Sunday, January 30, 2011

മഴക്കെടുതി: ഐ.സി.എഫ് ,ആര്‍. എസ്. സി സംഘം മസ്ജിദ് ശുചീകരിച്ചു

ജിദ്ദ: കഴിഞ്ഞ ദിവസം ജിദ്ദയില്‍ ഉണ്ടായ മഴ മൂലം ദുരിത മനുഭവിച്ച പ്രദേശങ്ങളില്‍ ആശ്വാസം എത്തിക്കാന്‍ ഇസ്ലാമിക് കള്‍ച്ചറല്‍ ഫോറവും ,രിസാല സ്റ്റഡി സര്ക്കിളും സംയുക്തമായി രൂപികരിച്ച സന്നന്ദ സംഘം ബനുമാലിക്കില്‍ മഴ മൂലം വൃത്തി ഹീനമായ മസ്ജിദ് സലാഹ് ശുചീകരിച്ചു പ്രാര്‍ത്ഥന യോഗ്യമാക്കി. ഗഫൂര്‍ പുളിക്കല്‍, മുഹമ്മദ് ഷബീര്‍ മാറഞ്ചേരി ,ജഹ്ഫര്‍ സാദിക്ക് ,മന്‍സൂര്‍ അഹ്‌സനി ,ജാഫര്‍ അലി അരീകൊട്,സൈദലവി ആലിപറമ്പ് ,ജാഫര്‍ അരൂര്‍ എന്നിവര്‍ നെതൃത്വം നല്‍കി ജിദ്ദയുടെ വിവിധ പ്രദേശങ്ങളില്‍ ഇത്തരത്തില്‍ ഉള്ള ദുരിദാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടന നേതൃത്വം നല്‍കുന്നതായി ഭാരവാഹികള്‍ സംയുക്ത പത്രകുറിപ്പില്‍ അറിയിച്ചു


Friday, January 28, 2011

ആര്‍ എസ് സി മഖ്ദൂം അവാര്‍ഡ് സമ്മാനിച്ചു

കോഴിക്കോട്: എസ് എസ് എഫ് പ്രവാസി ഘടകമായ രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) സഊദി നാഷണല്‍ കമ്മിറ്റി ഏര്‍പ്പെടുത്തിയ മഖ്ദൂം അവാര്‍ഡ് പ്രമുഖ പണ്ഡിതന്‍ തരുവണ അബ്ദുല്ല മുസ്‌ലിയാര്‍ക്ക് സമ്മാനിച്ചു.

മത, സാമൂഹ്യ, വിദ്യാഭ്യാസ രംഗത്ത് അനര്‍ഘ സംഭാവനകളര്‍പ്പിച്ച പണ്ഡിതമഹത്തുക്കള്‍ക്കാണ് വര്‍ഷാവര്‍ഷം അവാര്‍ഡ് സമ്മാനിക്കുന്നത്. മത പ്രബോധന രംഗത്തും മദ്‌റസാ പ്രസ്ഥാനം വ്യാപിപ്പിക്കുന്നതിലും തരുവണ അബ്ദുല്ല മുസ്‌ലിയാര്‍ നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് ഇത്തവണ അദ്ധേഹത്തെ അവാര്‍ഡിന് തിരെഞ്ഞെടുത്തത്. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡ് അരീക്കോട് പത്തനാപുരത്ത് നടന്ന ചടങ്ങില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ അബ്ദുല്ല മുസ്‌ലിയാര്‍ക്ക് സമ്മാനിച്ചു. എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് എന്‍ എം സ്വാദിഖ് സഖാഫിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവാര്‍ഡ് ദാന സമ്മേളനം എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. വി അബ്ദുല്‍ ജലീല്‍ സഖാഫി, എന്‍ വി അബ്ദുറസാഖ് സഖാഫി, ശാഫി സഖാഫി, കെ അബ്ദുല്‍ കലാം, വി പി എം ഇസ്ഹാഖ്, എം അബ്ദുല്‍ മജീദ്, തുടങ്ങിയവര്‍ സംസാരിച്ചു.

എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാര്‍ നെല്ലിക്കുത്ത് മുഹമ്മദലി മുസ്‌ലിയാര്‍ എന്നിവര്‍ക്കാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ മഖ്ദൂം അവാര്‍ഡ് നല്‍കിയത്.

