Thursday, December 30, 2010

പ്രവാചകന്റെ കാര്‍ട്ടൂണ്‍: ആക്രമണ പദ്ധതിയിട്ടവര്‍ പിടിയില്‍


കോപ്പന്‍ഹേഗന്‍: പ്രവാചകന്‍ മുഹമ്മദ് നബിയുടെ വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച പത്രത്തിന്റെ ഓഫീസ് ആക്രമിക്കാന്‍ പദ്ധതിയിട്ട അഞ്ചു തീവ്രവാദികളെ ഡെന്‍മാര്‍ക്ക് രഹസ്യാന്വേഷണ ഏജന്‍സി അറസ്റ്റു ചെയ്തു. ചൊവ്വാഴ്ച രാത്രി ഡെന്‍മാര്‍ക്കിലെത്തിയ ഇവര്‍ നബിയുടെ വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ജില്ലാന്‍ഡ്‌സ് പോസ്റ്റന്‍ പത്രത്തിന്റെ ഓഫീസില്‍ കടന്നുകയറി കഴിയുന്നിടത്തോളം ആളുകളെ വെടിവെച്ച് കൊല്ലാനായിരുന്നു പദ്ധതിയിട്ടിരുന്നത് എന്നാണ് പറയുന്നത്. ഇവര്‍ മുംബൈമോഡല്‍ ആക്രമണത്തിനു പദ്ധതിയിട്ടതായി അന്വേഷണ സംഘം പറയുന്നു. തീവ്രവാദികളില്‍ നിന്ന് ഒരു മെഷീന്‍ ഗണ്ണും സൈലന്‍സറും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്.

അറസ്റ്റിലായ നാല് പേര്‍ സ്വീഡനില്‍ താമസിക്കുന്നവരാണെണ് ഡെന്‍മാര്‍ക്ക് രഹസ്യാന്വേഷണ ഏജന്‍സിയായ പെറ്റ് വെളിപ്പെടുത്തി. ലബനന്‍ വംശജരും ഒരു ഇറാഖ് വംശജനും ഒരു ടുണീഷ്യക്കാരനും പിടിയിലായവരില്‍പ്പെടും. കര്‍ട്ട് വെസ്റ്റര്‍ഗാര്‍ഡ് എന്ന കാര്‍ട്ടൂണിസ്റ്റായിരുന്നു പത്രത്തില്‍ 12 ഓളം വിവാദ കാര്‍ട്ടൂണുകള്‍ വരച്ചത്. തലപ്പാവില്‍ ബോംബുമായി നില്‍ക്കുന്ന പ്രവാചകനെയായിരുന്നു വെസ്റ്റര്‍ഗാര്‍ഡ് സൃഷ്ടിച്ചത്.

ഐവറി കോസ്റ്റ്: ആഫ്രിക്കന്‍ നേതാക്കളുടെ ശ്രമം പരാജയം


അബിദ്ജാന്‍: ഐവറി കോസ്റ്റിലെ രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള പശ്ചിമ ആഫ്രിക്കന്‍ നേതാക്കളുടെ ശ്രമം പരാജയപ്പെട്ടു. തെരഞ്ഞെടുപ്പില്‍ വിജയിച്ച അലസൈന്‍ ഒത്തരാക്ക് അധികാരം കൈമാറണമെന്ന നിര്‍ദേശം നിലവിലുള്ള പ്രസിഡന്റ് ലാറന്റ് ഗാബോ തള്ളിയതിനെ തുടര്‍ന്നാണിത്.
ബെനിന്‍,സിയറ ലിയോണ്‍, കേപ് വെര്‍ദെ എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാരാണ് ഗാബോയെ കണ്ടത്. സൈനിക നടപടി ഉണ്ടാവുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും അദ്ദേഹം വഴങ്ങിയില്ലെന്ന് പശ്ചിമ ആഫ്രിക്കന്‍ നേതാക്കള്‍ പറഞ്ഞു.
ഐവറി കോസ്റ്റ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഗാബോയുടെ എതിരാളിയായ ഒത്താരയുടെ പാര്‍ട്ടി വിജയിച്ചതായി ഇലക്ഷന്‍ കമീഷന്‍ വ്യക്തമാക്കിയിരുന്നു. ഐക്യരാഷ്ട്ര സഭയും പാശ്ചാത്യ രാജ്യങ്ങളും ഇത് ശരിവെച്ചുവെങ്കിലും ഗാബോ അധികാരം ഒത്താരക്ക് കൈമാറാന്‍ വിസമ്മതിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ ചിലയിടങ്ങളില്‍ കൃത്രിമം നടന്നുവെന്നാണ് ഗാബോയുടെ ആരോപണം. ഒത്താരയെ അംഗീകരിക്കുന്ന രാജ്യങ്ങളുമായി നയതന്ത്രബന്ധം വിച്ഛേദിക്കുമെന്ന് ഗാബോ വ്യക്തമാക്കിയിട്ടുണ്ട്.
അധികാര തര്‍ക്കത്തെ തുടര്‍ന്ന് ഐവറി കോസ്റ്റില്‍ കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പതിനായിരക്കണക്കിന് പേര്‍ പലായനം ചെയ്തുവരുകയാണ്.

കുട്ടത്തോണികളുമായി അവര്‍ ബിയ്യം കായലില്‍ വീണ്ടുമെത്തി


പൊന്നാനി: കുട്ടത്തോണിയുമായി പതിവുതെറ്റാതെ മൈസൂര്‍ ഹുമ്പൂരിലെ പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ പൊന്നാനി ബിയ്യം കായലില്‍ വീണ്ടുമെത്തി.
കണ്ണപ്പ, നാഗരാജ് എന്നിവരുടെ നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന പത്തംഗ സംഘമാണ് കായലില്‍ കുട്ടതോണികളുമായി മത്സ്യബന്ധനത്തിനെത്തിയത്.
പുലര്‍ച്ചെ അഞ്ചിന് ഇവര്‍ കുട്ടത്തോണികളില്‍ കായലില്‍ വലയിടും. സ്ത്രീകളാണ് വലയിടുന്നത്.
രണ്ട് മണിക്കൂറിന് ശേഷം ഏഴോടെ പുരുഷന്മാര്‍ ഈ വല കായലില്‍നിന്ന് വലിച്ച് കയറ്റും. ഏട്ട, ഞണ്ട്, കായല്‍ മത്സ്യങ്ങള്‍ എന്നിവയാണ് ഇവര്‍ക്ക് ഇവിടെനിന്ന് ലഭിക്കാറുള്ളത്.
എട്ടോടെ കരയില്‍ കയറുന്ന സംഘം അവിടെ വെച്ച് തന്നെ മത്സ്യ വില്‍പനയും നടത്തും. ഞണ്ടിന് കിലോക്ക് 50 ഉം ഏട്ടക്ക് 40ഉം രൂപയാണ് വില.പത്ത് കിലോയിലധികം മത്സ്യം ലഭിക്കുന്നതായി സംഘം പറയുന്നു. നിരവധി പേര്‍ ഇവിടെ മത്സ്യം വാങ്ങാനെത്തുന്നു. ഒരാഴ്ച കൂടി ഇവിടെ തങ്ങുന്ന സംഘം പിന്നീട് കൊച്ചിയിലേക്ക് പോവും.

Friday, December 24, 2010

വിവരാവകാശ പ്രവര്‍ത്തകര്‍ക്ക് ദേശീയ പുരസ്കാരം


വിവരാവകാശ നിയമത്തിന്റെ ഫലപ്രദമായ വിനിയോഗത്തിന് ന്യൂഡല്‍ഹിയിലെ പബ്ലിക് കോസ് റിസര്‍ച്ച് ഫൌണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ദേശീയ അവാര്‍ഡ് ഔട്ട്‌ലുക്ക് വാരിക റിപ്പോര്‍ട്ടര്‍ സൈകര്‍ ദത്തക്ക് ലഭിച്ചു. ബസുമതി അരിക്ക് ഏര്‍പ്പെടുത്തിയ കയറ്റുമതി നിരോധം മറികടന്ന് സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെ സ്വകാര്യ കമ്പനികള്‍ നടത്തിവന്ന പകല്‍ക്കൊള്ള പുറത്തുകൊണ്ടുവന്ന റിപ്പോര്‍ട്ടുകളാണ് പുരസ്കാരത്തിനു പരിഗണിച്ചത്. കയറ്റുമതി നിരോധന നിയമത്തില്‍ നിന്ന് ദരിദ്ര ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കു നല്‍കിയ ഇളവ് ഉപയോഗപ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങളുടെ മറവില്‍ നടന്ന അരി കയറ്റുമതിയിലൂടെ 2500 കോടിയുടെ നഷ്ടമെങ്കിലും സംഭവിച്ചതായാണു കണ്ടെത്തല്‍.

വിവരാവകാശത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തി അഴിമതി പുറത്തു കൊണ്ടൂവരാന്‍ ശ്രമിച്ച അഞ്ച് സാധാരണക്കാരും പുരസ്കാരങ്ങള്‍ നല്‍കും. മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ അശോക് കാംതെയുടെ ഭാര്യ വിനീത കാംതെ (മഹാരാഷ്ട്ര), അത്താര്‍ ശംസി (ഉത്തര്‍ പ്രദേശ്), മനോജ് കുമാര്‍ കര്‍വര്‍സ (ഹരിയാന), രമേശ് കുമാര്‍ വര്‍മ്മ (ഹരിയാന), രാജന്‍ സാവ്‌ലോ ഗാതെ (ഗോവ) എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായത്. വിവരാവകാശ നിയമ പോരാട്ടത്തില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച ഉദ്യോഗസ്ഥനുള്ള അവാര്‍ഡ് ബിലാസ്‌പൂര്‍ ബി. ഡി.ഒ. പ്രദീപ് കുമാറിനു നല്‍കും.

ഇതിനു പുറമേ വിവരാവകശത്തിനു വേണ്ടി സജീവ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെ കൊല്ലപ്പെട്ട രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പത്തുപേരുടെ ബന്ധുക്കളെ ആദരിക്കാനും തീരുമാനിച്ചു. അമിത് ജത്‌വ (ഗുജറാത്ത്), ദത്ത പാട്ടീല്‍ (മഹാരാഷ്ട്ര), വിത്താല്‍ സിഥെ (മഹാരാഷ്ട്ര), സോള രംഗറാവു (ആന്ധ്രപ്രദേശ്), ശശിധര്‍ മിശ്ര (ബീഹാര്‍), വിഷ്‌റാം ലക്ഷ്മണ്‍ (ദിജരാത്ത്), സതീഷ് ഷെട്ടി (മഹാരാഷ്ട്ര), ലളിത് കുമാര്‍ ഹെത (ഝാ‍ര്‍ക്കണ്ഡ്), കമേശ്വര്‍ യാദവ് (ഝാര്‍ക്കണ്ഡ്) എന്നീ ആര്‍ ടി ഐ ആക്ടിവിസ്ടുകളാണ് കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച ദല്‍ഹിയില്‍ ചേര്‍ന്ന ഉന്നതരടങ്ങിയ അവാര്‍ഡ് നിര്‍ണ്ണയ സമിതിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. നാരായണ മൂര്‍ത്തി, മധു ത്രെഹാന്‍, എഫ്. എസ്. നരിമാന്‍, ജെ. എം ലിങ്‌ദോ, സഞ്ജയ് ഗുപ്ത, ജസ്റ്റിസ് ജെ. എസ്. വര്‍മ്മ എന്നിവര്‍ പങ്കെടുത്തു. ഉന്നതങ്ങളിലെ അഴിമതി തടയാന്‍ കേന്ദ്ര സര്‍ക്കാരിനു മേല്‍ ശക്തമായ സമ്മര്‍ദ്ദമുണ്ടാവേണ്ടതുണ്ടെന്ന് ജൂറി നിര്‍ദ്ദേശിച്ചു.

വിവരാവകാശ നിയമത്തിന്റെ ചിറകരിയുന്നു

മലപ്പുറം: രാജ്യത്തെ പൗരനെ ഏറെ സ്വാധീനിച്ച വിവരാവകാശ നിയമത്തെ
തകര്‍ക്കാനുള്ള നീക്കം ശക്തമാക്കുന്നതായി ആക്ഷേപം.

പുതിയ ഭേദഗതിയെന്ന രൂപേനയാണ്‌ നിയമത്തെ തകര്‍ക്കാനുള്ള ഗൂഡ നീക്കങ്ങള്‍
അണിയറയില്‍ നടക്കുന്നത്‌. നിയമം നിലവില്‍ വന്ന്‌ അഞ്ച്‌ വര്‍ഷമായിരിക്കെ
കണ്ണിലെ കരടായിട്ടാണ്‌ ഉദ്യോഗസ്ഥന്മാരില്‍ പലരും നിയമത്തെ കാണുന്നത്‌്‌.
പത്ത്‌ രൂപാ ചെലവില്‍ സര്‍ക്കാറില്‍ നിന്ന്‌ വിവരങ്ങള്‍
ലഭിക്കുന്നതിനാല്‍ ഏറെ പ്രാധാന്യത്തോടെയാണ്‌ സാധാരണക്കാര്‍ നിയമത്തെ
കണ്ടിരുന്നത്‌. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നിയമത്തെ
പരിഷ്‌ക്കരിക്കുന്നതിന്റെ ഭാഗമായി പ്രസിദ്ദീകരിച്ച കരട്‌
റിപ്പോര്‍്‌ട്ടിലെ ഭാഗങ്ങള്‍ നിയമത്തെ തകര്‍ക്കുമെന്ന്‌ പ്രമുഖ വിവരാവകാശ
പ്രവര്‍ത്തകന്‍ മേജര്‍ രവി പറഞ്ഞു.

അപേക്ഷയില്‍ 250 വാക്കുകള്‍ മാത്രമെ പാടുള്ളൂവെന്നും, ഒരു വിഷയത്തെ
സംബന്ധിച്ച്‌ മാത്രമെ ചോദിക്കാവൂ എന്നുമാണ്‌ കരടിലെ വിവാദമായ
പരാമര്‍ശങ്ങളിലൊന്ന്‌. കൂടാതെ പൗരന്‌ വിവരം നല്‍കുന്നതിന്റെ ഭാഗമായി
ഉകരണങ്ങള്‍ സര്‍ക്കാര്‍ വകുപ്പ്‌ അധികൃതര്‍ ഉപയോഗിക്കുകയാണെങ്കില്‍
അതിനും അപേക്ഷകനില്‍ നിന്നും പണം ഈടാക്കാമെന്നാണ്‌ കേന്ദ്ര പേഴ്‌സണല്‍
ആന്‍ഡ്‌ ട്രെയിനിംങ്‌ വകുപ്പ്‌ പ്രസിദ്ധീകരിച്ച കരട്‌ റിപ്പോര്‍ട്ടില്‍
പരാമര്‍ശിക്കുന്നത്‌.
നിലവില്‍ തപാല്‍ ചാര്‍ജ്‌ പോലും അപേക്ഷകനില്‍ നിന്ന്‌ ഈടാക്കാതെയാണ്‌
നല്‍കിയിരുന്നത്‌. എന്നാല്‍ കരടിലെ പുതിയ നിര്‍ദ്ദേശ പ്രകാരം
പത്തുരൂപയില്‍ കൂടുതലുള്ള തപാല്‍ ചാര്‍ജും ഈടാക്കാന്‍ അവകാശം
നല്‍കുന്നതാണ്‌. ഇനിമുതല്‍ റെജിസറ്റര്‍ പോസ്‌റ്റുകളുടെ ചിലവും അപേക്ഷന്‍
വഹിക്കണ്ടിവരും. കൂടാതെ ഇതുവരെ പണം ഈടാക്കാതിരുന്ന ഒന്നാം അപ്പീലിനും
അപേക്ഷകനില്‍ നിന്നും പണം ഈടാക്കാമെന്നും നിര്‍ദേശത്തിലുണ്ട്‌.

എന്നാല്‍ പുതിയ നിര്‍ദേശ പ്രകാരം പത്ത്‌ രൂപക്ക്‌ വിവരം ലഭിക്കുന്ന രീതി
അവസാനിക്കാനും കൂടുതല്‍ പണം അപേക്ഷകനില്‍ നിന്ന്‌ ഈടാക്കാനും
സാധ്യതയുള്ളതിനാല്‍ സാധരണക്കാരന്റെ അവാകശത്തിന്‌
തിരച്ചടിയേറ്റിരിക്കുകയാണെന്ന്‌ മലപ്പുറം വിവരാവകാശ കൂട്ടായ്‌മ
സെക്രട്ടറി അനില്‍തിരൂര്‍ക്കാട്‌ പറഞ്ഞു.

ആറ്‌ മാസം മുമ്പ്‌ ചോദ്യങ്ങളില്‍ കൊണ്ടുവന്ന പരിഷ്‌ക്കാരവും നിയമത്തിന്റെ
അന്തസത്തയെ ചോര്‍ത്തികളയുന്ന വിധത്തിലുള്ളതാണ്‌. എന്തുകൊണ്ട്‌ എന്ന
ചോദ്യം ചോദിക്കരുതെന്നായരുന്നു പ്രസ്‌തുത നിര്‍ദേശം. വിവരവകാശ
നിയമത്തിന്റെ പുതിയ പരിഷ്‌ക്കരണങ്ങള്‍ക്കെതിരെ വിവിധ കോണുകളില്‍ നിന്ന്‌
ശക്തമായ ആക്ഷേപം നേരിടുന്നുണ്ട്‌. കൂടാതെ പരിഷ്‌ക്കരണത്തെ കുറിച്ചുള്ള
ജനങ്ങളുടെ ഹിതം അറിയാനുള്ള കാലാവധി ഈ മാസം 26 നാണ്‌
അവസാനിക്കുന്നതെന്നതിനാല്‍ കരടിനെതിരെ കേന്ദ്ര പേഴ്‌സണല്‍ ആന്‍ഡ്‌
ട്രെയിനിംങ്‌ വകുപ്പ്‌ അധികൃതര്‍ക്കും പ്രധാനമന്ത്രിക്കും ഇമെയിലുകള്‍
അയക്കുന്ന തിരക്കിലാണ്‌ വിവരാവകാശ പ്രവര്‍ത്തകര്‍.

Thursday, December 23, 2010

കഅ്ബ കഴുകി


മക്ക: ഭക്തിനിര്‍ഭരമായ ചടങ്ങില്‍ വിശുദ്ധ കഅ്ബ കഴുകി. ഇന്നലെ രാവിലെ സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന് വേണ്ടി മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്റെ മേല്‍നോട്ടത്തിലാണ്് കഅ്ബ കഴുകല്‍ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്.
ഇരുഹറം കാര്യാലയ മേധാവി ശൈഖ് സ്വാലിഹ് ബ്‌നു അബ്ദുറഹ്മാന്‍ അല്‍ഹുസൈന്‍, ഉപമേധാവി ഡോ. മുഹമ്മദ് ബ്‌നു നാസിര്‍ അല്‍ഖുസൈം, മക്ക മേയര്‍ ഡോ. ഉസാമ അല്‍ബാറ്, മക്ക ഗവര്‍ണറേറ്റ് അണ്ടര്‍സെക്രട്ടറി ഡോ. അബ്ദുല്‍ അസീസ് ബ്‌നു അബ്ദുല്ല അല്‍ഖുദൈരി, മക്ക മേഖല ഗവര്‍ണര്‍ ഓഫീസ് ജനറല്‍ മാനേജര്‍ ഡോ. ഇഖാബ് അല്‍ലുവൈഹഖ്, കഅ്ബയുടെ താക്കോല്‍ സൂക്ഷിപ്പുകാരന്‍, നയതന്ത്ര വിദഗ്ധര്‍, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിധിനികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഇന്ത്യയുടെ പ്രതിനിധിയായി റെയില്‍വേ സഹമന്ത്രി ഇ. അഹമ്മദാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇന്ത്യയിലെ സൗദി അംബാസഡര്‍ ഡോ. ഫൈസല്‍ തറാദും സന്നിഹിതനായിരുന്നു. ചടങ്ങിന് ശേഷം മക്ക ഗവര്‍ണര്‍ കഅ്ബ പ്രദക്ഷിണം നടത്തുകയും നമസ്‌കാരം നിര്‍വഹിക്കുകയും ചെയ്താണ് മടങ്ങിയത്. ചടങ്ങിന്റെ സ്മരണക്കായുള്ള ഉപഹാരം ഇരുഹറം കാര്യാലയ മേധാവി ശൈഖ് സ്വാലിഹ് ബ്‌നു അബ്ദുറഹ്മാന്‍ അല്‍ഹുസൈന്‍ മക്ക ഗവര്‍ണര്‍ക്ക് നല്‍കി.
സംസം വെള്ളവും റോസാപൂവില്‍ നിന്നുള്ള മേത്തരം എണ്ണയും കലര്‍ത്തിയാണ് കഅ്ബയുടെ ഉള്‍ഭാഗവും ചുമരും കഴുകിയത്. പ്രവാചക ചര്യ പിന്‍തുടര്‍ന്ന് പില്‍ക്കാലത്ത് അബ്ദുല്‍ അസീസ് രാജാവിന്റെ കാലം തൊട്ട് വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം കഅ്ബ കഴുകിവരുന്നു. മുഹര്‍റം, ശഅ്ബാന്‍ മാസങ്ങളിലാണ് ഇത് നടക്കാറ്.

Monday, December 20, 2010

മസ്‌കത്തില്‍ ഗതാഗത സൗകര്യ വികസനത്തിന് വന്‍ പദ്ധതികള്‍


മസ്‌കത്ത്: മസ്‌കത്ത് ഗവര്‍ണറേറ്റില്‍ ഗതാഗത സംവിധാനം നവീകരിക്കാനും അടിസ്ഥാന സൗകര്യങ്ങളുടെ വന്‍ തോതിലുള്ള വികസനത്തിനും പദ്ധതികള്‍ തയാറാക്കുന്നു. അനുദിനം വര്‍ധിച്ചുവരുന്ന വാഹനത്തിരക്കും ജനസംഖ്യയും കണക്കിലെടുത്താണിത്. ഇതിനായി വിശദവും ശാസ്ത്രീയവുമായ പഠനം നടത്തും. 2025 വരെയുള്ള മസ്‌കത്തിന്റെ ആവശ്യങ്ങള്‍ മുന്‍കൂട്ടി കണ്ടാണ് വികസന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുക.
ഗവര്‍ണറേറ്റില്‍ നിലവിലെ ഗതാഗത സംവിധാനങ്ങളുടെ നവീകരണം സംബന്ധിച്ച പഠനത്തിനും മറ്റുമായി ഏഴര ലക്ഷം ഒമാനി റിയാല്‍ ചെലവഴിക്കും. ഇതുള്‍പ്പെടെ, മസ്‌കത്ത് ഗവര്‍ണറേറ്റിലും സൊഹാര്‍ വിലായത്തിലും നടപ്പാക്കുന്ന സുപ്രധാന പദ്ധതികള്‍ക്കായി ഞായറാഴ്ച കരാര്‍ ഒപ്പുവെച്ചു. ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് അലി ബിന്‍ ഹമൂദ് ബിന്‍ അലി അല്‍ ബുസഈദിയാണ് വിവിധ കമ്പനികളുടെ പ്രതിനിധികളുമായി കരാറില്‍ ഒപ്പുവെച്ചത്. മസ്‌കത്ത് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ എന്‍ജിനീയര്‍ സുല്‍ത്താന്‍ ബിന്‍ ഹംദൂന്‍ അല്‍ ഹാര്‍തി ഉള്‍പ്പെടെ നിരവധി സമുന്നത വ്യക്തികള്‍ സംബന്ധിച്ചു.
സമീപ കാലത്തായി വിവിധ മേഖലകളില്‍ കൈവരിച്ച വന്‍ വികസനത്തെ തുടര്‍ന്ന് ഗള്‍ഫ് മേഖലയിലെ പ്രധാന ശ്രദ്ധാകേന്ദ്രമായി ഒമാന്‍ മാറിയിട്ടുണ്ട്. മസ്‌കത്ത് ഗവര്‍ണറേറ്റിലെ റോഡുകളില്‍ അനുഭവപ്പെടുന്ന വാഹനത്തിരക്ക്, ഗതാഗത രംഗത്ത് വന്‍ തോതിലുള്ള അടിസ്ഥാന സൗകര്യ വികസനം അനിവാര്യമാക്കിയിട്ടുണ്ട്. അനുദിനം വര്‍ധിച്ചുവരുന്ന ജനസംഖ്യയും നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ കുതിപ്പും ഇതിന് ബലമേകുന്നു. ഈ സാഹചര്യത്തിലാണ് 2025 വരെയുള്ള ആവശ്യങ്ങള്‍ മുന്‍കൂട്ടി കണ്ടുള്ള പദ്ധതികള്‍ തയാറാക്കാന്‍ മുനിസിപ്പാലിറ്റി നടപടി തുടങ്ങിയത്. 2025 വരെ ഗവര്‍ണറേറ്റില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വാഹനങ്ങളുടെ എണ്ണം, ജനസംഖ്യ, നിലവിലെ റോഡുകളുടെ സൗകര്യം, അവയുടെ വികസനം, പുതിയ റോഡുകള്‍, ഭൂമിയുടെ ഉപയോഗം തുടങ്ങി എല്ലാ വശങ്ങളും സ്‌പര്‍ശിക്കുന്ന സമഗ്രവും ശാസ്ത്രീയവുമായ പഠനമാണ് നടത്തുക. ഇത് റോഡ് വികസനത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ലെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ എന്‍ജിനീയര്‍ സുല്‍ത്താന്‍ ബിന്‍ ഹംദൂന്‍ ബിന്‍ ഹാര്‍തി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പൊതുഗതാഗത സംവിധാനം കൂടുതല്‍ ശക്തവും വ്യാപകവുമാക്കാനുള്ള പദ്ധതികളും വരുന്നുണ്ട്. മസ്‌കത്തില്‍ ട്രക്കുകള്‍ക്ക് മാത്രമായി പ്രത്യേക റോഡ് നിര്‍മിക്കുന്ന കാര്യം നേരത്തേ തന്നെ പരിഗണനയിലുണ്ട്. അല്‍ ആമിറാത്ത്-ബോഷര്‍ റോഡ് ഈ മാസം പൂര്‍ണമായും തുറക്കുമെന്ന് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ അറിയിച്ചു.

