Thursday, March 24, 2011

എസ് എസ് എഫ് നോര്‍ത്ത് സോണ്‍ മെഡിക്കല്‍ എന്‍ജിനീറിംഗ് സമ്മേളനത്തിന് ഉജ്ജ്വല സമാപനംതളിപ്പറമ്പ:അക്കാദമിക് വിദ്യാഭ്യാസത്തിന്റെ പിന്‍ബലമില്ലാത്ത അനധികൃത ചികിത്സകര്‍ക്ക് ആയുര്‍വേദ, യൂനാനി മേഖലയില്‍ ചികിത്സാനുമതി നല്‍കുന്ന വിധമുള്ള നിലപാടുകളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് എസ് എസ് എഫ് നോര്‍ത്ത് സോണ്‍ മെഡിക്കല്‍ എന്‍ജിനീറിംഗ് സമ്മേളനം ആവശ്യപ്പെട്ടു.ചികിത്സാരംഗത്ത് വ്യാജന്‍മാന്‍ കടന്നു വരാനും അതുവഴി ആതുര മേഘലയില്‍ പുതിയ പ്രതിസന്ധികള്‍ ഉയര്‍ന്നുവരാനും ഇത്തരം നടപടികള്‍ കാരണമാകുമെന്നും സമ്മേളനം ആശങ്കപ്പെട്ടു.

ഇന്റലക്ച്വല്‍ കള്‍ട്ടിവേഷന്‍ സ്പിരിച്വല്‍ എന്‍ലൈറ്‌റ്‌മെന്റ് എന്ന ശീര്‍ഷകത്തില്‍ തളിപ്പറമ്പ നാടുകാണി അല്‍ മഖര്‍ കാമ്പസില്‍ എസ് എസ് എഫ് സംസ്ഥാന കമ്മിറ്‌റി സംഘടിപ്പിച്ച എന്‍ജിനീയറിംഗ് മെഡിക്കല്‍ വിദ്യാര്‍ത്ഥി സമ്മേളനത്തില്‍ ഉത്തരമേഘലയിലെ ഏഴു ജില്ലകളില്‍ നിന്നും അറുന്നൂറോളംപ്രതിനനിധികള്‍ പങ്കെടുത്തു.എന്‍ജിനീറിംഗ് സമ്മേളനം അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ എം എ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാരും മെഡിക്കല്‍ സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര സെക്രട്ടറി കന്‍സുല്‍ ഉലമ കെ പി ഹംസ മുസ്‌ലിയാരും ഉല്‍ഘാടനം ചെയ്തു.എസ് എസ് എഫ് സംസ്ഥാന അസിസ്റ്റന്റ് പ്രസിഡണ്ട് മൂസ സഖാഫി കളത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു.

ത്രിദിന സമ്മേളനത്തില്‍ വിവിധ സെഷനുകളില്‍ കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. അബ്ദുല്‍ ഹകിം അസ്ഹരി, എന്‍ വി അബ്ദു റസാഖ് സഖാഫി, അബ്ദുറശീദ് സഖാഫി കുറ്‌റ്യാടി, പി എ ഉബൈദുല്ല നദ്‌വി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം, അഡ്വ: എ കെ ഇസ്മാഈല്‍ വഫ, പടിക്കല്‍ അബൂബക്കര്‍ മാസ്റ്റര്‍ വിഷയമവതരിപ്പിച്ചു.

കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, പി കെ അബൂബക്കര്‍ മുസ്‌ലിയാര്‍, യു വി ഉസ്മാന്‍ മുസ്‌ലിയാര്‍, ആര്‍ പി ഹുസൈന്‍ ഇരിക്കൂര്‍,വി പി എം ഇസ്ഹാഖ്, ഡോ. നൂറുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു. എസ് എസ് എഫ് സംസ്ഥാന ജന.സെക്രട്ടറി അബ്ദുല്‍ കലാം മാവൂര്‍ സ്വാഗതവും സംസ്ഥാന കാമ്പസ് സെക്രട്ടറി അബ്ദുറശീദ് നരിക്കോട് നന്ദിയും പറഞ്ഞു.