Wednesday, January 26, 2011

അനധികൃത വൈദ്യുതി ഉപയോഗം ജീവനക്കാരുടെ ആശിര് വാദത്തോടെ - അത് സംബന്ധമായ പരാതി

കേരളത്തിലെ വലിയൊരു വ്യവസായ ശൃംഖലയാണ് കേബിള് ടിവി വ്യവസായം. ബോര്ഡ്
ജീവനക്കാരുടെ അറിവോടും സമ്മതത്തോടും കൂടെ , ഏറ്റവും കൂടുതല് അനതികൃത 1994- മുതല്
ആരംഭിച്ച കേബിള് ടിവി വ്യവസായമാണ് തോഷിബ കേബിള് ടിവി നെറ്റ് വാക്ക്. മാറഞ്ചേരി
പഞ്ചായത്തില് മാത്രം ഏകദേശം എഴായിരത്തോളം വരിക്കാര് ഇവര്ക്കുണ്ട്.
ഇവര്ക്കെതിരെയുള്ള ഒരു ഉപഭോക്തൃ കേസിന് വേണ്ടി 2008-ല് വിവരാവകാശ നിയമ പ്രകാരം
പുറങ്ങു സെക്ഷന് പബ്ലിക് ഇന്ഫര്മേഷന് ആഫീസര് 2008- വിവരം നല്കിയത് ഈ കേബിള്
ടിവി ഓപറെറ്റര് അന്നേവരെ ലൈന് ആമ്പ്ളിഫയറിനു പ്രത്യേക വൈദ്യുത കണക്ഷന്
എടുത്തിട്ടില്ലെന്നാണ് വിവരാവകാശ അപേക്ഷ കിട്ടിയതിനു ശേഷം സെക്ഷന് ഓഫീസി
എടുപ്പിച്ച്ചത് രണ്ടു കണക്ഷന് മാത്രമാണ് . മാറഞ്ചേരി പഞ്ചായത്തില് മാത്രം
കൃത്യമായ സിഗ്നല് ലഭിക്കുന്നതിനു നൂറു കണക്കിന് അമ്പ്ളി ഫയര് ആവശ്യമാണ്. എത്ര
ആംപ്ലിഫയറാണ് ഈ കേബിള് ഓപ്പറേറ്റര് പുറങ്ങു സെക്ഷന് പരിധിയില് മാത്രം
ഉപയോഗിക്കുന്നതെന്ന് ഈ സെക്ഷന് കണക്കാക്കിയിട്ടില്ല. ഈ അനധികൃത ഉപയോഗത്തെ
പറ്റി കോഴിക്കോട് ആന്റി തെഫ്റ്റ് സ്കോട് ഇന്സ്പെക്ടര് സൃ വിജയകുമാറിന് പരാതി
നല്കിയിട്ട് ഒരു വര്ഷത്തോളമായി. പലവട്ടം ഫോണിലുടെ ഇത് സംബന്ധമായി അന്വേഷണം
നടത്തിയെങ്കിലും ഒരു പരിശോധനയും നടത്താന് തയ്യാറായിട്ടില. ഇതേ കുറിച്ച് അന്വേഷണം
നടത്തേണ്ടതാണ് ഈ അനധികൃത .വൈദ്യുത ഉപയോഗത്തിന് കൂട്ട് നിന്ന ഓരോ
കാലയളവിലെയും അസിസ്ടന്റ്റ് എന്ജിനീയര്മാരില് നിന്നും നിലവില് കൂട്ട്
നിന്ന് കൊണ്ടിരിക്കുന്ന അസിസ്ടന്റ്റ് എന്ജിനീയറില് നിന്നും ബോര്ഡിനു ഉണ്ടാക്കിയ
സാമ്പത്തിക നഷ്ടം ഈടാക്കുകയും വകുപ്പ് തല ശിക്ഷണ നടപടികള് സ്വീകരിക്കുവാനും
ആവശ്യപ്പെടുന്നു. മുതലുള്ള അനധികൃത വൈശുത ഉപയോഗത്തിന് തോഷിബ കേബിള് നെറ്റ്
വര്ക്ക്സില് നിന്നും പിഴ സഹിതം തുക ഈടാകുവാനും ആവശ്യപ്പെടുന്നു. ഇവര്
നിലവില് ഉപയോഗിക്കുന്ന ഓരോ ആംപ്ലി ഫയറും കണ്ടുപിടിച്ചു ഓരോ അമ്പ്ലിഫയരിനും
പ്രത്യേകം പ്രത്യേകം കണക്ഷന് വേണമെന്ന വൈദ്യുത വകുപ്പ് നിയമം പ്രകാരം കണക്ഷന്
എടുപ്പിക്കുവാനും വേണ്ട നടപടികള് ഉടനെ സ്വീകരിക്കുവാനും ആവശ്യ പ്പെടുന്നു.
അതോടൊപ്പം കേരള വിധ്യുച്ചക്തി വകുപ്പിന്റെ കേബിള് ടിവി കമ്മ്യൂണികേഷന് നെറ്റ്
വര്ക്സ് ഗൈട് ലൈന്സ് (അതിന്റെ കോപ്പി ഇതോടൊപ്പം താങ്കളുടെ പരിശോധനക്കായി
വെക്കുന്നു )
അനുസരിച്ചാണോ മേല്സൂചിപ്പിച്ച കേബിള് ടിവി നെറ്റ് വര്ക്സ് ഇലക്ട്രിക്
പോസ്ടിലുടെ കേബിള് വലിചിരിക്കുന്നതെന്നും ഗൈട് ലൈന്സ് നിര്ദ്ദേശിക്കുന്ന
പോലെ ഐ എസ് ഐ മാര്ക്കുള്ള കബിലും ആംപ്ലി ഫയറും സ്റ്റേ വയറുമാണോ
ഉപയോഗിച്ചിരിക്കുന്നതെന്നും പരിശോധിക്കെണമെന്നും ആവശ്യപ്പെടുന്നു.
കേബിള് ടിവി ഓപറെറ്റര്മാര് ഈ വ്യവസായം തുടങ്ങുന്നതിനു കേന്ദ്ര വാര്ത്താ
വിനിമയ വകുപ്പിന്റെ സമ്മതിപത്രവും സംസ്ഥാന വ്യവസായ വകുപ്പിന്റെ
രെജിസ്ട്രേഷനും തദേശസ്വയം ഭരണ സ്ഥാപന ത്തിന്റെ ലൈസന്സും നേടേണ്ടതുണ്ട്. (അതിന്റെ
കോപ്പി ഇതോടൊപ്പം താങ്കളുടെ പരിശോധനക്കായി വെക്കുന്നു ) എന്നാല് വൈത്യുത വകുപ്പ്
അനുവാദം നല്കിയിട്ടുള്ള കേബിള് ടിവി ഓപറെറ്റര്മാര് ഇലക്ട്രിക് പോസ്റ്റ്
ഉപയോഗിക്കുന്നതിനും ലയിന് ആംപ്ലി ഫയറിനു വൈദ്യുതി കണക്ഷന് കിട്ടുന്നതിനു
വേണ്ടിയും മേല്പറഞ്ഞ രേഖകള് ഹാജരാക്കിയി ട്ടുണ്ടോ എന്ന്
പരിശോധിക്കേണ്ടതാണ്. തോഷിബ കേബിള് നെറ്റ് വര്ക്സ് ഇതൊന്നും ഇല്ലാത്ത ഒരു
അനധികൃത സ്ഥാപനമാന് ഇത്തരമൊരു അനധികൃത സ്ഥാപനത്തിനാണ് അനധികൃത വൈദ്യതി
ഉപയോഗത്തിന് മുതല് പുറങ്ങു സെക്ഷനിലെ അസിസ്ടന്റ്റ് എന്ജിനീയര്മാര് മുതല്
ബോധപൂര്വ്വം സൗകര്യം ചെയ്തു കൊടുത്തു പോരുന്നത് . ഇതും അന്വേഷണ പരിധിയില്
ഉള്പെടുത്തേണ്ടതാണ് ,
വിവരാവകാശ നിയമപ്രകാരം കിട്ടുന്ന വിവരങ്ങള്, കേരളത്തിലെ ഓരോ സര്ക്കിളിനു
കീഴിലും കേരള വിധ്യുച്ചക്തി വകുപ്പിന്റെ കേബിള് ടിവി കമ്മ്യൂണികേഷന് നെറ്റ്
വര്ക്സ് ഗൈട് ലൈന്സ് അനുസരിച്ചല്ല കേബിള് ടിവി നെറ്റ് വര്ക്സ് ലൈന്
വലിച്ചിരിക്കുന്നതും ലൈന് ആംപ്ലി ഫയരുകള്ക്ക് കണക്ഷന് നല്കിയിരിക്കുന്നതെന്നും
തെളി യിക്കുന്നു . ഇതിലുടെ ബോര്ഡിനു സാമ്പത്തികമായും വൈദ്യുത നഷ്ടതതിലുടെയും
പ്രതിസന്ധി നേരിടേണ്ടി വരുന്നുണ്ടെന്നു സ്പഷ്ടമാണ്. ജീവനക്കാരുടെ ബോധ
പൂര്വമുളള അഴിമതിയും കൃത്യവിലോപവുമാണ് ഇതിനു കാരണമെന്നത് വ്യക്തവുമാണ്. ഇത്
ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള രാജ്യദ്രോഹപരമായ നിലപാടാണ്. കേരള സര്വീസ് ചട്ട
ലംഘനവുമാണ്.സംസ്ഥാന ഖജനാവില് നിന്നും ഭീമമായ പ്രതിമാസ വേതനവും മറ്റാനുകൂല്യങ്ങളും
മുറ തെറ്റാതെ കൃത്യമായി അനുഭവിച്ചു പോരുകയും അതിനു മുടക്കം പറ്റുമ്പോള് സമര
മുറകളിലുടെ സമരം നടത്തി രാജ്യത്തെയും ജനങ്ങളെയും ദ്രോഹിക്കുകയും കൃത്യ
വിലോപത്തിലുടെയും അഴിമതിയിലുടെയും സംസ്ഥാനത്തിനോട് വിശ്വാസ വഞ്ചന കാണിക്കുന്നതും
അന്വേഷിക്കേണ്ടതും അതിനു കാരണക്കാരായവരെ മാതൃകാപരമായി ശിക്ഷിക്കേണ്ടതുമാണ്
എന്ന് വിശ്വാസ പൂര്വ്വം - അബ്ദുല് റബ് സല്കര്മ - 9895 053622. ഈ പരാതി
സ്വീകരിച്ചതായോ നിരാകരിച്ചതായോ ഒരു മറുപടി ഇമെയില് വഴി നല്കുവാനും ആവശ്യ
പ്പെടുന്നു .