വീടുകള്‍ അപകടരഹിതമാക്കാന്‍ കര്‍മ പരിപാടികളുമായി സിവില്‍ ഡിഫന്‍സ്


അബൂദബി: രാജ്യത്തെ വീടുകള്‍ അപകടമുക്തമാക്കാനുള്ള കര്‍മ പരിപാടികള്‍ക്ക് സിവില്‍ ഡിഫന്‍സ് ജനറല്‍ ഹെഡ്ക്വാട്ടേഴ്‌സ് രൂപം നല്‍കി. ഇതുമായി ബന്ധപ്പെട്ട ആറ് മാസം നീളുന്ന ബോധവത്കരണ പരിപാടികള്‍ ഇന്ന് തുടങ്ങുമെന്ന് യു.എ.ഇയുടെ സിവില്‍ ഡിഫന്‍സ് ആക്ടിങ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ റാശിദ് താനി അല്‍ മത്‌റൂശി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ സുരക്ഷാ കാമ്പയിന്‍ ആയിരിക്കുമിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്‌യാന്റെയും ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സെയ്ഫ് ബിന്‍ സായിദ് ആല്‍ നഹ്‌യാന്റെയും നിര്‍ദേശപ്രകാരമാണ് 'കുടുംബങ്ങള്‍ വീടുകളില്‍ സുരക്ഷിതരാണ്' എന്ന കാമ്പയിന്‍ രാജ്യവ്യാപകമായി നടത്തുന്നത്.
വീടിന്റെ സുരക്ഷക്കായി എടുക്കേണ്ട മുന്‍കരുതലുകളെ കുറിച്ചും കുടുംബാംഗങ്ങള്‍ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ചുമാണ് ബോധവത്കരിക്കുന്നത്. ഇതിനായി സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ വീടുവീടാന്തരം കയറിയിറങ്ങി ലഘുലേഖകള്‍ വിതരണം ചെയ്യുകയും കുടുംബാംഗങ്ങളുടെ പ്രതികരണം രേഖപ്പെടുത്തുകയും ചെയ്യും.
വീടുകളില്‍ തീപിടിത്തം ഏറി വരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇത്തരം പ്രചാരണ പരിപാടിക്ക് രൂപം നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചപ്പോളാണ് ജീവനും സ്വത്തും നഷ്ടപ്പെടുന്ന അഗ്‌നിബാധകളില്‍ 12 ശതമാനം വീടുകള്‍ കേന്ദ്രീകരിച്ചുള്ളവയാണെന്ന് കണ്ടെത്തിയത്. റാസല്‍ഖൈമയിലെ മാത്രം കണക്കിലെടുത്താല്‍ അത് 36 ശതമാനമാണ്. കുടുംബാംഗങ്ങളെ മുഴുവന്‍ ബോധവത്കരിക്കാതെ ഇതിന് പരിഹാരം കാണാനാവില്ല എന്ന് തിരിച്ചറിഞ്ഞതിനാലാണ് എല്ലാ വീടുകളും കേന്ദ്രീകരിച്ച് പ്രചാരണം നടത്താന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അറബിയിലും ഇംഗ്ലീഷിലുമായി 42 ലക്ഷം സുരക്ഷാ ബോധവത്കരണ ലഘുലേഖകള്‍ കാമ്പയിന്റെ ഭാഗമായി വിതരണം ചെയ്യും. കുട്ടികള്‍ക്ക് കളിക്കോപ്പുകളും മറ്റും വിതരണം ചെയ്യുന്നുമുണ്ട്. ഓരോ വീടുകളിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെത്തി തീപിടിത്തവും മറ്റ് അപകടങ്ങളും ഉണ്ടാകാന്‍ സാധ്യതയുള്ള കാരണങ്ങള്‍ വിശദീകരിക്കുകയും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യും.
വീട്ടുകാരുടെ അജ്ഞതയും അശ്രദ്ധയും വേണ്ട മുന്‍കരുതല്‍ എടുക്കാത്തതുമാണ് വീടുകളിലെ തീപിടിത്തങ്ങള്‍ക്ക് പ്രധാന കാരണമായി പഠനത്തില്‍ കണ്ടെത്തിയത്. പഴയ വീടുകളിലെ അഗ്‌നിശമന സംവിധനങ്ങളുടെ അഭാവമാണ് മറ്റൊരു കാരണം. മോശം വൈദ്യുതീകരണവും കേടുവന്ന ഇലക്‌ട്രോണിക് ഗൃഹോപകരണങ്ങളും ഗ്യാസ് കണക്ഷനിലെ അപാകതയും അനുമതിയില്ലാതെ വീടുകളില്‍ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുമൊക്കെ ദുരന്തങ്ങള്‍ക്ക് വഴിവെക്കുന്നുണ്ട്.
ഓരോ എമിറേറ്റിലെയും നഗരത്തിലെയും സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ക്കാണ് കാമ്പയിന്റെ ചുമതല. അതത് സെക്ടറിലെ കമാന്‍ഡറും ഡെപ്യൂട്ടി കമാന്‍ഡറും മറ്റ് ഉദ്യോഗസ്ഥരുമാണ് വീടുകള്‍ തോറും പ്രചാരണം നടത്തുക. കാമ്പയിന്റെ ലക്ഷ്യം വിശദീകരിക്കേണ്ട ചുമതലയാണ് കമാന്‍ഡര്‍ക്ക്.
ഡെപ്യൂട്ടി കമാന്‍ഡര്‍ വീട്ടുടമയുടെ അല്ലെങ്കില്‍ ഗൃഹനാഥന്റെ അനുമതിയോടെ വീട് ചുറ്റിക്കണ്ട് അപാകതകളും മുന്‍കരുതല്‍ മാര്‍ഗങ്ങളും വിശദീകരിക്കും. ഇതിന്റെ വിവരങ്ങള്‍ നിര്‍ദിഷ്ട ഫോമില്‍ രേഖപ്പെടുത്തി ഒരു കോപ്പി ഗൃഹനാഥനും മറ്റൊരു കോപ്പി സിവില്‍ ഡിഫന്‍സ് സെന്ററിനും നല്‍കും. കാമ്പയിനെ കുറിച്ചുള്ള വീട്ടുകാരുടെ അഭിപ്രായവും രേഖപ്പെടുത്തും. ഇംഗ്ലീഷിലും അറബിയിലും തയാറാക്കിയ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍, എന്റെ വീട് സുരക്ഷിതമാണ്, എന്റെ കുട്ടികള്‍ സുരക്ഷിതരാണ്, എന്റെ അടുക്കള സുരക്ഷിതമാണ്, എന്റെ ടെന്റ് സുരക്ഷിതമാണ്, ഊര്‍ജ സംരക്ഷണ പൊടിക്കൈകള്‍ എന്നീ ലഘുലേഖകളും വിതരണം ചെയ്യും. 'ഈ വീട് പരിശോധിച്ചു' എന്ന സ്റ്റിക്കറും വാതിലില്‍ സ്ഥാപിക്കും. പൂട്ടിക്കിടക്കുന്ന വീടുകളുടെ വാതിലില്‍ ലഘുലേഖകളടങ്ങിയ ബാഗ് വെക്കുമെന്നും അദ്ദേഹം പറഞ്ഞു.

പോത്തുകല്ലില്‍ നാട്ടുകാര്‍ കള്ളുഷാപ്പുകള്‍ അടപ്പിച്ചു

എടക്കര: പോത്തുകല്ലില്‍ തുറന്ന കള്ളുഷാപ്പുകള്‍ നാട്ടുകാര്‍ അടപ്പിച്ചു. ഞായറാഴ്ച രാവിലെ 7.30ഓടെയാണ് പൊലീസ് സംരക്ഷണത്തില്‍ ഷാപ്പ് തുറന്നത്. വിവരമറിഞ്ഞ നാട്ടുകാര്‍ സംഘടിച്ച് ഷാപ്പ് അടപ്പിക്കുകയായിരുന്നു.
നാട്ടുകാര്‍ ലൈസന്‍സ് ആവശ്യപ്പെട്ടെങ്കിലും നടത്തിപ്പുകാര്‍ക്ക് നല്‍കാനായില്ല. ഷാപ്പിന്റെ ലൈസന്‍സ് തൃശൂര്‍ സ്വദേശിനിയുടെ പേരിലാണ്. പോത്തുകല്ല് ഷാപ്പ് അടപ്പിച്ച് നാട്ടുകാര്‍ വെള്ളിമുറ്റത്തെ ഷാപ്പിനു നേരെയും പ്രതിഷേധവുമായെത്തി അടപ്പിച്ചു. ഈ ഷാപ്പിനും ലൈസന്‍സ് ഇല്ലെന്ന് പറയുന്നു.

മണല്‍വേട്ടക്കെത്തിയ തഹസില്‍ദാെറ തടഞ്ഞു; പൊന്നാനിയില്‍ ലാത്തിച്ചാര്‍ജ്

പൊന്നാനി: കുറ്റിക്കാട്ടുള്ള നഗരസഭാ ശ്മശാനത്തിന് സമീപം ഭാരതപ്പുഴയില്‍ പൊലീസും റവന്യു ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയില്‍ ഏഴു മണല്‍ തോണി പിടികൂടി. സ്ഥലത്തെത്തിയ തഹസില്‍ദാര്‍ കെ. മൂസക്കുട്ടിയെ മണല്‍ മാഫിയ തടഞ്ഞുവെച്ചതിനെത്തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഞായറാഴ്ച പുലര്‍ച്ചെ ആറോടെയാണ് സംഭവം. കലക്ടറുടെ നിര്‍ദേശപ്രകാരമാണ് പരിശോധന നടത്തിത്.
ബിയ്യംകായല്‍ വിനോദ സഞ്ചാര കേന്ദ്രത്തിലെ രണ്ട് സ്‌പീഡ് ബോട്ടുകളിലാണ് പൊലീസും റവന്യു അധികൃതരും പരിശോധനക്കെത്തിയത്. പിടികൂടിയ ഏഴ് തോണികള്‍ കടവിനടുത്ത്‌വെച്ച് ജെ.സി.ബി ഉപയോഗിച്ച് പൊളിച്ച് നീക്കി.
ഞായറാഴ്ച അതിരാവിലെ പൊലീസും റവന്യു ഉദ്യോഗസ്ഥരും കനോലി കനാല്‍ വഴി രണ്ട് സ്‌പീഡ് ബോട്ടുകളി ല്‍ കുറ്റിക്കാട് ശ്മശാനത്തിനടുത്തുള്ള പുഴയിലെത്തുകയായിരുന്നു. അധികൃതരെ കണ്ടതോടെ പുഴയില്‍നിന്ന് മണല്‍വാരുകയായിരുന്ന 15 ഓളം തോണികളിലെ തൊഴിലാളികള്‍ പരിഭ്രാന്തരായി. ഇതില്‍ എട്ടോളം തോണികള്‍ തൊഴിലാളികള്‍ പുഴയില്‍ മുക്കി പുറത്തൂര്‍ ഭാഗത്തേക്ക് നീന്തിക്കയറി. മറ്റുള്ള തോണികളിലെ തൊഴിലാളികളും നീന്തി രക്ഷപ്പെട്ടു. പിടികൂടിയതില്‍ രണ്ട് തോണികള്‍ യമഹ എന്‍ജിന്‍ ഘടിപ്പിച്ചതാണ്.
കക്ക വാരാന്‍ ലൈസന്‍സുള്ള യമഹ ഘടിപ്പിച്ച ഒരു തോണി വിട്ടുകൊടുത്തുവെന്ന് പൊലീസ് പറഞ്ഞു. ബാക്കിയുള്ള തോണികള്‍ സിവില്‍ സ്‌റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു. പക്ഷേ, ഇത് ബുദ്ധിമുട്ടായതിനാല്‍ പുഴയോരത്ത് വെച്ചുതന്നെ ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചുനീക്കുകയായിരുന്നു. ഇതിനിടെ ഒരു സംഘമാളുകള്‍ സ്ഥലത്തെത്തിയ തഹസില്‍ദാറെ വളഞ്ഞപ്പോഴാണ് പൊലീസ് ലാത്തി വീശിയത്. എസ്.ഐ കെ. മാധവന്‍കുട്ടി, കോണ്‍സ്റ്റബിള്‍മാരായ അനില്‍, മധു, ഖാലിദ്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ സത്യാനന്ദ്, മോനിച്ചന്‍, ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മണല്‍ വേട്ട. അതേസമയം, പൊലീസ് പുഴയില്‍ നിന്ന് പിടികൂടിയത് യമഹ ഘടിപ്പിച്ച രണ്ട് തോണി മാത്രമാണെന്നും ബാക്കി അഞ്ചെണ്ണം മണല്‍ക്കടവില്‍ കെട്ടിയിട്ട തോണികളാണെന്നും മണല്‍ തൊഴിലാളികള്‍ പറയുന്നു.

അലീഗഢ് മലപ്പുറം കേന്ദ്രം: പ്രഥമ പ്രവേശ പരീക്ഷ പൂര്‍ത്തിയായി

ഫറോക്ക്: മലപ്പുറത്തെ അലീഗഢ് പ്രത്യേക കേന്ദ്രത്തില്‍ തുടങ്ങുന്ന കോഴ്‌സുകള്‍ക്കുള്ള പ്രവേശ പരീക്ഷ ഫാറൂഖ് കോളജില്‍ പൂര്‍ത്തിയായി. മലപ്പുറം കേന്ദ്രത്തില്‍ ജനുവരി മധ്യത്തില്‍ തുടങ്ങുന്ന പ്രഥമ കോഴ്‌സുകളിലേക്കുള്ള പരീക്ഷ കൂടിയാണിത്. എം.ബി.എ, ബി.എ എല്‍. എല്‍.ബി എന്നീ രണ്ട് കോഴ്‌സുകളിലേക്കാണ് പരീക്ഷ. ലക്ഷദ്വീപില്‍ നിന്നുള്‍പ്പെടെയുള്ള വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. രാവിലെ നടന്ന എം.ബി.എ പരീക്ഷയില്‍ 235 പേരാണ് എത്തിയത്. ഉച്ചക്കുശേഷം നടന്ന ബി.എ എല്‍.എല്‍.ബി പരീക്ഷയില്‍ 101 പേര്‍ പങ്കെടുത്തു. അലീഗഢ് സര്‍വകലാശാല കോഴ്‌സുകള്‍ക്കുള്ള സംസ്ഥാനത്തെ ഏക പരീക്ഷാകേന്ദ്രമാണ് ഫാറൂഖ് കോളജ്. ഫാറൂഖ് കോളജ് പ്രിന്‍സിപ്പല്‍ കൂടിയായ പ്രഫ. എ. കുട്ട്യാലിക്കുട്ടിയായിരുന്നു പരീക്ഷാ സൂപ്രണ്ട്. മലപ്പുറം പ്രത്യേക കേന്ദ്രം സ്‌പെഷല്‍ ഓഫിസര്‍ എച്ച്.എസ്.എ യഹ്‌യ ഉള്‍പ്പെടെ അഞ്ചുപേര്‍ നേതൃത്വം നല്‍കി.

അലീഗഢ് പ്രത്യേക കേന്ദ്രം: വിദ്യാര്‍ഥികള്‍ക്ക് ചുരുങ്ങിയ കോഴ്‌സ് ഫീ


പെരിന്തല്‍മണ്ണ: അലീഗഢ് സര്‍വകലാശാല കോഴ്‌സ് ഫീസായി വിദ്യാര്‍ഥികളില്‍നിന്ന് ഈടാക്കുന്നത് ചുരുങ്ങിയ സംഖ്യ. ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികള്‍ക്ക് ഫീസില്‍ നേരിയ ഇളവുണ്ട്. അലീഗഢില്‍നിന്ന് യോഗ്യതാ പരീക്ഷ വിജയിച്ചവര്‍ക്കും ഫീസില്‍ ഇളവുകളുണ്ട്.
ജനുവരിയില്‍ അധ്യയനം ആരംഭിക്കാനിരിക്കുന്ന മലപ്പുറം പ്രത്യേക കേന്ദ്രത്തില്‍ ആദ്യഘട്ടത്തില്‍ ബി.എ. എല്‍.എല്‍.ബി, എം.ബി.എ കോഴ്‌സുകളാണുണ്ടാവുക. ഓരോന്നിലും 60 പേര്‍ക്ക് പ്രവേശമുണ്ടാകും. പത്ത് സെമസ്റ്ററുള്ള ബി.എ.എല്‍.എല്‍.ബി പഞ്ചവത്സര കോഴ്‌സാണ്. നാല് സെമസ്റ്ററുകളുള്ള എം.ബി.എ ദ്വിവത്സര കോഴ്‌സും.
താല്‍ക്കാലിക കേന്ദ്രത്തിനായി പെരിന്തല്‍മണ്ണ കോടതിപ്പടിയിലെ കെട്ടിടത്തിന്റെ മിനുക്കുപണികള്‍ ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒലിങ്കരയിലും ചെറുകരയിലുമായി ഹോസ്റ്റല്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ബി.എ.എല്‍.എല്‍.ബിക്ക് ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന ആണ്‍കുട്ടികള്‍ക്ക് 7320 രൂപയും പെണ്‍കുട്ടികള്‍ക്ക് 6856 രൂപയുമാണ് കോഴ്‌സ് ഫീ. അലീഗഢില്‍നിന്ന് യോഗ്യതാ പരീക്ഷ വിജയിച്ചവര്‍ക്ക് 700 രൂപയുടെ ഇളവുണ്ട്.
താമസ സൗകര്യം ഉപയോഗപ്പെടുത്താത്ത ആണ്‍കുട്ടികള്‍ക്ക് 6570ഉം പെണ്‍കുട്ടികള്‍ക്ക് 6106ഉം ആണ് ഫീസ്. അലീഗഢില്‍നിന്ന് യോഗ്യതാ പരീക്ഷ വിജയിച്ചവര്‍ക്ക് 750 രൂപ കുറവാണ്.
എം.ബി.എക്ക് ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന ആണ്‍കുട്ടികള്‍ക്ക് 9520ഉം പെണ്‍കുട്ടികള്‍ക്ക് 9056ഉം രൂപയാണ് ഫീസ്. അലീഗഢില്‍നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും 8770 രൂപയാണ് കോഴ്‌സ് ഫീ.
ഹോസ്റ്റല്‍ സൗകര്യം ഉപയോഗപ്പെടുത്താത്ത ആണ്‍കുട്ടികള്‍ക്ക് 9070ഉം പെണ്‍കുട്ടികള്‍ക്ക് 8606 രൂപയും ഫീസ് അടക്കണം. അലീഗഢില്‍നിന്ന് ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് 8320 രൂപയുമാണ് ഫീസ്.
ഈ ഫീസ് അഡ്മിഷനോടൊപ്പം തന്നെ അടക്കേണ്ടിവരും. ഹോസ്റ്റല്‍, പരീക്ഷാ ഫീസ് തുടങ്ങി ചുരുങ്ങിയ സംഖ്യ മാത്രമാണ് വര്‍ഷത്തില്‍ ഇതിന് പുറമെ വിദ്യാര്‍ഥികള്‍ക്ക് അടക്കേണ്ടിവരിക.

മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ സി.ടി സ്‌കാനും എ.സി.ആര്‍ ലാബും ഉദ്ഘാടനം ചെയ്തു

മഞ്ചേരി: മഞ്ചേരി ഗവ. ജനറല്‍ ആശുപത്രിയില്‍ കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സി.ടി. സ്‌കാന്‍ സെന്ററും അഡ്വാന്‍സ്ഡ് ക്ലിനിക്(എ.സി.ആര്‍) ലബോറട്ടറിയും ആരോഗ്യമന്ത്രി പി.കെ. ശ്രീമതി ഉദ്ഘാടനംചെയ്തു. പി.കെ. അബ്ദുറബ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട്, മുനിസിപ്പല്‍ ചെയര്‍മാന്‍ ഇസ്ഹാഖ് കുരിക്കള്‍. കെ.എച്ച്.ആര്‍.ഡബ്ല്യു.എസ് എം.ഡി ശ്രീപാല്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ എം.കെ. ജീവന്‍, മംഗലം ഗോപിനാഥ്, പ്രൊഫ. പി. ഗൗരി, അഡ്വ. ബാബുകാര്‍ത്തികേയന്‍, കെ.എം. ജോസ്, ടി.കെ. അലവിക്കുട്ടി, അഡ്വ. ടി.പി. രാമചന്ദ്രന്‍, അഡ്വ. പി.എം. സഫറുള്ള, കെ.ബി. ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഡി.എം.ഒ ഡോ. സുരേശന്‍ സ്വാഗതവും ജനറല്‍ ആസ്​പത്രി സൂപ്രണ്ട് ഡോ. എ. പാര്‍വതി നന്ദിയും പറഞ്ഞു. 1. 44 കോടിരൂപ സി.ടി സ്‌കാന്‍ ഏര്‍പ്പെടുത്താനും നാലരലക്ഷംരൂപ ലാബിനും ചെലവഴിച്ചിട്ടുണ്ട്.

Saturday, December 18, 2010

ഭൂരിപക്ഷം മുസ്‌ലിംകളും തീവ്രവാദത്തില്‍ ആകൃഷ്ടരല്ല: വിക്കിലീക്ക്‌സ്


ലണ്ടന്‍ : ഇന്ത്യയിലെ 150 ദശലക്ഷം വരുന്ന മുസ്്‌ലിംകളില്‍ ഭൂരിപക്ഷവും തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെടാത്തവരാണെന്ന് വിക്കിലീക്ക്‌സ് വെളിപ്പെടുത്തല്‍. വിഘടനവാദവും മതതീവ്രവാദവും ഇന്ത്യയിലെ ചെറിയ ശതമാനം മുസ്‌ലിംകളെ മാത്രമേ സ്വാധീനിക്കുന്നുള്ളുവെന്നും മറ്റുള്ളവര്‍ വിശാല ചിന്താഗതിക്കാരാണെന്നുമുളള മുന്‍ യു.എസ് പ്രതിനിധി ഡേവിഡ് മല്‍ഫഡിന്റെ പരാമര്‍ശങ്ങളടങ്ങിയ രേഖകളാണ് വിക്കീലീക്ക്‌സ് ഏറ്റവും പുതുതായി പുറത്തുവിട്ടിരിക്കുന്നത്.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയും വൈവിധ്യമാര്‍ന്ന ജനാധിപത്യ സംവിധാനവും സംസ്‌കാരവും മുസ്ലിംകളെ പുരോഗതിയിലേക്ക് നയിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടെന്നും അവരെ മുഖ്യധാരയില്‍ നിന്ന് അകന്നു പോവാതെ ചേര്‍ത്തു നിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും രേഖകളില്‍ പറയുന്നു. മുസ്്‌ലിം യുവാക്കളും മുഖ്യധാരയോടൊപ്പം സഞ്ചരിക്കുന്നവരാണ. ബഹുഭൂരിപക്ഷം മുസ്ലിംകളും രാജ്യത്തെ രാഷ്ട്രീയ- സാമ്പത്തിക ജീവിതമേഖലകളില്‍ സജീവസാന്നിധ്യമാണ്. ഇതിന് പുറമെ നിരവധി മുസ്‌ലിം മത- രാഷ്ട്രീയ- സാംസ്‌കാരിക സംഘടനകളും രാജ്യത്ത് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നുണ്ട്.

രാജ്യത്തെ ജനാധിപത്യ സംസ്‌കാരത്തില്‍ മുസ്ലിം സമുദായത്തിന്റെ സാന്നിധ്യം ഒഴിവാക്കാവാവത്തതാണ്. രാഷ്ട്രീയകാര്യങ്ങളില്‍ അവരുടെ ശബ്ദം ഉറപ്പാക്കാന്‍ രാജ്യം ശ്രമിച്ചിട്ടുണ്ട്. അവസാനമായി നടന്ന തെരഞ്ഞെടുപ്പില്‍ പോലും മുസ്‌ലിം സമുദായത്തിന്റെ വോട്ടകള്‍ പ്രധാനചര്‍ച്ചാ വിഷയമായിരുന്നു. മുന്‍ പ്രസിഡന്റ് എ.പി.ജെ അബ്ദുല്‍ കലാമിനെ പോലുള്ളവര്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പദവിയിലെത്തിയിട്ടുണ്ട്. എന്നാല്‍ ഇവയെല്ലാം തന്നെ തീവ്രവാദത്തിന്റെ പേരില്‍ വിട്ടുകളയുകയാണ്- രേഖകള്‍ പറയുന്നു.

ഇതിന് പുറമെ ഇന്ത്യയിലെ മതേതരത്വ സ്വഭാവമുള്ള വിദ്യാഭ്യാസ സംവിധാനം പിന്നാക്കം പോകുന്ന മുസ്ലിം വിദ്യാര്‍ഥികളെ മുഖ്യധാരയിലെത്തിക്കുന്നുണ്ട്. കായിക- വിനോദ മേഖലകളില്ലെല്ലാം തന്നെ നിരവധി മുസ്‌ലിം പ്രതിഭകളുണ്ട്. സാനിയ മിര്‍സ, ഷാരൂഖ് ഖാന്‍ തുടങ്ങിയവര്‍ രാജ്യത്തിന്റെ യശസ്സ് വാനോളമുയര്‍ത്തിയ പ്രഗത്ഭരാണ്. പുതിയ മുസ്്‌ലിം യുവത്വം മനസ്സിലാക്കേണ്ടത് അവര്‍ ആദ്യം ഇന്ത്യക്കാരാണെന്നും പിന്നീടാണ് മുസ്ലിംകളെന്നുമാണെന്നും വിക്കിലീക്ക്‌സിന്റെ രേഖകളില്‍ പറയുന്നു.

കാവിഭീകരത കൂടുതല്‍ ആപത്ത് -രാഹുല്‍


ന്യൂദല്‍ഹി: മുസ്‌ലിം തീവ്രവാദത്തേക്കാള്‍ രാജ്യത്തിന് ഭീഷണി ഹിന്ദുത്വ ഭീകരവാദമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി യു.എസ് അംബാസഡര്‍ ടിം റോമറിന് മുന്നറിയിപ്പ് നല്‍കിയതായി വിക്കിലീക്‌സ് വെളിപ്പെടുത്തല്‍. 2009 ജൂലൈ ഒമ്പതിന് പ്രധാനമന്ത്രിയുടെ വസതിയില്‍ ഒരുക്കിയ ഉച്ചവിരുന്നിനിടെ മേഖലയില്‍ ലശ്കര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും അത് ഇന്ത്യക്കു നേരെ ഉയര്‍ത്തുന്ന ഭീഷണിയും സംബന്ധിച്ച യു.എസ് അംബാസഡറുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ലശ്കറെ ത്വയ്യിബക്ക് ഇന്ത്യയില്‍ മുസ്‌ലിംകളില്‍പെട്ട ചിലരുടെ സഹായം ലഭിക്കുന്നതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍, വര്‍ധിച്ചു വരുന്ന ഹൈന്ദവ തീവ്രവാദം ഇതിനേക്കാള്‍ വലിയ ഭീഷണിയാണ്. രാജ്യത്ത് രാഷ്ട്രീയ സാമുദായിക സംഘര്‍ഷം പടര്‍ത്താന്‍ കാവിഭീകരത പങ്കു വഹിക്കുന്നതായും രാഹുല്‍ റോമറിനോട് പറഞ്ഞു.
ദല്‍ഹിയിലെ യു.എസ് എംബസിയില്‍ നിന്ന് അയച്ച സന്ദേശങ്ങളാണ് വിക്കിലീക്‌സ് ചോര്‍ത്തി പുറത്തുവിട്ടത്. മുംബൈ ആക്രമണത്തിനു ശേഷം സാമുദായിക പ്രീണനത്തിന് കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്ന് വിക്കിലീക്‌സ് നേരത്തേ പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കിയിരുന്നു.
ഇന്നലെ രേഖകള്‍ പുറത്തുവന്ന ഉടന്‍ ബി.ജെ.പിയും മറ്റും രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശം അഴിച്ചുവിട്ടതോടെ നയം വ്യക്തമാക്കാന്‍ രാഹുല്‍ ഗാന്ധി നിര്‍ബന്ധിതനായി. രേഖകള്‍ പുറത്തുവിട്ടതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആദ്യപ്രതികരണം. ലശ്കറിനേക്കാള്‍ ഹിന്ദുത്വ തീവ്രവാദികളാണ് ആപത്കരമെന്ന രീതിയില്‍ രാഹുല്‍ നടത്തിയ പ്രസ്താവനയെ ബി.ജെ.പി പ്രചാരണായുധമാക്കുമെന്നു കണ്ടാണ് വിശദീകരണം പുറപ്പെടുവിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടതെന്നറിയുന്നു. ഭീകരവാദത്തിന്റെയും വര്‍ഗീയതയുടെയും എല്ലാ രൂപങ്ങളും രാജ്യത്തിന് ഭീഷണിയാണെന്ന് വിശദീകരണ കുറിപ്പില്‍ രാഹുല്‍ വ്യക്തമാക്കി.
ആരു തന്നെ നടത്തിയാലും ഭീകരതക്കും വര്‍ഗീയതക്കുമെതിരെ ശക്തമായ ജാഗ്രത പുലര്‍ത്താന്‍ നമുക്കു കഴിയണം-രാഹുല്‍ ഗാന്ധിക്കുവേണ്ടി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജനാര്‍ദന ദ്വിവേദിയാണ് പ്രസ്താവന പുറത്തിറക്കിയത്്.
വസ്തുതകള്‍ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നായിരുന്നു വിക്കിലീക്‌സ് രേഖകള്‍ പുറത്തുവന്ന ഉടന്‍ വെള്ളിയാഴ്ച രാവിലെ കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്‌വി പ്രതികരിച്ചത്. യഥാര്‍ഥ വസ്തുത വെളിപ്പെടേണ്ടതുണ്ടെന്ന അഭിപ്രായമാണ് ജനാര്‍ദന ദ്വിവേദിയും ആദ്യം പ്രകടിപ്പിച്ചത്.

