Thursday, July 14, 2011

മുംബൈയില്‍ മൂന്നിടത്ത് സ്‌ഫോടനം; 21 മരണം


മുംബൈ: രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ ജനത്തിരക്കേറിയ മൂന്നിടങ്ങളില്‍ മിനിറ്റുകളുടെ മാത്രം ഇടവേളയിലുണ്ടായ സ്‌ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 21 ആയി. നൂറിലധികം പേര്‍ക്കു പരുക്കേറ്റു. വൈകിട്ട് 7 മണിയോടെ മധ്യ മുംബൈയിലെ ദാദര്‍, ദക്ഷിണ മുംബൈയിലെ തിരക്കേറിയ കച്ചവട കേന്ദ്രമായ ഒപേറ ഹൗസ്, ആഭരണ വില്‍പ്പന കേന്ദ്രമായ സാവേരി ബസാര്‍ എന്നിവിടങ്ങളിലാണ് സ്‌ഫോടനങ്ങളുണ്ടായത്. തിരക്കേറിയ സ്ഥലങ്ങളില്‍ ഏറ്റവും തിരക്കേറിയ വേളയില്‍ ഉണ്ടായ സ്‌ഫോടനങ്ങള്‍ ദുരന്തത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു. ഭീകരാക്രമണം തന്നെയാണുണ്ടായതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.

സ്‌ഫോടനത്തില്‍ ഉള്‍പ്പെട്ടെന്നു കരുതപ്പെടുന്ന കാറിന്റെ ഉടമയെ പൊലിസ് ചോദ്യം ചെയ്തുവരികയാണ്. സംഭവസ്ഥലത്ത് ഫോറന്‍സിക് ടീം അംഗങ്ങള്‍ പരിശോധന നടത്തുകയാണ്. സംഭവസ്ഥലം സന്ദര്‍ശിക്കാനും സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനുമായി കേന്ദ്രആഭ്യന്തരമന്ത്രി പി ചിദംബരം മുംബൈയിലേക്കു പോകും. സംഭവത്തെക്കുറിച്ച് എന്‍ഐഎ അന്വേഷിക്കുമെന്ന് ചിദംബരം പറഞ്ഞു.

ദാദറില്‍ മാത്രം ആറു പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഉഗ്രശേഷിയുള്ള ഐഇഡി (ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) സ്‌ഫോടകവസ്തുക്കളാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് മുംബൈ പൊലീസ് ഉന്നത കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ആഭ്യന്തര മന്ത്രാലയം അതീവജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കേരളത്തിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ദക്ഷിണ മുബൈയിലെ മുംബാ ദേവി ക്ഷേത്രത്തിനു സമീപം സവേരി ബസാറിലാണ് ആദ്യ സ്‌ഫോടനം ഉണ്ടായത്. ഏറ്റവും തിരക്കേറിയ റയില്‍വേ മേഖലകളിലൊന്നായ ദാദര്‍ വെസ്റ്റിലാണ് രണ്ടാമത്തെ സ്‌ഫോടനമുണ്ടായത്. കാറിലുണ്ടായിരുന്ന സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും അതല്ല സമീപത്തെ ബസ് സ്‌റ്റോപ്പില്‍ ഘടിപ്പിച്ച സ്‌ഫോടകവസ്തുവാണ് സ്‌ഫോടനത്തിനിടയാക്കിയതെന്നും പിന്നീട് വിലയിരുത്തലുണ്ടായി. ഇവിടെ ഇരുപതോളം പേര്‍ക്കു പരുക്കേറ്റു. അതേസമയം, ദാദര്‍ റയില്‍വേ സ്‌റ്റേഷനു സമീപം പൊട്ടാത്ത ഒരു ബോംബ് കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്.

കേന്ദ്ര ആഭ്യന്തര സെക്രട്ടറി മഹാരാഷ്ട്ര ഡിജിപിയുമായി ഫോണില്‍ ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തി. ദേശീയ അന്വേഷണ എജന്‍സി ഉദ്യോഗസ്ഥരോട് മുംബൈയിലേക്ക് തിരിക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ഫോറന്‍സിക് വിദഗ്ധരെയും എന്‍എസ്ജി കമാന്‍ഡോകളെയും വഹിച്ചുകൊണ്ടുള്ള ബിഎസ്എഫ് വിമാനം ഡല്‍ഹിയില്‍ നിന്നും ഒന്‍പതു മണിയോടെ മുംബൈയിലെത്തി. മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായി ഫോണില്‍ ബന്ധപ്പെട്ട പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് സ്ഥിതിഗതികള്‍ വിലയിരുത്തി. ആവശ്യമെങ്കില്‍ രംഗത്തെത്താന്‍ സൈന്യത്തെ തയ്യാറാക്കിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

അതിനിടെ, 2008 നവംബറില്‍ മുംബൈയിലുണ്ടായ ഭീകരാക്രമണത്തില്‍ പിടിയിലായ ഏക ഭീകരന്‍ അജ്മല്‍ കസബിന്റെ ഇരുപത്തിനാലാം ജന്മദിനത്തിലാണ് സ്‌ഫോടനമുണ്ടായതെന്നതും ചില മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്. ഇന്ത്യന്‍ മുജാഹിദ്ദീന്‍, ലഷ്‌കറെ തയിബ എന്നീ സംഘടനകള്‍ക്കാവാം സ്‌ഫോടനത്തിനു പിന്നില്‍ പങ്കാളിത്തമുള്ളതെന്നും വിലയിരുത്തലുണ്ട്. സ്‌ഫോടനത്തെ രാജ്യാന്തര രംഗത്തെ നിരവധി നേതാക്കള്‍ അപലപിച്ചു. പാക്കിസ്ഥാന്‍ പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവരും സ്‌ഫോടനത്തെ അപലപിച്ചു.

No comments:

Post a Comment