സഹായി കോഴിക്കോട്ട് പാലിയേറ്റീവ് കെയര്‍, ഡയാലിസിസ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുംദുബായ്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സഹായി എന്ന ആതുരസേവന സന്നദ്ധസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ക്യാന്‍സര്‍ രോഗികള്‍ക്കായി പാലീയേറ്റീവ് കെയര്‍ യൂണിറ്റും വൃക്ക രോഗികള്‍ക്ക് പരിചരണമുള്‍പെടെയുള്ള സേവനങ്ങളുമായി ഡയാലിസിസ് സെന്ററും സജ്ജീകരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് പത്തു വര്‍ഷമായി സേവനരംഗത്തുള്ള സഹായിയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ആറു കോടി രൂപ ചെലവില്‍ വിപുലമായ ആതുരസേവന കേന്ദ്രത്തിന്റെ ഭാഗമായാണിത്. സൗജന്യ സ്‌കാനിംഗ്, എക്‌സ്‌റേ യൂണിറ്റുകള്‍, ലബോറട്ടറി എന്നിവയും കേന്ദ്രത്തില്‍ സജ്ജീകരിക്കും. വിദൂരങ്ങളില്‍നിന്നും റേഡിയേഷന്‍, ഡയാലിസ് സേവനങ്ങള്‍ തേടിയെത്തുന്ന രോഗികള്‍ക്ക് താമസം, ഭക്ഷണം, മരുന്ന് എന്നിവ നല്‍കും. 20 ലക്ഷം രൂപ ചെലവില്‍ മെഡിക്കല്‍ കോളേജിലെ 16 ാം വാര്‍ഡ് ആധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്ന പദ്ധതി സഹായി ഏറ്റെടുത്തിട്ടുണ്ട്.
സഹായിയുടെ നേതൃത്വത്തില്‍ ആംബുലന്‍സ് സര്‍വീസ്, അത്യാഹിതവിഭാഗങ്ങളിലെ സേവനത്തിനായി വളണ്ടിയര്‍ വിഭാഗം, സൗജന്യ മരുന്ന വിതരണം, രക്തദാനസേന, സൗജന്യ ഭക്ഷണ വിതരണം, മയ്യിത്ത് പരിപാലനം, ഇഫ്താര്‍ എന്നിവ സംഘടിപ്പിച്ചു വരുന്നു. നിര്‍ധനര്‍ക്ക് പൂര്‍ണമായും സൗജന്യമാണ് ആംബുലന്‍സ് സേവനം. കാഷ്വാലിറ്റി, മോര്‍ച്ചറി, അത്യാഹിത വാര്‍ഡുകള്‍ എന്നിവിടങ്ങളില്‍ സംഘടനയുടെ 200 വളണ്ടിയര്‍മാരാണ് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രതിദിന സേവനം നടത്തുന്നത്. രോഗികള്‍ക്ക് സൗജന്യമരുന്നു വിതരണത്തിന് സഹായി ഫാര്‍മസി മെഡിക്കല്‍ കോളജ് പരിസരത്ത് പ്രവര്‍ത്തിക്കുന്നു. നിത്യവും കാഷ്വാലിറ്റിയിലെത്തുന്ന രോഗികളും സഹായികളുമായ നൂറിലധികം പേര്‍ക്കാണ് സൗജന്യ ഭക്ഷണ വിതരണം. സഹായിയുടെ സേവനം മനസ്സിലാക്കിയ സഹൃദയരുടെ സഹായത്തോടെയാണ് സംഘടന പ്രവര്‍ത്തിച്ചുവരുന്നത്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട്, കണ്ണൂര്‍ എന്നീ അഞ്ചു ജില്ലകളില്‍നിന്നുള്ളവര്‍ക്കാണ് സംഘടനയുടെ സഹായം ലഭിക്കുന്നത്. പുതിയ പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് പ്രവാസി സുമനസ്സുകളുടെ സഹായം തേടുന്നതായും സഹായി പ്രസിഡന്റ് അബ്ദുല്ല സഅദി ചെറുവാടി പറഞ്ഞു. സലീം ആര്‍ ഇ സി, ബഷീര്‍ വെള്ളായിക്കോട് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചു.