നിയമന തട്ടിപ്പ്: മലപ്പുറം പി.എസ്.സി ഓഫിസില്‍ പരിശോധന അനുവദിച്ചില്ല

മലപ്പുറം: കഴിഞ്ഞ പത്ത് വര്‍ഷം ജില്ലയില്‍ റവന്യു വകുപ്പില്‍ നടന്ന നിയമനങ്ങളിലെ തട്ടിപ്പ് കണ്ടെത്താന്‍ വെള്ളിയാഴ്ച ജില്ലാ പി.എസ്.സി ഓഫിസില്‍ നടത്താന്‍ നിശ്ചയിച്ച പരിശോധന നടന്നില്ല. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ സുന്ദരന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം എത്തിയെങ്കിലും പി.എസ്.സി ഓഫിസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കാന്‍ അനുവദിച്ചില്ല. സംഘത്തിന്റെ കൂടെ മാധ്യമ പ്രവര്‍ത്തകരുടെ സാന്നിധ്യവും പി.എസ്.സി ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചു.
ഒ. വിജയകുമാര്‍, ഹംസ, പ്രസാദ്, സുരേഷ്ബാബു എന്നിവരാണ് പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നത്. ഇവരെ ഏറെ താമസിയാതെ മടക്കിയയച്ചു. 2005 മുതല്‍ അഞ്ച് വര്‍ഷം റവന്യു വകുപ്പില്‍ നടന്ന നിയമനങ്ങളുടെ പട്ടികയാണ് ആദ്യം ആവശ്യപ്പെട്ടിരുന്നതെന്നും അത് തയാറാക്കി നല്‍കുമെന്നും ജില്ലാ പി.എസ്.സി ഓഫിസര്‍ ശൈലജാ ദേവി പറഞ്ഞു. എന്നാല്‍, പരിശോധനക്ക് എത്തിയവര്‍ 2001-2005 കാലത്തെ നിയമനങ്ങളുടെ പട്ടിക ആവശ്യപ്പെട്ടു. പി.എസ്.സി റവന്യു വകുപ്പിലെ നിയമനങ്ങള്‍ മാത്രമല്ല നടത്തുന്നത്.
വിവിധ വകുപ്പുകളിലെ നിയമനം കൈകാര്യം ചെയ്യുന്നതിനാല്‍ മുന്‍കൂട്ടി ആവശ്യപ്പെടാതെ പട്ടിക നല്‍കാനും പരിശോധന അനുവദിക്കാനും സാങ്കേതികമായി പ്രയാസമുണ്ട്. ഇക്കാര്യം ഉദ്യോഗസ്ഥ സംഘത്തെ ബോധിപ്പിച്ച് തിരിച്ചയക്കുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു.പി.എസ്.സി തയാറാക്കിയ പട്ടിക തരാമെന്ന് ഏറ്റിട്ടുണ്ടെന്നും അതേസമയം പി.എസ്.സി ഓഫിസില്‍ ചെന്ന് രേഖ പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും എ.ഡി.എം പി. അബ്ദുറഹ്മാന്‍ പറഞ്ഞു. പി.എസ്.സി തയാറാക്കിയ പട്ടിക ലഭിച്ചാല്‍ പരിശോധിച്ച് നിയമനങ്ങളുടെ സാധുത ഉറപ്പ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ജനകീയ കൂട്ടായ്മയില്‍ ഉയര്‍ത്തിയ അഞ്ചുനില ബ്ലോക്ക് രോഗികള്‍ക്ക് ലഭിച്ചില്ല


മഞ്ചേരി: ക്ലാസ് മുറികളില്‍നിന്നടക്കം ചില്ലറത്തുട്ടുകള്‍ സ്വരൂപിച്ച് മലപ്പുറത്തിന്റെ ജനകീയ കൂട്ടായ്മയില്‍ യാഥാര്‍ഥ്യമാക്കിയ മഞ്ചേരി ജനറല്‍ ആശുപത്രി പുതിയ അഞ്ചുനില ബ്ലോക്ക് ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷം പിന്നിട്ടിട്ടും രോഗികള്‍ക്ക് തുറന്നുകൊടുത്തില്ല. കെ.എച്ച്. ആര്‍. ഡബ്ല്യു.എസിന്റെ നേതൃത്വത്തില്‍ സജ്ജീകരിച്ച പണം ഈടാക്കിയുള്ള സി.ടി സ്‌കാന്‍ യൂനിറ്റ് ശനിയാഴ്ച ഉച്ചക്ക് മൂന്നിന് ആരോഗ്യമന്ത്രി പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്യും. 2009 ജനുവരി രണ്ടിന് ബ്ലോക്ക് ഉദ്ഘാടനം നിര്‍വഹിച്ച് മടങ്ങിയ മന്ത്രി ശനിയാഴ്ചയാണ് വീണ്ടും ഇവിടെയെത്തുന്നത്. ആശുപത്രി കെട്ടിടത്തോടൊപ്പം ഒന്നാം നിലയിലെ 12 ഓപറേഷന്‍ തിയറ്ററുകളടങ്ങിയ ഹാള്‍ രണ്ട് മാസംകൊണ്ട് പ്രവര്‍ത്തനസജ്ജമാകുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഒരു വര്‍ഷമായിട്ടും അഞ്ചുനില കെട്ടിടം രോഗികള്‍ക്ക് തുറന്നുകൊടുത്തിട്ടില്ല. ജില്ലാ പഞ്ചായത്ത് ഭരണത്തിന്റെ സാരഥ്യം വഹിച്ചിരുന്നവരാണ് കൂട്ടായ്മക്ക് ചുക്കാന്‍ പിടിച്ചിരുന്നത്. സംരംഭം ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്നുണ്ടോ എന്ന് നോക്കാന്‍ പിന്നീടാരും തിരിഞ്ഞുനോക്കിയില്ല. നിയന്ത്രണം ഉദ്യോഗസ്ഥരുടെ കൈകളിലേക്ക് നല്‍കിയതോടെ സംരംഭം തുടങ്ങിയേടത്തുതന്നെയായി. അഞ്ചുവര്‍ഷത്തിനിടെ ജനറല്‍ ആശുപത്രിയില്‍ ആരോഗ്യവകുപ്പ് അനുവദിച്ച ഫണ്ടുകളെയും പദ്ധതികളെയും സംബന്ധിച്ച് ആരോഗ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് രണ്ടു ദിവസം മുമ്പ് തിരക്കിയിരുന്നു. ഈ പദ്ധതികളുടെയും ഫണ്ടിന്റെയും കണക്ക് ശനിയാഴ്ച നടക്കുന്ന ലാബ് ഉദ്ഘാടന ചടങ്ങില്‍ വീണ്ടും നിരത്തിയേക്കും.കാറ്റും വെളിച്ചവും കിട്ടാത്ത പഴയ കെട്ടിടത്തിന്റെ വരാന്തകളിലും മറ്റും കൈകാല്‍ മുറിഞ്ഞും വേദന തിന്നും കിടക്കുന്ന രോഗികള്‍ ദയനീയ കാഴ്ചയാണ്. വാര്‍ഡുകളിലും വരാന്തകളിലുമടക്കം ഇടംപിടിക്കുകയാണ് ഗര്‍ഭിണികള്‍. പ്രസവ വാര്‍ഡ്, ഓപറേഷന്‍ തിയറ്റര്‍ ഇല്ലാതെ പഴഞ്ചന്‍ ഉപകരണങ്ങളും ഫര്‍ണിച്ചറുകളുമടങ്ങുന്ന പ്രസവമുറി തുടങ്ങിയവക്കെല്ലാം പുതിയ കെട്ടിടം വരുന്നതോടെ മാറ്റമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. കെട്ടിടം നവീകരണത്തിന് സര്‍ക്കാര്‍ അനുവദിച്ച ഒരു കോടിയെക്കുറിച്ച് ഒരു വര്‍ഷം മുമ്പ് മന്ത്രി ആശുപത്രിയിലെത്തിയപ്പോഴും വാചാലയായിരുന്നു. പക്ഷേ, ്രപശ്‌നങ്ങള്‍ ഒന്നുപോലും പരിഹരിക്കപ്പെട്ടില്ല.ആറ് ഡോക്ടര്‍മാര്‍ വേണ്ട അത്യാഹിത വിഭാഗം രണ്ട് താല്‍ക്കാലികക്കാരെവെച്ച് പ്രവര്‍ത്തിക്കുകയാണ്. സ്‌പെഷാലിറ്റി കേഡര്‍ സംവിധാനം വഴി 51 ഡോക്ടര്‍മാരുടെ തസ്തികയുണ്ടാക്കിയെങ്കിലും ചുമതലയില്‍ 30 പേര്‍ മാത്രം. പുതിയ ഓപറേഷന്‍ തിയറ്ററിലേക്ക് ആവശ്യമുള്ള സാമഗ്രികള്‍ മാസങ്ങള്‍ക്ക് മുമ്പെത്തിയിട്ടും ബന്ധപ്പെട്ടവരോട് അന്വേഷിച്ചാല്‍ 'താനീ നാട്ടുകാരനല്ലെന്ന' വിധമാണ് മറുപടി. സന്നദ്ധ സംഘടനകള്‍ സ്‌പോണ്‍സര്‍ ചെയ്തതും പുതുതായി വാങ്ങിയതുമായ കട്ടിലും കിടക്കകളും പുതിയ കെട്ടിടത്തിന്റെ വരാന്തകളില്‍ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുകയാണ്. ഐ.സി.യു യാഥാര്‍ഥ്യമായിട്ടില്ല. എക്‌സ്‌റേ, ഇ.സി.ജി വിഭാഗങ്ങളില്‍ വേണ്ടത്ര ആളില്ല. താല്‍ക്കാലികമായോ കരാര്‍ വ്യവസ്ഥയിലോ 110 പേര്‍ ജോലിചെയ്യുന്നുണ്ട് ഇവിടെ. ജനറല്‍ ആശുപത്രിയാക്കി ഉയര്‍ത്തിയതല്ലാതെ സ്റ്റാഫ് പാറ്റേണ്‍ നടപ്പായിട്ടില്ല. ഇതിന് ഒന്നര വര്‍ഷം മുമ്പ് നല്‍കിയ അപേക്ഷ ഇപ്പോഴും ആരോഗ്യ മന്ത്രിയുടെ മേശപ്പുറത്ത് കാണണം.

പൊലീസ് വേഷം ധരിച്ച് പണം തട്ടിയ കേസിലെ പ്രതികള്‍ പിടിയില്‍


പാണ്ടിക്കാട്: പൊലീസ് വേഷമണിഞ്ഞ് വാഹനം തടഞ്ഞുനിര്‍ത്തി കുഴല്‍പ്പണം തട്ടുന്ന കേസിലെ രണ്ട് പ്രതികളെ കൂടി പാണ്ടിക്കാട് സി.ഐ എം. ഉല്ലാസ് കുമാറും സംഘവും പിടികൂടി. കോട്ടയം ജില്ലക്കാരായ സംക്രാന്തി സ്വദേശി തിരുട്ടുമാലിയില്‍ അബ്ദുല്‍സലാം (51) നനാടന്‍ സ്വദേശി കളത്തില്‍ ജോയി (41) എന്നിവരാണ് അറസ്റ്റിലായത്.
ബുധന്‍ രാത്രി 8.30ന് പെരിന്തല്‍മണ്ണ മണ്ണാര്‍ക്കാട് റോഡില്‍ പുതിയ തട്ടിപ്പ് ആസൂത്രണം ചെയ്യുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. 2009 ഡിസംബര്‍ 12ന് പട്ടിക്കാട് ചുങ്കത്ത് ബൈക്കില്‍ പണവുമായി പോവുകയായിരുന്ന തൂത സ്വദേശി പുത്തന്‍ പുരക്കല്‍ ശംസുദ്ദീനെ തടഞ്ഞുനിര്‍ത്തി പ്രതികള്‍ രണ്ടേമുക്കാല്‍ ലക്ഷം തട്ടിയെടുത്തിരുന്നു. പെരിന്തല്‍മണ്ണ സ്വദേശിയായ വാടയില്‍ ഫിറോസ് മേലാറ്റൂര്‍ ഒലിപ്പുഴയിലുള്ള ബന്ധുവിന് സ്ഥലം വിറ്റ വകയില്‍ ലഭിച്ച പണം ഫിറോസ് വശം കൊടുത്തയക്കുമ്പോഴാണ് പ്രതികള്‍ തട്ടിയെടുത്തത്.
കാറിലും ബൈക്കിലുമായി ആറുപേരടങ്ങുന്ന സംഘമാണ് ഉണ്ടായിരുന്നത്. ഇതില്‍ കാറും കാറിലുണ്ടായിരുന്ന കോട്ടയം സ്വദേശികളായ എട്ടേമുക്കാല്‍ മനോമോഹന്‍ എന്ന മനോജ്, തടത്തില്‍ വിജയന്‍, പുലിയാട്ട് അശോകന്‍, തമിഴ്‌നാട് സ്വദേശി ഈശ്വരന്‍ എന്നിവരെയും മേലാറ്റൂര്‍ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. ബൈക്കിലുണ്ടായിരുന്ന പ്രതികളാണ് ഇപ്പോള്‍ പിടിയിലായത്. സംഭവം കഴിഞ്ഞ് എറണാകുളത്ത് ഒളിച്ച് താമസിക്കുകയായിരുന്നു ഇവര്‍. കോഴിക്കോട് സ്വദേശിയായ ഒരാള്‍ നല്‍കുന്ന വിവരമനുസരിച്ചാണ് പ്രതികള്‍ കുഴല്‍പണം കൊണ്ടുപോകുന്നവരെ തടഞ്ഞുനിര്‍ത്തി പണം തട്ടിയിരുന്നത്.

മദ്യലഹരിയില്‍ ഓടിച്ച ജീപ്പ് അപകട പരമ്പര തീര്‍ത്തു; നാട്ടുകാര്‍ യുവാവിനെ പെരുമാറി

തിരൂര്‍: മദ്യലഹരിയില്‍ ഓടിച്ച ജീപ്പ് നഗരത്തില്‍ അപകട പരമ്പര തീര്‍ത്തു. കാല്‍ നടയാത്രക്കാരിയെ ഇടിച്ച് തെറിപ്പിക്കുകയും നാലു വാഹനങ്ങള്‍ക്ക് കേടുപറ്റുകയും ചെയ്തു. നാല് തമിഴര്‍ക്കും പരിക്കു പറ്റി. നഗരമധ്യത്തില്‍ വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം.
ഏഴൂര്‍ പീസി പടി സ്വദേശി കാവുങ്ങല്‍ പ്രദീപാണ് മദ്യലഹരിയില്‍ ജീപ്പുമായെത്തി നഗരത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ചത്. ഇയാള്‍ ചെമ്പ്ര റോഡില്‍നിന്ന് മസ്ജിദുതൗഹീദിനു മുന്നിലെ റോഡിലൂടെ മലപ്പുറം റോഡിലേക്ക് വരുന്നതിനിടെയാണ് അപകട പരമ്പര തീര്‍ത്തത്. ഈ റോഡിലെ ഓട്ടോ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട നാലു ഓട്ടോകളെ ഇയാളുടെ ജീപ്പ് ഇടിച്ചു.
എന്നിട്ടും നിര്‍ത്താതെ മുന്നോട്ട് പോയ ജീപ്പിനെ ഓട്ടോഡ്രൈവര്‍മാര്‍ പിന്തുടര്‍ന്നു. മലപ്പുറം റോഡില്‍ പ്രവേശിച്ച ജീപ്പ് ഇയാള്‍ റിങ് റോഡ് ജങ്ഷനിലേക്ക് അതിവേഗം ഓടിച്ച് കയറ്റുകയായിരുന്നു. അതിനിടെ ഇവിടുത്തെ ഫുട്പാത്തിലൂടെ നടന്ന് പോകുകയായിരുന്ന തിരൂര്‍ പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിലെ ജീവനക്കാരി കോഴിച്ചെന ലൂസി ആനന്ദിനെയാണ് ജീപ്പ് ഇടിച്ചിട്ടത്. സമീപം നിന്ന നാല് തമിഴര്‍ക്കും പരിക്കു പറ്റി. പല വാഹനങ്ങളും യാത്രക്കാരും ജീപ്പിനു മുന്നില്‍നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്കാണ്. പരിഭ്രാന്തനായ പ്രദീപ് ജീപ്പ് എതിര്‍വശത്തേക്ക് വെട്ടിച്ചതിനിടെ നിയന്ത്രണം വിട്ട് ഡിവൈഡറിലേക്കു ഇടിച്ചു കയറി. ഇറങ്ങിയോടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാര്‍ വളഞ്ഞ് വെച്ച് തല്ലി.
പിന്നീട് സ്‌റ്റേഷനില്‍നിന്ന് കൂടുതല്‍ പൊലീസെത്തിയതോടെയാണ് ഇയാളെ നാട്ടുകാര്‍ വിട്ടയച്ചത്. പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരിക്കേറ്റ ലൂസി ആനന്ദിനെ തിരൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ തമിഴര്‍ക്ക് താലൂക്കാശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി.

മലപ്പുറം ക്രാഫ്റ്റ് മേള തുടങ്ങി

മലപ്പുറം: കോട്ടക്കുന്നിനെ ഉത്സവലഹരിയിലാക്കി മലപ്പുറം ക്രാഫ്റ്റ്‌മേളയ്ക്ക് വര്‍ണാഭമായ തുടക്കം. കോട്ടക്കുന്ന് ഓപ്പണ്‍ എയര്‍ സ്റ്റേജില്‍ നടന്ന ചടങ്ങില്‍ മന്ത്രി എളമരം കരീം മേള ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള കരകൗശല വ്യവസായ മേഖലയുടെ സമഗ്ര വികസനമാണ് ക്രാഫ്റ്റ്‌മേള ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ഹരിയാനയിലെ സൂരജ്കുണ്ടില്‍ നടന്നുവരുന്ന ക്രാഫ്റ്റ്‌മേളയുടെ ചുവടുപിടിച്ചാണ് മലപ്പുറത്തും ഇത്തരം മേളകള്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടത്തുന്ന ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന് ആവേശം പകരാന്‍ ഇക്കാലയളവില്‍ എറണാകുളത്ത് ബാംബൂ ഉത്പന്നങ്ങളുടെയും കണ്ണൂരില്‍ ടെക്‌സ് ഫെഡിന്റെയും മേളകള്‍ നടത്തുന്നുണ്ട്. ഇതോടൊപ്പം ബേപ്പൂര്‍ ഫെസ്റ്റും തൃശ്ശൂരിലെ അഗ്രിഫെസ്റ്റും സംഘടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ എം. ഉമ്മര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മേളയോടനുബന്ധിച്ച് കോട്ടക്കുന്നില്‍ ഒരുക്കിയ അന്താരാഷ്ട്ര പവലിയന്റെ ഉദ്ഘാടനം ഇന്ത്യയിലെ ഈജിപ്ഷ്യന്‍ അംബാസിഡര്‍ ഖാലിദ് എല്‍. ബറ്റ്‌ലി നിര്‍വ്വഹിച്ചു. വ്യവസായ വാണിജ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി. ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട്, മലപ്പുറം നഗരസഭാ ചെയര്‍മാന്‍ കെ.പി. മുസ്തഫ, ശ്രീലങ്കന്‍ നാഷണല്‍ ക്രാഫ്റ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ബുദ്ധികീര്‍ത്തി സേന എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മേളയില്‍ അഫ്ഗാനിസ്താന്‍, ശ്രീലങ്ക, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നായി 47 കരകൗശല വിദഗ്ധരും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍നിന്ന് 225 പേരും കേരളത്തില്‍നിന്ന് 160 പേരും പങ്കെടുക്കും. 190 കുടിലുകളിലായി ക്രമീകരിച്ച പ്രദര്‍ശനനഗരിയില്‍ ഐ.എച്ച്.ടി.ടി, ജില്ലാ വ്യവസായ കേന്ദ്രം തീര പവലിയനും മലബാറിന്റെ തനത് രുചിയൂറുന്ന ഭക്ഷണ വിഭവങ്ങളുടെ 12 ഫുഡ് കോര്‍ട്ടുകളും ഒരുക്കിയിട്ടുണ്ട്. 30 കൈത്തറി സ്റ്റാളുകളും മേളയുടെ ആകര്‍ഷണമാണ്. മേള അവസാനിക്കുന്നതുവരെ എല്ലാ ദിവസവും വിവിധ കലാപരിപാടികളും നടക്കും. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് മൂന്നുമുതല്‍ ഒമ്പതുവരെയാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം. കലാപരിപാടികള്‍ വൈകീട്ട് ആറുമണിമുതല്‍ നടക്കും.

Friday, December 17, 2010

വൈകിക്കിട്ടിയ സ്‌റ്റൈപന്റ് വാഹനത്തിലൊട്ടിച്ച് ആഘോഷിച്ചു


അല്‍ബാഹ: വിദ്യാര്‍ഥികള്‍ക്കുള്ള സ്‌റ്റൈപന്റ് നാല് മാസം വൈകിയ ശേഷം കൈയില്‍ കിട്ടിയപ്പോള്‍ വാഹനത്തിന്റെ ചില്ലുകളില്‍ കറന്‍സികള്‍ ഒട്ടിച്ച് വിദ്യാര്‍ഥി ആഘോഷിച്ചു. സ്‌റ്റൈപന്റ് വൈകുന്നത് പതിവായപ്പോള്‍ പല വിദ്യാര്‍ഥികളും പ്രയാസം അനുഭവിച്ചിരുന്നു. മേഖലക്ക് പുറത്തുനിന്ന് പഠനത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്കാണ് ഇത് ഏറെ പ്രയാസമുണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ കറന്‍സികള്‍ വാഹനത്തിന് പുറത്ത് പ്രദര്‍ശിപ്പിച്ചാണ് വിദ്യാര്‍ഥി സന്തോഷം പ്രകടിപ്പിച്ചതെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

മഞ്ചേരിയില്‍ റോട്ടിലേക്ക് ഇറക്കിക്കെട്ടിയ ഷെഡുകള്‍ പൊളിക്കും

മഞ്ചേരി: നഗരത്തില്‍ തിരക്കേറിയ റോഡുകളിലേക്കിറക്കി ഷെഡ് കെട്ടിയ 35 വ്യാപാരികള്‍ക്ക് പൊതുമരാമത്ത് നോട്ടീസ് നല്‍കി. തഹസില്‍ദാര്‍ കെ.എന്‍. യൂസുഫലിയുടെ നേതൃത്വത്തില്‍ റവന്യൂ, പൊതുമരാമത്ത്, പൊലീസ് ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. പാണ്ടിക്കാട് റോഡിലും മലപ്പുറം റോഡിലുമുള്ള കടകളാണ് മിക്കയിടത്തും റോഡ് കൈയടക്കി ഇറക്കിക്കെട്ടിയത്. മിക്ക സ്ഥാപനങ്ങള്‍ക്കും ആദ്യം മുന്നറിയിപ്പ് നല്‍കിയിരുന്നു.
പാണ്ടിക്കാട് റോഡില്‍ രണ്ട് ബസ്‌സ്റ്റാന്‍ഡുകള്‍ക്കിടയിലെ തെരുവുകച്ചവടം കാരണം വഴിയാത്രക്കാര്‍ റോഡിലൂടെ നടക്കുകയും കുരുക്ക് കൂടുകയും ചെയ്യുന്നു. കാല്‍നടക്കാര്‍ക്കുള്ള ഫുട്പാത്ത് കൈയടക്കിയാണ് മലപ്പുറം റോട്ടില്‍ ചില പഴം-പച്ചക്കറി കടകള്‍ പ്രവര്‍ത്തിക്കുന്നത്. ജനറല്‍ ആശുപത്രിക്കു സമീപം വികലാംഗരടക്കം നടത്തിയിരുന്ന പത്തോളം പെട്ടിക്കടകള്‍ പൊതുമരാമത്ത് മുനിസിപ്പല്‍ അധികൃതര്‍ പൊലീസിനെ ഉപയോഗിച്ച് ആറുമാസംമുമ്പ് പൊളിച്ചുനീക്കിയിരുന്നു. നഗരത്തിലെ മുഴുവന്‍ റോഡുകളിലും ഇത് തുടരുമെന്ന് പറഞ്ഞിരുന്നെങ്കിലും പൊലീസും റവന്യൂ വകുപ്പും മടിച്ചു. ഇപ്പോള്‍ റോഡ്‌സുരക്ഷാ പദ്ധതിയുടെ ഭാഗമായി കലക്ടറുടെ നിര്‍ദേശം വന്നതോടെയാണ് നടപടി. നോട്ടീസ് ലഭിച്ചിട്ടും തടസ്സം ഒഴിവാക്കുന്നില്ലെങ്കില്‍ ബലമായി നീക്കാനാണ് തീരുമാനം. നഗരത്തിലെ മറ്റ് റോഡുകളിലെ പരിശോധന തുടര്‍ദിവസങ്ങളില്‍ നടക്കും.
2007ല്‍ സംസ്ഥാന വ്യാപകമായി കൈയേറ്റം ഒഴിപ്പിച്ച ഘട്ടത്തില്‍ മഞ്ചേരി നഗരത്തില്‍ പാണ്ടിക്കാട് റോഡിലെ കോണ്‍ക്രീറ്റ് കെട്ടിടങ്ങളടക്കം റവന്യൂ, പൊലീസ് സംഘം ജെ.സി.ബി ഉപയോഗിച്ച് നീക്കിയിരുന്നു. എന്നാല്‍, മിക്കയിടത്തും പുതിയ ഷെഡുകള്‍ ഇറക്കിക്കെട്ടിയതായി പരിശോധനയില്‍ കണ്ടെത്തി.

ചരിത്ര ശേഷിപ്പുകളുടെ ശേഖരവുമായി ഏറാംതോട്ടിലെ കുരുന്നുകള്‍

വണ്ടൂര്‍: ചരിത്ര ശേഷിപ്പുകളുമായി കുരുന്ന് വിദ്യാര്‍ഥികള്‍ നടത്തിയ പുരാവസ്തു പ്രദര്‍ശനം ആകര്‍ഷകമായി. അങ്ങാടിപ്പുറം ഏറാംതോട് എ.എല്‍.പി എസിലെ നാലാംക്ലാസ് വരെയുള്ള കുട്ടികളാണ് ജില്ലാ ശാസ്ത്ര മേളയില്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. പഴയകാലത്ത് അളവു തൂക്കത്തിന് ഉപയോഗിച്ച് വെള്ളിക്കോല്‍, മെതിയടി, അപൂര്‍വയിനം നാണയങ്ങള്‍, ചെമ്പ് നിര്‍മിത പാത്രങ്ങള്‍, താളിയോല ലിഖിതങ്ങള്‍ തുടങ്ങിയവയാണ് പ്രദര്‍ശനത്തിനെത്തിച്ചത്. സ്‌കൂളിെല വിവിധ ക്ലാസുകളിലെ കുട്ടികളുടെ ശ്രമഫലമായാണ് ശേഖരണം നടത്തിയത്. അധ്യാപകരുടെ മാര്‍ഗനിര്‍ദേശം കുട്ടികള്‍ക്ക് തുണയായി.

സമരം ജില്ലയില്‍ പൂര്‍ണം

മലപ്പുറം: വിവിധ ആവശ്യങ്ങളുന്നയിച്ച് മോട്ടോര്‍ തൊഴിലാളി കോ-ഓര്‍ഡിനേഷന്‍കമ്മിറ്റി സംസ്ഥാന വ്യാപകമായി നടത്തിയ പണിമുടക്ക് സമരം ജില്ലയില്‍ പൂര്‍ണം. ടാക്‌സി-ഓട്ടോകള്‍ ജില്ലയിലെവിടെയും സര്‍വീസ് നടത്തിയില്ല. പ്രധാന നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ടാക്‌സികള്‍ പണിമുടക്കിയത് ജനങ്ങളെ വലച്ചു. ബസ്സ്റ്റാന്‍ഡുകളിലും മറ്റും വന്നിറങ്ങിയ യാത്രക്കാര്‍ ടാക്‌സി വാഹനങ്ങള്‍ കിട്ടാതെ വലഞ്ഞു. രാവിലെ ആറുമണിക്ക് ആരംഭിച്ച പണിമുടക്ക് സമരം വൈകീട്ട് ആറുമണിവരെയുണ്ടായിരുന്നു. ജില്ലാകേന്ദ്രമായ മലപ്പുറത്തും സമരം പൂര്‍ണമായിരുന്നു. ടാക്‌സി വാഹനങ്ങള്‍ ഒന്നും ഓടിയില്ല. മോട്ടോര്‍-ടാക്‌സി സംയുക്ത സമരസമിതി പ്രവര്‍ത്തകര്‍ പണിമുടക്കിന് അനുഭാവം പ്രകടിപ്പിച്ച് ടൗണില്‍ പ്രകടനം നടത്തി. ജില്ലയിലെ മറ്റ് നഗരങ്ങളായ പെരിന്തല്‍മണ്ണ, തിരൂര്‍, കോട്ടയ്ക്കല്‍, പൊന്നാനി, എടപ്പാള്‍, നിലമ്പൂര്‍ എന്നിവിടങ്ങളിലും സമരം പൂര്‍ണമായിരുന്നു. ബസ്സുകളിലും മറ്റുമെത്തിയ യാത്രക്കാര്‍ ഇതുമൂലം വലഞ്ഞു. തിരൂര്‍, കുറ്റിപ്പുറം തുടങ്ങിയ റെയില്‍വേസ്റ്റേഷനുകളില്‍ വിവിധ ഇടങ്ങളില്‍നിന്നെത്തിയ യാത്രക്കാര്‍ ടാക്‌സി വാഹനം കിട്ടാതെ ബുദ്ധിമുട്ടുന്ന കാഴ്ചയും കാണാമായിരുന്നു. പണിമുടക്ക് അനുകൂലികള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രകടനങ്ങളും നടത്തി. സബ്‌സിഡി നല്‍കി പെട്രോള്‍വില വര്‍ധനവ് തടയുക, ചാര്‍ജ് വര്‍ധനവ് നടപ്പിലാക്കുക, ഫെയര്‍മീറ്റര്‍ നിര്‍ബന്ധമാക്കില്ലെന്ന മന്ത്രിയുടെ ഉറപ്പ് പാലിക്കുക, ആര്‍.ടി ഓഫീസുകളിലെ യൂസേഴ്‌സ് ഫീ പിന്‍വലിക്കുക, തകര്‍ന്നുകിടക്കുന്ന റോഡുകള്‍ നന്നാക്കുക തുടങ്ങിയ എട്ടിന ആവശ്യങ്ങളുന്നയിച്ച് സംയുക്ത തൊഴിലാളി യൂണിയനുകള്‍ ചേര്‍ന്നാണ് ബുധനാഴ്ച സൂചനാ പണിമുടക്ക് നടത്തിയത്.