Wednesday, January 12, 2011

കോഴിമുട്ടയ്ക്ക് റെക്കോര്‍ഡ് വില


കോയമ്പത്തൂര്‍: കോഴിമുട്ട ഉത്പാദന കേന്ദ്രമായ നാമക്കലില്‍ മുട്ടവില ഉയര്‍ന്നു. മുട്ടയൊന്നിന് 3.02 രൂപയാക്കിയാണ് നാഷണല്‍ എഗ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനമെടുത്തത്. സര്‍വകാല റെക്കോഡ് വിലയാണിത്. 2010 ഡിസംബര്‍മാസത്തെ ശരാശരി വിലയെക്കാള്‍ 50 പൈസയാണ് മുട്ടയൊന്നിന് ഇതുവരെ ഉയര്‍ത്തിയത്. ഡിസംബറിലെ ശരാശരിവില 2.52 രൂപയായിരുന്നു. ജനവരി 8ന് മുട്ടവില 2.98 ആക്കി നിശ്ചയിച്ചിരുന്നു.

ഉത്തരേന്ത്യയിലെ കൊടുംശൈത്യത്തില്‍ മുട്ടഉത്പാദനം കുറഞ്ഞതും ഉപഭോഗം കൂടിയതുമാണ് വില ഉയര്‍ത്തുന്നതിന് കാരണം.

നാമക്കല്‍ ജില്ലയില്‍ പ്രതിദിനം ഉത്പാദിപ്പിക്കുന്ന 2.75 കോടി മുട്ടയില്‍ 25 ലക്ഷം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കാണ് അയയ്ക്കുന്നത്. ശബരിമല തീര്‍ഥാടനക്കാലം അവസാനിക്കുന്നതോടെ മുട്ടവില ഇനിയും ഉയര്‍ന്നേക്കും.

കുറ്റസമ്മതം ആലോചിച്ചുറച്ച് -അസിമാനന്ദ


ന്യൂദല്‍ഹി: മക്ക മസ്ജിദ് സ്‌ഫോടന കേസ് പ്രതി അസിമാനന്ദയുടെ കുറ്റസമ്മത മൊഴി പരപ്രേരണ കൂടാതെയുള്ളതാണെന്നതിന് കോടതി മുറിയില്‍ മജിസ്‌ട്രേറ്റിനു മുമ്പാകെ നടത്തിയ പ്രതികരണം തന്നെ തെളിവ്. ആറു തവണയാണ് മജിസ്‌ട്രേറ്റ് അസിമാനന്ദയെ കുറ്റസമ്മതം നടത്തുന്നതിന്റെ പ്രത്യാഘാതങ്ങള്‍ ബോധ്യപ്പെടുത്തിയത്. എന്നാല്‍, എല്ലാം ചിന്തിച്ചുറച്ചു തന്നെയാണ് താന്‍ ഈ തീരുമാനം കൈക്കൊണ്ടതെന്ന് അസിമാനന്ദ പറഞ്ഞു.

അമിക്കസ് ക്യൂറി (കോടതിയെ സഹായിക്കുന്ന അഭിഭാഷകന്‍) മന്‍ബീര്‍ രാത്തി പറഞ്ഞത് കുറ്റസമ്മതത്തിനു പിന്നില്‍ പരപ്രേരണ ഉണ്ടെന്നായിരുന്നു. ഇതേത്തുടര്‍ന്ന് ഡിസംബര്‍ 16ന് കുറ്റസമ്മത മൊഴി നല്‍കാന്‍ അസിമാനന്ദയെ മജിസ്‌ട്രേറ്റ് അനുവദിച്ചതുമില്ല. തുടര്‍ന്ന് രണ്ടു ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സ്വാധീനങ്ങളൊന്നും കൂടാതെ സ്വതന്ത്ര നിലപാട് സ്വീകരിക്കാനായിരുന്നു ഇത്. പിന്നീട് ഡിസംബര്‍ 18നാണ് കുറ്റസമ്മത മൊഴിയെടുത്തത്.

കുറ്റസമ്മത മൊഴി നല്‍കുമ്പോള്‍ സ്വന്തം സ്‌റ്റെനോഗ്രാഫറോട് പോലും പുറത്തു പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു മജിസ്‌ട്രേറ്റ് ദബാസ്. സി.ബി.ഐ, പൊലീസ് എന്നിവരില്‍ നിന്ന് തീര്‍ത്തും സ്വതന്ത്രമായി മജിസ്‌ട്രേറ്റിനു മുമ്പാകെയാണ് നില്‍ക്കുന്നതെന്ന് മജിസ്‌ട്രേറ്റ് അസിമാനന്ദയെ ഓര്‍മിപ്പിച്ചു. ആരുടെ സ്വാധീനവും കൂടാതെ സ്വന്തം നിലക്കു തന്നെയാണ് തീരുമാനമെന്ന് അസിമാനന്ദ പറഞ്ഞു. ചെയ്ത തെറ്റിന്റെ പേരില്‍ ഉള്ള് വേദനിക്കുന്നതായും നിരപരാധികള്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ കുറ്റസമ്മതം അനിവാര്യമാണെന്നും സഹതടവുകാരനായ കലീം എന്നയാളുടെ സ്വഭാവഗുണങ്ങള്‍ നിരത്തി അസിമാനന്ദ മജിസ്‌ട്രേറ്റിനോട് പറഞ്ഞു. കോടതി മുറിയില്‍ നടന്ന സംഭാഷണത്തിന്റെ രേഖ ഇങ്ങനെ:

മജിസ്‌ട്രേറ്റ്: എന്തിന് താങ്കളെ ഇവിടെ കൊണ്ടു വന്നു എന്ന കാര്യം അറിയാമോ? അസിമാനന്ദ: എനിക്ക് കുറ്റസമ്മത പ്രസ്താവന നടത്തണം. കുറ്റം ഏറ്റുപറയണം. മജിസ്‌ട്രേറ്റ്: അതിന്റെ പ്രത്യാഘാതം എന്തായിരിക്കുമെന്ന് താങ്കള്‍ക്കറിയുമോ? അസിമാനന്ദ: അതെ.കേസില്‍ എന്നെ വധശിക്ഷക്ക് വിധിച്ചേക്കുമെന്നും അറിയാം.പക്ഷേ, എനിക്ക് കുറ്റസമ്മതം നടത്തണം. പ്രത്യാഘാതം സംബന്ധിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്. മജിസ്‌ട്രേറ്റ്: സ്വന്തം നിലക്ക് തന്നെയാണോ കുറ്റസമ്മതം? അസിമാനന്ദ: അതെ.