Thursday, March 17, 2011

ബഹ്‌റൈനില്‍ അടിയന്തരാവസ്‌ഥ

ടെഹ്‌റാന്‍: ഭരണകൂടവിരുദ്ധ പ്രക്ഷോഭം ശക്‌തമായ ബഹ്‌റൈനില്‍ മൂന്നുമാസത്തേക്ക്‌ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു. രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഏതു നടപടിയുമെടുക്കാന്‍ സൈന്യത്തിന്‌ അധികാരം നല്‍കിയെന്നും രാജാവ്‌ ഹമദ്‌ ബിന്‍ ഈസ അല്‍ ഖലീഫ അറിയിച്ചു. ബഹ്‌റൈന്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരം സൗദി അറേബ്യയില്‍നിന്ന്‌ 1000 സൈനികരും യു.എ.ഇയില്‍നിന്ന്‌ 500 സൈനികരും ബഹ്‌റൈനില്‍ എത്തിച്ചേര്‍ന്നു. ഭരണ, സാമ്പത്തിക സ്‌ഥാപനങ്ങളുടെയും എണ്ണവ്യവസായശാലകളുടെയും സുരക്ഷയ്‌ക്കായി ഇവരെ വിനിയോഗിക്കും. പ്രക്ഷോഭകാരികള്‍ റോഡുകളിലും മറ്റും പോലീസിനെ തടയാനായി ബാരിക്കേഡുകള്‍ തീര്‍ത്തിരിക്കുകയാണ്‌. തലസ്‌ഥാനത്തെ ധനകാര്യ കേന്ദ്രത്തിലേക്കുള്ള എല്ലാ റോഡുകളിലും അവര്‍ ഗതാഗതം തടസപ്പെടുത്തി. നിരായുധരാണെങ്കിലും വിദേശസൈന്യത്തെ നേരിടുമെന്നുതന്നെയാണ്‌ പ്രക്ഷോഭകാരികളുടെ പ്രഖ്യാപനം. അതേസമയം, അയല്‍രാജ്യങ്ങളിലെ സൈന്യത്തെ വിളിച്ചുവരുത്തിയ ബഹ്‌റൈന്‍ സര്‍ക്കാരിന്റെ ഈ നടപടിയെ ഇറാന്‍ വിമര്‍ശിച്ചു. സ്‌ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ വിദേശസൈനികരെ ഉപയോഗിക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്ന്‌ ഇറാന്‍ വിദേശകാര്യ വക്‌താവ്‌ പറഞ്ഞു. വിദേശസൈന്യത്തിന്റെ സാന്നിധ്യം ബഹ്‌റൈനില്‍ സ്‌ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ''ബഹ്‌റൈനിലെ ജനങ്ങള്‍ക്കു ചില ആവശ്യങ്ങളുണ്ട്‌. അവ നീതിയുക്‌തമാണ്‌. ഈ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന്‌ അവര്‍ സമാധാനപരമായാണു പ്രക്ഷോഭം നടത്തുന്നത്‌''- വക്‌താവ്‌ പറഞ്ഞു. രാജ്യത്തുള്ള വിദേശ സൈനികരെ കടന്നുകയറിയവരായി മാത്രമേ കണക്കാക്കാനാവൂ എന്ന്‌ ബഹ്‌റൈനിലെ പ്രതിപക്ഷകക്ഷികള്‍ പറഞ്ഞു. ഇപ്പോഴത്തെ സ്‌ഥിതിഗതികള്‍ പരിഹരിക്കുന്നതിനു സൈനികനീക്കവും അടിച്ചമര്‍ത്തലുമല്ല മാര്‍ഗമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ബഹ്‌റൈനിലെ 'അതിക്രമം' അവസാനിപ്പിക്കാന്‍ ഇടപെടണമെന്നു കഴിഞ്ഞ ദിവസം ഇറാന്‍ വിദേശകാര്യമന്ത്രി അലി അക്‌ബര്‍ സലേഹി ഓര്‍ഗനൈസേഷന്‍ ഓഫ്‌ ഇസ്ലാമിക്‌ കോണ്‍ഫറന്‍സി (ഒ.ഐ.സി) നോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