അക്ഷയ കേന്ദ്രങ്ങള്‍ വഴി റേഷന്‍കാര്‍ഡിന് അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ സൗകര്യം

മഞ്ചേരി: റേഷന്‍ കാര്‍ഡ് സംബന്ധമായ എല്ലാ അപേക്ഷകളും അക്ഷയകേന്ദ്രം വഴി സ്വീകരിക്കുന്നതിനുള്ള നടപടിയായി. അപേക്ഷകര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അക്ഷയകേന്ദ്രങ്ങളില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. കേന്ദ്രത്തില്‍നിന്ന് ലഭിക്കുന്ന അപേക്ഷയുടെ പ്രിന്റ്ഔട്ടില്‍ അപേക്ഷകന്‍ ഒപ്പിട്ട് അവിടെത്തന്നെ തിരിച്ചേല്പിക്കണം. അക്ഷയകേന്ദ്രം കോ- ഓര്‍ഡിനേറ്റര്‍ എല്ലാ അപേക്ഷകളും താലൂക്ക് സപ്ലൈ ഓഫീസില്‍ എത്തിക്കും. അപേക്ഷകന്‍ നേരിട്ട് താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരാകേണ്ടതുണ്ടെങ്കില്‍ ആ വിവരം അക്ഷയ കോ- ഓര്‍ഡിനേറ്റര്‍ വഴി അപേക്ഷകനെ അറിയിക്കും. അക്ഷയകേന്ദ്രങ്ങളില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് 15 രൂപ മുതല്‍ 25 രൂപ വരെയാണ് ചാര്‍ജ് ഈടാക്കാവുന്നത്. ഇതുകൂടാതെ താലൂക്ക് സപ്ലൈ ഓഫീസില്‍ പ്രോസസിങ് ഫീസ് അഞ്ച് രൂപയും റേഷന്‍ കാര്‍ഡിന്റെ വില 15 രൂപയും റിഡക്ഷന്‍, സറണ്ടര്‍, നോണ്‍ ഇന്‍ക്യുഷന്‍, നോണ്‍ റിന്യൂവല്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അഞ്ചുരൂപ വീതവും അടയ്ക്കണം. ഇത്തരത്തില്‍ തയ്യാറാക്കപ്പെടുന്ന റേഷന്‍ കാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും അക്ഷയകേന്ദ്രങ്ങള്‍വഴി തന്നെ അപേക്ഷകന് തിരിച്ചുനല്‍കുമെന്ന് ഏറനാട് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Wednesday, December 15, 2010

അധ്യാപകര്‍ എം.എല്‍.എയെ തടഞ്ഞു

വണ്ടൂര്‍: ജില്ലാ ശാസ്ത്രമേളക്കെത്തിയ എം.എല്‍.എയെ അധ്യാപകര്‍ തടഞ്ഞു. ചൊവ്വാഴ്ച ഉച്ചക്കായിരുന്നു മേള സന്ദര്‍ശിക്കാനെത്തിയ വണ്ടൂര്‍ എം.എല്‍.എ എ.പി. അനില്‍കുമാറിനെ അധ്യാപകര്‍ തടഞ്ഞത്.
മത്സരാര്‍ഥികള്‍ക്കൊപ്പം എത്തിയ അധ്യാപകരെ പ്രവൃത്തി പരിചയ മേള നടക്കുന്ന ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് പുറത്താക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു എം.എല്‍.എക്ക് മുന്നില്‍ പരാതികളുമായി അധ്യാപകര്‍ എത്തിയത്.
സ്‌കൂള്‍ മതിലിന് പുറത്തെ റോഡരികിലായിരുന്നു ബെഞ്ചിട്ട് അധ്യാപകരെ ഇരുത്തിയത്.
കുറച്ച് പേര്‍ തൊട്ടടുത്ത കടകളിലും ഒഴിഞ്ഞ കെട്ടിടങ്ങള്‍ക്കുള്ളിലും ഇരുന്നു. എന്നാല്‍, ഭൂരിഭാഗം അധ്യാപികമാരും മൂത്രപ്പുര,കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കാതെ വിഷമിച്ചു. ഇതാണ് പ്രതിഷേധങ്ങളിലെത്തിച്ചത്.
തുടര്‍ന്ന് എം.എല്‍.എ അധികൃതരുമായി ഇടപെട്ട് ഇവരെ വീണ്ടും സ്‌കൂളിലേക്ക് പ്രവേശിപ്പിച്ചു. ആദ്യ ദിവസമായ തിങ്കളാഴ്ച സ്‌കൂളില്‍ നടന്ന മത്സരത്തില്‍ കുട്ടികളുടെ കൂടെ വന്ന അധ്യാപകരെ സ്‌കൂളില്‍തന്നെയായിരുന്നു നിര്‍ത്തിയത്.
എന്നാല്‍, മത്സരം തുടങ്ങിയതിന് ശേഷം കുട്ടികള്‍ ഇരിക്കുന്ന സ്റ്റാളില്‍ പ്രവേശിക്കുകയും നിര്‍ദേശം നല്‍കുകയും സഹായിക്കുകയും ചെയ്തുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായിരുന്നു അധ്യാപകരെ പുറത്ത് നിര്‍ത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.

സുതാര്യ കേരളം: ജില്ലയില്‍നിന്നുള്ള 20 പരാതികള്‍ തീര്‍പ്പാക്കി

മലപ്പുറം: സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികളില്‍ പരിഹാരം കാണുന്നതിനുള്ള മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സെല്ലിന്റെ 'സുതാര്യ കേരളം' പരിപാടിയില്‍ നവംബറില്‍ ലഭിച്ച 20 പരാതികള്‍ക്ക് ജില്ലാ തലത്തില്‍ പരിഹാരം കണ്ടെത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ച അഞ്ച് പരാതികളില്‍ മൂന്നെണ്ണത്തിന് പരിഹാരം കണ്ടെത്തിയതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ സി.പി. മൊയ്തീന്‍കുട്ടി അറിയിച്ചു. വഴിക്കടവ് പാലോലം പടിയന്‍ ആയിഷ ലുബ്‌നക്ക് തൊഴില്‍ രഹിത വേതനം ലഭ്യമാക്കാനും വാഴയൂരിലെ കെ.പി. അമ്മാളുവിന് സമ്പൂര്‍ണ വൈദ്യുതീകരണ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുത്തി വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാനും നടപടിയെടുത്തു. ഊരകം മിനി ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ സ്ഥാപനം നടത്തുന്ന കെ.വി. സുധാകരന് ലൈസന്‍സ് പുതുക്കി കിട്ടാനുണ്ടായ കാലതാമസം സംബന്ധിച്ച പരാതിയിലും പരിഹാരമായി. റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസില്‍ ലഭിച്ച രണ്ട് പരാതികളിലും പരിഹാരമായതായി ആര്‍.ടി.ഒ പി.ടി. എല്‍ദോ അറിയിച്ചു. വാഴക്കാട് വരെ പെര്‍മിറ്റുള്ള ബസുകള്‍ എടവണ്ണപ്പാറയില്‍ സര്‍വീസ് അവസാനിപ്പിക്കുന്നില്ലെന്ന് മൊബൈല്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഉറപ്പാക്കും. വാഴക്കാട് പഞ്ചായത്തില്‍ ബസ് ഓപ്പറേറ്റര്‍മാരില്‍ നിന്നും അപേക്ഷ ലഭിക്കുന്നമുറക്ക് കൂടുതല്‍ പെര്‍മിറ്റ് അനുവദിക്കുമെന്ന് ആര്‍. ടി.ഒ. അിറയിച്ചു.
എടയൂര്‍ വടക്കുമ്പ്രം പൊറ്റേക്കളംപാട് ഗ്യാസ് സിലിണ്ടര്‍ വിതരണം കാര്യക്ഷമമല്ലെന്ന കെ. വി. വേലായുധന്റെ പരാതിയില്‍ പരിഹാരമായതായി ജില്ലാ സപ്ലൈ ഓഫിസര്‍ എ. രാധാകൃഷ്ണന്‍ അറിയിച്ചു.
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കാന്‍ മുന്നിയൂര്‍ വില്ലേജ് പാറക്കടവ് തെക്കേപാടം റോഡില്‍ അല്‍ഫിനാ ഹോളോബ്രിക്‌സ് സ്ഥാപന ഉടമക്ക് നോട്ടീസ് നല്‍കിയതായി എണ്‍വയണ്‍മെന്റ് എന്‍ജിനീയര്‍ സി.വി. ജയശ്രീ അറിയിച്ചു.
പള്ളി, പൊതുവഴി എന്നിവയില്‍നിന്ന് ദൂരപരിധി പാലിക്കാതിരുന്ന പൊന്നാനി റെയ്ഞ്ചിലെ വെള്ളീരിയിലെ കള്ളുഷാപ്പിന്റെ ലൈസന്‍സ് റദ്ദാക്കിയതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എം.എസ്. മുഹമ്മദ് സിയാദ് അറിയിച്ചു. അരീക്കോട് ബ്ലോക്കിലെ കാവനൂര്‍ പഞ്ചായത്തിലെ 20 -ാം നമ്പര്‍ ഇരിവേറ്റി കള്ളുഷാപ്പിന് രണ്ടാഴ്ചക്കകം ചുറ്റുമതില്‍കെട്ടാനും നിയമാനുസൃത വഴിമാത്രം ഉപയോഗിക്കാനും നടപടിയായി. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ പി.എച്ച്.ഡി. വിദ്യാര്‍ഥിക്ക് ഫെല്ലോഷിപ്പ് കുടിശ്ശിക നല്‍കുന്നത് സംബന്ധിച്ചും സ്വാശ്രയ കോളജുകളിലെ മാനേജ്‌മെന്റ് സീറ്റുകളില്‍ പ്രവേശം നേടുന്ന പട്ടികജാതി-ഒ.ഇ.സി. വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം ലഭ്യമാക്കുന്നത് സംബന്ധിച്ചുമുള്ള പരാതികളും തീര്‍പ്പാക്കിയതായി പട്ടികജാതി വികസന ഓഫിസര്‍ കെ.പി. കൃഷ്ണകുമാര്‍ അറിയിച്ചു. കുറ്റിപ്പുറം സര്‍വീസ് സഹകരണ ബാങ്കിലെ സെക്രട്ടറി നിയമനം സംബന്ധിച്ചും സഹകരണ ബാങ്കുകളില്‍നിന്നുള്ള വായ്പ എഴുതി തള്ളുന്നതിനായുള്ള രണ്ട് നിവേദനങ്ങളിലും തീര്‍പ്പാക്കിയതായി സഹകരണ വകുപ്പ് ജോയന്റ് രജിസ്ട്രാര്‍ എം. വേലായുധന്‍ അറിയിച്ചു. സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള പരാതികളുടെ സത്വര പരിഹാരത്തിന് അണ്ടര്‍ സെക്രട്ടറി, സുതാര്യ കേരളം, മുഖ്യമന്ത്രിയുടെ പൊതുജനപരാതി പരിഹാര സെല്‍, ഗവ. സെക്രട്ടേറിയറ്റ് തിരുവനന്തപുരം വിലാസത്തില്‍ അപേക്ഷ നല്‍കാം. ബി.എസ്.എന്‍.എല്‍ ലാന്‍ഡ് നമ്പറുകളില്‍നിന്ന് 155300 ടോള്‍ ഫ്രീ നമ്പറിലും മോബൈല്‍ ഫോണില്‍നിന്ന് 0471 - 155300 നമ്പറിലും മറ്റ് കമ്പനികളുടെ മൊബൈലുകളില്‍നിന്ന് 0471 - 2115054, 2115098 നമ്പറുകളിലും വിളിക്കാം.

ജില്ലാ ശാസ്ത്രമേളക്ക് ഇന്ന് സമാപനം

വണ്ടൂര്‍: രണ്ടാമത് റവന്യു ജില്ലാ സ്‌കൂള്‍ ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹിക ശാസ്ത്ര ഐ.ടി പ്രവൃത്തി പരിചയ മേളക്ക് ബുധനാഴ്ച സമാപനമാവും. മൂന്ന് ദിവസങ്ങളിലായി വണ്ടൂര്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, വി.എം.സി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, വാണിയമ്പലം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പൂക്കോട്ടുംപാടം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു മേളകള്‍ നടന്നത്.രണ്ട് ദിവസങ്ങളിലായി നടന്ന സാമൂഹിക ശാസ്ത്രമേളയില്‍ പ്രസംഗം, പ്രാദേശിക ചരിത്ര രചന, അറ്റ്‌ലസ് നിര്‍മാണം, സ്റ്റില്‍ മോഡല്‍ എന്നിവ നടന്നു. പ്രവൃത്തി പരിചയ മേളയില്‍ തത്സമയ മത്സരം, പ്രവൃത്തി പരിചയ സെമിനാര്‍ എന്നിവയും ഗണിതശാസ്ത്രമേയില്‍ തത്സമയ മത്സരവും നടന്നു. ഐ.ടി മേളയില്‍ ഐ.ടി പ്രോജക്ട്, ഡിജിറ്റല്‍ പെയിന്റിങ്, മലയാളം ടൈപ്പിങ് എന്നീ മത്സരങ്ങളാണ് നടന്നത്.വണ്ടൂര്‍ വി.എം.സി.ജി.എച്ച്.എസ്.എസില്‍ വൈകീട്ട് 3.30ന് നടക്കുന്ന സമാപന സമ്മേളനം എം.ഐ. ഷാനവാസ് എം.പി. ഉദ്ഘാടനം ചെയ്യും. പി.കെ. അബ്ദുറബ്ബ് എം.എല്‍.എ അധ്യക്ഷത വഹിക്കും.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 11 കിലോ കുങ്കുമപ്പൂവ് പിടിച്ചു

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളംവഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 11 കിലോ കുങ്കുമപ്പൂവ് എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ക്കെതിരെ കേസെടുത്തു. കണ്ണൂര്‍ പാനൂര്‍ ചെണ്ടയാട് മരക്കാരവിട പുതുക്കുടി അബ്ദുസ്സമദ് (32), കണ്ണൂര്‍ തലശ്ശേരി കതിരൂര്‍ വെട്ടുമ്മല്‍ പീടികയില്‍ റഹൂഫ് (30) എന്നിവരില്‍നിന്നാണ് കുങ്കുമപ്പൂ പിടിച്ചെടുത്തത്. അബ്ദുസമദിന്റെ ബാഗേജില്‍നിന്ന് ആറുകിലോയും റഹൂഫിന്റെ ബാഗേജില്‍നിന്ന് അഞ്ചുകിലോ കുങ്കുമപ്പൂവുമാണ് കണ്ടെടുത്തത്.

വിവരാവകാശനിയമഭേദഗതി....?

ന്യൂഡല്‍ഹി: വിവരാവകാശനിയമപ്രകാരം സമര്‍പ്പിക്കുന്ന അപേക്ഷകള്‍
ഒറ്റവിഷയത്തെ കുറിച്ചുള്ള 250 വാക്കുകളില്‍ ഒതുങ്ങുന്ന
ഒന്നായിരിക്കണമെന്ന് നിഷ്‌കര്‍ഷിക്കാന്‍ സാധ്യത.
വിവരാവകാശനിയമഭേദഗതികളിലാണ് ഇതു സംബന്ധിച്ച ശുപാര്‍ശയുള്ളത്. അപേക്ഷ
നല്‍കുന്ന ഓഫിസിന്റെയും അപേക്ഷകന്റെയും വിലാസം കൂടാതെയാണ് 250
വാക്കുകള്‍. കൂടാതെ വിവരങ്ങള്‍ നല്‍കുന്നതിന് ആവശ്യമായി വരുന്ന ചെലവ്
അടയ്‌ക്കേണ്ട ബാധ്യത അപേക്ഷകന്റെതാണ്. ഈ ഭേദഗതികള്‍ക്കെതിരേ അഭിപ്രായം
രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ ഡിസംബര്‍ 27നു മുമ്പ്
ustri-dovt@nic.in എന്ന ഇമെയില്‍ വിലാസത്തില്‍ അയയ്ക്കണം.
അപേക്ഷ 250 വാക്കുകളായി ഒതുക്കുന്നത് അറിയാനുള്ള അവകാശത്തെ
തടസ്സപ്പെടുത്തുമെന്ന കാര്യം തീര്‍ച്ചയാണ്. ഒട്ടനവധി ചോദ്യങ്ങള്‍
ഒരുമിച്ച് ചോദിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവര്‍
വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. അത്തരം അപേക്ഷകര്‍ നിരസിക്കാനുള്ള
അവകാശം ബന്ധപ്പെട്ട ഉദ്യോഗസ്ഥനുണ്ടു താനും. അതുകൊണ്ടു തന്നെ
ഇത്തരത്തിലുള്ള നിബന്ധനകളുടെ യാതൊരു
ആവശ്യവുമില്ല-വിവരാവകാശപ്രവര്‍ത്തകനായ സുഭാഷ് അഗര്‍വാള്‍
അഭിപ്രായപ്പെട്ടു.
ഇത് അപേക്ഷ തള്ളികളയാന്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് കൂടുതല്‍ അധികാരം
നല്‍കുകയാണ് ചെയ്യുന്നത്. ഒരേ ചോദ്യം തന്നെ പല ഭാഷകളില്‍ പലരീതികളിലാണ്
എഴുതുക. ചില ഭാഷകളില്‍ കാര്യം സമര്‍ഥിക്കാന്‍ കൂടുതല്‍ വാക്കുകള്‍ വേണ്ടി
വരും. ഇതിന് സര്‍ക്കാര്‍ എങ്ങനെ പരിധി വക്കും-കോമണ്‍വെല്‍ത്ത് ഹ്യൂമന്‍
റൈറ്റ്‌സ് ഇനിഷ്യേറ്റീവ് പ്രതിനിധി വെങ്കിടേഷ് നായക് പറഞ്ഞു.

ഖത്തറില്‍ പൊടിക്കാറ്റ് : ജനജീവിതം ദുസഹം

ദോഹ: അപ്രതീക്ഷിതമായി ഇന്നലെ നഗരത്തെ മണലില്‍ മൂടി വീശിയടിച്ച പൊടിക്കാറ്റ് ജനജീവിതത്തെ ദുസ്സഹമാക്കി. മൂടിക്കെട്ടിയ അന്തീക്ഷം വിമാന സര്‍വീസ് മുതല്‍ തെരുവ് വൃത്തിയാക്കുന്ന ജോലിക്കാരെ വരെ സാരമായി ബാധിച്ചു. രാവിലെ മുതല്‍ കാണപ്പെട്ട പൊടി നിറഞ്ഞ അന്തരീക്ഷം ഉച്ചയോട് കൂടി കനത്തു. വിമാനം മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ പറക്കാനാവാതെ റക്കി. വാഹന യാത്രക്കാരും തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരും കാല്‍നടക്കാരുമാണ് ഏറെ പ്രയാസപ്പെട്ടത്. ഹൈവേകള്‍ പൊടികൊണ്ട് മൂടിയത് ഗതാഗതത്തെ സാരമായി ബാധിച്ചു. ഹൈവേയില്‍ രാവിലെ മുതല്‍ നാല് മണിവരെ 10 ഓളം വാഹനാപകടങ്ങളുണ്ടായി. . ആശുപത്രികളില്‍ നിരവധി പേരാണ് ശ്വാസംമുട്ട് പോലുള്ള അസ്വസ്ഥതകളുമായി എത്തി. മരുഭൂമിക്ക് നടുവിലൂടെയുള്ള പാതകള്‍ പൂര്‍ണമായും മണല്‍കൊണ്ട് മൂടി. പൊടിക്കാറ്റ് ജനജീവിതം ദുസ്സഹമാക്കി.

ഡോക്ടര്‍മാരുടെ ബഹിഷ്‌കരണ സമരം പരിഹാരമായില്ല

മഞ്ചേരി: ജനറല്‍ ആസ്​പത്രിയില്‍ കെ.ജി.എം.ഒ.എയുടെ നേതൃത്വത്തില്‍ നടക്കുന്ന കാഷ്വാലിറ്റി ബഹിഷ്‌കരണ സമരം നാലുദിവസം പിന്നിട്ടു. വേണ്ടത്ര ഡോക്ടര്‍മാരില്ലാതെ 'മുടന്തി' നീങ്ങുകയാണ് ജില്ലയുടെ പ്രധാന ആതുരാലയം. ചൊവ്വാഴ്ച രാവിലെയും കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസറുടെ അഭാവത്തില്‍ രാവിലെ എട്ടുമുതല്‍ രണ്ടുവരെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. ചികിത്സകിട്ടാതെ പലരും മടങ്ങി. കഴിഞ്ഞദിവസം ചേര്‍ന്ന കെ.ജി.എം.ഒ.എയുടെ യോഗത്തില്‍ ബഹിഷ്‌കരണ സമരത്തില്‍ത്തന്നെ ഉറച്ചുനില്‍ക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. കാഷ്വാലിറ്റിയില്‍ പുതിയ നിയമനം നടത്താതെ സമരത്തില്‍നിന്ന് പിന്തിരിയില്ലെന്ന ഉറച്ച നിലപാടിലാണ് ഡോക്ടര്‍മാര്‍. അതീവ ഗുരുതരാവസ്ഥയിലെത്തുന്ന കേസുകള്‍ക്ക് വിട്ടുവീഴ്ച ചെയ്യാമെന്നും കേസ് ഏറ്റെടുക്കാമെന്നും അവര്‍ പറയുന്നു. ഡോക്ടര്‍മാര്‍ കൈയൊഴിഞ്ഞതോടെ കാഷ്വാലിറ്റിയില്‍ കിടക്കകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. സാധാരണക്കാര്‍ തൊട്ടടുത്ത സ്വകാര്യ ആസ്​പത്രികളെ ആശ്രയിക്കുകയാണ് ഇപ്പോള്‍. ശനിയാഴ്ച മുതലാണ് സ്‌പെഷലൈസ്ഡ് ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്.

കോട്ടക്കുന്നില്‍ ക്രാഫ്റ്റ്‌സ് മേള; ബസ്സുകള്‍ക്ക് താത്കാലിക പെര്‍മിറ്റ്

മലപ്പുറം: കോട്ടക്കുന്നില്‍ നടക്കുന്ന ക്രാഫ്റ്റ് മേള കാണാനെത്തുന്നവര്‍ക്ക് യാത്രാസൗകര്യം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് വൈകുന്നേരങ്ങളില്‍ താത്കാലിക ബസ് ഏര്‍പ്പെടുത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ബസ്സുകള്‍ക്ക് പെര്‍മിറ്റില്‍ അനുവദിച്ച ട്രിപ്പുകള്‍ക്കുശേഷമേ താത്കാലിക പെര്‍മിറ്റ് ഉപയോഗിച്ച് സര്‍വീസ് നടത്താന്‍ അനുമതി നല്‍കൂ. കൂടുതല്‍ വിവരങ്ങള്‍ ആര്‍.ടി. ഓഫീസില്‍ ലഭിക്കും

പെട്രോളിന് 3 രൂപ കൂട്ടി

ന്യൂഡല്‍ഹി: പെട്രോള്‍വിലയില്‍ വന്‍വര്‍ധന. ബുധനാഴ്ച മുതല്‍ പെട്രോള്‍വില 2.96 രൂപ കൂട്ടാന്‍ എണ്ണക്കമ്പനികള്‍ക്ക് പെട്രോളിയം മന്ത്രാലയം ചൊവ്വാഴ്ച അനുമതി നല്‍കി. ഡീസല്‍ വിലയില്‍ തത്കാലം വര്‍ധന വേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ 22ന് ചേരുന്ന മന്ത്രിസഭാ ഉപസമിതി ഡീസലിന് രണ്ടു രൂപ കൂട്ടുന്നത് ചര്‍ച്ച ചെയ്യുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പെട്രോളിയം ഉത്പന്നങ്ങളുടെ വില നിര്‍ണയിക്കാനുള്ള അവകാശം എണ്ണക്കമ്പനികള്‍ക്ക് ജൂലായ് 26-ന് നല്‍കിയതിനെത്തുടര്‍ന്ന് ഇതുവരെയായി 4.44 രൂപയുടെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ഇക്കൊല്ലം ജൂണ്‍ 26-നുശേഷം എല്ലാ എണ്ണക്കമ്പനികളും നാലു തവണ വില കൂട്ടി.

ഇന്ന്‌ ഓട്ടോ-ടാക്‌സി പണിമുടക്ക്‌

കോഴിക്കോട്‌: സംസ്‌ഥാനത്തെ ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ ഇന്നു പണിമുടക്കും. ഇന്ധനവില വര്‍ധിക്കുന്നതിനനുസരിച്ച്‌ ഓട്ടോ-ടാക്‌സി ചാര്‍ജ്‌ പുതുക്കി നിശ്‌ചയിക്കാത്തതില്‍ പ്രതിഷേധിച്ചാണു പണിമുടക്ക്‌. രാവിലെ ആറുമുതല്‍ വൈകിട്ട്‌ ആറുവരെയാണു പണിമുടക്ക്‌. ഓട്ടോ ടാക്‌സി തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ 20 മുതല്‍ അനിശ്‌ചിതകാല പണിമുടക്കു നടത്തുമെന്നും മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്‌ സംസ്‌ഥാന കോര്‍ഡിനേഷന്‍ കമ്മറ്റി അറിയിച്ചു.

Saturday, December 11, 2010

അഡ്‌ഹോക്ക് കമ്മിറ്റി പിരിച്ചുവിട്ടു; കുറ്റിപ്പുറം ജുമാമസ്ജിദിന് പുതിയ കമ്മിറ്റി

കോട്ടക്കല്‍: പള്ളിക്കമ്മിറ്റിയുടെ പേരില്‍ നടന്ന വാക്കേറ്റം രണ്ടുപേരുടെ കൊലപാതകത്തില്‍ കലാശിച്ച കോട്ടക്കല്‍ കുറ്റിപ്പുറം ജുമാമസ്ജിദില്‍ അഡ്‌ഹോക്ക് കമ്മിറ്റി പിരിച്ചുവിട്ട് പുതിയ മഹല്ല് കമ്മിറ്റി രൂപവത്കരിച്ചു.
കോട്ടക്കല്‍ എസ്.ഐ എന്‍.ബി. ഷൈജുവിന്റെ നേതൃത്വത്തില്‍ കനത്ത പൊലീസ് നിരീക്ഷണത്തില്‍ നടന്ന തെരഞ്ഞെടുപ്പ് മുന്‍ പള്ളി സെക്രട്ടറിയും അഡ്‌ഹോക് കമ്മിറ്റി കണ്‍വീനറുമായ കരുവക്കോട്ടില്‍ സെയ്തലവി ഹാജി നിയന്ത്രിച്ചു. പുളിക്കല്‍ മൊയ്തു ഹാജി പ്രസിഡന്റും അമരിയില്‍ ഹംസ ഹാജി ജനറല്‍ സെക്രട്ടറിയും പള്ളിപ്പുറത്ത് ബാവഹാജി ട്രഷററുമായി 24 അംഗ കമ്മിറ്റിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ സമര്‍പ്പിച്ച മൂന്നുപാനലുകളില്‍നിന്ന് ഭൂരിപക്ഷം നേടിയവരെയാണ് ഭാരവാഹികളായി തെരഞ്ഞെടുത്തത്. പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഐകകണ്‌ഠ്യേനയായിരുന്നു.
അമരിയില്‍ ഷാഫി, കാര്യാടന്‍ കുഞ്ഞാലി, കരുവക്കോട്ടില്‍ അബ്ദുല്ല ഹാജി എന്നിവരെ വൈസ് പ്രസിഡന്റുമാരായി തെരഞ്ഞെടുത്തു. ഷറഫുദ്ദീന്‍ സഖാഫി, യൂസുഫ് മാസ്റ്റര്‍ പുളിക്കല്‍, അബ്ദുറഹ്മാന്‍ ഹാജി വഴിത്തല എന്നിവരെ ജോയന്റ് സെക്രട്ടറിമാരായും തീരുമാനിച്ചു.
പള്ളി തര്‍ക്കവും കൊലപാതകവും നടന്ന് 2008 ജൂലൈ 27നാണ് പള്ളി പൂട്ടിയത്. തുടര്‍ന്ന് 2008 സെപ്റ്റംബര്‍ 18 മുതല്‍ തിരൂര്‍ ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ അഡ്‌ഹോക് കമ്മിറ്റിയായിരുന്നു പള്ളിഭരണം നിയന്ത്രിച്ചിരുന്നത്.

ചേലേമ്പ്ര കവര്‍ച്ച: കലക്ടറെയും മുന്‍ കലക്ടറെയും വിസ്തരിച്ചു

മഞ്ചേരി: ചേലേമ്പ്ര സൗത് മലബാര്‍ ഗ്രാമീണ ബാങ്ക് കവര്‍ച്ചാ കേസില്‍ ജില്ലാ കലക്ടര്‍ എം.സി. മോഹന്‍ദാസ്, മുന്‍ കലക്ടര്‍ ഡോ. രവീന്ദ്രന്‍ എന്നിവരെ ജില്ലാ സെഷന്‍സ് ഒന്നാം അതിവേഗ കോടതി സാക്ഷികളായി വിസ്തരിച്ചു. ബാങ്കിന്റെ ലോക്കര്‍ സ്‌ഫോടക വസ്തു ഉപയോഗിച്ചാണ് തകര്‍ത്തത്. സ്‌ഫോടകവസ്തു കൈവശം വെക്കാന്‍ പ്രതികള്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നില്ല. ഒന്നാം അതിവേഗ കോടതി ജഡ്ജി പി.എസ്. നസീര്‍ അഹമ്മദ് മുമ്പാകെയാണ് പ്രോസിക്യൂഷന്‍ വിസ്തരിച്ചത്. 2007 ഡിസംബര്‍ 30നാണ് ചേലേമ്പ്ര ബാങ്ക് കവര്‍ച്ച. 79.88 കി.ഗ്രാം സ്വര്‍ണവും 24.93 ലക്ഷം രൂപയും കവര്‍ന്ന കേസില്‍ പ്രതികളായ കോട്ടയം വാണിയംപുരക്കല്‍ ജോസഫ് (ബാബു) തൃശൂര്‍ ഒല്ലൂര്‍കടവില്‍ ഷിബു എന്ന രാഗേഷ്, കൊയിലാണ്ടി മൂടാടിനങ്ങലത്ത് രാധാകൃഷ്ണന്റെ ഭാര്യ കനകേശ്വരി എന്നിവരെ മാസങ്ങള്‍ക്കുശേഷം പ്രത്യേക പൊലീസ് സംഘം അറസ്റ്റു ചെയ്തിരുന്നു. ഫോറന്‍സിക് വിദഗ്ധന്‍ സോമരാജന്‍, പൊലീസ് ഫോട്ടോഗ്രാഫര്‍ സാബു എന്നിവരെ 22ന് വിസ്തരിക്കും. വെള്ളിയാഴ്ച വിസ്തരിച്ച മുന്‍ കലക്ടര്‍ ഡോ. രവീന്ദ്രന്‍ ഇപ്പോള്‍ സര്‍വേ ആന്‍ഡ് ലാന്റ് റെക്കോര്‍ഡ്‌സ് ഡയറക്ടറാണ്. കേസിന്റെ വിസ്താരം അന്തിമഘട്ടത്തിലാണ്.

