Wednesday, March 2, 2011

വോട്ടര്‍ പട്ടികയില്‍ പ്രവാസികളുടെ പേരു ചേര്‍ക്കാന്‍ നടപടി തുടങ്ങി


കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കാന്‍ പ്രവാസികള്‍ക്ക് അവസരം. ഇതിനായി വിദേശ രാജ്യങ്ങളിലുള്ളവരുടെ പേരു ചേര്‍ക്കാന്‍ നടപടി തുടങ്ങി. കേരളത്തിന് പുറമെ പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പോണ്ടിച്ചേരിയിലും തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ അവിടങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്കും പേരു ചേര്‍ക്കാന്‍ അവസരമുണ്ട്.
വിദേശത്തുള്ളവരുടെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നത് സംബന്ധിച്ച് കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ നളിനി നെറ്റോ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന് അയച്ച വിശദമായ കത്തിന്റെ പകര്‍പ്പ് ഗള്‍ഫിലേത് ഉള്‍പ്പെടെ എല്ലാ ഇന്ത്യന്‍ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും ന്യൂദല്‍ഹിയില്‍നിന്ന് ലഭിച്ചിട്ടുണ്ട്.
പേരു ചേര്‍ക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് പുറമെ കേരളത്തിലെ മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളിലെയും ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാരുടെ മേല്‍വിലാസം, ഫോണ്‍ നമ്പറുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന കത്താണ് നളിനി നെറ്റോ അയച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉള്‍പ്പെടെ പല ഇന്ത്യന്‍ മിഷനുകളും നടപടി തുടങ്ങി. എന്നാല്‍, യു.എ.ഇയിലെ ഇന്ത്യന്‍ എംബസി ഇതുവരെ ഇതുസംബന്ധിച്ച് പ്രവാസികള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടില്ല. തെരഞ്ഞെടുപ്പ് കമീഷന്റെ അറിയിപ്പ് പ്രകാരം, ഫോം നമ്പര്‍ 'ആറ്-എ'യിലാണ് പ്രവാസികള്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അപേക്ഷിക്കേണ്ടത്. തെരഞ്ഞെടുപ്പ് കമീഷന്റെ http://eci.nic.in എന്ന വെബ്‌സൈറ്റില്‍നിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യാം.
അപേക്ഷകന് മറ്റൊരു രാജ്യത്തിന്റെയും പൗരത്വം ഉണ്ടാവാന്‍ പാടില്ല. 2011 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞിരിക്കണം. അപേക്ഷാ ഫോമില്‍ പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ പതിക്കണം. ഇളം നിറത്തിലുള്ള പശ്ചാത്തലമുള്ള ഫോട്ടായാണ് ഉപയോഗിക്കേണ്ടത്. വെള്ള നിറത്തിലുള്ള പശ്ചാത്തലമുള്ള ഫോട്ടായാണ് നല്ലതെന്ന് തെരഞ്ഞെടുപ്പ് കമീഷന്റെ അറിയിപ്പില്‍ പറഞ്ഞിട്ടുണ്ട്.