മജിസ്‌ട്രേറ്റ്: പൊലീസ്, സി.ബി.ഐ എന്നിവര്‍ നിങ്ങളെ ഭീഷണിപ്പെടുത്തുകയോ പ്രേരിപ്പിക്കുകയോ വാഗ്ദാനം നല്‍കുകയോ ചെയ്‌തോ? അസിമാനന്ദ: ഇല്ല

മജിസ്‌ട്രേറ്റ്: ചെലവൊന്നും കൂടാതെ താങ്കള്‍ക്ക് വേണ്ടി വാദിക്കാന്‍ ഒരഭിഭാഷകനെ വിട്ടു കിട്ടുമെന്ന കാര്യം അറിയുമല്ലോ? അസിമാനന്ദ: അതെ. എന്നാല്‍, നിയമ സഹായത്തിന് എനിക്കൊരു അഭിഭാഷകനെ വേണ്ടതില്ല.

ഓട്ടോ, ടാക്‌സി നിരക്ക് വര്‍ദ്ധിപ്പിച്ചു: കുറഞ്ഞ നിരക്ക് ഓട്ടോയ്ക്ക് 12 രൂപയായും ടാക്‌സിയ്ക്ക് 60 രൂപയായും വര്‍ധിപ്പിച്ചു


തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു. മന്ത്രിസഭാ യോഗമാണ് തീരുമാനം എടുത്തത്. ഓട്ടോയ്ക്ക് കുറഞ്ഞ നിരക്ക് പന്ത്രണ്ടായും ടാക്‌സിക്ക് അറുപത് രൂപയായും ആണ് വര്‍ദ്ധിപ്പിച്ചത്. നിരക്കുവര്‍ദ്ധന സംബന്ധിച്ച് എന്‍. രാമചന്ദ്രന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് തീരുമാനം. വര്‍ദ്ധിപ്പിച്ച നിരക്കുകള്‍ എപ്പോള്‍ പ്രാബല്യത്തില്‍ വരുമെന്ന് തീരുമാനിച്ചിട്ടില്ല. ഓട്ടോയ്ക്ക് കുറഞ്ഞ കൂലി പതിനഞ്ച് രൂപയായും ടാക്‌സിക്ക് 100 രൂപയായും ഉയര്‍ത്തണമെന്നാണ് അസോസിയേഷനുകള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കൂലി ഇത്രയും ഉയര്‍ത്താനാകില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

സുന്നി-ലീഗ് ഐക്യത്തിന് തുരങ്കം വച്ചിട്ടില്ല: കാന്തപുരം


കോഴിക്കോട്: സുന്നി വിഭാഗവുമായുള്ള മുസ്ലിം ലീഗിന്റെ ഐക്യത്തിന് തുരങ്കം വച്ചിട്ടില്ലെന്ന് സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസല്യാര്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേതാക്കളുടെ ഇതു സംബന്ധിച്ച പ്രസ്താവനയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് രാഷ്ട്രീയ കാര്യത്തില്‍ തീരുമാനമെടുക്കുന്നത് സമസ്തയോടു ചോദിച്ചിട്ടാണെന്ന് തോന്നുന്നില്ല. ലീഗുമായി മാന്യമായ ബന്ധമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരമാവധി വിട്ടുവീഴ്ചകള്‍ ചെയ്ത് സുന്നികള്‍ ഐക്യപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഏറെക്കാലമായി തുടരുന്ന ഐക്യശ്രമങ്ങള്‍ ഏതാണ്ട് ഫലം കണ്ടു തുടങ്ങിയപ്പൊഴാണ് തെറ്റിദ്ധാരണാജനകമായ ചില പ്രചാരണങ്ങളുണ്ടായത്.

ഐക്യശ്രമത്തില്‍ നിന്നു പിന്മാറുകയോ അതിനുള്ള നീക്കങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ല. മധ്യസ്ഥര്‍ മുഖേന ശ്രമങ്ങള്‍ തുടരുകയാണ്. ഐക്യം എന്നതിനു ലയനം എന്നര്‍ഥമില്ലെന്നും കാന്തപുരം വ്യക്തമാക്കി. പട്ടിക്കാട് ജാമിഅയില്‍ ഈജിപ്ത് ഗ്രാന്റ് മുഫ്തിക്ക് പങ്കെടുക്കാന്‍ സാധിക്കാതെ വന്നത് സ്വാഭാവികം മാത്രമാണ്. പിറ്റെ ദിവസം അദ്ദേഹം അവിടെ പോകാന്‍ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും അവര്‍ തിരസ്കരിച്ചുവെന്നും കാന്തപുരം പറഞ്ഞു.

മര്‍കസ് സുവനീറിലോ പ്രസംഗത്തിലെ ഐക്യത്തിന് എതിരായി ഒരു പരാമര്‍ശവും ഉണ്ടിയിട്ടില്ല. ഇരു സമസ്തയിലെയും മുശാവറ ചേര്‍ന്ന് ഐക്യ ശ്രമവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ച സാഹചര്യം ഇന്നും പ്രസക്തമായി നിലനില്‍ക്കുന്നുണ്ട്. അകന്നു പോകുന്ന പ്രസ്താവനാ യുദ്ധങ്ങള്‍ നടത്താതെ ഫലപ്രദമായ ഐക്യശ്രമവുമായി മുന്നോട്ടു പോകുകയാണ് വേണ്ടതെന്നും കാന്തപുരം പറഞ്ഞു.

സമുദായ ഐക്യത്തിന് എതിരു നില്‍ക്കുന്നത് മുജാഹിദാണ്. മര്‍കസ് സമ്മേളനദിവസം തന്നെ അവര്‍ മലപ്പുറത്ത് സമ്മേളനം വച്ചു. മര്‍കസ് സമ്മേളനത്തിനു വരുന്ന വാഹനങ്ങള്‍ തടഞ്ഞു. ഇതുകൊണ്ടൊന്നും തളരില്ലെന്നും ഒരാളെപ്പോലും അവരുടെ പക്ഷത്തേക്കു ലഭിക്കില്ലെന്നും കാന്തപുരം പറഞ്ഞു.

Saturday, January 8, 2011

ഹലോ... ഇതെല്ലാം അറിയുന്നുണ്ടോ ?..


കുറേനേരം മൊബൈല്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ ചെവി ചൂടാകുന്നതുപോലുണ്ടോ? തലയ്ക്കകത്ത് ഒരു പെരുപ്പ് പോലെ? സൂക്ഷിക്കുക; മൊബൈല്‍ ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവരില്‍ മാനസിക പിരിമുറുക്കം, തലവേദന, ഓര്‍മക്കുറവ്, കേള്‍വിക്കുറവ്, ക്യാന്‍സര്‍ തുടങ്ങിയവയ്ക്ക് സാധ്യതയുണ്ടെന്ന് ഗവേഷണപഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

* ഭയപ്പെടുത്തുന്ന ഗവേഷണഫലങ്ങള്‍

പ്രമുഖ ന്യൂറോ സര്‍ജനും കാന്‍സര്‍ ചികില്‍സരംഗത്തെ അതികായനുമായ ഡോ. വിനി ഖുറാന തലച്ചോറില്‍ അര്‍ബുദം (ബ്രെയിന്‍ ട്യൂമര്‍) ബാധിക്കുന്നതിന് മൊബൈല്‍ ഫോണ്‍ കാരണമാകുമെന്ന് ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ തറപ്പിച്ചു പറയുന്നു. 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് തലച്ചോറില്‍ കാന്‍സര്‍ വരാന്‍ സാധ്യത കൂടുതലാണെന്ന് 11 വ്യത്യസ്ത പഠനങ്ങളെ അടിസ്ഥാനമാക്കി സ്വീഡനിലെ ഒര്‍ബേറോ സര്‍വകലാശാലയിലെ പ്രൊഫ. കെജല്‍ മില്‍ഡും പറയുന്നു.