കോഴിപ്പറമ്പ് ബസപകടം: ദുരന്തത്തിനു കാരണം അമിത വേഗതയും അശ്രദ്ധയും

വണ്ടൂര്‍: എറിയാട് കോഴിപ്പറമ്പില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിക്കുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ദുരന്തത്തിനു കാരണമായത് അമിത വേഗതയും അശ്രദ്ധയും. മഞ്ചേരിയില്‍ നിന്ന് കാളികാവിലേക്കു പോവുകയായിരുന്ന കെ.പി ബ്രദേഴ്‌സും വണ്ടൂരില്‍ നിന്നും മഞ്ചേരിയിലേക്കു പോവുകയായിരുന്ന കെ.എം.എസുമാണ് അപകടത്തില്‍പ്പെട്ടത്.
ഇടിയുടെ ആഘാതത്തില്‍ കെ.പി ബ്രദേഴ്‌സ് വയലിലേക്കു ഓടിക്കയറിയാണ് നിന്നത്. കെ.പി ബ്രദേഴ്‌സിലെ ഡ്രൈവര്‍ കാളികാവ് സ്വദേശി വള്ളിക്കാപറമ്പില്‍ ഇഖ്ബാലാണ് മരിച്ചത്.
വളവോടുകൂടിയ പ്രദേശത്ത് അപകടങ്ങള്‍ പതിവാണ്. റോട്ടില്‍ മുന്നറിയിപ്പു ബോര്‍ഡുകളില്ലാത്തതും വിനയാകുന്നു.
അപകടത്തില്‍പ്പെട്ട ബസുകള്‍ മറിയാതിരുന്നതിനാലും വൈദ്യുതി ലൈനുകള്‍ തകരാത്തതിനാലും വന്‍ ദുരന്തം വഴിമാറി. ഇടിയുടെ ആഘാതത്തില്‍ ഇരു ബസുകളുടെയും മുന്‍ ഭാഗം പാടെ തകര്‍ന്നിരുന്നു. റോഡിനു സമീപത്തെ വയലിലേക്കു തെറിച്ചു നീങ്ങിയ ബസ് ചളിയില്‍ ആഴ്ന്നാണ് നിന്നത്.
വണ്ടൂര്‍ കാളികാവ് റൂട്ടില്‍ വാണിയമ്പലം റെയില്‍വേ ഗേറ്റ് അടക്കുന്നതിനു മുമ്പ് മറുപുറം കടക്കാനുള്ള വാഹനങ്ങളുടെ മരണപ്പാച്ചില്‍ ഇവിടെ നിത്യകാഴ്ചയാണ്. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി തൂണിനു ചാരിയാണ് ബസ് കടന്നുപോയത്. ബസ് പോസ്റ്റിലിടിച്ചിരുന്നെങ്കില്‍ ഇരു ബസുകള്‍ക്കും മുകളിലായി വൈദ്യുതി ലൈനുകള്‍ വീഴുമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. വ്യാഴാഴ്ച വണ്ടൂര്‍ ഗേള്‍സ് ഹൈസ്‌കൂള്‍ നേരത്തെ വിട്ടിരുന്നു. കുട്ടികള്‍ ഭൂരിഭാഗവും മുമ്പത്തെ ബസില്‍ പോയിരുന്നതിനാല്‍ അപകടത്തിന്റെ തോത് കുറയാന്‍ കാരണമായി. അപകടം സംഭവിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ എസ്.ഐയും സംഘവും സ്ഥലത്തെത്തി.
ഇതേ സ്ഥലത്ത് മുമ്പും നിരവധി അപകടങ്ങള്‍ നടന്നിട്ടുണ്ട്. ഇറക്കവും കൊടുംവളവും ഇരു ഭാഗത്തുള്ള മരങ്ങളും അപകടത്തിന് കാരണമാകുന്നുണ്ട്. എന്നാല്‍, ഇവിടെ സൂചനാ ബോര്‍ഡുകളോ മറ്റു അടയാളങ്ങളോ ഇതുവരെ വച്ചിട്ടില്ല. അധികൃതര്‍ക്ക് നിരവധി തവണ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

കള്ളുഷാപ്പ് വീണ്ടും തുറക്കുന്നതിനെതിരെ ബഹുജനറാലി

കരുളായി: ടൗണിലെ കള്ളുഷാപ്പ് വീണ്ടും തുറക്കുന്നതിനെതിരെ ബഹുജനറാലി സംഘടിപ്പിച്ചു. പള്ളിപ്പടിയില്‍ നിന്ന് കിണറ്റിങ്ങല്‍ വരെ നടത്തിയ റാലിയില്‍ മത-രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കളുള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. സമാപന സമ്മേളനംമദ്യ നിരോധന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് മായിന്‍ ഉദ്ഘാടനം ചെയ്തു. ഫാ. ജോസ് വട്ടിയാനിക്കല്‍ മദ്യ വിരുദ്ധ പ്രതിജ്ഞ ചെല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. അലി അക്ബര്‍, ഫാ. പോള്‍ ജേക്കബ്, ഫാ. പോള്‍ വര്‍ഗീസ്, ഫാ. അലക്‌സ്, ടി.കെ അബ്ദുല്ല ക്കുട്ടി, കെ.മനോജ്, ഇ.പി ഹംസ, കെ. നൗഷാദ്, എന്‍. ചക്രപാണി, കെ.പി. ജമാല്‍, ടി.എച്ച.് ഷാനവാസ്, മുജീബ് മുസ്‌ലിയാര്‍ എന്നിവര്‍ സംസാരിച്ചു.

രണ്ട് രൂപയുടെ അരി കൊള്ളയടിക്കാന്‍ റേഷന്‍ കടക്കാരെ അനുവദിക്കരുത്-ഭക്ഷ്യോപദേശകസമിതി

കൊല്ലം: വിലക്കയറ്റം തടയുന്നതിന്റെയും റേഷന്‍കടകളുടെ പ്രവര്‍ത്തനം സാധാരണക്കാര്‍ക്ക് ലഭ്യമാക്കുന്നതിന്റെയും ഭാഗമായി താലൂക്ക് തലത്തില്‍ മോണിട്ടറിങ് സമിതികളുടെയും പഞ്ചായത്ത് തലത്തില്‍ വിജിലന്‍സ് കമ്മിറ്റികളുടെയും രൂപവത്കരണം ഡിസംബറില്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ ഭക്ഷ്യോപദേശക സമിതിയോഗം നിര്‍ദേശം നല്‍കി. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഉള്‍പ്പെടുന്ന മോണിട്ടറിങ് സമിതികള്‍ നിലവില്‍ലഭ്യമായവരെ ഉള്‍പ്പെടുത്തി രൂപവത്കരിക്കാനാണ് നിര്‍ദേശം. വിലകയറുന്ന സാഹചര്യത്തില്‍ രണ്ടുരൂപ നിരക്കില്‍ സര്‍ക്കാര്‍ സാധാരണക്കാര്‍ക്ക് നല്‍കുന്ന അരി കൊള്ളയടിക്കാന്‍ റേഷന്‍കടക്കാരെ അനുവദിക്കരുതെന്ന് സമിതി വ്യക്തമാക്കി.
സര്‍ക്കാര്‍ നയം അനുസരിച്ച് മികച്ചയിനം അരിയാണ് വിതരണം ചെയ്യുന്നതെങ്കിലും ചില കടക്കാര്‍ ബോധപൂര്‍വം മറിച്ച് പ്രചരിപ്പിക്കുകയാണ്- എ.എ. അസീസ് എം.എല്‍.എ വ്യക്തമാക്കി.
കുന്നത്തൂര്‍ താലൂക്ക് റേഷന്‍ ഡിപ്പോ പുനഃസ്ഥാപിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. മാവേലി സ്‌റ്റോറിലും സപ്ലൈകോയിലും സബ്‌സിഡി സാധനങ്ങള്‍ വാങ്ങുന്നവരെ മറ്റ് സാധനങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിച്ചാല്‍ സപ്ലൈ ഓഫിസര്‍മാര്‍ നടപടി സ്വീകരിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. മാവേലി സ്‌റ്റോറുകള്‍ക്ക് കമ്പ്യൂട്ടര്‍ വാങ്ങുന്ന കാര്യം വില സംബന്ധിച്ച് പൊതുവിതരണം, പഞ്ചായത്ത് വകുപ്പുകള്‍ തമ്മിലുള്ള ധാരണപ്പിശകിന്റെ പേരില്‍ വൈകാന്‍ അനുവദിച്ചുകൂടെന്നും സമിതി ചൂണ്ടിക്കാട്ടി. ചാത്തിനാംകുളം, മയ്യനാട് മാവേലിസ്‌റ്റോറുകള്‍ അനുവദിച്ച് ഏഴ് മാസമായിട്ടും തുറക്കാത്തതിനെ സമിതി യോഗം വിമര്‍ശിച്ചു.
അതുപോലെ കുപ്പിവെള്ളവും കവര്‍പാലും പരിശോധനക്ക് വിധേയമാക്കണം. ശബരിമല സീസണ്‍ ആയതിനാല്‍ കുടിവെള്ളം പോലെ ഫ്രൂട്ട്ജ്യൂസുകളും മറ്റ് വര്‍ണപാനീയങ്ങളും പരിശോധിക്കണമെന്ന് യോഗം നിര്‍ദേശിച്ചു. ഗ്യാസ് സിലിണ്ടറിന് അപേക്ഷിക്കുന്നവര്‍ 45-50 ദിവസം വരെ കാത്തിരിക്കേണ്ട അവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ഡിസംബര്‍ 18ന് ചേരുന്ന പാചകവാതക അദാലത്തില്‍ പരിഗണിക്കാന്‍ മാറ്റിവെച്ചു.
കലക്ടറേറ്റ് സമ്മേളന ഹാളില്‍ കലക്ടര്‍ ദേവേന്ദ്രകുമാര്‍ ദൊഡാവത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമിതി യോഗത്തില്‍ എം.എല്‍.എമാരായ എ.എ. അസീസ്, ബി. അനിരുദ്ധന്‍, ജില്ലാ സപ്ലൈ ഓഫിസര്‍ ബി. സുരേന്ദ്രന്‍ എന്നിവരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരും സംബന്ധിച്ചു.

ലാബിലെ തീപിടിത്തം: മലപ്പുറം മദ്യദുരന്തത്തിലെ സാമ്പിളുകള്‍ ഉണ്ടായിരുന്നതായി സംശയം

തിരുവനന്തപുരം:കത്തി നശിച്ച ചീഫ് കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബിലെ സ്‌റ്റോര്‍റൂമില്‍ മലപ്പുറം മദ്യദുരന്തത്തിലെ സാമ്പിളുകള്‍ ഉണ്ടായിരുന്നതായി സംശയം.കൊലപാതകം,ആത്മഹത്യ,മദ്യദുരന്തങ്ങള്‍,മറ്റ് അബ്കാരി കേസുകള്‍, പീഡന കേസുകള്‍,ദുരൂഹമരണങ്ങള്‍ തുടങ്ങി സംസ്ഥാനത്തെ പ്രമാദമായ കേസുകളുമായി ബന്ധപ്പെ ട്ട രാസപരിശോധനയാണ് ഇവിടെ നടക്കുന്നത്.ഇതിനു പുറമേ കോടതിയുടെ നിര്‍ദേശപ്രകാരമെത്തുന്ന തെളിവുകളുടെ പരിശോധനയും നടക്കാറുണ്ട്.പരിശോധനക്കുശേഷം സാമ്പിളുകളും അവയുടെ റിപ്പോര്‍ട്ടുകളും സൂക്ഷിക്കേണ്ട ചുമതലയും ചീഫ് കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബിലാണ്.
എക്‌സൈസ് പൊലീസ് വകുപ്പുകള്‍ കേസുകളിലെ രാസപരിശോധനക്ക് ആശ്രയിക്കുന്നത് ഈ ലാബിനെയാണ്.എറണാകുളത്തെയും കോഴിക്കോട്ടെയും രണ്ട് റീജനല്‍ ലാബുകളുടെ കേന്ദ്ര ഓഫിസാണ് തിരുവനന്തപുരത്തേത്.അതുകൊണ്ടുതന്നെ മലപ്പുറം ദുരന്തവുമായി ബന്ധപ്പെട്ട സുപ്രധാന സാമ്പിളുകള്‍ ഇവിടെയുണ്ടായിരുന്നുവെന്നതിനെ തള്ളിക്കളയാനാവില്ല.ഇതിനിടെ കത്തിയമര്‍ന്ന മുറിയില്‍ നിന്ന് മണെ്ണണ്ണയുടെ മണമുള്ള ഒരു പ്ലാസ്റ്റിക് കുപ്പി കണ്ടെടുത്തിട്ടുണ്ട്.ഇ.എന്‍.എ(എക്‌സ്ട്രാ ന്യൂട്രല്‍ ആള്‍ക്കഹോള്‍ ) എന്ന് ലേബലൊട്ടിച്ച കുപ്പിയിലാണ് മണെ്ണണ്ണ മണക്കുന്നതായി കണ്ടെത്തിയത്.
2009 ഏപ്രിലില്‍ ചേര്‍ത്തലയില്‍ നിന്ന് മദ്യത്തിന്റ സാമ്പിള്‍ പരിശോധനക്കായാണ് ഈ കുപ്പി ലാബിലെത്തിയത് എന്നാണ് കുപ്പിയുടെ പുറത്തെ ലേബലില്‍ നിന്ന് മനസ്സിലാക്കാനാവുന്നത്.ആള്‍ക്കഹോളിന്റെ സാമ്പിള്‍ പരിശോധനക്കായെത്തിയ കുപ്പിയുടെ അകത്തും പുറത്തും മണെ്ണണ്ണയുടെ മണം വന്നതെങ്ങനെയെന്ന ചോദ്യത്തിനും ഉത്തരം കിട്ടിയിട്ടില്ല.ഫോറന്‍സിക് അധികൃതരാണ് കത്തിയമര്‍ന്ന അലമാരക്ക് സമീപത്ത് നിന്ന് കുപ്പി കണ്ടെത്തിയത്.അവര്‍ പോലീസിന് കൈമാറുകയായിരുന്നു.കുപ്പിയുടെ മുകളില്‍ വിരലടയാളം കണ്ടതിനെത്തുടര്‍ന്ന് പോലീസ് വിരലടയാള വിദഗ്ധര്‍ക്ക് കൈമാറി.
എണ്‍പതോളം ജീവനക്കാരാണ് ഇവിടെയുള്ളത്.നിര്‍ണായക തെളിവുകള്‍ സൂക്ഷിക്കുന്ന ഇവിടെ സാധാരണ വാച്ച്മാന്‍ മാത്രമേയുള്ളൂ.

ടിക്കറ്റ് നല്‍കാതെ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി തുടങ്ങി

മലപ്പുറം: ജില്ലയില്‍ ടിക്കറ്റ് നല്‍കാതെ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി തുടങ്ങിയതായി ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു. ബസുകളില്‍ ടിക്കറ്റ് നല്‍കുന്നത് സംബന്ധിച്ച് വ്യാപക പരാതിയുണ്ടായ പശ്ചാത്തലത്തില്‍ കഴിഞ്ഞ റോഡ് സേഫ്റ്റി കൗണ്‍സില്‍ യോഗത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ കലക്ടര്‍ ആര്‍.ടി.ഒ യോട് നിര്‍ദേശിച്ചിരുന്നു. ഇതേതുടര്‍ന്ന് സ്‌ക്വാഡുകളായി തിരിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ 130 വാഹനങ്ങളില്‍നിന്ന് 61,000 രൂപ പിഴ ഈടാക്കി. 15 വാഹനങ്ങള്‍ പിടിച്ചെടുത്തു.
ടിക്കറ്റ് നല്‍കാതെ സര്‍വീസ് നടത്തിയ ബസുകള്‍, ഇന്‍ഡിക്കേറ്റര്‍ പ്രവര്‍ത്തന രഹിതമായ വാഹനങ്ങള്‍, സമാന്തര സര്‍വീസ് നടത്തിയവയും അമിത ഭാരം കയറ്റിയതുമായവ എന്നിവയും പിഴയിട്ടതില്‍ ഉള്‍പ്പെടുന്നു. പരിശോധന കര്‍ശനമാക്കുന്നതിന്റെ ഭാഗമായി സ്‌ക്വാഡുകള്‍ കൂടുതല്‍ ഭാഗങ്ങളില്‍ വിന്യസിക്കുമെന്നും ആര്‍.ടി.ഒ അറിയിച്ചു.

പിഎച്ച്.ഡി /എം.എസ്‌സി (എന്‍ജിനീയറിങ്) രജിസ്‌ട്രേഷന്‍ ജനുവരി 15 വരെ

കേരള സര്‍വകലാശാല ഗവേഷണത്തിലൂടെ പിഎച്ച്.ഡിക്കും എം.എസ്‌സി എന്‍ജിനീയറിങ് ഡിഗ്രിക്കും വേണ്ടി ഫുള്‍ടൈം /പാര്‍ട്ട് ടൈം രജിസ്‌ട്രേഷന് അപേക്ഷ ക്ഷണിച്ചു. പിഎച്ച്.ഡി രജിസ്‌ട്രേഷന് 55 ശതമാനത്തില്‍ കുറയാതെ മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തരബിരുദം, എം.ഫില്‍ അല്ലെങ്കില്‍ കേരള സര്‍വകലാശാല നടത്തിയ പിഎച്ച്.ഡി പ്രവേശനപരീക്ഷയോ, യു.ജി.സി/സി.എസ്.ഐ.ആര്‍/ഐ.സി.എ.ആര്‍/ഐ.സി.എം.ആര്‍ യോഗ്യത നിര്‍ണയ പരീക്ഷയോ, ഗേറ്റോ (GATE) കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി സമിതിയുടെ ഫെലോഷിപ്പോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
55 ശതമാനം മാര്‍ക്കോടെ എന്‍ജിനീയറിങ്ങില്‍ ബാച്ചിലര്‍ ബിരുദവും കേരള സര്‍വകലാശാലയുടെ പ്രവേശന പരീക്ഷയോ/ഗേറ്റോ/ ജയിച്ചവര്‍ക്ക് എം.എസ്‌സി എന്‍ജിനീയറിങ്ങിന് രജിസ്റ്റര്‍ ചെയ്യാം. യൂനിവേഴ്‌സിറ്റിയിലോ കോളജിലോ കുറഞ്ഞത് 10 വര്‍ഷമെങ്കിലും അധ്യാപന പരിചയമുളളവര്‍ക്ക് പി.ജി ബിരുദത്തിന് വേണ്ട മിനിമം മാര്‍ക്കില്‍ അഞ്ചു ശതമാനം ഇളവ് ലഭിക്കും. 50 ശതമാനത്തില്‍ കുറഞ്ഞ മാര്‍ക്കുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ അനുവദിക്കുകയില്ല. രജിസ്‌ട്രേഷന് യോഗ്യത നേടി പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് സയന്‍സില്‍ 45 ശതമാനവും മറ്റ് വിഷയങ്ങളില്‍ 40 ശതമാനവും മാര്‍ക്ക് മതി. വികലാംഗര്‍ക്കും ബധിരര്‍ക്കും അഞ്ച് ശതമാനം മാര്‍ക്ക് ഇളവ് അനുവദിക്കും.
കോളജുകളിലോ സര്‍വകലാശാലയിലോ ഏഴുവര്‍ഷം സര്‍വീസുള്ള അധ്യാപകരെയും ഡി.എം/എം.ഡി.എച്ച് എന്നീ സൂപ്പര്‍ സ്‌പെഷാലിറ്റി ബിരുദമുളള ഡോക്ടര്‍മാരെയും, അംഗീകൃത ഗവേഷണ പ്രസിദ്ധീകരണത്തില്‍ രണ്ടു പേപ്പറെങ്കിലും പ്രസിദ്ധപ്പെടുത്തിയിട്ടുളള അംഗീകൃത ഗവേഷണസ്ഥാപനങ്ങളിലെ ഏഴുവര്‍ഷം സര്‍വീസുള്ള ഗ്രേഡ് സയന്റിസ്റ്റ് /എന്‍ജിനീയര്‍മാരെയും പ്രവേശന പരീക്ഷയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
രജിസ്‌ട്രേഷനുവേണ്ട നിശ്ചിതയോഗ്യത നേടിയിട്ടുള്ള സര്‍വകലാശാലയിലെയും അഫിലിയേറ്റഡ് കോളജുകളിലെയും സ്ഥിരം അധ്യാപകര്‍ക്ക് മാത്രമേ പാര്‍ട്ട്‌ടൈം രജിസ്‌ട്രേഷന് അപേക്ഷിക്കാനാവൂ. പാര്‍ട്ട്‌ടൈം രജിസ്‌ട്രേഷന്‍ അനുവദിക്കുന്ന വിഷയങ്ങളും വ്യവസ്ഥകളും സീറ്റുകളുടെ വിവരവും വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭ്യമാണ്. അപേക്ഷാഫോറം സര്‍വകലാശാലാ ഫോംസ് സെക്ഷനില്‍നിന്നോ തപാലിലോ വെബ്‌സൈറ്റില്‍ നിന്നോ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍, രജിസ്‌ട്രേഷന്‍ ഫീസിനുളള 500 രൂപയുടെ പേ ഇന്‍ സ്‌ലിപ്പ് അല്ലെങ്കില്‍ 510 രൂപയുടെ ഡി.ഡി. (എസ്.ബി.ടി/എസ്.ബി.ഐ/ഡി.സി.ബി) സഹിതം 2011 ജനുവരി 15 നകം സമര്‍പ്പിക്കണം.
സര്‍വകലാശാല വകുപ്പുകളില്‍ ഗവേഷണകേന്ദ്രമായി തെരഞ്ഞെടുക്കുന്നവര്‍ അതതു വകുപ്പുമേധാവിക്ക് അപേക്ഷ സമര്‍പ്പിക്കണം. (പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ അപേക്ഷയുടെ ഒരു പകര്‍പ്പ് രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കണം.) അംഗീകൃത ഗവേഷണ സ്ഥാപനങ്ങള്‍/അഫിലിയേറ്റഡ് കോളജ് വകുപ്പുകള്‍ തെരഞ്ഞെടുക്കുന്നവര്‍ അപേക്ഷാ രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ നിന്ന് (www.keralauniversity.ac.in) ലഭിക്കും.

Friday, December 10, 2010

രോഗങ്ങളെ സത്‌ക്കരിക്കുന്ന മലയാളികള്‍

നിങ്ങള്‍ നിങ്ങളുടെ സമ്പത്തിന്റെ മൂന്നിലൊരു ശതമാനം എന്തു ചെയ്യുന്നു?
എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഈ ചോദ്യം സമ്പന്നനോടും സാധാരണക്കാരോടും ദരിദ്രരോടും എല്ലാം കൂടിയാണ്‌. എല്ലാവര്‍ക്കുമുള്ള ഉത്തരം ഒന്നു തന്നെയായിരിക്കും. രോഗ പ്രതിരോധത്തിന്‌. പലരുടെ കാര്യവും ഇവിടെ ഒതുങ്ങുമോ എന്നതും സംശയമാണ്‌.

സ്വകാര്യ ആശുപത്രികള്‍, ഗവണ്‍മെന്റ്‌ ആതുരാലയങ്ങള്‍, നഗരങ്ങളിലും നാട്ടന്‍പുറങ്ങളിലും സ്വകാര്യ പ്രാക്‌ടീസ്‌ നടത്തുന്ന ഡോക്‌ടര്‍മാര്‍, ചെറിയ ചെറിയ നഴ്‌സിംഗ്‌ ഹോമുകള്‍, ഹോമിയോ ഡോക്‌ടര്‍മാര്‍, പാരമ്പര്യവൈദ്യന്‍മാര്‍, മുറി വൈദ്യന്‍മാര്‍, വിഷ ചികിത്സകാരികള്‍, വ്യാജസിദ്ധന്‍മാര്‍ എന്നു വേണ്ട മരുന്നും മന്ത്രവുമില്ലാതെ അത്ഭുതങ്ങള്‍ പ്രവചിക്കുകയും രോഗശാന്തിയും മനഃശാന്തിയും വാഗ്‌ദാനം ചെയ്യുകയും ചെയ്യുന്ന ഏതൊരാളുണ്ടോ, അവിടേക്കെല്ലാം രോഗികളൊഴുന്നു.

മണിക്കൂറുകള്‍ കാത്തുകെട്ടിക്കിടക്കുന്നു. ഭീമമായ കണ്‍സള്‍ട്ടിംഗ്‌ ഫീസും വിലകൂടിയ മരുന്നും വാങ്ങി മടങ്ങുന്നു. ഒരൊറ്റ ആശ്ലേഷത്തിനു വേണ്ടി ദിവസങ്ങള്‍ തന്നെ ക്ഷമയോടെ കത്തിരിക്കാനും അവര്‍ക്കു മടിയില്ല. കൂനുകള്‍ പോലെ ചികിത്സാലയങ്ങള്‍ ഉദിച്ചു പൊങ്ങുന്നു. അവയെല്ലാം പച്ചപിടിച്ച്‌ ചിറകുവിരിച്ച്‌ പറക്കുന്നു. ഈ രംഗത്ത്‌ നിലച്ചുപോകുന്ന സ്ഥാപനങ്ങളില്ലെന്നതാണ്‌ വലിയ സത്യം. വിശ്വസിച്ച്‌ മുതല്‍മുടക്കാവുന്ന ഏക ബിസിനസ്‌ സാമ്രാജ്യമെന്ന്‌ ചുരുക്കം.
മരണത്തെ കണ്ട്‌ ഞെട്ടല്‍ മാറാത്ത തുരുമ്പിച്ച ആശുപത്രി കട്ടിലുകള്‍, അമര്‍ത്തിയ വേദനകളമരാതെ അവയില്‍ നിന്നും പുറത്തേക്ക്‌ വീഴുന്ന ഞെരുക്കങ്ങള്‍, നീളന്‍വരാന്തകളുടെ വിജനമായ ഇടവഴിയില്‍ നിന്നും മരണത്തിന്റെ പിറുപിറുപ്പ്‌, ഒന്നിനു പിറകെ മറ്റൊന്നായി എത്തുന്ന രോഗികള്‍, രോഗികളുടെ മുഖവും പ്രായവും മാത്രമേ മാറുന്നൊള്ളൂ. കുഷ്‌ഠരോഗാശുപത്രികളില്‍ മെഡിക്കല്‍കോളജ്‌ ആതുരാലയങ്ങളില്‍, പെയിന്‍ ആന്റ്‌ പാലിയേറ്റീവ്‌ പരിചരണ കേന്ദ്രങ്ങളില്‍, വൃദ്ധ സദനങ്ങളില്‍, പ്രതീക്ഷകളസ്‌തമിച്ചിട്ടും മരണവും മരുന്നും മണക്കുന്ന വീടുകളുടെ അകത്തളങ്ങളില്‍, എല്ലാം നാം അവരുടെ അനുഭവ ദൈന്യം പങ്കുവെക്കപ്പെടുന്നവരെ കണ്ടുമുട്ടുന്നു.

ഇത്രയധികം രോഗികളുണ്ടോ ഈ ഭൂമുഖത്ത്‌? ഇത്രയധികം ജനങ്ങള്‍ രോഗശന്തിക്കായി പ്രാര്‍ഥനകളോടെയും ഏകാഗ്രതയോടെയും വിവിധ ചികിത്സാവിധികളെ അവലംബിക്കുന്നുണ്ടോ? ജീവിത സംസ്‌കാരത്തിന്റെ വ്യതിയാനങ്ങള്‍ക്കനുസരിച്ച്‌ പരിസ്ഥിതിയുടെ ഭീകരാവസ്ഥ മൂലം പുതിയ പുതിയ അസുഖങ്ങള്‍ ജനിക്കുന്നു. ആധുനിക ടെക്‌നോളജി വികസനത്തിന്റെ വിസ്‌മയകഥകള്‍ തന്നെ പറയുന്നുണ്ടെങ്കിലും ശാസ്‌ത്രത്തിനു തോല്‍പ്പിക്കാന്‍ കഴിയാത്ത അസുഖങ്ങള്‍ മനുഷ്യനെ കീഴ്‌പ്പെടുത്തി മുന്നേറിക്കൊണ്ടിരിക്കുന്നു.

അറുനൂറ്‌ കോടി മനുഷ്യരാണ്‌ ഈ മുഖത്തുള്ളത്‌. അതില്‍ ഇരുപതു കോടിയോളം പ്രമേഹ രോഗികള്‍ തന്നെയുണ്ട്‌. ഇന്ത്യയില്‍ മാത്രം മൂന്നു കോടി പ്രമേഹ രോഗികളുണ്ട്‌. 2030ല്‍ ഇത്‌ എട്ടു കോടി വരുമെന്നും വരും വര്‍ഷങ്ങളില്‍ ഇന്ത്യയുടെ ഗുരുതരമായ ആരോഗ്യ പ്രശ്‌നമായവും പ്രമേഹമെന്നുമാണ്‌ അന്താരാഷ്‌ട്ര പ്രമേഹ ഫൗണ്ടേഷന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌.

2010 ആകുമ്പോഴേക്കും ലോകത്തിലെ ഹൃദ്രോഗികളില്‍ പകുതിയിലധികവും ഇന്ത്യക്കാരായിരിക്കും. പശ്ചാത്യ രാജ്യങ്ങളില്‍ അറുപത്‌ വയസില്‍ താഴെയുള്ളവരുടെ ഹൃദയാഘാത മരണങ്ങള്‍ ഇരുപത്തിരണ്ടു ശതമാനമാണെങ്കില്‍ ഇന്ത്യയിലിത്‌ അമ്പത്‌ ശതമാനത്തിനു മുകളിലാണെന്ന മുന്നറിയിപ്പ്‌ തരുന്നത്‌ ലോകാരോഗ്യ സംഘടനയാണ്‌.

ഇന്ത്യയിലെ ഹൃദ്രോഗികളില്‍ 75 ശതമാനം പുകവലിക്കാരാണ്‌. ഹൃദ്രോഗം, മസ്‌തിഷ്‌കാഘാതം തുടങ്ങിയ ഗുരുതരമായ പല രോഗങ്ങള്‍ക്കും പ്രധാന കാരണമായ കൊളസ്‌ട്രോളും പലപ്പോഴും നിശബ്‌ദ ഘാതകനായി മാറുന്നുണ്ട്‌.
അഞ്ചു കോടി എച്ച്‌ ഐ വി ബാധിതരുണ്ട്‌ ലോകത്ത്‌. 35 ലക്ഷം എച്ച്‌ ഐ വി ബാധിതരായ സ്‌ത്രീകളും. പതിനെട്ടിനും 30 വയസിനുമിടയിലാണ്‌ ഇവരുടെ പ്രായം. 1981 മുതല്‍ ഹ്യൂമണ്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ്‌ എന്ന രോഗാണു മൂലം ദുരിതമനുഭവിക്കുകയും മരണത്തിന്റെ കൈയൊതുക്കത്തിലേക്ക്‌ പ്രതിവര്‍ഷം നടന്നടുക്കുകയും ചെയ്യുന്നത്‌ ലക്ഷങ്ങളാണ്‌. മനുഷ്യരാശിയുടെ നിലനില്‍പിനു തന്നെ ഭീഷണി സൃഷ്‌ടിച്ച എയ്‌ഡ്‌സ്‌ രോഗത്തിനു മുമ്പില്‍ ഇന്നും പ്രതിവിധിയില്ലാതെ പകച്ചു നില്‍ക്കാനെ വൈദ്യശാസ്‌ത്രത്തിനാകുന്നുള്ളൂ.