Sunday, March 6, 2011

നോര്‍ക്ക റൂട്ട്‌സ്‌ മാധ്യമ പുരസ്‌കാരം ഹംസ ആലുങ്ങല്‍ ഏറ്റുവാങ്ങി


തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സ്‌ ഏര്‍പ്പെടുത്തിയ പ്രഥമ പ്രവാസി-സാഹിത്യ മാധ്യമ പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ വിതരണം ചെയ്‌തു. കേരളത്തിന്റെ സാമ്പത്തിക പുരോഗതിക്ക്‌ പ്രവാസികളുടെ സംഭാവന നിസ്‌തുലമാണെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. പത്രമാധ്യമ വിഭാഗത്തില്‍ സിറാജ്‌ ദിനപത്രം കോഴിക്കോട്‌ യൂനിറ്റിലെ സബ്‌ എഡിറ്റര്‍ ഹംസ ആലുങ്ങല്‍, യാസിര്‍ ഫയാസ്‌ (മാതൃഭൂമി) എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. സിറാജില്‍ പ്രസിദ്ധീകരിച്ച `സ്വപ്‌നഭൂമിയിലെ പുതിയ ചതിക്കുഴികള്‍' എന്ന ലേഖന പരമ്പരയാണ്‌ ഹംസ ആലുങ്ങലിനെ അവാര്‍ഡിന്‌ അര്‍ഹനാക്കിയത്‌.25000 രൂപയും പ്രശസ്‌തിപത്രവുമടങ്ങുന്നതാണ്‌ അവാര്‍ഡ്‌.
കൈരളി ടി വിയിലെ പ്രവാസലോകം പരിപാടിയുടെ സംവിധായകന്‍ റഫീഖ്‌ റാവുത്തര്‍ ദൃശ്യമാധ്യമ അവാര്‍ഡ്‌ ഏറ്റുവാങ്ങി. ചന്ദ്രകാന്ത്‌ വിശ്വനാഥ്‌ (മനോരമ ന്യൂസ്‌) പ്രത്യേക ജ്യൂറി അവാര്‍ഡ്‌ നേടി.
`ആടു ജീവിതം' എന്ന നോവലിന്റെ രചയിതാവ്‌ ബെന്യാമിന്‍, `നിങ്ങളെന്നെ ഫെമിനിസ്‌റ്റാക്കി' എന്ന ചെറുകഥാ സമാഹാരം രചിച്ച കനേഡിയന്‍ പ്രവാസിയായ നിര്‍മല എന്നിവരും തിരുവനന്തപുരം മസ്‌ക്കറ്റ്‌ ഹോട്ടലില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ മുഖ്യമന്ത്രിയില്‍നിന്ന്‌ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. നോര്‍ക്ക റൂട്ട്‌സ്‌ ഡയറക്‌ടര്‍ എ കെ മൂസ അധ്യക്ഷത വഹിച്ചു. കേരള പ്രസ്‌ അക്കാദമി ചെയര്‍മാന്‍ ആര്‍ ശക്തിധരന്‍, സാഹിത്യ നിരൂപകന്‍ കെ എസ്‌ രവികുമാര്‍ എന്നിവര്‍ അവാര്‍ഡിനര്‍ഹമായ രചനകളെ വിലയിരുത്തി സംസാരിച്ചു. പി കെ രാജശേഖരന്‍, സതീഷ്‌ബാബു പയ്യന്നൂര്‍, എം അനിരുദ്ധന്‍ എന്നിവര്‍ സംസാരിച്ചു. അവാര്‍ഡ്‌ ജേതാക്കള്‍ മറുപടി പ്രസംഗം നടത്തി. നോര്‍ക്ക സെക്രട്ടറി ടി കെ മനോജ്‌ കുമാര്‍ സ്വാഗതവും നോര്‍ക്ക റൂട്ട്‌സ്‌ സി ഇ ഒ കെ ടി ബാലഭാസ്‌കര്‍ ഐ എ എസ്‌ നന്ദിയും പറഞ്ഞു.