മൊബൈല്‍ ഫോണുകള്‍ എങ്ങനെയൊക്കെ ദോഷകരമായി ബാധിക്കാം എന്നതിനെപ്പറ്റി ഇപ്പോഴും ശാസ്ത്രലോകത്തിന് വ്യക്തതയില്ല. ഒരു ദശാബ്ദക്കാലം കൂടി വേണ്ടിവരും ശരിയായ നിഗമനങ്ങളിലെത്താന്‍. എന്നാല്‍ പൊതുവില്‍ എല്ലാ പഠനങ്ങളും ഗവേഷണങ്ങളും പറയുന്നത് മൊബൈല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കണമെന്നു തന്നെയാണ്.

* പഠനങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍

മൊബൈല്‍ ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവര്‍ക്ക് കാന്‍സര്‍ വരാനുള്ള സാധ്യത സാധാരണയേക്കാള്‍ 2.4 ഇരട്ടി കൂടുതലാണ്.

ഗര്‍ഭിണികളായിരിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചവരുടെ കുട്ടികള്‍ക്ക് പെരുമാറ്റ വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 54 ശതമാനം അധികം.

മൊബൈല്‍ ഫോണില്‍ കാന്തിക പ്രസരണമുണ്ട്. അത് ജീവകോശങ്ങളെ അപായപ്പെടുത്തും.

ജനനേന്ദ്രിയങ്ങളുടെ സമീപം ഫോണ്‍ വയ്ക്കുന്നത് ബീജോത്പാദനത്തെ ബാധിക്കും. അവരിലെ ബീജങ്ങളുടെ എണ്ണം 30 ശതമാനം വരെ കുറയും. ഇത് വന്ധ്യതയ്ക്കുവരെ കാരണമായേക്കും.

* ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മൊബൈല്‍ ഫോണ്‍ ഉപയോഗം നാലു മിനിറ്റിലധികം നീളരുത്.

കൂടുതല്‍ നേരം ആവശ്യമാവുമ്പോള്‍ ഹെഡ്‌സെറ്റോ ലൗഡ് സ്​പീക്കറോ ഉപയോഗിക്കുക.

ഗര്‍ഭിണികള്‍ അത്യാവശ്യത്തിന് മാത്രം മൊബൈല്‍ ഫോണിനെ ആശ്രയിക്കുക. വയറുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെടുന്ന വിധത്തില്‍ ഫോണ്‍ ഉപയോഗിക്കുകയോ വയ്ക്കുകയോ ചെയ്യരുത്.

പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഫോണ്‍ നല്‍കരുത്.

അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളുടെ ചെവിയിലേക്ക് മൊബൈല്‍ ഫോണ്‍ ചേര്‍ത്തുവയ്ക്കരുത്. കുട്ടികളുടെ തലയോട്ടി വളരെ നേര്‍ത്തതാണ്. തലച്ചോറില്‍ റേഡിയേഷനുകള്‍ ഏല്‍ക്കാം.

സ്‌പെസിഫിക് അബ്‌സോര്‍പ്ഷന്‍ റേറ്റ് കുറഞ്ഞ ഫോണ്‍ വാങ്ങുക.

ഫോണ്‍ പ്രത്യേക പൗച്ചുകളില്‍ ഇട്ട് കൈയില്‍ തന്നെ സൂക്ഷിക്കുക.

സംസാരം തുടങ്ങാവുന്ന അവസ്ഥയില്‍ മാത്രമേ മൊബൈല്‍ ഫോണ്‍ ചെവിയുടെ അടുത്തേക്കു കൊണ്ടുപോകാവൂ. റിങ്ങ് ചെയ്യുന്ന/ കണക്റ്റു ചെയ്യുമ്പോഴാണ്് ഏറ്റവുമധികം റേഡിയേഷന്‍ വരുന്നത്.

വായുസഞ്ചാരമില്ലാത്തതും ഇടുങ്ങിയതുമായ സ്ഥലങ്ങളില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ കഴിവതും ഉപയോഗിക്കാതിരിക്കുക.

ഉറങ്ങുമ്പോള്‍ തലയണയ്ക്ക് സമീപത്ത് മൊബൈല്‍ ഫോണ്‍ സൂക്ഷിക്കുന്നത് ഒരു പൊതുപ്രവണതയാണ്. ഇത് നിര്‍ബന്ധമായും ഒഴിവാക്കണം. റേഡിയേഷനുകള്‍ തലച്ചോറിനെ ബാധിച്ചേക്കാം.

ലേസര്‍, റേഡിയേഷന്‍, കീമോ തുടങ്ങിയ തെറാപ്പികള്‍ നടത്തിയവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം ഒഴിവാക്കണം.

പേസ്‌മേക്കര്‍ പോലുള്ള ഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുള്ളവര്‍ മൊബൈല്‍ അതുമായി ബന്ധമുള്ള രീതിയില്‍ സൂക്ഷിക്കരുത്.

ഇടിവെട്ടും മിന്നലുമുള്ളപ്പോള്‍ പുറത്തിറങ്ങി ഫോണ്‍ ഉപയോഗിക്കരുത്. വൈദ്യുതാഘാതം ഏല്‍ക്കാനുള്ള സാധ്യത ഈ സമയത്ത് കൂടുതലാണ്.

Tuesday, January 4, 2011

അരുത് കാട്ടാളരേ,വിവരാവകാശ നിയമത്തെ കൊല്ലരുത്..

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വിപ്ലവകരമായ നിയമമായ വിവരാവകാശ നിയമത്തിന്റെ കഴുത്തറത്ത് കൊല്ലാൻ അതിന്റെ കരട് തയ്യാറാക്കുമ്പോൾ തന്നെ ശ്രമം തുടങ്ങിയതാണു.അഴിമതിക്കാരുടെ ഉറക്കം കെടുത്തുന്ന,ഭരണസംവിധാനത്തെ എറ്റവും സുതാര്യ മാക്കുന്ന ഈ നിയമത്തിന്റെ സദ്ഫലങ്ങൽ അഞ്ചുവർഷം കൊണ്ടു തന്നെ ജനങ്ങൾക്ക് അനുഭവവേദ്യമായിട്ടുണ്ട്.അതിന്റെ ശക്തി ഭരണാധികാരികളെ വിറപ്പിച്ചിട്ടുണ്ടു.അതുകൊണ്ട് തന്നെയാണു, നിയമത്തെ കൂടുതൽ ശക്തിപ്പെടുത്താനെന്ന പേരിൽ കേന്ദ്രസർക്കാർ അടുത്തിടെ പുറത്തിറക്കിയ ചട്ടങ്ങളുടെ കരട് വിവരാവകാശ നിയമത്തിന്റെ നട്ടെല്ലു തന്നെ ഒടിക്കുന്നത്.