ലോകജനസംഖ്യയുടെ 40 ശതമാനത്തോളം ഇന്നും മലമ്പനി രോഗത്തിന്‌ അടിമകളാകുന്നു. പ്രതിവര്‍ഷം അമ്പത്‌ കോടിയോളം ജനങ്ങളെ മലമ്പനിപിടിപെടുകയും പത്തു ലക്ഷത്തോളം ആളുകള്‍ മരിക്കുകയും ചെയ്യുന്നു. ക്യാന്‍സര്‍ രോഗത്തെക്കുറിച്ചുള്ള പരീക്ഷണത്തിനും ഗവേഷണത്തിനുമാണ്‌ ലോകം ഏറ്റവും കൂടുതല്‍ സമ്പത്ത്‌ ചെലവഴിച്ചിട്ടുള്ളത്‌. അതിന്റെ ചികിത്സാരീതിയില്‍ ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടായി എങ്കിലും ഇന്നും ഒരു വലിയ ജനവിഭാഗത്തിന്റെ പേടി സ്വപ്‌നമായി ഈ രോഗം അവശേഷിക്കുന്നു.

മുപ്പതുവര്‍ഷം മുമ്പുണ്ടായിരുന്നതിനേക്കാള്‍ 30 ശതമാനം വര്‍ധനവാണ്‌ ഈ രോഗത്തിന്റെ വ്യാപനത്തല്‍ ഇന്നുമുള്ളത്‌. പ്രതിവര്‍ഷം പന്ത്രണ്ട്‌ ലക്ഷത്തോളം ക്യാന്‍സര്‍ രോഗമരണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഇതിനു പുറമെ, പകര്‍ച്ചവ്യാധികളായ ജപ്പാന്‍ ജ്വരം, മഞ്ഞപ്പനി, ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, മഞ്ഞപ്പിത്തം, എലിപ്പനി തുടങ്ങി പുതിയ പേരുകളിട്ട്‌ വിളിക്കുന്ന നിരവധി രോഗങ്ങളും ദിനം പ്രതിയെന്നോണം എത്തിക്കൊണ്ടുമിരിക്കുന്നു.


രോഗങ്ങള്‍ക്കു പഞ്ഞമില്ല, രോഗികള്‍ക്കു അവക്കുള്ള ചികിത്സാ കേന്ദ്രങ്ങള്‍ക്കു ക്ഷാമവുമില്ല, ജനസംഖ്യയിലെ വലിയൊരു ശതമാനവും ഇങ്ങനെ ആശുപത്രികളോടും മരുന്നുകളോടും സല്ലപിച്ചു കഴിയുന്നു. അവന്റെ അദ്ധ്വാനത്തിന്റേയും കുടുംബത്തിന്റെ വരുമാനത്തിന്റേയും വലിയൊരു പങ്ക്‌ ഇതിലേക്കു മാറ്റിവെക്കുന്നു. ദരിദ്രരും സാധാരണക്കാരും അതിനാകാതെ അന്യരുടെ കാരുണ്യത്തിനും കൈനീട്ടുന്നു. പത്രത്താളുകളില്‍ കനിവുള്ളവരുടെ കാരുണ്യം തേടുന്ന ചിത്രങ്ങള്‍ നിറയാത്തതെന്നാണ്‌? ചികിത്സക്കുവേണ്ടി വീടും പറമ്പും പണയപ്പെടുത്തുന്നവര്‍, പലിശക്കും വട്ടിക്കും പണംകടം വാങ്ങുന്നവര്‍.

എന്നിട്ടും തികയാതെ ഇനി എന്തു ചെയ്യണമെന്നറിയാതെ നെടുവീര്‍പ്പിടുന്നവര്‍, നമുക്ക്‌ ചുറ്റും ഇത്തരം മുഖച്ഛായകളുള്ളവര്‍ നൂറുക്കണക്കിനല്ലെ? എന്നാല്‍, രോഗമേതായാലും ചികിത്സ എന്ത്‌ തന്നെയായാലും ഈ സാമ്പാദ്യം ചെലവഴിക്കപ്പെടുന്നത്‌ പാഴായിപ്പോകുന്ന ശ്രമങ്ങള്‍ക്ക്‌ വേണ്ടിയായാലോ?
അതെ, അതാണ്‌ കേരളീയരിലെ വലിയൊരു വിഭാഗത്തിന്റേയും അനുഭവം. പലപ്പോഴുംചികിത്സക്കു വേണ്ടി വിനിയോഗിക്കുന്ന തുക വെറുതെയാകുന്നു. രോഗം ഏതു തന്നെയാകട്ടെ, ചികിത്സയുടെ കാര്യത്തില്‍ ഏറെ പ്രധാന്യവുമര്‍ഹിക്കുന്ന ഒന്നാണ്‌ നേരത്തെയുള്ള രോഗനിര്‍ണയം. തുടക്കത്തിലെയുള്ള ചികിത്സ. ചികിത്സയുടെ വിജയവും പരാജയവും എല്ലായ്‌പ്പോഴും അതിനെ ആശ്രയിച്ചിരിക്കും.

ക്യാന്‍സര്‍ രോഗത്തിന്റെ കാര്യം തന്നെയെടുക്കാം. രോഗം പിടിപെട്ട അവയവത്തില്‍ തന്നെ രോഗം ഒതുങ്ങി നില്‍ക്കുന്ന അവസ്ഥയാണ്‌ ആദ്യഘട്ടം. ഈ അവസ്ഥയില്‍ അസുഖം കണ്ടെത്തിയാല്‍ 90 ശതമാനവും ചികിത്സിച്ചു ഭേദമക്കാന്‍ കഴിയുന്നു. സമീപ അവയവങ്ങളിലേക്കു കൂടി രോഗം വ്യാപിക്കുന്ന രണ്ടാമത്തെ ഘട്ടത്തിലാണ്‌ കണ്ടെത്തുന്നതെങ്കില്‍ അറുപത്‌ ശതമാനമാളുകളിലാണ്‌ ചികിത്സ ഫലപ്രദമാകുക. ഇതും കഴിഞ്ഞുള്ള മൂന്നാമത്തെ ഘട്ടത്തില്‍ ചികിത്സ തുടങ്ങുമ്പോള്‍ പത്തു ശതമാനമാളുകള്‍ക്കേ ജീവിതത്തിലേക്ക്‌ നടന്നു കയറാന്‍സാധിക്കൂ.

എന്നാല്‍, എണ്‍പതു ശതമാനം അര്‍ബുദ രോഗികളും ആദ്യത്തെ രണ്ടു ഘട്ടം കഴിഞ്ഞേ ചികിത്സക്കെത്തൂന്നുള്ളൂ. അപ്പോഴാകട്ടെ ചികിത്സ ഫലപ്രദമല്ല തന്നെ. എന്ന്‌ കരുതി ആരും ചികിത്സ നിര്‍ത്തുന്നില്ല. സാന്ത്വനചികിത്സയില്‍ ഒതുക്കുന്നില്ല, ഉള്ളതെല്ലാം വിറ്റു പെറുക്കിയും മറ്റും നടത്തുന്ന ഈ ശ്രമങ്ങളെല്ലാം പാഴ്‌ശ്രമങ്ങളായി മാറുന്നു. എച്ച്‌ ഐ വി ബാധിതരായ ഒരാളില്‍ ആദ്യ ലക്ഷണങ്ങള്‍ ആറുമാസത്തിനിടെ കണ്ടു തുടങ്ങുന്നു. പിന്നെ ആരോഗ്യമുള്ള ഒരാളില്‍ പത്തുവര്‍ഷം വരെ കാര്യമായ ലക്ഷണങ്ങളൊന്നും കണ്ടു കൊള്ളണമെന്നില്ല. പ്രത്യക്ഷത്തില്‍ അയാള്‍ രോഗവാഹകനാണെന്ന്‌ തിരിച്ചറിയാനുള്ള അടയാളങ്ങളുമില്ല.

എന്നാല്‍ , കേരളത്തിലുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഉഷസ്‌ കേന്ദ്രങ്ങളില്‍ എച്ച്‌ ഐ വി ബാധിതര്‍ക്കുള്ള സൗജന്യ ആന്റി റിട്രോ വൈറല്‍ ചികിത്സ സ്വീകരിക്കുന്നതിലൂടെ അയാള്‍ക്ക്‌ പത്തു മുതല്‍ പതിനഞ്ച്‌ വര്‍ഷത്തോളം ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാന്‍ കഴിയുന്നു. രോഗം ഏത്‌ എന്നതിനേക്കാള്‍ മെച്ചപ്പെട്ട ചികിത്സ ശരീരമാവശ്യപ്പെടുന്ന സമയത്തു നല്‍കുന്നുണ്ടോ എന്നതാണ്‌ പ്രധാനം.

കേവലം ഒരു പനി വന്ന്‌ ആളുകള്‍ മരിച്ചു പോകുന്നില്ലേ, മഞ്ഞപ്പിത്തം മൂത്ത്‌ മരണംസംഭവിക്കുന്നില്ലേ... മാരകമായ രോഗങ്ങളില്‍ നിന്നും ഒരിക്കലും രക്ഷപ്പെടില്ലെന്ന്‌ ഡോക്‌ടര്‍മാര്‍ വിധിയെഴുതിയവര്‍ ജീവിതത്തിലേക്ക്‌ പുഞ്ചിരിയോടെ നടന്നടുക്കുന്നില്ലേ, ഇതെല്ലാം സംഭവിക്കുന്നതും ചികിത്സയോട്‌ രോഗികള്‍കാണിക്കുന്ന അഭിനിവേശവും അവഗണനയും കൊണ്ടുതന്നെയാണ്‌.

ആരോഗ്യത്തെക്കുറിച്ച്‌ വളരെ ശ്രദ്ധാലുക്കളാണ്‌ നമ്മള്‍. കുട്ടികളുടെ ആരോഗ്യത്തിനും വലിയ പ്രധാന്യംനല്‍കുന്നു. അവര്‍ക്ക്‌ രോഗം വരാതിരിക്കാന്‍ അങ്ങേയറ്റം ശ്രമിക്കുന്നു. ഏറ്റവും അടുപ്പമുള്ളവര്‍ക്ക്‌ ഒരു പനി വന്നാല്‍ നമുക്കത്‌ സഹിക്കില്ല. എന്നാല്‍, സ്വന്തം കാര്യങ്ങളില്‍ പലര്‍ക്കും ഈ ശ്രദ്ധയില്ല. അതുകൊണ്ടു തന്നെ മലയാളികള്‍ക്കിന്ന്‌ എല്ലാരോഗവും സുപരിചിതമാണ്‌. അസുഖം പിടിപെട്ടാല്‍ ഡോക്‌ടറെ ചെന്നു കാണുന്നു, വില കൂടിയ മരുന്നുകള്‍ വാങ്ങുകയും കഴിക്കുകയും ചെയ്യുന്നു. അതിനേക്കാള്‍ വില കൂടിയ ഉപദേശങ്ങള്‍ ഒരു ചെവിയിലൂടെ കേട്ട്‌ നിസ്സാരമായി തള്ളിക്കളയുന്നു. മിക്ക രോഗങ്ങളും നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍ നിന്നും ജീവിക്കുന്ന ചുറ്റുപാടില്‍ നിന്നും ലഭിക്കുന്നവയാണ്‌. ചിലര്‍ക്ക്‌ പാരമ്പര്യമായും പകര്‍ന്ന്‌ കിട്ടുന്നു.കാസര്‍കോട്‌ ജില്ലയിലെ പതിമൂന്ന്‌ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കശുമാവിന്‍ തോട്ടത്തിന്റെ പരിസരങ്ങളെ മരണത്താഴ്‌വര എന്നു വിളിക്കേണ്ടി വന്നത്‌ ഇവിടെ എന്‍ഡോസള്‍ഫാനെന്ന വിഷദ്രാവകം തെളിച്ചതു കൊണ്ടായിരുന്നു. ഇന്നും ഇവിടെ ജനിതക തകരാറുമായി കുഞ്ഞുങ്ങള്‍ ജനിച്ചുവീഴുന്നു. അംഗവൈകല്യത്തോടെ പിറക്കുന്നവരുടെ എണ്ണവും ക്രമാതീതമായി ഉയരുന്നു.

ത്വക്‌ രോഗങ്ങള്‍ കൂടുന്നു, സ്‌ത്രീകളില്‍ ആര്‍ത്തവ സംബന്ധമായ ക്രമക്കേടുകള്‍ ഉണ്ടാകുന്നു, പലര്‍ക്കും ആപത്‌കരമായ ആസ്‌തമയുണ്ട്‌. കുഞ്ഞുങ്ങളുടെ വളര്‍ച്ച മുരടിക്കുന്നു. സ്‌ത്രീപുരുഷ വന്ധ്യതയും ഗര്‍ഭമലസലും മിക്ക വീടുകളുടേയും ശാപമായി മാറിയിരിക്കുന്നു. ഇവര്‍ എന്‍ഡോസള്‍ഫാന്റെ ഇരകളെങ്കില്‍ കഴിക്കുന്ന ആഹാരത്തില്‍ നിന്നു തന്നെയല്ലെ, നമുക്കും പലരോഗങ്ങളും തിരിച്ചു കിട്ടിക്കൊണ്ടേയിരിക്കുന്നത്‌.

ഭക്ഷണക്കാര്യത്തില്‍ നമുക്ക്‌ ഒരു ശ്രദ്ധയുമില്ല. കിട്ടുന്നതെന്തും വാരിവലിച്ചു കഴിക്കുന്ന മലയാളീശീലത്തിന്‌ അറുതിയുണ്ടായിട്ടുമില്ല. മത്സ്യം, മാംസം,മുട്ട, എണ്ണ കൂടുതലായുപയോഗിക്കുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ വര്‍ജിക്കണമെന്നാണ്‌. ആരോഗ്യ പ്രവര്‍ത്തകരും അത്‌ നിരുത്സാഹപ്പെടുത്തുന്നു. കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ ഡോക്‌ടര്‍ ഈ ശീലം ഉപേക്ഷിക്കുവാനും ആവശ്യപ്പെടുന്നുണ്ട്‌. അമിതമായ മൃഗക്കൊഴുപ്പ്‌, അച്ചാറുകളുടെ വര്‍ധിത ഉപയോഗം, എരിവ്‌, പുളി, മസാല എന്നിവയുടെ ഉപയോഗവും നന്നല്ല. മൃഗക്കൊഴുപ്പ്‌ അച്ചാറുകളുടെ ഉപയോഗം എന്നിവ ക്യാന്‍സറിന്‌ പോലും കാരണമാകുന്നു. എണ്ണയില്‍ വറുത്തവയും ബേക്കറി പലഹാരങ്ങളും തടി കൂടാന്‍ കാരണമാകുന്നു. അമിതമായി ഉറങ്ങരുത്‌. ഉച്ചയുറക്കവും തടിവര്‍ധിപ്പിക്കും, ഭക്ഷണം നിയന്ത്രിക്കാതെ വ്യായാമത്തെ മാത്രം ആശ്രയിച്ചിട്ടും കാര്യമില്ല.

എന്നാല്‍, വ്യായാമം ചെയ്യാന്‍ പലര്‍ക്കും മടിയാണ്‌. ശാരീരികധ്വാനമില്ലാത്ത ജോലി ചെയ്യുന്നവരിലും വ്യായാമമില്ലാത്തവരിലും ഹൃദ്രോഗ സാധ്യത ഇരട്ടിയാണ്‌. വ്യായാമമുള്ളയാളുടെ ഹൃദയത്തിന്‌ അതില്ലാത്തയാളുടെതിനേക്കാള്‍ ഒന്നര മടങ്ങിലധികം അദ്ധ്വാനം കുറവാണ്‌ എന്നതാണ്‌ ഇതിനു കാരണം. ഹൃദയത്തിന്‌ ജോലി ഭാരം കൂടുന്നതിനനുസരിച്ച്‌ ഹൃദയപേശികള്‍ക്ക്‌ ബലക്ഷയം സംഭവിക്കുന്നുണ്ട്‌. ഇത്‌ ക്രമേണ ഹൃദയാഘാതത്തിലേക്കുള്ള വാതില്‍ തുറന്നിടുകയാണ്‌.

ചുരുക്കത്തില്‍ മിക്ക രോഗങ്ങളേയും നമ്മളോ നമ്മുടെ പരിസ്ഥിതിയോ ബോധപൂര്‍വം സൃഷ്‌ടിച്ചെടുക്കുന്നവയാണ്‌. അലസത ഇതിന്റെ സാധ്യതകളെ ഊട്ടിയുറപ്പിക്കുന്നു. മഹാരോഗങ്ങളെക്കുറിച്ചും അതിന്റെ ആരംഭസൂചനകളെക്കുറിച്ചും എല്ലാവര്‍ക്കും ഏകദേശധാരണയുണ്ട്‌. എന്നാല്‍, അവ കണ്ടെത്തിയാലും രോഗനിര്‍ണയം നടത്താന്‍ തൊണ്ണൂറ്‌ശതമാനമാളുകളും ഒരുക്കമല്ല. ഈ അലംഭാവം തന്നെയണ്‌ മിക്ക രോഗങ്ങളുടേയും അവസ്ഥകളെ ഭീകരമാക്കിത്തീര്‍ക്കുന്നത്‌.

വൈകി ശ്രമിക്കുന്ന പല പ്രയത്‌നങ്ങളേയും പാഴ്‌ശ്രമങ്ങളാക്കി മാറ്റുന്നതും, ഇങ്ങനെ നിഷ്‌പ്രഭമായ ഒരു ചികിത്സക്കുവേണ്ടി നവ വിഭവശേഷിയുടെ വലിയൊരു ശതമാനമാണ്‌ പാഴാക്കിക്കളയുന്നത്‌. അതേക്കുറിച്ച്‌ ആരും ബോധവാന്‍മാരല്ല തന്നെ. ഡോക്‌ടര്‍മാരും ഗവേഷകരും ആരോഗ്യപ്രവര്‍ത്തകരുമെല്ലാം ചികിത്സാ രംഗത്തും ബോധവത്‌ക്കരണ രംഗത്തും പ്രവര്‍ത്തിക്കുമ്പോഴും ഗൗരവപൂര്‍വം ആലോചിക്കേണ്ടതും സാധാരണക്കാരേയും മറ്റും ആഴത്തില്‍ ഉണര്‍ത്തിക്കേണ്ടതും ഈ കാര്യത്തെക്കുറിച്ചാണ്‌. ഇനിയെങ്കിലും ശ്രദ്ധിക്കേണ്ടതും ഇതിനാണ്‌.

ഇ അഹമ്മദിന്റെ വിദേശയാത്രക്ക്‌ മൂന്ന്‌കണക്കുകള്‍; കബളിപ്പിച്ചത്‌ മന്ത്രിയോ....?

കേന്ദ്ര റെയില്‍വേ സഹമന്ത്രി ഇ അഹമ്മദ്‌ വിദേശകാര്യ സഹമന്ത്രിയായിരിക്കേ നടത്തിയ വിദേശയാത്ര സംബന്ധിച്ച്‌ അധികൃതരുടെ പക്കല്‍ മൂന്നുകണക്ക്‌. ഈ കാലയളവില്‍ നടത്തിയ വിദേശയാത്ര സംബന്ധിച്ച്‌ വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച മൂന്നു അപേക്ഷകള്‍ക്കാണ്‌ വിഭിന്ന രീതിയിലുള്ള മറുപടികള്‍ നല്‍കിയിരിക്കുന്നത്‌.
78 വിദേശയാത്രയാണ്‌ 2004 ജൂണ്‍ 13മുതല്‍ 2008 ഓഗസ്റ്റ്‌ 19വരെയുള്ള കാലയളവില്‍ ഇ അഹമ്മദ്‌ നടത്തിയിരിക്കുന്നത്‌. ഇതിനായി ചെലവായത്‌ 1,66,74,536 രൂപയാണെന്ന്‌ ഒരുമറുപടിയില്‍ വ്യക്തമാക്കുമ്പോള്‍ മറ്റൊരു മറുപടിയില്‍ യാത്രയുടെ എണ്ണം 79 ആണ്‌. ഇതില്‍ 1287 ദിവസം മന്ത്രിയായപ്പോള്‍ 79 യാത്ര നടത്തിയെന്നാണ്‌ പറയുന്നത്‌.

എന്നാല്‍ ഇതില്‍ ചെലവായ സംഖ്യ കുറവായാണ്‌ കാണിച്ചിരിക്കുന്നത്‌. സ്വാഭാവികമായും യാത്രയുടെ എണ്ണം കൂടുമ്പോള്‍ ചെലവും കൂടണം. എന്നാല്‍ 1.37കോടിയെകാണിച്ചിട്ടൊള്ളൂ. 76 യാത്രകള്‍ ഔദ്യോഗികമായി നടത്തിയപ്പോള്‍ 3 എണ്ണം വ്യക്തിപരമാണെന്നും പറയുന്നു. 232 ദിവസം ഔദ്യോഗികമായി അദ്ദേഹം വിദേശത്ത്‌ തങ്ങിയപ്പോള്‍ 12 ദിവസം സ്വകാര്യ ആവശ്യങ്ങള്‍ക്കാണ്‌ ചെലവഴിച്ചത്‌. മധ്യപൂര്‍വേശ്യന്‍ രാജ്യങ്ങളിലേക്ക്‌ നടത്തിയ 22യാത്രകളില്‍ 48 ദിവസവും യു എ ഇയിലും ചെലവഴിച്ചു.

ഇന്ത്യാടുഡേക്ക്‌ ലഭിച്ച മറുപടിയിലാണിത്‌ വ്യക്തമാക്കുന്നത്‌. സഊദി അറേബ്യയിലേക്കും കുവൈത്തിലേക്കും റമദാന്‍ ആശംസ അറിയിക്കുവാനായി പറന്നവകയില്‍ മാത്രം ചെലവഴിച്ചത്‌102138 രൂപയാണ്‌. എന്നാല്‍ 56 യാത്ര എന്തിനുവേണ്ടിയാണെന്നതിനു മറ്റൊരപേക്ഷയില്‍ വിശദീകരണമില്ല. വിശദീകരണമില്ലാത്ത യാത്രകള്‍ക്കായി 78,39,008 രൂപയാണ്‌ ചെലവഴിക്കേണ്ടി വന്നത്‌.

കഴിഞ്ഞ കേന്ദ്ര മന്ത്രിസഭയിലെ 78 മന്ത്രിമാരില്‍ 71 പേര്‍ 786 വിദേശയാത്രയാണ്‌ നടത്തിയത്‌.3798ദിവസം അവിടങ്ങളിലായിരുന്നു സുഖവാസം. ഇതില്‍ 47പേര്‍ മാത്രമാണ്‌ ചെലവുകള്‍ സമര്‍പ്പിച്ചത്‌. ഇവരുടേത്‌ മാത്രമായി 27കോടി രൂപയാണ്‌ പൊതുഖജനാവില്‍ നിന്ന്‌ കാലിയായത്‌. പ്രവാസികാര്യമന്ത്രിയായിരുന്ന വയലാര്‍ രവി 18 യാത്രകള്‍ നടത്തിയപ്പോള്‍ പ്രതിരോധ മന്ത്രിയെന്ന നിലയില്‍ എ കെ ആന്റണി രണ്ടുയാത്രകള്‍ മാത്രമെ നടത്തിയിട്ടൊള്ളൂ. ആസ്ഥാനത്താണ്‌ 79 യാത്രകള്‍ നടത്തി ഇ അഹമ്മദ്‌ റിക്കാര്‍ഡിട്ടത്‌.

ഔദ്യോഗികമാണെങ്കിലും വ്യക്തിപരമാണെങ്കിലും മന്ത്രിമാരുടെ യാത്രകള്‍ക്ക്‌ വിദേശ മന്ത്രാലയത്തിന്റെ പ്രാഥമിക അനുമതി തേടേണ്ടതുണ്ട്‌. തുടര്‍ന്ന്‌ ഫയല്‍ പ്രധാന മന്ത്രിയുടെ അനുമതിക്കായി അയക്കണമെന്നുമാണ്‌ ചട്ടം. മന്ത്രിമാര്‍ സന്ദര്‍ശനം നടത്തിയാല്‍ അതത്‌ രാഷ്‌ട്രങ്ങളിലെ ഇന്ത്യന്‍ എംബസികളാണ്‌ ബില്ലുകള്‍ അടക്കുന്നത്‌. പിന്നീട്‌ അതാത്‌ മന്ത്രാലയങ്ങള്‍ക്ക്‌ അയച്ചുകൊടുത്ത്‌ വേണ്ടതുചെയ്യുകയുമാണ്‌ പതിവ്‌. സുതാര്യമാണ്‌ നിയമങ്ങളെങ്കിലും അതൊന്നും പാലിക്കപ്പെടുന്നില്ല എന്നാണ്‌ വ്യക്തമാകുന്നത്‌. മന്ത്രിമാര്‍ യാത്രക്ക്‌ എയര്‍ ഇന്ത്യയുടെ ഫ്‌ളൈറ്റുകളേ ഉപയോഗിക്കാവൂ എന്നും നിഷ്‌കര്‍ഷിക്കുന്നുണ്ടെങ്കിലും അതും പാലിക്കപ്പെടുന്നില്ലെന്നും ആരോപണമുണ്ട്‌.

വിവരാവകാശ നിയമപ്രകാരം സമര്‍പ്പിക്കുന്ന അപേക്ഷക്ക്‌ ഒരുമാസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ്‌ നിയമം. എന്നാല്‍ ഇ അഹമ്മദിനെ സംബന്ധിച്ച അപേക്ഷകള്‍ക്ക്‌ മറുപടി നല്‍കുവാന്‍ വിദേശകാര്യ വകുപ്പിന്റെ പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ വകുപ്പ്‌ എടുത്തത്‌ ഒരു വര്‍ഷത്തിലധികമാണ്‌.

2008 സെപ്‌തംബര്‍21ന്‌തൃശൂര്‍ ജില്ലയിലെ എളവള്ളി സൗത്തില്‍ ജയപ്രകാശ്‌ കോറോത്ത്‌ നല്‍കിയ അപേക്ഷക്ക്‌ മറുപടി ലഭിച്ചത്‌ 2009 ഡിസംബര്‍ പതിനെട്ടിനാണ്‌. ഇതിലാണ്‌ 78 ദിവസത്തിന്റെ കണക്കുകളും 1,66,74,536 രൂപയുടെ ചെലവുകളെക്കുറിച്ചും പറയുന്നത്‌. എന്നാല്‍ സമാന ചോദ്യങ്ങളുമായി 2008 ഡിസംബര്‍ 23ന്‌ ഈഴവതുരുത്തിയിലെ ഉമൈത്തനകത്ത്‌ ഫസലുര്‍റഹ്‌മാന്‍ സമര്‍പ്പിച്ച അപേക്ഷക്ക്‌ 2009 നവമ്പര്‍ 24നാണ്‌ മറുപടി ലഭിച്ചിരിക്കുന്നത്‌.
ഇതില്‍ ചെലവഴിച്ച തുകയെക്കുറിച്ച്‌ കൃത്യമായ കണക്കുകള്‍ പറയുന്നില്ല. രണ്ടുമറുപടികളിലും വൈരുദ്ധ്യങ്ങളാണേറെയും. യാത്രകള്‍ നടത്തിയ തീയതികളിലും പുറപ്പെടുന്ന രാജ്യങ്ങളില്‍ പോലും രണ്ടുതരത്തിലാണ്‌ വിവരങ്ങള്‍ നല്‍കിയിരിക്കുന്നതും.

എം എസ് പി അഖിലേന്ത്യാ സെവന്‍സ്‌ ഫുട്ബോള്‍ 12 മുതല്‍

മലപ്പുറം: വര്‍ഷങ്ങളായി മുടങ്ങി കിടക്കുകയായിരുന്ന എം എസ് പി അഖിലേന്ത്യാ സെവന്‍സ്‌ ഫുട്ബോള്‍ ടൂര്‍ണമെന്റ് 12 മുതല്‍ എം എസ് പി പരേഡ്‌ ഗ്രൗണ്ടില്‍ നടക്കും.വൈകീട്ട് 6.30 നു വ്യവസായ മന്ത്രി എളമരം കരീം ഉത്ഘാടനം നിര്‍വഹിക്കും. അഡ്വ. എം.ഉമ്മര്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.