Wednesday, March 2, 2011

വോട്ടര്‍ പട്ടികയില്‍ പ്രവാസികളുടെ പേരു ചേര്‍ക്കാന്‍ നടപടി തുടങ്ങി


കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കാന്‍ പ്രവാസികള്‍ക്ക് അവസരം. ഇതിനായി വിദേശ രാജ്യങ്ങളിലുള്ളവരുടെ പേരു ചേര്‍ക്കാന്‍ നടപടി തുടങ്ങി. കേരളത്തിന് പുറമെ പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പോണ്ടിച്ചേരിയിലും തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ അവിടങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്കും പേരു ചേര്‍ക്കാന്‍ അവസരമുണ്ട്.
വിദേശത്തുള്ളവരുടെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നത് സംബന്ധിച്ച് കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ നളിനി നെറ്റോ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന് അയച്ച വിശദമായ കത്തിന്റെ പകര്‍പ്പ് ഗള്‍ഫിലേത് ഉള്‍പ്പെടെ എല്ലാ ഇന്ത്യന്‍ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും ന്യൂദല്‍ഹിയില്‍നിന്ന് ലഭിച്ചിട്ടുണ്ട്.
പേരു ചേര്‍ക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് പുറമെ കേരളത്തിലെ മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളിലെയും ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാരുടെ മേല്‍വിലാസം, ഫോണ്‍ നമ്പറുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന കത്താണ് നളിനി നെറ്റോ അയച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉള്‍പ്പെടെ പല ഇന്ത്യന്‍ മിഷനുകളും നടപടി തുടങ്ങി. എന്നാല്‍, യു.എ.ഇയിലെ ഇന്ത്യന്‍ എംബസി ഇതുവരെ ഇതുസംബന്ധിച്ച് പ്രവാസികള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടില്ല. തെരഞ്ഞെടുപ്പ് കമീഷന്റെ അറിയിപ്പ് പ്രകാരം, ഫോം നമ്പര്‍ 'ആറ്-എ'യിലാണ് പ്രവാസികള്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അപേക്ഷിക്കേണ്ടത്. തെരഞ്ഞെടുപ്പ് കമീഷന്റെ http://eci.nic.in എന്ന വെബ്‌സൈറ്റില്‍നിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യാം.
അപേക്ഷകന് മറ്റൊരു രാജ്യത്തിന്റെയും പൗരത്വം ഉണ്ടാവാന്‍ പാടില്ല. 2011 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞിരിക്കണം. അപേക്ഷാ ഫോമില്‍ പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ പതിക്കണം. ഇളം നിറത്തിലുള്ള പശ്ചാത്തലമുള്ള ഫോട്ടായാണ് ഉപയോഗിക്കേണ്ടത്. വെള്ള നിറത്തിലുള്ള പശ്ചാത്തലമുള്ള ഫോട്ടായാണ് നല്ലതെന്ന് തെരഞ്ഞെടുപ്പ് കമീഷന്റെ അറിയിപ്പില്‍ പറഞ്ഞിട്ടുണ്ട്.