പത്ത് രൂപയടച്ച് ഏതൊരു പൌരനും ഏതു രേഖയും വിവരങ്ങളും ആവശ്യപെടാമെന്നാണു നിയമവ്യവസ്ഥ.രാജ്യത്തിന്റെ സുരക്ഷയേയും മറ്റും സംബന്ധിച്ച പരിമിതമായ ചില നിയന്ത്രണങ്ങൾ മാത്രമേ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളൂ.അതിനാലാണു വിവരാവകാശ നിയമം ഓരോ പൌരനേയും ഒരേസമയം എം.എൽ.എയും എം.പിയുമാക്കി മാറ്റിയത് എന്ന് പറയുന്നത്.പഞ്ചായത്ത് തലം മുതൽ രാഷ്ട്രപതിഭവൻ വരെയുള്ള ഏതുകാര്യങ്ങളും,സാധാരണക്കാരിൽ സാധാരണക്കാർക്കുവരെ ലഭ്യമാക്കിയ ഈ നിയമം ഇന്ത്യൻ ജനാധിപത്യത്തെ അതിശക്തമാക്കി.ഇപ്പോൾ അഴിമതിയോ,സ്വജനപക്ഷപാതമോ നടത്തുന്ന രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും,തങ്ങൾ എപ്പോഴും ആയിരക്കണക്കിനു ജാഗരൂകരായ പൌരരുടെ ദൃഷ്ടിപഥത്തിനുള്ളിലാണെന്ന് ഉൾക്കിടിലത്തോടെ ഓർക്കും.ഇന്നല്ലെങ്കിൽ നാളെ ആരെങ്കിലുമൊരാൾ പത്ത് രൂപ അടച്ച് ഈ രഹസ്യങ്ങൾ തുറന്നുകാട്ടുമെന്ന് അവർക്കറിയാം.ഫയലിന്മേൽ അടയിരിക്കുന്നവരുടെ ശീലങ്ങൾ മാറുകയാണിപ്പോൾ.“എവിടെ എന്റെ അപേക്ഷ?” എന്ന് ചോദിച്ച് വിവരാവകാശ നിയമപ്രകാരം രേഖകൾ തിരക്കി നിസ്വനായ ഒരാൾ നാളെ പടികടന്നെത്തുമെന്ന അറിവ് ,ചുവപ്പ്നാടക്കാരെപ്പോലും വേട്ടയാടുന്നു.അഴിമതിയിൽ ലോകത്ത് ഒന്നാം നിരയിൽ തന്നെ സ്ഥാനമുണ്ടു ഇന്ത്യയ്ക്ക് .പക്ഷേ കഴിഞ്ഞ അഞ്ചുവർഷം കൊണ്ടു തന്നെ ആ കസേരയ്ക്ക് ഇളക്കം തട്ടുന്നതായി സൂചനകൾ വന്നു കഴിഞ്ഞു.അടുത്തിടെ മഹാരാഷ്ട്രാമുഖ്യമന്ത്രിയുടേയും ടെലികോം മന്ത്രിയുടേയുമൊക്കെ കസേരകൾ തെറുപ്പിച്ചതും,കർണ്ണാടകത്തിൽ രാഷ്ട്രീയപ്രതിസന്ധി സൃഷ്ടിച്ചതുമായ അഴിമതിരേഖകൾ പുറത്ത് കൊണ്ടുവരുന്നതിൽ വിവരാവകാശനിയമം വലിയപങ്കു വഹിച്ചിട്ടുണ്ടു. ഇനിയും എത്രയോ തലകൾ ഉരുളാനിരിക്കുന്നു.എത്രയോ രാജാക്കന്മാർ നഗ്നരാണെന്ന് ജനം വിളിച്ചുകൂവാനിരിക്കുന്നു!

വിവരാവകാശനിയമം നിലവിൽ വന്നതോടെ ഔദ്യോഗികരഹസ്യനിയമം അപ്രസക്തമായിത്തീർന്നു.ഫയൽ നോട്ടുകളും ,ഉദ്യോഗസ്ഥരുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ടുകൾ പോലും ഇപ്പോൾ രഹസ്യരേഖകളല്ല.ഉദ്യോഗസ്ഥതലത്തിൽ നിയമം ദുർബലപ്പെടുത്താനുള്ള ആദ്യ നീക്കം ഡൽഹിയിൽ നടത്തിയവർ ഈ വ്യവസ്ഥകൾ നിയമത്തിൽ നിന്ന് എടുത്തുകളയാൻ സമ്മർദ്ദം ചെലുത്തി.പ്രധാനമന്ത്രിയുടെ ഓഫീസ് പോലും ഇതിനെ അനുകൂലിച്ചെങ്കിലും സോണിയാഗാന്ധിയുടെ ശക്തമായ എതിപ്പിനെത്തുടർന്ന് ആ നീക്കം പരാജയപ്പെട്ടു.

പക്ഷേ,നിയമത്തിന്റെ അന്തസത്തയ്ക്ക് എതിരായ ഒട്ടേറെ ചട്ടങ്ങളും,കേന്ദ്ര-സംസ്ഥാന വിവരാവകാശകമ്മീഷനുകളുടെ ഉത്തരവുകളും വ്യാഖ്യാനങ്ങളും അടുത്തിടെ ഉണ്ടായി.“എന്തുകൊണ്ട്”എന്ന ചോദ്യത്തിനു ഉത്തരം നൽകേണ്ടെന്ന തീരുമാനം,സത്യത്തിൽ വിവരാവകാശ നിയമത്തിന്റെ മുന തന്നെ ഒടിച്ചുകളഞ്ഞിരിക്കുകയാണു.ഒരു അഴിമതി നടത്തുമ്പോൾ,ഒരു നിയമം മറികടക്കുമ്പോൾ ,ഒരു ഫയൽ പൂഴ്ത്തിവെക്കുമ്പോൾ ഇപ്പോൾ ഒരാൾക്കും “എന്തു കൊണ്ട് ഇങ്ങനെ ചെയ്തു?എന്താണു കാരണം?”എന്ന് വിവരാവകാശനിയമപ്രകാരം ചോദിച്ച് ചെല്ലാൻ കഴിയില്ല.ഇത് നിയമത്തെ ദുർബ്ബലപ്പെടുത്തുമെന്ന് ഉറപ്പ്.ഉദാഹരണത്തിനു,നിങ്ങളുടെ ഒരു അപേക്ഷ ,കൈക്കൂലി കൊടുക്കാത്തതിനാൽ പഞ്ചായഠ് ഓഫീസിലെ ഗുമസ്ഥൻ പൂഴ്ത്തി വെച്ചിരിക്കുന്നു.മുൻപ് പത്ത് രൂപ അടച്ച് വിവരാവകാശ നിയമപ്രകാരാം ഒരു കത്ത് നൽകേണ്ട താമസമേ ഉണ്ടയിരുന്നുള്ളൂ,ചുവപ്പ്നാടക്കുള്ളിൽ ഉറക്കിക്കിടത്തിയിരുന്ന ആ ഫയലിനു മിന്നൽ വേഗം കിട്ടാൻ.“എന്തുകൊണ്ടു തീരുമാനമെടുക്കുന്നില്ല?”/“എന്തുകൊണ്ടു മറ്റെയാൾക്ക് ആ ആനുകൂല്യം കൊടുത്തു?”എന്ന് ചോദിച്ചാൽ നിയമപ്രകാരം കാരണങ്ങൾ വ്യക്തമാക്കാൻ ബാദ്ധ്യതയില്ല എന്ന ഉത്തരമാകും പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ഇപ്പോൾ നൽകുക.ഇത് നിയമത്തെ ഭാവിയിൽ തമാ‍ശയാക്കി മാറ്റിയേക്കും.“അപേക്ഷ കിട്ടിയോ?”എന്ന് തിരക്കിയാൽ “കിട്ടിയിട്ട് പത്ത് വർഷമായി” എന്നും “അതിന്മേൽ നടപടി സ്വീകരിക്കാത്തത് എന്ത്?” എന്ന് ചോദിച്ചാൽ“നിയമപ്രകാരം അതിന്റെ കാരണം വ്യക്തമാക്കാൻ പറ്റില്ല” എന്നുമായിരിക്കും നിങ്ങൾക്ക് കിട്ടുന്ന മറുപടി.ഇതുകൊണ്ടു എന്ത് പ്രയോജനം?