എസ്.എസ്.എല്‍.സി പരീക്ഷ: സൂപ്പര്‍ ഫൈനോടെ അപേക്ഷിക്കാം

തിരുവനന്തപുരം: മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷക്ക് നാളിതുവരെ അപേക്ഷിക്കാന്‍ കഴിയാത്ത പ്രൈവറ്റ് പരീക്ഷാര്‍ഥികള്‍ക്ക് 300 രൂപ സൂപ്പര്‍ ഫൈനോടെ ഡിസംബര്‍ 13 മുതല്‍ 18 വരെ നിശ്ചിത സെന്ററുകളില്‍ അപേക്ഷ സമര്‍പ്പിക്കാമെന്ന് പരീക്ഷാ സെക്രട്ടറി അറിയിച്ചു. പരീക്ഷാ ഫീസും സൂപ്പര്‍ഫൈനും അസ്സല്‍ സര്‍ട്ടിഫിക്കറ്റും സഹിതം താഴെ പറയുന്ന പരീക്ഷാ കേന്ദ്രങ്ങളില്‍ അപേക്ഷ സമര്‍പ്പിക്കണം. ജില്ല, സെന്ററിന്റെ പേര്, സെന്റര്‍ നമ്പര്‍ ക്രമത്തില്‍ ചുവടെ:
തിരുവനന്തപുരം - എസ്.എം.വി.എച്ച്.എസ്.എസ്, തിരുവനന്തപുരം, 43083. കൊല്ലം - ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കൊല്ലം, 41056. പത്തനംതിട്ട - ഗവ.എച്ച്.എസ്.എസ് ആന്‍ഡ് വി.എച്ച്.എസ്.എസ്, പത്തനംതിട്ട, 38060, ആലപ്പുഴ - മുഹമ്മദന്‍ എച്ച്.എസ്.എസ്, ആലപ്പുഴ, 35007, കോട്ടയം - ഗവ. മോഡല്‍ എച്ച്.എസ്.എസ്, കോട്ടയം, 33027, ഇടുക്കി - ഗവ. എച്ച്.എസ്.എസ്, തൊടുപുഴ, 29023, എറണാകുളം എസ്.ആര്‍.വി.ഗവ. മോഡല്‍ ജി.എച്ച്.എസ്.എസ്. എറണാകുളം, 26029, തൃശൂര്‍ - ഗവ. മോഡല്‍ എച്ച്.എസ്.എസ് ഫോര്‍ ബോയ്‌സ് തൃശൂര്‍, 22056, പാലക്കാട് - ഗവ. എച്ച്.എസ്.എസ് ബിഗ് ബസാര്‍, പാലക്കാട്, 21059, മലപ്പുറം - ഗവ.എച്ച്.എസ്.എസ് ഫോര്‍ ബോയ്‌സ്, മലപ്പുറം, 18013, കോഴിക്കോട് - ഗവ. ഗണപത് എച്ച്.എസ്.എസ് ഫോര്‍ ബോയ്‌സ്, കോഴിക്കോട്, 17001, വയനാട് - ഗവ. വി.എച്ച്.എസ്.എസ്, കല്‍പ്പറ്റ, 15027, കണ്ണൂര്‍ - ഗവ.വി.എച്ച്.എസ്.എസ്, കണ്ണൂര്‍, 13005, കാസര്‍കോട് - ഗവ.എച്ച്.എസ്.എസ്, കാസര്‍കോട്, 11002.

അലീഗഢ് പ്രവേശ പരീക്ഷ 19ന്

പെരിന്തല്‍മണ്ണ: അലീഗഢ് മുസ്‌ലിം സര്‍വകലാശാല പ്രത്യേക കേന്ദ്രത്തിലെ ആദ്യ ബാച്ചിലേക്ക് അപേക്ഷ നല്‍കിയത് 410 പേര്‍. പ്രവേശ പരീക്ഷ ഡിസംബര്‍ 19ന് നടക്കും. രാവിലെ പത്തിന് ബി.എ.എല്‍.എല്‍.ബി പരീക്ഷയും ഉച്ചക്ക് രണ്ടിന് എം.ബി.എ പരീക്ഷയുമാണ് നടക്കുക. രണ്ട് മണിക്കൂറാണ് പരീക്ഷാസമയം. ഒബ്ജക്ടീവ് മാതൃകയിലാണ് പരീക്ഷ. നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കും. 200 മാര്‍ക്കിനാണ് പരീക്ഷ. ഓരോ കോഴ്‌സിനും 60 സീറ്റുകളാണുള്ളത്.
കേരളത്തിലെ പരീക്ഷാ കേന്ദ്രമായ കോഴിക്കോട് ഫാറൂഖ് കോളജില്‍ 250 പേര്‍ പരീക്ഷയെഴുതും. ജനുവരി പകുതിയോടെ പെരിന്തല്‍മണ്ണയിലെ താല്‍ക്കാലിക കെട്ടിടത്തില്‍ ക്ലാസുകള്‍ തുടങ്ങും. രണ്ടാംഘട്ടം ഏറ്റെടുക്കുന്ന ഭൂമിയുടെ കൈമാറ്റച്ചടങ്ങും ചേലാമലയില്‍ കാമ്പസിന് ശിലാസ്ഥാപനവും ഒരുമിച്ച് നടത്താനാണ് തീരുമാനം. താല്‍ക്കാലിക കെട്ടിടത്തിന്റെ അവസാനവട്ട മിനുക്കുപണികള്‍ നടക്കുകയാണ്. ദിവസങ്ങള്‍ക്കകം കെട്ടിടം സജ്ജമാകും.

Thursday, December 9, 2010

ഷാര്‍ജ നഗരത്തില്‍ പുലി!

ഷാര്‍ജ: ബുധനാഴ്ച ഷാര്‍ജ നഗരത്തില്‍ പുലിയിറങ്ങിയതിനെത്തുടര്‍ന്ന് ആളുകള്‍ ആശങ്കയിലായി. നഗരത്തില്‍ പുള്ളിപ്പുലി കറങ്ങി നടക്കുകയായിരുന്നുവത്രേ. ഭയത്തോടെയെങ്കിലും നഗരത്തിലിറങ്ങിയ പുലിയെ കാണാനായി ആളുകള്‍ കൂട്ടത്തോടെ വന്നതോടെ പൊലീസിന് ഇടപെടേണ്ടിവന്നു. തിരക്കേറിയ നഗരത്തില്‍ പുലിയിറങ്ങിയത് പൊലീസിന് വലിയ തലവേദനയായി. ഒടുക്കം യുഎഇയിലെ എന്‍വയോണ്‍മെന്റ് ആന്‍ഡ് നാച്വറല്‍ റിസര്‍വ്‌സ് അധികൃതര്‍ എത്തിയെതോടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി. പരിസ്ഥിതി വകുപ്പ് അധികൃതര്‍ പുലിയെ പിടിച്ച് സ്ഥലംവിട്ടു. പുലി നഗരത്തില്‍ എത്തിയതിന് മുമ്പ് ഖാലിദ് തുറമുഖത്ത് കടലില്‍ നീന്തുന്നതായി കണ്ടെന്ന് ചില ദൃക്‌സാക്ഷികള്‍ പൊലീസിനെ അറിയിച്ചിട്ടിട്ടുണ്ട്. എന്തായാലും, അറേബ്യന്‍ കാടുകളിലൊന്നും പുലികള്‍ ഇല്ല എന്നാണ് കണക്കാക്കുന്നത്. ഇപ്പോള്‍ നഗരം സന്ദര്‍ശിച്ച പുലി ആരെങ്കിലും വളര്‍ത്തുന്നതാവാം എന്നാണ് അധികൃതര്‍ കരുതുന്നത്. ഇക്കാര്യത്തില്‍ യുഎഇ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കോട്ടക്കുന്നില്‍ പുതിയ നടപ്പാത

മലപ്പുറം: വിനോദസഞ്ചാരികളെ കാത്ത് കോട്ടക്കുന്നില്‍ പുതിയ നടപ്പാതയൊരുങ്ങുന്നു. കോട്ടക്കുന്നിന്റെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായാണ് നടപ്പാത നിര്‍മിച്ചിരിക്കുന്നത്. കോട്ടക്കുന്നിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നവീകരണ പ്രവര്‍ത്തനങ്ങള്‍. ക്രാഫ്റ്റ്‌മേളയോടനുബന്ധിച്ച് നടപ്പാത ജനങ്ങള്‍ക്ക് തുറന്നുകൊടുക്കുമെന്ന് ഡി.ടി.പി.സി അധികൃതര്‍ അറിയിച്ചു. കോട്ടക്കുന്നിന്റെ പ്രവേശനകവാടം മുതല്‍ 600 മീറ്ററോളമാണ് നടപ്പാത നിര്‍മിച്ചിരിക്കുന്നത്. വിവിധ പാളികളായാണ് നടപ്പാത നിര്‍മിച്ചിരിക്കുന്നത്. ഓരോ തവണയും കോട്ടക്കുന്നിന് മുകളിലേക്കുള്ള പടവുകളെ ബന്ധിപ്പിച്ചാണ് നടപ്പാത. ഓരോ പാളികളെയും ബന്ധിച്ചുകൊണ്ട് പടവുകളും നിര്‍മിച്ചിട്ടുണ്ട്.

വിവരാവകാശ അപേക്ഷയില്‍ മറുപടി വൈകിച്ച പിഎസ്സി ജോയിന്റ് സെക്രട്ടറിക്ക് പിഴ

വിവരാവകാശപ്രകാരമുള്ള അപേക്ഷയില്‍ മറുപടി താമസിപ്പിച്ചതിനും അധിക ഫീസ് വാങ്ങിയതിനും പിഎസ്സി ജോയിന്റ് സെക്രട്ടറിക്ക് പിഴ. പിഎസ്സി ജോയിന്റ് സെക്രട്ടറിയും സ്റ്റേറ്റ് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഒാഫിസറുമായ എ.ജി. സുധ 2250 രൂപ പിഴ അടയ്ക്കാനും സമയത്തു മറുപടി നല്‍കാത്തതിനാല്‍ പരാതിക്കാരനില്‍നിന്നു വാങ്ങിയ 82 രൂപ മടക്കി നല്‍കാനും ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മിഷണറുടെ ചുമതല വഹിക്കുന്ന വി.വി. ഗിരി ഉത്തരവിട്ടു.

1995ലെ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ (ജനറല്‍ എക്സിക്യൂട്ടീവ് ബ്രാഞ്ച്) തസ്തികയില്‍ എത്രപേരെ തിരഞ്ഞെടുത്തു, അവരുടെ പേരുവിവരം, പരീക്ഷയിലും അഭിമുഖത്തിലും ലഭിച്ച മാര്‍ക്ക് എന്നിവ ആവശ്യപ്പെട്ടാണ് വടവാതൂര്‍ തകടിയേല്‍ ഷാജി ഏബ്രഹാം വിവരാവകാശപ്രകാരം അപേക്ഷ നല്‍കിയത്.

2009 ഡിസംബര്‍ ഒന്നിന് നല്‍കിയ അപേക്ഷയില്‍ പിഎസ്സി അധികൃതര്‍ നല്‍കിയ മറുപടി വ്യക്തമല്ലെന്നു കാണിച്ച് കഴിഞ്ഞ ജൂണില്‍ അപ്പീല്‍ അധികാരിയായ പിഎസ്സി അഡീഷനല്‍ സെക്രട്ടറിക്ക് അപേക്ഷ നല്‍കി. ഇതിലും വ്യക്തമായ മറുപടി ലഭിക്കാതെ, ഫീസ് അടച്ചിട്ടില്ലെന്നായിരുന്നു അപ്പീല്‍ അധികാരിയില്‍നിന്നു ലഭിച്ച അറിയിപ്പ്.തുടര്‍ന്ന് ഷാജി ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍ക്ക് പരാതി നല്‍കി.

നവംബര്‍ ഒന്‍പതിന് അഡീഷനല്‍ സെക്രട്ടറി കമ്മിഷനു മുന്നില്‍ ഹാജരായി വിശദീകരണം നല്‍കി. അപേക്ഷ സമര്‍പ്പിച്ച് 24 ദിവസത്തിനു ശേഷമാണ് ഫീസ് ആവശ്യപ്പെട്ടുള്ള അറിയിപ്പ് നല്‍കിയതെന്നും മറുപടി നല്‍കാനുള്ള ആറു ദിവസ സമയപരിധിക്കു പകരം 15 ദിവസം എടുത്തുവെന്നും കമ്മിഷന്‍ നിരീക്ഷിച്ചു. വിവരാവകാശപ്രകാരം അനുവദിച്ചിട്ടുള്ളതിനെക്കാള്‍ ഒന്‍പത് ദിവസത്തിനു ശേഷമാണ് മറുപടി നല്‍കിയത്.

ഈ കാലതാമസത്തിനു മതിയായ കാരണം ബോധ്യപ്പെടുത്താന്‍ ജോയിന്റ് സെക്രട്ടറിക്ക് കഴിഞ്ഞില്ല.തുടര്‍ന്നാണ് മതിയായ കാരണം കൂടാതെയുണ്ടായ ഒന്‍പത് ദിവസത്തിന് ദിവസം ഒന്നിന് 250 രൂപ പ്രകാരം 2250 രൂപ പിഴ ചുമത്തിയത്. പിഴ അടച്ചില്ലെങ്കില്‍ സ്ഥാവര ജംഗമ വസ്തുക്കള്‍ ജപ്തിചെയ്ത് പിഴ ഈടാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. നിശ്ചിത സമയപരിധിക്കുള്ളില്‍ വിവരം നല്‍കിയിട്ടില്ലാത്തതിനാല്‍ വിവരം സൌജന്യമായി ലഭിക്കാന്‍ അപേക്ഷകന് അര്‍ഹതയുള്ളതിനാല്‍ മറുപടിക്കായി ഈടാക്കിയ 82 രൂപ പരാതിക്കാരന് തിരികെ നല്‍കാനും കമ്മിഷന്‍ നിര്‍ദേശിച്ചു.[malayala manorama dt: 9-12-2010]

സ്മാര്‍ട്ട് സിറ്റി: മധ്യസ്ഥ ശ്രമം തുടങ്ങി; ഏറെ പ്രതീക്ഷയെന്ന് യൂസഫലി

ദുബൈ: സ്മാര്‍ട്ട് സിറ്റി സംബന്ധിച്ച തര്‍ക്കം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ഏറെ ശുഭപ്രതീക്ഷയുണ്ടെന്നും പ്രമുഖ വ്യവസായിയും നോര്‍ക്ക വൈസ് ചെയര്‍മാനുമായ പത്മശ്രീ എം.എ യൂസഫലി.
പദ്ധതി നടപ്പാകുമെന്ന കാര്യത്തില്‍ തനിക്ക് ശുഭപ്രതീക്ഷയുണ്ട്. മധ്യസ്ഥനെന്ന നിലക്ക് പ്രവര്‍ത്തിക്കാനായതും ഏറെ സന്തോഷമുള്ള കാര്യമാണ്. ടീകോമിന്റെ ഉന്നത വൃത്തങ്ങളുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ടീകോമിന്റെ മാതൃസ്ഥാപനമായ ദുബൈ ഹോള്‍ഡിങ് ചെയര്‍മാനും യു.എ.ഇ കാബിനറ്റ്കാര്യ മന്ത്രിയുമായ മുഹമ്മദ് അല്‍ ഗര്‍ഗാവിയുമായും സി.ഇ.ഒ അബ്ദുല്‍ അസീസ് ആല്‍ മുഅല്ലയുമായും സ്മാര്‍ട്ട് സിറ്റി നടപ്പാക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയതായി അദ്ദേഹം പറഞ്ഞു. നോര്‍ക്ക വൈസ് ചെയര്‍മാനെന്ന നിലക്കാണ് ചര്‍ച്ച നടത്തിയത്. താന്‍ നേരത്തെ പ്രതീക്ഷിച്ചതിലും മികച്ച പുരോഗതിയാണ് ഈ വിഷയത്തിലുള്ളത്. ഒന്നര മണിക്കൂര്‍ സമയം ഇരുവരുമായും സംസാരിച്ചതിന്റെ വിശദാംശങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും യൂസഫലി പറഞ്ഞു. സ്മാര്‍ട്ട്‌സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ടീകോമുമായി ചര്‍ച്ച നടത്തുന്നതിന് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ യൂസഫലിയെ മധ്യസ്ഥനായി നിയോഗിച്ചത്. ടീകോമിന് അന്തിമ കത്ത് നല്‍കുകയും ദുബൈയിലെത്തിയാല്‍ ചര്‍ച്ചയാകാമെന്ന് ടീകോം മറുപടി നല്‍കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ഇത്.

കലക്ടര്‍ക്ക് സസ്‌പെന്‍ഷന്‍; പത്ത് വര്‍ഷത്തെ നിയമനം പരിശോധിക്കും

തിരുവനന്തപുരം: നിയമനതട്ടിപ്പുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാത്രി സ്ഥലംമാറ്റിയ വയനാട് കലക്ടര്‍ ടി. ഭാസ്‌കരനെ സസ്‌പെന്‍ഡ് ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 2001 മുതലുള്ള എല്ലാ ജില്ലകളിലെയും എല്ലാ വകുപ്പുകളിലെയും മുഴുവന്‍ നിയമനങ്ങളും വിശദമായി പരിശോധിക്കും. ഇതിന് ഉദ്യോഗസ്ഥ-ഭരണ പരിഷ്‌കാര വകുപ്പില്‍ പ്രത്യേക സെല്‍ ഉണ്ടാക്കും. നിയമനതട്ടിപ്പിനെ കുറിച്ച് ക്രൈംബ്രാഞ്ച് മേധാവി വിന്‍സന്‍ എം. പോളിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം അന്വേഷിക്കും ജീവനക്കാരുടെ അഴിമതി വിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ കുറ്റകരമായ അനാസ്ഥയും ഗുരുതരവീഴ്ചയും വരുത്തിയതിനാണ് ജില്ലാ കലക്ടറെ സസ്‌പെന്‍ഡ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാട് ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയം മന്ത്രിസഭ വിശദമായി ചര്‍ച്ച ചെയ്തു. തട്ടിപ്പിനെ കുറിച്ചുള്ള പരാതി ഒക്‌ടോബറില്‍ റവന്യു മന്ത്രിക്ക് ലഭിച്ചപ്പോള്‍ തന്നെ അദ്ദേഹം കോഴിക്കോട് വിജിലന്‍സ് ഡെപ്യൂട്ടി കലക്ടറോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. ഡെപ്യൂട്ടി കലക്ടറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണത്തിന് ലാന്‍ഡ് റവന്യു കമീഷണര്‍ കെ.ആര്‍. മുരളീധരനെ ചുമതലപ്പെടുത്തി. സുതാര്യ കേരളത്തില്‍ ലഭിച്ച പരാതി അര്‍ഹിക്കുന്ന ഗൗരവത്തോടെ ജില്ലാ കലക്ടര്‍ കൈകാര്യം ചെയ്തിട്ടില്ലെന്ന് കെ.ആര്‍. മുരളീധരന്റെ അന്വേഷണത്തില്‍ വ്യക്തമായി. കലക്ടര്‍ കുറ്റകരമായ അനാസ്ഥ കാണിച്ചതായും വ്യാജമായി ജോലി സമ്പാദിച്ചവരെ പൊലീസ് വെരിഫിക്കേഷന്‍ ഇല്ലാതെ റെഗുലറൈസ് ചെയ്തതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
എല്ലാ ജില്ലകളിലെയും എല്ലാ വകുപ്പുകളിലെയും നിയമനത്തെ കുറിച്ച് അന്വേഷിക്കണമെന്ന പി.എസ്.സി ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ പത്ത് വര്‍ഷം നടത്തിയ നിയമനങ്ങളെ കുറിച്ച് പരിശോധിക്കാന്‍ തീരുമാനിച്ചത്. പി.എസ്.സിയുടെ കൂടി സഹായത്തോടെ അവരുടെ രേഖകളും ഒത്തുനോക്കിയായിരിക്കും ഇത്. പത്തുവര്‍ഷത്തെ നിയമനങ്ങള്‍ പരിശോധിക്കുമ്പോള്‍ മൂന്നരലക്ഷത്തോളം ജീവനക്കാരുടെ രേഖകള്‍ പരിഗണിക്കേണ്ടിവരും. റവന്യു മന്ത്രിയുടെ ഇടപെടല്‍ മൂലമാണ് കലക്ടര്‍ക്ക് നടപടി എടുക്കാതിരിക്കാന്‍ കഴിയാഞ്ഞതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവരം അറിഞ്ഞ ഉടന്‍ റവന്യു മന്ത്രി നടപടി കൈക്കൊണ്ടിരുന്നു. അത്തരം അവാസ്തവ വിവരങ്ങള്‍ ചില മാധ്യമങ്ങള്‍ അനാവശ്യമായി വലിച്ചുനീട്ടുകയാണ്. തട്ടിപ്പ് നടത്തിയവര്‍ ജോയന്റ് കൗണ്‍സിലുകാരാണോ എന്ന് ചോദിച്ചപ്പോള്‍ ആരാണെന്ന് വെരിഫൈ ചെയ്തിട്ടില്ലെന്നായിരുന്നു മറുപടി. തട്ടിപ്പിനെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യമില്ല -മുഖ്യമന്ത്രി പറഞ്ഞു.

മിഠായിത്തെരുവില്‍ തീപിടിത്തം: എട്ട് കടകള്‍ കത്തി നശിച്ചു

കോഴിക്കോട്: നഗരത്തിലെ മിഠായിത്തെരു, മൊയ്തീന്‍ പള്ളി റോഡ് ജംഗ്ഷനില്‍ പുലര്‍ച്ചെ 4.30ന് ഉണ്ടായ തീപ്പിടുത്തത്തില്‍ എട്ട് കടകള്‍ കത്തിനശിച്ചു. ബ്രദേഴ്‌സ് ബട്ടണ്‍ ഹൗസ്, സഫാരി ലതര്‍ ബാഗ്‌സ്, കാലിക്കറ്റ് മിറര്‍ മാര്‍ട്ട്, ഡേവിഡ് സ്‌റ്റേഷനറി, നാഷനല്‍ സ്‌റ്റോര്‍, കൈരളി റെഡിമെയ്ഡ്‌സ് തുടങ്ങി ഏഴ് കടകള്‍ക്കും ഒരു ഒഴിഞ്ഞ കടക്കുമാണ് തീപിടിച്ചത്. 6.30ഓടെ ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. ഉന്നതപോലീസ് ഉദ്യോഗസ്ഥരും ജില്ലാ കലക്ടറും, ജനപ്രതിനിധികളും സ്ഥലത്തുണ്ട്. അരക്കോടിയിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. സംഭവത്തിനു പിന്നില്‍ അട്ടിമറിയാണെന്ന് സംശയിക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് വിദഗ്ധര്‍ പ്രാധമികമായി വിലയിരുത്തി. ഫോറന്‍സിക് വിഭാഗം പരിശോധന തുടരുന്നു. മിഠായിതെരുവ്, മൊയ്തീന്‍പള്ളി റോഡ് മേഘലയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി സംഭവത്തില്‍ ദുഃഖ സൂചകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഉച്ചക്ക് 12 മണിക്ക് മേയര്‍ സ്ഥിതിഗതികള്‍ വിലയിരുത്താനായി പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്.

Wednesday, December 8, 2010

മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്

തിരുവനന്തപുരം: 2010-11 വര്‍ഷം ഒന്നാം വര്‍ഷ ബിരുദ പഠനം മുതല്‍ ഉന്നത വിദ്യാഭ്യാസം തേടുന്ന ഗവണ്‍മെന്റ്, എയ്ഡഡ് സ്ഥാപനങ്ങളിലെ മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്കും, പൊതുപ്രവേശന പരീക്ഷയെഴുതി സര്‍ക്കാര്‍ വിഹിതമെന്ന നിലയില്‍ സ്വാശ്രയ സ്ഥാപനങ്ങളില്‍ ഒന്നാം വര്‍ഷം പഠിക്കുന്ന മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്കും 5000 സ്‌കോളര്‍ഷിപ്പുകളും 2000 ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റും അനുവദിക്കും.
ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റിന് അര്‍ഹതയുള്ളവര്‍ക്ക് സ്‌കോളര്‍ഷിപ് ലഭിക്കില്ല.
കേരളത്തില്‍ പഠിക്കുന്ന മുസ്‌ലിം വിദ്യാര്‍ഥിനികളാവണം. യോഗ്യതാ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടണം. വാര്‍ഷിക കുടുംബ വരുമാനം 2.50 ലക്ഷം രൂപയില്‍ താഴെയാവണം. ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റിന് അപേക്ഷിക്കുന്നവര്‍ അംഗീകൃത ഹോസ്റ്റലില്‍ താമസിക്കുന്നവരാവണം. (സര്‍ക്കാര്‍, സോഷ്യല്‍ വെല്‍ഫയര്‍ വകുപ്പ്,യൂനിവേഴ്‌സിറ്റി, ഐ.എച്ച്.ആര്‍.ഡി., എല്‍.ബി.എസ്. എന്നിവ നടത്തുന്ന ഹോസ്റ്റലുകളും കുട്ടി പഠിക്കുന്ന സ്ഥാപനം നേരിട്ട് നടത്തുന്ന ഹോസ്റ്റലുകളും അംഗീകൃതമാണ്)
അപേക്ഷയോടൊപ്പം നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്, (ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയത്) വില്ലേജോഫിസറില്‍ നിന്ന് വാങ്ങിയ വരുമാന സര്‍ട്ടിഫിക്കറ്റ് അസ്സല്‍, ഹോസ്റ്റലര്‍ ആണെങ്കില്‍ വാര്‍ഡനില്‍നിന്ന് വാങ്ങി സ്ഥാപന മേധാവി മേലൊപ്പിട്ട ഇന്മേറ്റ് സര്‍ട്ടിഫിക്കറ്റ്, സ്വാശ്രയ സഥാപനങ്ങളില്‍ പഠിക്കുന്നവര്‍ ഗവണ്‍മെന്റ് അലോട്ട്‌മെന്റ് മെമ്മോ എന്നിവ നിര്‍ബന്ധമായും ഹജരാക്കണം. എസ്.ബി.ടിയുടെ ഏതെങ്കിലും ശാഖയില്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉണ്ടാവണം.
വിശദവിവരം www.dcescholarship.kerala.gov.in വെബ്‌സൈറ്റില്‍ തിങ്കളാഴ്ച മുതല്‍ ലഭിക്കും.

തിരുവാലിയില്‍ മദ്യഷാപ്പുകള്‍ തുറക്കാന്‍ നീക്കും ; ജനങ്ങള്‍ പ്രക്ഷോഭത്തിലേക്ക്‌

വണ്ടൂര്‍: കിഴക്കനേറനാട്ടിലെ വാണിയമ്പലം വിഷക്കള്ള്‌ ദുരന്തത്തില്‍
നിന്ന്‌ ജനങ്ങളുടെ ഞെട്ടല്‍മാറും മുമ്പെ തിരുവാലി കേന്ദ്രീകരിച്ച്‌
കള്ളുഷാപ്പും, വിദേശ മദ്യ ഷാപ്പും സ്ഥാപിക്കാന്‍ സര്‍ക്കാര്‍-മദ്യ ലോബി
ശ്രമം നടക്കുന്നു. തിരുവാലി ഗ്രാമ പഞ്ചായത്തിലാണ്‌ ബീവറേജസ്‌
കോര്‍പറേഷന്റെ വിദേശ മദ്യഷാപ്പും, അടച്ചുപൂട്ടിയ കള്ളുഷാപ്പും തുറക്കാന്‍
സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരുന്നത്‌.

അതെ സമയം സര്‍ക്കാര്‍ നീ്‌ക്കത്തില്‍ പ്രതിഷേധിച്ച്‌ തിരുവാലിയില്‍
ജനങ്ങള്‍ സംഘടിക്കാനും കള്ളുഷാപ്പ വിരുദ്ധ സമരപരിപാടികള്‍ ആസൂത്രണം
ചെയ്‌തു.
വാണിയമ്പലം വിഷക്കള്ള്‌ ദുരന്തത്തെ തുടര്‍ന്ന്‌ അടച്ച്‌ പൂട്ടിയ
ഗ്രാമപഞ്ചായത്തിലെ കള്ളുഷാപ്പുകള്‍ വീണ്ടും തുറക്കുന്നതിനെതിരെയും
ബീവറേജസ്‌ കോര്‍പറേഷന്റെ വിദേശ മദ്യഷാപ്പ്‌ പുതുതായി സ്ഥാപിക്കാനുള്ള
നീക്കത്തിനെതിരെയുമാണ്‌ നാട്ടുകാര്‍ പ്രക്ഷോഭ സമിതി രൂപവത്‌ക്കരിച്ചത്‌.


തിരുവാലി പഞ്ചായത്ത്‌ മുസ്‌ലിംലീഗ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍
കഴിഞ്ഞ ദിവസം തിരുവാലി ബാങ്ക്‌ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ബഹുജന
കണ്‍വെന്‍ഷനിലാണ്‌ മദ്യവിരുദ്ധ പ്രക്ഷോഭ സമിതിക്ക്‌ രൂപം നല്‍കിയത്‌.
വിദേശ മദ്യഷാപ്പ്‌ ആരംഭിക്കുന്നതിനെതിരെയും കള്ളുഷാപ്പുകള്‍ വീണ്ടും
തുറക്കാനുള്ള നീക്കത്തിനെതിരെയും ജില്ലാ കളക്‌ടര്‍, അസിസ്റ്റന്റ്‌
എക്‌സൈസ്‌ കമ്മീഷണര്‍ തുടങ്ങിയ ഉന്നതോദ്യോഗസ്ഥര്‍ക്ക്‌ പരാതി നല്‍കാനും
യോഗം തീരുമാനിച്ചു.

യോഗം തിരുവാലി ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ സി കെ ജയദേവ്‌ ഉദ്‌ഘാടനം
ചെയ്‌തു. പഞ്ചായത്ത്‌ മുസ്‌ലിംലീഗ്‌ പ്രസിഡണ്ട്‌ കെ മുഹമ്മദ്‌ നജീബ്‌
അധ്യക്ഷത വഹിച്ചു. നിലമ്പൂര്‍ താലൂക്ക്‌ തഹസില്‍ദാര്‍ വി.ബാലകൃഷ്‌ണന്‍,
തിരുവാലി സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡണ്ട്‌ പി പി രവീന്ദ്രന്‍,
പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ സി ടി ഹുസൈന്‍
ഹാജി,ടി പി മുജീബ്‌ റഹ്‌്‌മാന്‍ പത്തിരിയാല്‍, റോജി തോമസ്‌, ഒ അബ്ദുല്‍
കരീം മാസ്റ്റര്‍ പ്രസംഗിച്ചു. സി ടി അബ്ദുല്‍കരീം സ്വാഗതവും കെ സലാം ഹാജി
നന്ദിയും പറഞ്ഞു.