അപേക്ഷാ ഫോമിലെ ഒന്നാമത്തെ ഭാഗം പേര്, ജനന തിയതി, നാട്ടിലെ മേല്‍വിലാസം, പാസ്‌പോര്‍ട്ടിന്റെ വിവരങ്ങള്‍ തുടങ്ങിയവ രേഖപ്പെടുത്താനുള്ളതാണ്. രണ്ടാം ഭാഗത്ത് വിസ സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തണം. വിസ നമ്പര്‍, കാലാവധി തുടങ്ങിയവ ചോദിക്കുന്നുണ്ട്. മൂന്നാം ഭാഗത്ത് ഇന്ത്യയില്‍നിന്ന് മാറിത്താമസിക്കാനുള്ള കാരണവും മറ്റുമാണ് ചോദിക്കുന്നത്. നേരത്തെ നാട്ടില്‍ തെരഞ്ഞെടുപ്പ് കമീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചവര്‍, അതിന്റെ നമ്പര്‍ രേഖപ്പെടുത്തണം.
പൂരിപ്പിച്ച അപേക്ഷാ ഫോം നല്‍കേണ്ടത് സ്വന്തം മണ്ഡലത്തിലെ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍ക്കാണ്. പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയ മേല്‍വിലാസത്തിലുള്ള സ്ഥലത്താണ് വോട്ടവകാശം ലഭിക്കുക. പൂരിപ്പിച്ച അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ടിലെ ഫോട്ടോയുള്ള പേജിന്റെയും നാട്ടിലെ മേല്‍വിലാസമുള്ള പേജിന്റെയും കോപ്പി, വിസ സ്റ്റാമ്പ് ചെയ്ത പേജിന്റെ കോപ്പി എന്നിവ വെക്കണം.
നേരിട്ട് അപേക്ഷ സമര്‍പിക്കുന്നവര്‍ ഒറിജിനല്‍ പാസ്‌പോര്‍ട്ടുമായാണ് ഹാജരാകേണ്ടത്. വെരിഫിക്കേഷന് ശേഷം പാസ്‌പോര്‍ട്ട് ഉടന്‍ തിരിച്ചുകിട്ടും. തപാലില്‍ അയക്കുന്നവര്‍ മേല്‍പറഞ്ഞ കോപ്പികള്‍ അതാത് ഇന്ത്യന്‍ എംബസിയില്‍നിന്നോ കോണ്‍സുലേറ്റില്‍നിന്നോ സാക്ഷ്യപ്പെടുത്തിയ ശേഷം അപേക്ഷാ ഫോമിനൊപ്പം വെക്കണം. എംബസി/ കോണ്‍സുലേറ്റ് സാക്ഷ്യപ്പെടുത്താത്ത പാസ്‌പോര്‍ട്ട്, വിസ പേജ് കോപ്പികളുള്ള അപേക്ഷകളും കോപ്പികളില്ലാത്ത അപേക്ഷകളും തള്ളും.
തെരഞ്ഞെടുപ്പ് ദിവസം നാട്ടിലുള്ള പ്രവസികള്‍ക്ക് വോട്ടു രേഖപ്പെടുത്താവുന്ന സംവിധാനമാണ് ഇപ്പോള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഇറാന്‍, ഇന്തോനേഷ്യ, ഫ്രാന്‍സ് തുടങ്ങിയ പല രാജ്യങ്ങളിലെയും പ്രവാസികള്‍ ഗള്‍ഫില്‍ വെച്ച് വോട്ടു രേഖപ്പെടുത്തുന്നുണ്ടെങ്കിലും ഇവരുടെ എണ്ണം ഇന്ത്യന്‍ സമൂഹത്തെ അപേക്ഷിച്ച് കുറവാണ്.

ഇന്ത്യന്‍ സമൂഹത്തിന്റെ എണ്ണം വളരെ കൂടുതലായതിനാല്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ ഈ സംവിധാനം നടപ്പാക്കാത്തത്. എങ്കിലും ഓണ്‍ലൈന്‍ വഴി വോട്ടു ചെയ്യാനുള്ള സംവിധാനം കേന്ദ്ര സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്ത പ്രവാസികള്‍ തെരഞ്ഞെടുപ്പ് ദിവസം നാട്ടില്‍ വോട്ടു രേഖപ്പെടുത്താന്‍ ഒറിജിനല്‍ പാസ്‌പോര്‍ട്ടുമായി പോളിങ് ബൂത്തിലെത്തണംപൂരിപ്പിച്ച അപേക്ഷകള്‍ നാട്ടില്‍ നേരിട്ട് സമര്‍പിക്കുകയോ, തപാലില്‍ അയക്കുകയോ ചെയ്യാം.