അടുത്തിടെ നിയമത്തെ മറികടക്കാനായി ഉദ്യോഗസ്ഥർ കണ്ടെത്തിയ ചില ചെപ്പടി വിദ്യകളുണ്ടു.ലഭ്യമായ വിവരങ്ങളും രേഖകളും നൽകിയാൽ മതി എന്നാണു വ്യവസ്ഥ.ഒരാൾ അപേക്ഷ നൽകി എന്നതുകൊണ്ടു മാത്രം വിവരങ്ങൾ ‘ജനറേറ്റ്”ചെയ്തു നൽകേണ്ട എന്ന നിർദ്ദേശത്തിന്റെ മറവിൽ “വിവരങ്ങൾ ലഭ്യമല്ല” എന്ന് ഉത്തരം നൽകി കൈകഴുകുന്ന ഉദ്യോഗസ്ഥരുടെ എണ്ണം കൂടിവരുന്നു.വിവരങ്ങൾ നൽകുന്നത് വളരെ ചെലവേറിയതും ഓഫീസിന്റെ സാധാരണപ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നതുമാണെങ്കിൽ,അപേക്ഷകനു താല്പര്യമുണ്ടെങ്കിൽ അവ നേരിട്ട് ചെൻന്ന പരിശോധിക്കാൻ അവസരം നൽകണമെന്നാണു ചട്ടം.അതിന്റെ മറവിൽ ഏതു വിവരം ആവശ്യപ്പെട്ടാലും,“ഓഫീസിൽ വന്ന് താങ്കൾക്ക് പരിശോധിക്കാം”എന്ന് മറുപടി അയച്ച് കൈകഴുകുന്നവരുമുണ്ടു.ഉത്തരം ഓഫീസിൽ വന്ന് വാങ്ങിക്കൊണ്ട്പോകണമെന്ന് ശഠിക്കുന്ന മറ്റൊരു വിഭാഗവുമുണ്ടു.ഉന്നതാധികാരിക്ക് ഒന്നാം അപ്പീൽ നൽകുകയോ.കമ്മീഷനെ സമീപിക്കുകയോ ആണു ഇത് തടയിടാനുള്ള ഏകമാർഗ്ഗം.പക്ഷേ, ഒരു ശതമാനം പേർ പോലും അപ്പീലുമായി പോകില്ലെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ മനസിലാക്കിയ ഉദ്യോഗസ്ഥലോബിയാണു നിയമത്തെ ഇങ്ങനെ നോക്കുകുത്തിയാക്കുന്നത്.ഒന്നാം അപ്പീലിൽ തീർപ്പ് കൽ‌പ്പിക്കുന്നതിനു കാലപരിധിയുണ്ടെങ്കിലും അപ്പോഴേക്കും മാസങ്ങൾ വൈകും.സംസ്ഥാന-കേന്ദ്ര കമ്മീഷനുകളിൽ അപ്പീലുമായി എത്തുന്നവർ അത്യപൂർവ്വം.അതിന്റെ നൂലാമാലകൾ തന്നെ കാരണം.മിക്കവാറും അതിണു ഒരു വക്കീലിന്റെ സേവനം ആവശ്യമായി വരും.അപ്പീൽ നൽകിയാലോ?തീരുമാനമെടുക്കുന്നതിനു സമയപരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാൽ അത് വർഷങ്ങളോളം നീണ്ടു പോകാം.അതിനു ആരു തുനിയും?

വിവരാവകാശ നിയമത്തിന്റെ ആത്മാവ് തന്നെ നശിപ്പിക്കുന്ന ഈ പോരായ്മകൽ പരിഹരിച്ച് അതിനെ അതിശക്തമാക്കാനാണു കേന്ദ്രസർക്കാർ ശ്രമിക്കേണ്ടത്.അതിനു പകരം നിയമത്തെ തന്നെ അർത്ഥശൂന്യമാക്കുന്ന ഭേദഗതികളാണു കരട്ചട്ടങ്ങളിൽ ഉള്ളത്.ഒരു വിഷയത്തെ കുറിച്ച് മാത്രമേ ചോദിക്കാൻ പാടുള്ളൂ എന്നും ,ഒരു അപേക്ഷയിൽ 250 വാക്കുകളിൽ കൂടാൻ പാടില്ല എന്നും പറയുന്നു.ഇപ്പോൾ ഒരു അപേക്ഷയിൽ എത്ര ആയിരം ചോദ്യം വേണമെങ്കിലും ചോദിക്കാം.നിയമം ദുരുപയോഗം ചെയ്യുന്നവർ ആയിരക്കണക്കിനു ചോദ്യങ്ങ ചോദിച്ച് സർക്കാർ ഓഫീസുകളുടെ ദൈനംദിനപ്രവർത്തനങ്ങൾ തന്നെ തടസ്സപ്പെടുത്തുന്ന പ്രവണതയുണ്ടു.ഇതിനു തടയിടേണ്ടത് ആവശ്യം തന്നെ.അതുകൊണ്ടു ചോദ്യങ്ങളുടെ എണ്ണം അഞ്ചോ പത്തോ ആയി നിജപ്പെടുത്താം.പക്ഷേ ഒരു അപേക്ഷയിൽ ഒരു വിഷയം മാത്രമേ പാടുള്ളുവെന്ന് നിഷ്കർഷിച്ചാൻ അത് വിവരങ്ങൾ നിഷേധിക്കപ്പെടുന്നതിനു ഇടയാക്കും.സർക്കാരിന്റെ പ്രവർത്തനം എണ്ണമറ്റ വകുപ്പുകളും സ്ഥാപനങ്ങളുമയി ബന്ധപ്പെട്ടതാകയാലും,ഒന്നിലധികം വിഭാഗങ്ങളിലൂടെ കടന്നു പോകുന്നതാണു സാധാരണ ഫയലുകൾ പോലും എന്നതിനാലും ഈ ചട്ടം ഒട്ടും പ്രായോഗികമല്ല.ഏതു വിധേനയും നിയമത്തെ ദുർബലപ്പെടുത്തുവാൻ സത്യപ്രതിജ്ഞയെടുത്തിരിക്കുന്ന അഴിമതിവീരരായ ഉദ്യോഗസ്ഥർ ഈ ചട്ടമുപയോഗിച്ച് നിയമത്തെ കുഴിച്ച്മൂടുക തന്നെ ചെയ്യും.