നിലമ്പൂര്‍ തഹസില്‍ദാര്‍ വിബാലകൃഷ്‌ണന്‍, പഞ്ചായത്ത്‌ പ്രസിഡണ്ട്‌ സി.കെ
ജയദേവ്‌ എന്നിവര്‍ മുഖ്യരക്ഷാധികാരികളും പി ി രവീന്ദ്രന്‍ (ചെയര്‍മാന്‍),
സി.ടി അബ്ദുല്‍ കരീം (കണ്‍വീനര്‍), റോജിതോമസ്‌ (ട്രഷറര്‍) ആയും തിരുവാലി
പഞ്ചായത്ത്‌ മദ്യ വിരുദ്ധ പ്രക്ഷോഭസമിതി രൂപീകരിച്ചു.

മദ്യവിപത്തിനെതിരെ മാര്‍ക്‌സിസ്റ്റ് കൂട്ടായ്മ

മദ്യത്തില്‍ മുങ്ങിച്ചാവാന്‍ പോവുന്ന കേരളത്തില്‍ ചരിത്രത്തിലാദ്യമായാവണം വ്യാപകമായ മദ്യവിരുദ്ധ പ്രചാരണത്തിനിറങ്ങിയിരിക്കുകയാണ് മാര്‍ക്‌സിസ്റ്റ് യുവജന-വിദ്യാര്‍ഥി-മഹിളാ സംഘടനകളുടെ കൂട്ടായ്മ. അതിന്റെ സംസ്ഥാനതല പ്രചരണോദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സി.പി.എം സെക്രട്ടറി പിണറായി വിജയന്‍, കേരളം നേരിടുന്ന വന്‍ വിപത്താണ് മദ്യപാനാസക്തിയെന്ന് ചൂണ്ടിക്കാട്ടി. ആഘോഷങ്ങളുടെ മുഴുവന്‍ അനുപേക്ഷ്യ ഘടകമായി മദ്യം മാറിക്കഴിഞ്ഞ സ്ഥിതിവിശേഷത്തില്‍ ഉത്കണ്ഠ രേഖപ്പെടുത്തിയ അദ്ദേഹം പക്ഷേ, മദ്യനിരോധം അപ്രായോഗികമാണെന്ന നിലപാടില്‍ ഉറച്ചുനിന്നു. വീടുകള്‍തോറുമുള്ള മദ്യവിരുദ്ധ പ്രചാരണവും ബോധവത്കരണവും മാത്രമേ ഈ വിപത്തില്‍നിന്നുള്ള മോചനത്തിനു വഴിയുള്ളൂവെന്നാണ് സി.പി.എമ്മിന്റെയും പോഷക സംഘടനകളുടെയും പക്ഷം. മദ്യപാനം യുവാക്കളില്‍ വര്‍ധിക്കാന്‍ സാഹചര്യമൊരുക്കിയത് അരാഷ്ട്രീയവത്കരണമാണെന്നും അവര്‍ നിരീക്ഷിക്കുന്നു.
ഘട്ടംഘട്ടമായുള്ള മദ്യവര്‍ജനം ഉറപ്പുനല്‍കിയാണ് ഇത്തവണ ഇടതുമുന്നണി അധികാരത്തിലേറിയത്. യു.ഡി.എഫും തെരഞ്ഞെടുപ്പ് വിജ്ഞാപനങ്ങളില്‍ ഒരിക്കലും പടിപടിയായുള്ള മദ്യനിരോധം ഉറപ്പുനല്‍കാന്‍ മടിക്കാറില്ല. എല്ലാം പൊള്ളയായ വാഗ്ദാനങ്ങളായിരുന്നെന്ന്, 1967ന് അധികാരമേറ്റ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള സപ്തകക്ഷി സര്‍ക്കാര്‍ കേരളത്തില്‍ മദ്യനിരോധം റദ്ദാക്കിയശേഷം ഇതഃപര്യന്തം ഭരിച്ച എല്ലാ സര്‍ക്കാറുകളുടെയും ചെയ്തികള്‍ വിളിച്ചോതുന്നു. അന്ന് മനസ്സുവെച്ചാല്‍ സമ്പൂര്‍ണ മദ്യനിരോധം നടപ്പാക്കാമായിരുന്നു. ഏതാനും ആയിരം വരുന്ന ചെത്തുതൊഴിലാളികളുടെ തൊഴില്‍പ്രശ്‌നം എടുത്തുപറഞ്ഞാണ് സര്‍ക്കാറുകളും പാര്‍ട്ടികളും മദ്യനിരോധത്തിന്റെ അപ്രായോഗികതയെ ന്യായീകരിച്ചത്. മദ്യത്തൊഴിലാളികളെ മറ്റു തൊഴിലുകളില്‍ പുനരധിവസിപ്പിച്ചുകൊണ്ട് മദ്യം എന്ന മഹാവിപത്തിനെ സര്‍വശക്തിയും ഉപയോഗിച്ച് പ്രതിരോധിച്ചിരുന്നുവെങ്കില്‍ ഇന്നേറ്റവുമധികം പ്രതിശീര്‍ഷ മദ്യോപഭോഗമുള്ള ഇന്ത്യന്‍ സംസ്ഥാനമായി കേരളം മാറുമായിരുന്നില്ല; 13 വയസ്സു മുതല്‍ കുട്ടികള്‍ മദ്യപാനം ശീലിക്കുമായിരുന്നില്ല; 65 ശതമാനത്തോളമായി മദ്യപരുടെ സംഖ്യ ഉയരുമായിരുന്നില്ല; അവരില്‍ ഇനിയൊരു തിരിച്ചുവരവ് അസാധ്യമാവുംവിധം 20 ശതമാനം ലഹരിയുടെ അടിമകളായിത്തീരുമായിരുന്നില്ല; രാജ്യത്തേറ്റവും വാഹനാപകടങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളം കുപ്രസിദ്ധി നേടുമായിരുന്നില്ല; സ്ത്രീ പീഡനങ്ങളും കുടുംബത്തകര്‍ച്ചയും കുറ്റകൃത്യങ്ങളും മാനോ രോഗങ്ങളും ആത്മഹത്യയും ഭയാനകമായി പെരുകി കേരളം പിശാചിന്റെ സ്വന്തം നാടായി രൂപാന്തരപ്പെടുമായിരുന്നില്ല.
ചെത്തുതൊഴിലാളികളുടെ തൊഴില്‍പ്രശ്‌നം അങ്ങേയറ്റം ഊതിവീര്‍പ്പിച്ചതാണെന്ന് ഏറ്റവുമൊടുവില്‍ കുറ്റിപ്പുറത്തും വാണിയമ്പലത്തുമുണ്ടായ വിഷമദ്യ ദുരന്തത്തെ തുടര്‍ന്നു നടന്ന അന്വേഷണം തുറന്നുകാട്ടി. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കില്‍ മാത്രമാണ് മലബാറില്‍ കാര്യമായി തെങ്ങ് ചെത്തുന്നതെന്നും അത് ജില്ലയില്‍ തന്നെ മദ്യപര്‍ക്ക് തികയാതിരിക്കെ സ്‌പിരിറ്റ് മാഫിയയുടെ ഭീകരമായ ഇടപെടല്‍മൂലം വിഷമദ്യമാക്കി മാറ്റി സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളില്‍ 'തെങ്ങിന്‍കള്ളായി' വിതരണം ചെയ്യുകയാണെന്നുമുള്ള സത്യം പുറത്തുവന്നു. യഥാര്‍ഥ ചെത്തുതൊഴിലാളികള്‍ തെങ്ങു ചെത്തി ഊറ്റിയെടുക്കുന്ന കള്ള് മാത്രം വിതരണം ചെയ്താല്‍, വ്യാജമദ്യ സാമ്രാജ്യംതന്നെ തകര്‍ന്നു തരിപ്പണമാവുമെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. പക്ഷേ, സര്‍ക്കാര്‍ എല്ലാം കണ്ടില്ലെന്നു നടിക്കുന്നു. വ്യാജമദ്യ ലോബി പാര്‍ട്ടികളെയും ഉദ്യോഗസ്ഥരെയും മാസപ്പടിയില്‍ പിടിച്ചുനിര്‍ത്തുന്നു. കുടിയന്മാര്‍ പെട്ടെന്ന് ചാവുന്ന സംഭവങ്ങള്‍ മാത്രം വിഷമദ്യ ദുരന്തമാണെന്നും, മദ്യപരെ ഇഞ്ചിഞ്ചായി ജീവച്ഛവങ്ങളും പൂര്‍ണശവങ്ങളുമാക്കുന്ന മദ്യം അപകടകാരി അല്ലെന്നും സര്‍വസമ്മതമായി പാസാക്കിയിരിക്കയാണ്. സര്‍ക്കാറുകളാവട്ടെ പൊതുമേഖലാ സ്ഥാപനമായ ബിവറേജസ് കോര്‍പറേഷനിലൂടെ വിലകൂടിയ വിദേശമദ്യം ഉല്‍പാദിപ്പിച്ചു സംസ്ഥാനമാകെയുള്ള വിതരണ ശൃംഖലയിലൂടെ 'മാന്യന്മാരെ' കുടിപ്പിച്ച് അനേകായിരം കോടികള്‍ സംഭരിച്ച് സുഖമായി രാജ്യഭരണം നടത്തുന്നു. ലഹരിയില്‍നിന്നുള്ള വരുമാനമാണ് ഈശ്വരവിശ്വാസികളും ഗാന്ധിയന്മാരും ധാര്‍മികതയുടെ പോരാളികളുമായ എല്ലാവരുടെയും സര്‍ക്കാര്‍ വേതനത്തിന്റെ മുഖ്യ സ്രോതസ്സ്. കമ്മി നികത്താന്‍ ചൂതാട്ടത്തില്‍നിന്നുള്ള ചില്വാനവും അനുബന്ധമായുണ്ട്. ഇതായിരിക്കാം ഒരുവേള മദ്യനിരോധം അപ്രായോഗികമാണെന്നു പിണറായിയെക്കൊണ്ട് പറയിച്ചത്. എന്നാല്‍, മദ്യത്തിന്റെ ഉല്‍പാദനവും വിതരണവും ഓണംകേറാമൂലകളിലും ആദിവാസി ഊരുകളിലും വരെ നിര്‍ബാധം തുടരവെ മാര്‍ക്‌സിസ്റ്റ് പോഷകസംഘടനകളുടെ ബോധവത്കരണ പ്രചാരണ പരിപാടി സഫലമാവുമോ? അഥവാ സഫലമാവുക എന്ന മഹാദ്ഭുതം സംഭവിച്ചാല്‍ പൊതുഖജനാവ് പൂട്ടി ധനമന്ത്രി കാശിക്ക് പോവേണ്ടി വരില്ലേ?
മദ്യത്തില്‍ ഒറിജിനലും വ്യാജനും ഇല്ല, സ്വദേശിയും വിദേശിയും ഇല്ല, നല്ലതും ചീത്തയും ഇല്ല. എല്ലാം കുറഞ്ഞ അളവിലോ കൂടിയ അളവിലോ ലഹരി ഉല്‍പാദിപ്പിക്കുന്ന വിഷപാനീയമാണ്. മദ്യം വിഷമാണ്, അത് ചെത്തരുത്, വില്‍ക്കരുത്, കുടിക്കരുത് എന്ന് മഹാനായ ശ്രീനാരായണ ഗുരു വിവരക്കേട് വിളമ്പിയതല്ല. ഘട്ടംഘട്ടമായി എന്നാല്‍, പഴുതുകളടച്ചു മദ്യത്തിന്റെ ഉല്‍പാദനവും വില്‍പനയും കര്‍ശനമായി നിയന്ത്രിക്കുകയും ഒടുവില്‍ നിരോധിക്കുകയുമല്ലാതെ ഈ മാരക വിപത്തില്‍നിന്ന് കേരളത്തെ രക്ഷപ്പെടുത്താന്‍ കുറുക്കുവഴിയില്ല. അതോടൊപ്പം, മദ്യവര്‍ജനത്തിന് ശക്തവും സമഗ്രവുമായ ബോധവത്കരണവും ആവശ്യമാണ്, സ്വാഗതാര്‍ഹമാണ്. പാഠപുസ്തകങ്ങളിലൂടെ ലഹരിയുടെ ദൂഷ്യഫലങ്ങള്‍ തലമുറകളെ പഠിപ്പിച്ചും, മദ്യാസക്തരായ അധ്യാപകരെ ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തിയും ബാര്‍ ലൈസന്‍സുകള്‍ കര്‍ശനമായി നിയന്ത്രിച്ചും 18 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക് മദ്യവില്‍പന പാടേ നിരോധിച്ചും സിനിമകളില്‍ മദ്യപാന രംഗങ്ങള്‍ക്കു നേരെ കത്രിക പ്രയോഗിച്ചും ഔദ്യോഗിക വിരുന്നുകളില്‍ ലഹരിക്ക് നിശ്ശേഷം വിലക്കേര്‍പ്പെടുത്തിയുംകൊണ്ട് മദ്യവിരുദ്ധ നടപടികള്‍ക്ക് സര്‍ക്കാര്‍ ആര്‍ജവം കാട്ടുമെങ്കില്‍ മാര്‍ക്‌സിസ്റ്റ് യുവജന കൂട്ടായ്മയുടെ കാമ്പയിന്‍ ഒട്ടൊക്കെ ഗുണംചെയ്യാനാണിട. ഏതു നിലക്കും ഇതൊരു പാര്‍ട്ടിക്കാര്യമായി കാണാതെ ജനകീയ സമരമാക്കി മാറ്റാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയണം, മുന്‍വിധികളില്ലാതെ എല്ലാ മനുഷ്യസ്‌നേഹികളും അതോട് സഹകരിക്കുകയും വേണം.

വിവരാവകാശ നിയമം

അറിയാനുള്ള അവകാശ നിയമം 2005 (വിവരവകാശ നിയമം 2005) എന്ത്, എന്തിന് ?
രാജ്യഭരണം,പ്രഭുഭരണം,ഏകാധിപത്യഭരണം,ജനാധിപത്യഭരണം എന്നിങ്ങനെ ലോകത്ത് വിവിധ തരത്തിലുള്ള ഭരണസമ്പ്രദായങ്ങളുണ്ട്. ഇവയിൽ ഏറ്റവും പുരോഗമനവും പരക്കെ അംഗീകരിക്കപെട്ടതുമായ ഭരണസമ്പ്രദായമാണ് ജനാധിപത്ത്യം. ജനങ്ങൾ,ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ ഭരിക്കുന്ന സംവിധാനം. ജനങ്ങളുടെ ആധിപത്ത്യമാണിത്,മറിച്ച് ജനങ്ങളുടെ മേലുള്ള ആധിപത്ത്യമല്ല. ജനങ്ങളാണ് രാഷ്ട്രത്തിന്റെ പരമാധികാരികൾ.
സർക്കാരും സർക്കാർ ഓഫീസുകളും മറ്റു പൊതുസ്ഥാപനങ്ങളും ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് പ്രവർത്തിക്കുന്നത് എന്നതിനാൽ ഈ പണം എങ്ങിനെ വിനിയോഗിക്കുന്നു എന്നറിയാനുള്ള പൂർണ്ണ അവകാശം ഏതൊരു പൌരനുമുണ്ട്. ഇപ്രകാരം വിവരം ലഭിക്കുന്നതിനുള്ള വിപ്ലവകരമായ നിയമമാണ് കേന്ദ്ര സർക്കാർ പാസാക്കിയ അറിയാനുള്ള അവകാശ നിയമം 2005
(വിവരവകാശ നിയമം 2005).
നിയമം എന്ന് നിലവിൽ വന്നു ?
2005 മെയ് 11നു ലോകസഭ പാസാക്കിയ അറിയനുള്ള അവകാശ നിയമത്തിന് ജുൺ 15ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. നിയമം പൂർണമായി ഒക്ടോബർ 12 മുതൽ രാജ്യ് ത്തെങ്ങും (ജമ്മു കാശ്മീർ ഒഴികെ) നിലവിൽ വന്നു. നിയമപ്രകാരം പൊതു അധികാരികൾ സ്വമേധയാലോ പൌരന്മാർ ആവശ്യപ്പെടുന്നതനുസരിച്ചോ വിവരങ്ങൾ നൽകണം.
ആരാണ് പെതു അതികാരി ?
പൊതു അധികാരിയെന്നാൽ ഭരണഘടനാപ്രകാരമോ ലോകസഭയുടെയോ നിയമസഭയുടെയോ നിയമം വഴിയോ സർക്കാർ ഉത്തരവ് വഴിയോ നിലവിൽ വന്നതോ രൂപീകരിച്ചതോ ആയ അധികാരിയോ സ്ഥാപനമോ ആണ്. സർക്കാരിൽ നിന്നും ഏതെങ്കിലും തരത്തിൽ സഹായധനം ലഭിക്കുന്ന സർക്കാർ ഇതര സ്ഥാപനങ്ങളും,സംഘടനകളും പൊതു അതികാരി എന്നതിന്റെ നിർവജനത്തിൽപ്പെടും.
എന്താണ് വിവരം ?
‘വിവര’മെന്ന് നിയമത്തിൽ നിർവചിച്ചിട്ടുള്ളത് ഒരു പൊതു അതികാരിക്ക് ഏതു രൂപത്തിലും ലഭിക്കാവുന്ന രേഖകൾ,ആധാരങ്ങൾ,മെമ്മോകൾ,ഇ-മെയിലുകൾ,അഭിപ്രായക്കുറിപ്പുകൾ,പ്രസ്സ് റിലീസുകൾ,സർക്കുലറുകൾ,ഉത്തരവുകൾ,ലോഗ്ബുക്കുകൾ,കരാറുകൾ,റിപ്പോർട്ടുകൾ,കടലാസുകൾ,സാമ്പിളുകൾ,മാത്യകകൾ,ഇലക്ട്രോണിക് രൂപത്തിൽ സൂക്ഷിച്ചുവച്ചിരിക്കുന്ന വിവരങ്ങൾ എന്നിവയാണ്.
വിവരങ്ങൾ സ്വമേധയാ വെളിപ്പെടുത്തണം
ഈ നിയമം നിലവിൽ വന്ന് 120 ദിവസങ്ങൾക്കകം ഓരോ പൊതുഅധികാരിയും തന്റെ ഓഫീസിന്റെ ഘടന,ചുമതല,കർത്തവ്യങ്ങൾ,ഉദ്യോഗസ്ഥരുടെ അധികാരങ്ങൾ,കടമകൾ,ചുമതലകൾ നിർവഹിക്കുന്നതിനുള്ള വ്യവസ്ഥകൾ,ചട്ടങ്ങൾ,റഗുലേഷനുകൾ,സൂക്ഷിക്കുന്ന ആധാരങ്ങളുടെയും മറ്റും വിവരങ്ങൾ,ബോർഡുകളുടെയും കമ്മിറ്റികളുടെയും വിവരങ്ങൾ,അവരുടെ പ്രധിമാസ ശമ്പളം, ഓഫീസിനും അധിന്റെ കീഴിലുള്ള ഓരോ ഏജൻസിക്കും ലഭിച്ച ബജറ്റ് വിഹിതം, സബ്സിഡി, പദ്ധതികളുടെ പൂർണ്ണവിവരങ്ങൾ, ആനുകൂല്യങ്ങൾ ലഭിച്ചവരുടെ വിശദാംശങ്ങൾ,ലഭിച്ച തുക, അനുവദിക്കുന്ന പെർമിറ്റുകൾ, സൌജന്യങ്ങൾ മുതലായവ ലഭിച്ചവരുടെ വിശദാംശങ്ങൾ,സ്ഥപനം സൂക്ഷിക്കുന്ന രജിസ്റ്റരുകളുടെ കണക്കുകൾ,പൌരന്മാർക്ക് വിവരങ്ങൾ അറിയുന്നതിനു ഏർപെടുത്തിയിട്ടുള്ള സൌകര്യങ്ങൾ,പെതു ഇൻഫർമേഷൻ ഓഫീസർമാരുടെ പേർ,ഔദ്യേഗിക പദവി, തുടങ്ങിയവ പരസ്യപ്പെടുത്തേണ്ടതും, വർഷാവർഷം പുതുക്കേണ്ടതുമാണ്. ഇവയൊക്കെ ജനങ്ങൾക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന രൂപത്തിലാണ് വെളിപ്പെടുത്തേണ്ടത്.
നിയമമനുസരിച്ച് പൊതു അധികാരസ്ഥപനങ്ങൾ അവയുടെ എല്ലാ റെക്കോർഡുകളും രേഖകളും ക്രമമായി അടുക്കി നമ്പറിട്ട് സൂക്ഷിക്കണം. ന്യായമായ കാലവധിക്കുള്ളിൽ അവ കംപ്യൂട്ടറിലാക്കി നെറ്റ് വർക്കിലൂടെ രാജ്യത്ത് എല്ലയിടത്തും കിട്ടത്തക്കവിധം സജ്ജമാക്കുകയും വേണം. ഇതിനുപുറമെ പെതു ജനങ്ങളെ ബാധിക്കുന്ന നയങ്ങൾ രൂപീകരിക്കുമ്പോഴും തീരുമാനങ്ങൾ എടുക്കുമ്പോഴും അവയെ സംബന്ധിക്കുന്ന പ്രസക്തമായ എല്ലാ വസ്തുതകളും പരസ്യമാക്കണം.
വിവരം ലഭിക്കാൻ ആർക്ക് അപേക്ഷ നൽകണം ?
എല്ലാ സർക്കാർ ഓഫീസുകളിലും പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരെയും, അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരെയും നിയോഗിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു കാര്യത്തെക്കുറിച്ച് വിവരം ലഭിക്കേണ്ടവർ 10 രൂപ ഫീസ് സഹിതം ബന്ധപ്പെട്ട പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് നൽകണം. രേഖാമൂലമോ ഇലക്ടോണിക്ക് മാധ്യമം വഴിയോ അപേക്ഷ നൽകാം. അപേക്ഷ എഴുതി നൽകാൻ കഴിയാത്ത വ്യക്തി പറയുന്ന കാര്യങ്ങൾ രേഖപ്പെടുത്തി അപേക്ഷ തയ്യാറാക്കുന്നതിനു പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ സഹായിക്കണം അപേക്ഷകൾ വാങ്ങി പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർക്ക് കൈമാറുന്ന ജോലിയാണ് അസിസ്റ്റ്ന്റ് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർക്കുള്ളത്. അപേക്ഷകൻ വിവരം തേടുന്നത് എന്തിനാണെന്ന് വെളിപ്പെടുത്തേണ്ടതില്ല. ബന്ധപ്പെടുത്തുന്നതിനുള്ള വിലാസം മാത്രമേ അപേക്ഷയിൽ കാണിക്കേണ്ടതുള്ളൂ.
അപേക്ഷകന് വിവരങ്ങൾ എ4 വലിപ്പത്തിലുള്ള പേപ്പറിലാണ് ലഭിക്കേണ്ടതെങ്കിൽ ഓരോ പേജിനും രണ്ടു രൂപ വീതം നൽകണം.സാമ്പിളുകളും മോഡലുകളും ലഭിക്കുന്നതിന് അതിനുള്ള യഥാർഥ ചെലവ് നൽകേണ്ടതാണ്. രേഖകളുടെ പരിശോധനയ്ക്ക് ആദ്യത്തെ ഒരു മണിക്കൂറിന് ഫീസില്ല. അതിനു ശേഷമുള്ള ഓരോ 30 മിനിറ്റിനും അതിന്റെ അംശത്തിനും 10 രൂപ വീതമാണ് നൽകേണ്ടത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെ അതു തെളിയിക്കുന്ന രേഖകൾ ഹാജരാക്കുന്ന പക്ഷം ഫീസ് ഒടുക്കുന്നതിൽ നിന്നും ഒഴിവാക്കുന്നതാണ്.
വിവരം 30 ദിവസത്തിനകം നൽകണം
അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ അപേക്ഷകന് വിവരം നൽകണം. അസിസ്റ്റ്ന്റ് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ വഴി ലഭിച്ച അപേക്ഷയാണെങ്കിൽ 35 ദിവസത്തിനകം വിവരം നൽകിയാൽ മതി. എന്നാൽ വ്യക്തിയുടെ ജീവനെയോ സ്വാതന്ത്ര്യത്തെയോ ബാധിക്കുന്ന വിവരമാണ് ആവശ്യപ്പെടുന്നതെങ്കിൽ അത് 48 മണിക്കൂറിനകം നൽകിയിരിക്കണം. വിവരങ്ങൾ നൽകുന്നതിനു പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ ക്കൂടുതൽ ഫീസ് തുക അതിന്റെ ചെലവിനത്തിൽ വാങ്ങിക്കാൻ തീരുമാനം എടുക്കുന്ന പക്ഷം ആ വിവരം അപേക്ഷകനെ അരിയിക്കണം. അപ്രകാരം അറിയിക്കേണ്ടതിലേക്കും ഫീസ് ഒടുക്കേണ്ടതിലേക്കും വേണ്ടിവരുന്ന സമയം 30 ദിവസത്തെ കാലയളവ് കണക്കാക്കുമ്പോൾ ഒഴിവാക്കുന്നതാണ്. നിർദിഷ്ട സമയത്തിനകം വിവരം നൽകാൻ കഴിയുന്നില്ലെങ്കിൽ അതിനുള്ള കാരണവും അപ്പീൽ ബോധിപ്പിക്കുന്നതിനുള്ള കാലയളവും അപ്പീൽ അധികാരിയുടെ വിവരങ്ങളും പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ അപേക്ഷകനെ അറിയിക്കണം. നിശ്ചിത സമയ പരിധിക്കുള്ളിൽ വിവരം നൽകാൻ കഴിയാതെ പോയാൽ യാതൊരു ഫീസും ഈടാക്കതെ അത് നൽകേണ്ടതാണ്.
അപേക്ഷകൻ ആവശ്യപ്പെട്ടിട്ടുള്ള വിവരം മറ്റൊരു പൊതുഅധികാരിയുടെ കൈവശമാണ് ഉള്ളതെങ്കിൽ അപേക്ഷയോ അപേക്ഷയുടെ പ്രസക്തഭാഗമോ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ അഞ്ചു ദിവസത്തിനകം ആ പൊതു അധികാരിക്ക് അയച്ചുകൊടുക്കണം. അപേക്ഷകൻ ആവശ്യപ്പെട്ടിരിക്കുന്ന വിവരം ഏതെങ്കിലും മൂന്നാം കക്ഷി നൽകിയതും അദ്ദേഹം അത് രഹസ്യമാക്കി സൂക്ഷിക്കാൻ നൽകിയതുമാണെങ്കിൽ വിവരം നൽകുന്നതിനായി അപേക്ഷ ലഭിച്ച് അഞ്ച് ദിവസത്തിനകം പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ മൂന്നാം കക്ഷിയുടെ സമ്മതം വാങ്ങിയിരിക്കേണ്ടതാണ്. ഇതിനായി മൂന്നാം കക്ഷിക്ക് നോട്ടീസ് അയക്കണം. വിവരങ്ങൾ വെളിപ്പെടുത്തുന്നത് സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കിൽ മൂന്നാം കക്ഷി അത് 10 ദിവസത്തിനകം അറിയിക്കേണ്ടതാണ്.
പിഴശിക്ഷ
നിശ്ചിത സമയപരിധിക്കുള്ളിൽ വിവരം നൽകുന്നില്ലെങ്കിലോ ന്യായമായ കാരണങ്ങളില്ലാതെ അപേക്ഷ നിരസിക്കുകയോ തെറ്റായതോ അപൂർണ്ണവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങൾ നൽകിയാലോ 250 രൂപ മുതൽ 25,000 രൂപ വരെ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ പിഴ ഒടുക്കേണ്ടിവരും. ഇതിനുപുറമെ വകുപ്പുതല അന്വേഷണവും അച്ചടക്ക നടപടിയും ഏറ്റുവാങ്ങേണ്ടി വരുകയും ചെയ്യും.
അപ്പീൽ നൽകുന്നതിനുള്ള അവകാശം
ആവശ്യപ്പെടുന്ന വിവരം ലഭിക്കുന്നില്ലെങ്കിലോ അപൂർണ്ണവും അവാസ്തവവുമായ വിവരമാണ് കിട്ടിയതെങ്കിലോ പൌരനു രണ്ടു തലത്തിൽ അപ്പീൽ പോകാം. ആദ്യത്തെ അപ്പീൽ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസറുടെ ഉയർന്ന റാങ്കിൽ അപ്പീൽ സ്വീകരിക്കുന്നതിന് നിയുക്തനായ ഉദ്യോഗസ്ഥന്, പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസറുടെ തീരുമാനം ലഭിച്ച് 30 ദിവസത്തിനകം നൽകണം. അപ്പീൽ ഹരജിക്കാരന് യഥാസമയം അപ്പീൽ നൽകാൻ കഴിയാഞ്ഞത് മതിയായ കാരണങ്ങൾ മൂലമാണെന്ന് ബോധ്യമാകുന്ന പക്ഷം പ്രസ്തുത ഉദ്യോഗസ്ഥന് (അപ്പലേറ്റ് അതോറിറ്റിക്ക്) കാലപരിധിക്ക് ശേഷം ലഭിക്കുന്ന അപ്പീലും സ്വീകരിക്കാവുന്നതാണ്. ആദ്യ അപ്പീൽ തീരുമാനത്തിനെതിരെ 90 ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപ്പീൽ ഇൻഫർമേഷൻ കമ്മീഷന് സമർപ്പിക്കണം.