേഖലയിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന കഠിന പ്രയത്‌നത്തിന്റെ ഉത്തമ ഉദാഹരണങ്ങളാണ് ഈ പ്രതിഭകളെന്നും ഇത്തരക്കാര്‍ക്ക് പരിശീലനം നല്‍കുന്നതിനും അവരെ ആദരിക്കുന്നതിനും മഅ്ദിന്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം സംരംഭങ്ങള്‍ ശ്ലാഖനീയമാണെന്നും അദ്ദേഹം പറഞ്ഞു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. കേരള ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ഹംസ മാസ്റ്റര്‍ അനുമോദന പ്രസംഗം നടത്തി. സയ്യിദ് അഹ്മദ് ഹുസൈന്‍ ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട്, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, സിറാജുദ്ദീന്‍ അഹ്‌സനി കൊല്ലം എന്നിവര്‍ സംബന്ധിച്ചു.

Thursday, May 19, 2011

കോമിക് വേള്‍ഡ് മാഗസിന്റെ പ്രവാചക നിന്ദക്കെതിരെ പ്രധാനമന്ത്രി നിയമനടപടികള്‍ സ്വീകരിക്കണമെന്ന് അഖിലേന്ത്യ സുന്നി ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍


ന്യൂഡല്‍ഹി: കോമിക് വേള്‍ഡ് മാഗസിന്റെ പ്രവാചക നിന്ദക്കെതിരെ പ്രധാനമന്ത്രി നിയമനടപടികള്‍ സ്വീകരിക്കണമെന്ന് അഖിലേന്ത്യ സുന്നി ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടു. പ്രവാചക നിന്ദക്കെതിരെ ഇസ്ലാമിക് എജ്യുക്കേഷന്‍ ബോര്‍ഡ് ജന്ദര്‍ മന്ദറില്‍ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാചകനെ മന:പൂര്‍വം നിന്ദിക്കാനുള്ള കോമിക് വേള്‍ഡ് മാഗസിന്റെ ശ്രമം മതേതര ഭാരതത്തിന് അപമാനമാണെന്നും പ്രവാചകന്റെ സാങ്കല്‍പിക ചിത്രങ്ങളും വികലമായ ജീവചരിത്രവും അടിച്ചിറക്കിയ മാഗസിന്‍ നിരോധിക്കണമെന്നും കാന്തപുരം അഭിപ്രായപ്പെട്ടു. മാഗസിന്റെ ആര്‍.എന്‍.ഐ രജിസ്്ട്രേഷന്‍ റദ്ദാക്കാനും എഡിറ്ററും മാനേജിങ് ഡയറക്ടറുമായ ഗുല്‍ഷന്‍ റായിക്കെതിരെ നിയമനടപടിയെടുക്കാനും പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. ഡയമണ്ട് കോമിക്സ് പബ്ളിഷിങ് ഹൌസ് ഡല്‍ഹിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന കോമിക് വേള്‍ഡ് ഡൈജസ്റ്റ് ഏപ്രില്‍ 30ന് പുറത്തിറക്കിയ ഹിന്ദി, ഇംഗ്ളീഷ് പതിപ്പുകളിലാണ് പ്രവാചക നിന്ദ. പ്രവാചകന്റെ സാങ്കല്‍പിക ചിത്രത്തോടൊപ്പം കൊടുത്ത പ്രവാചക ചരിത്രവും വികലമായിരുന്നു. മുസ്ലീങ്ങള്‍ അല്ലാഹുവിന്റെ അവതാരമായ പ്രവാചകന്റെ ചിത്രങ്ങള്‍ക്ക് മുമ്പില്‍ പൂജനടത്തുന്നുവെന്നും പ്രവാചകന്റെ ജീവിതകാലത്ത് ലോകത്തിന്റെ എല്ലാഭാഗങ്ങളിലും പോയി മുഹമ്മദ്നബി ജനങ്ങളെ പേടിപ്പിച്ചിരുന്നുവെന്നുമാണ് പ്രവാചകന്‍ മുഹമ്മദ് ആരാണ് എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ജീവചരിത്രത്തിലുള്ളത്. പ്രതിഷേധ സംഗമത്തില്‍ ഡല്‍ഹി ഖാളി ശൈഖ് മുഹമ്മദ് മിയാന്‍ സമര്‍ ദഹ്ലവി അധ്യക്ഷനായിരുന്നു. അഖിലേന്ത്യാ വിദ്യാഭ്യാസ ബോര്‍ഡ് ഡയറക്ടര്‍ ശാഹുല്‍ ഹമീദ് ബാഖവി ശാന്തപുരം, ഖാരി മുഹമ്മദ് മിയാന്‍ മസ്ഹരി (ഖയാദത്ത് എഡിറ്റര്‍), മൌലാന അന്‍സാര്‍ റസ (ബീഹാര്‍), ശബീര്‍ നഖ്ശബന്തി (ഹൈദരാബാദ്), സയിദ് വാഹിദ് മിയാന്‍ മുഈനി (അജ്മീര്‍), മൌലാന മുഹമ്മദ് ജാവീദ് (ഡല്‍ഹി), അഡ്വ. ഷാനവാസ് വാരിസ്, സയിദ് വഖാര്‍ അഹമ്മദ് ഖാദിരി, അസീസ് പയ്യോളി, റാശിദ് നൂറാനി എന്നിവര്‍ പ്രസംഗിച്ചു.