അപേക്ഷാ ഫോമിലെ ഒന്നാമത്തെ ഭാഗം പേര്, ജനന തിയതി, നാട്ടിലെ മേല്‍വിലാസം, പാസ്‌പോര്‍ട്ടിന്റെ വിവരങ്ങള്‍ തുടങ്ങിയവ രേഖപ്പെടുത്താനുള്ളതാണ്. രണ്ടാം ഭാഗത്ത് വിസ സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തണം. വിസ നമ്പര്‍, കാലാവധി തുടങ്ങിയവ ചോദിക്കുന്നുണ്ട്. മൂന്നാം ഭാഗത്ത് ഇന്ത്യയില്‍നിന്ന് മാറിത്താമസിക്കാനുള്ള കാരണവും മറ്റുമാണ് ചോദിക്കുന്നത്. നേരത്തെ നാട്ടില്‍ തെരഞ്ഞെടുപ്പ് കമീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചവര്‍, അതിന്റെ നമ്പര്‍ രേഖപ്പെടുത്തണം.
പൂരിപ്പിച്ച അപേക്ഷാ ഫോം നല്‍കേണ്ടത് സ്വന്തം മണ്ഡലത്തിലെ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍ക്കാണ്. പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയ മേല്‍വിലാസത്തിലുള്ള സ്ഥലത്താണ് വോട്ടവകാശം ലഭിക്കുക. പൂരിപ്പിച്ച അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ടിലെ ഫോട്ടോയുള്ള പേജിന്റെയും നാട്ടിലെ മേല്‍വിലാസമുള്ള പേജിന്റെയും കോപ്പി, വിസ സ്റ്റാമ്പ് ചെയ്ത പേജിന്റെ കോപ്പി എന്നിവ വെക്കണം.
നേരിട്ട് അപേക്ഷ സമര്‍പിക്കുന്നവര്‍ ഒറിജിനല്‍ പാസ്‌പോര്‍ട്ടുമായാണ് ഹാജരാകേണ്ടത്. വെരിഫിക്കേഷന് ശേഷം പാസ്‌പോര്‍ട്ട് ഉടന്‍ തിരിച്ചുകിട്ടും. തപാലില്‍ അയക്കുന്നവര്‍ മേല്‍പറഞ്ഞ കോപ്പികള്‍ അതാത് ഇന്ത്യന്‍ എംബസിയില്‍നിന്നോ കോണ്‍സുലേറ്റില്‍നിന്നോ സാക്ഷ്യപ്പെടുത്തിയ ശേഷം അപേക്ഷാ ഫോമിനൊപ്പം വെക്കണം. എംബസി/ കോണ്‍സുലേറ്റ് സാക്ഷ്യപ്പെടുത്താത്ത പാസ്‌പോര്‍ട്ട്, വിസ പേജ് കോപ്പികളുള്ള അപേക്ഷകളും കോപ്പികളില്ലാത്ത അപേക്ഷകളും തള്ളും.
തെരഞ്ഞെടുപ്പ് ദിവസം നാട്ടിലുള്ള പ്രവസികള്‍ക്ക് വോട്ടു രേഖപ്പെടുത്താവുന്ന സംവിധാനമാണ് ഇപ്പോള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഇറാന്‍, ഇന്തോനേഷ്യ, ഫ്രാന്‍സ് തുടങ്ങിയ പല രാജ്യങ്ങളിലെയും പ്രവാസികള്‍ ഗള്‍ഫില്‍ വെച്ച് വോട്ടു രേഖപ്പെടുത്തുന്നുണ്ടെങ്കിലും ഇവരുടെ എണ്ണം ഇന്ത്യന്‍ സമൂഹത്തെ അപേക്ഷിച്ച് കുറവാണ്.

ഇന്ത്യന്‍ സമൂഹത്തിന്റെ എണ്ണം വളരെ കൂടുതലായതിനാല്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ ഈ സംവിധാനം നടപ്പാക്കാത്തത്. എങ്കിലും ഓണ്‍ലൈന്‍ വഴി വോട്ടു ചെയ്യാനുള്ള സംവിധാനം കേന്ദ്ര സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്ത പ്രവാസികള്‍ തെരഞ്ഞെടുപ്പ് ദിവസം നാട്ടില്‍ വോട്ടു രേഖപ്പെടുത്താന്‍ ഒറിജിനല്‍ പാസ്‌പോര്‍ട്ടുമായി പോളിങ് ബൂത്തിലെത്തണംപൂരിപ്പിച്ച അപേക്ഷകള്‍ നാട്ടില്‍ നേരിട്ട് സമര്‍പിക്കുകയോ, തപാലില്‍ അയക്കുകയോ ചെയ്യാം.

No comments:

Post a Comment