അതിനെക്കാൾ പ്രതിലോമകരമാണു,വിവരങ്ങൾ ലഭ്യമാക്കാൻ ഉണ്ടാകുന്ന ചെലവു കൂടി അപേക്ഷകരിൽ നിന്ന് ഈടാക്കണമെന്ന നിർദ്ദേശം.വിവരാവകാശ നിയപ്രകാരം നൽകിയ അപേക്ഷക്ക് ഉത്തരം നൽകാൻ ഫയലുകൾ തിരഞ്ഞതിനു ഗുമസ്ഥനും പ്യൂണിനും ഓവർടൈം നൽകിയ വകയിലും ,അന്നേദിവസം അവർക്ക് ചായയും കാപ്പിയും ഊണും മറ്റും നൽകിയ വകയിലും,ഓഫീസ് അധികസമയം പ്രവർത്തിപ്പിച്ചതുമൂലം അധിക വൈദ്യുതി ചെലവായ വകയിലുമൊക്കെ വലിയൊരു ബിൽ തുക എഴുതി അത് അപേക്ഷകരിൽ നിന്ന് വസൂലാക്കാൻ ഇനി എന്തെളുപ്പം!വിവരം തിരക്കുന്ന ഓഫിസിന്റെ നിലവാരം കൂടുന്നതനുസരിച്ച് ഇനി വിവരം കിട്ടാനുള്ള ബില്ലിന്റെ സ്റ്റാറ്റസും ഉയരും.കേന്ദ്ര -സംസ്ഥാന സെക്രട്ടേറിയറ്റുകളിലും പാർലമെന്റിൽ നിന്നും, നമ്മുടെഎം.എൽ.എയും എം.പിയും എത്ര രൂപ യാത്രപ്പടി വാങ്ങിയെന്നോ,കഴിഞ്ഞ വർഷം എത്രപ്രാവശ്യം വാ തുറന്നുവെന്നോ ചോദിച്ച് വിവരാവകാശപ്രകാരം ഒരു അപേക്ഷ നൽകിയാൽ ഇനി എന്തുണ്ടാകും?കൊടി വെച്ച ഉന്നത് ഉദ്യോഗസ്ഥരുടെ പക്കലുള്ളതാണു ഈ വിവരങ്ങൾ.അവർക്ക് കൃത്യാന്തരബാഹുല്യം കാരണം അവധി ദിവസങ്ങലിൽ പറന്ന് വന്ന് വിവരങ്ങൾ തെരഞ്ഞുപിടിച്ച് നൽകേണ്ടിവരും.അതിനുള്ള വിമാനക്കൂലി കൂടി,ബത്ത,സ്പെഷ്യൽ പെ തുടങ്ങിയവയടക്കം, വിലപ്പെട്ട വിവരങ്ങൾ ലഭ്യമാക്കാൻ ചെലവായ തുക ചിലപ്പോൾ ലക്ഷങ്ങൾ വന്നേക്കാം.അതിന്റെ ബിൽ കണക്കു കൂട്ടി മുങ്കൂർ പണം അടക്കാനുള്ള ഇണ്ടാസായിരിക്കും നിങ്ങൾക്ക് ലഭിക്കുക!

വിവരാവകാശ നിയമത്തെ എങ്ങനെയും കെട്ടുകെട്ടിക്കണമെന്നു തീരുമനിച്ചുറപ്പിച്ചവരുടെ ദുഷ്ടബുദ്ധി,ഈ കരട് തയ്യാറാക്കുന്നതിൽ പ്രവർത്തിച്ചിരിക്കുന്നതിനു മറ്റൊരു ദൃഷ്ടാന്തം കൂടിയുണ്ടു.അപേക്ഷകർ മരിച്ചാൽ അപേക്ഷയിന്മേൽ തുടർനടപടി വേണ്ടെന്ന നിർദ്ദേശമാണത്.ഇപ്പോൾ തന്നെ പത്തോളം വിവരാവകാശപ്രവർത്തകർ കൊലചെയ്യപ്പെട്ടിട്ടുണ്ടു.അവരെ സംരക്ഷിക്കുന്നതിനുള്ള നിയമനിർമ്മാണത്തിനു മുങ്കൈയെടുത്ത സർക്കാർ തന്നെ ഇത്തരമൊരു വ്യവസ്ഥ നിയമത്തിന്റെ ചട്ടത്തിൽ തിരുകികയറ്റുന്നതിന്റെ യുക്തി മനസിലാകുന്നില്ല.അപകടകരമായ വിവരങ്ങൾ തിരക്കി അപേക്ഷ നൽകുന്ന വിവരാവകാശ ആക്ടിവിസ്റ്റുകളെ കൈകാര്യം ചെയ്യാൻ ഇനി എന്തെളുപ്പം;ആളെ തീർത്തേക്കുക.അധോലോകത്തെ ഇതിൽ‌പ്പരം സന്തോഷിപ്പിക്കുവതെന്ത്?

അപ്പീലുകളിന്മേൽ പ്രാഥമിക വാദം കേട്ട് മാത്രമേ അവ സ്വീകരിക്കേണ്ടതുള്ളുവെന്നതാണു മറ്റൊരു നിർദ്ദേശം.അത് ഇനിയും കാലതാമസമുണ്ടാക്കുന്ന പ്രക്രിയയാക്കും.വിവരാവകാശ നിയമം സാധാരണക്കാരുടെ കൈയ്യിൽ നിന്ന് വക്കീലന്മാരുടെ കൈകളിലേക്ക് പോകും.ഉപഭോക്തൃസംരക്ഷണ നിയമം കാലക്രമത്തിൽ വക്കീലന്മാർക്ക് പുതിയ തൊഴിൽ സാദ്ധ്യതകൾ തുറന്നു നൽകിയതു പോലെ വിവരാവകാശ നിയമവും അവർക്കൊരു വരുമാനമാർഗ്ഗമാകും.വിവരാവകാശ നിയമത്തെ ഇല്ലാതാക്കാനുള്ള,തികച്ചും ദുഷ്ടലാക്കോടെയുള്ള,ഒട്ടും സദുദ്ദേശ്യപരമല്ലാത്ത നീക്കമാണു ഈ ചട്ടഭേദഗതിയിലുള്ളത്.ഇത് ജനാധിപത്യത്തിന്റേയും സുതാര്യതയുടേയും അന്തകരെ മാത്രമേ സന്തോഷിപ്പിക്കുകയുള്ളൂ.
അരുത് കാട്ടാളരേ,വിവരാവകാശ നിയമത്തെ കൊല്ലരുത്...