Wednesday, January 12, 2011

കുറ്റസമ്മതം ആലോചിച്ചുറച്ച് -അസിമാനന്ദ


ന്യൂദല്‍ഹി: മക്ക മസ്ജിദ് സ്‌ഫോടന കേസ് പ്രതി അസിമാനന്ദയുടെ കുറ്റസമ്മത മൊഴി പരപ്രേരണ കൂടാതെയുള്ളതാണെന്നതിന് കോടതി മുറിയില്‍ മജിസ്‌ട്രേറ്റിനു മുമ്പാകെ നടത്തിയ പ്രതികരണം തന്നെ തെളിവ്. ആറു തവണയാണ് മജിസ്‌ട്രേറ്റ് അസിമാനന്ദയെ കുറ്റസമ്മതം നടത്തുന്നതിന്റെ പ്രത്യാഘാതങ്ങള്‍ ബോധ്യപ്പെടുത്തിയത്. എന്നാല്‍, എല്ലാം ചിന്തിച്ചുറച്ചു തന്നെയാണ് താന്‍ ഈ തീരുമാനം കൈക്കൊണ്ടതെന്ന് അസിമാനന്ദ പറഞ്ഞു.

അമിക്കസ് ക്യൂറി (കോടതിയെ സഹായിക്കുന്ന അഭിഭാഷകന്‍) മന്‍ബീര്‍ രാത്തി പറഞ്ഞത് കുറ്റസമ്മതത്തിനു പിന്നില്‍ പരപ്രേരണ ഉണ്ടെന്നായിരുന്നു. ഇതേത്തുടര്‍ന്ന് ഡിസംബര്‍ 16ന് കുറ്റസമ്മത മൊഴി നല്‍കാന്‍ അസിമാനന്ദയെ മജിസ്‌ട്രേറ്റ് അനുവദിച്ചതുമില്ല. തുടര്‍ന്ന് രണ്ടു ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സ്വാധീനങ്ങളൊന്നും കൂടാതെ സ്വതന്ത്ര നിലപാട് സ്വീകരിക്കാനായിരുന്നു ഇത്. പിന്നീട് ഡിസംബര്‍ 18നാണ് കുറ്റസമ്മത മൊഴിയെടുത്തത്.

കുറ്റസമ്മത മൊഴി നല്‍കുമ്പോള്‍ സ്വന്തം സ്‌റ്റെനോഗ്രാഫറോട് പോലും പുറത്തു പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു മജിസ്‌ട്രേറ്റ് ദബാസ്. സി.ബി.ഐ, പൊലീസ് എന്നിവരില്‍ നിന്ന് തീര്‍ത്തും സ്വതന്ത്രമായി മജിസ്‌ട്രേറ്റിനു മുമ്പാകെയാണ് നില്‍ക്കുന്നതെന്ന് മജിസ്‌ട്രേറ്റ് അസിമാനന്ദയെ ഓര്‍മിപ്പിച്ചു. ആരുടെ സ്വാധീനവും കൂടാതെ സ്വന്തം നിലക്കു തന്നെയാണ് തീരുമാനമെന്ന് അസിമാനന്ദ പറഞ്ഞു. ചെയ്ത തെറ്റിന്റെ പേരില്‍ ഉള്ള് വേദനിക്കുന്നതായും നിരപരാധികള്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ കുറ്റസമ്മതം അനിവാര്യമാണെന്നും സഹതടവുകാരനായ കലീം എന്നയാളുടെ സ്വഭാവഗുണങ്ങള്‍ നിരത്തി അസിമാനന്ദ മജിസ്‌ട്രേറ്റിനോട് പറഞ്ഞു. കോടതി മുറിയില്‍ നടന്ന സംഭാഷണത്തിന്റെ രേഖ ഇങ്ങനെ:

മജിസ്‌ട്രേറ്റ്: എന്തിന് താങ്കളെ ഇവിടെ കൊണ്ടു വന്നു എന്ന കാര്യം അറിയാമോ? അസിമാനന്ദ: എനിക്ക് കുറ്റസമ്മത പ്രസ്താവന നടത്തണം. കുറ്റം ഏറ്റുപറയണം. മജിസ്‌ട്രേറ്റ്: അതിന്റെ പ്രത്യാഘാതം എന്തായിരിക്കുമെന്ന് താങ്കള്‍ക്കറിയുമോ? അസിമാനന്ദ: അതെ.കേസില്‍ എന്നെ വധശിക്ഷക്ക് വിധിച്ചേക്കുമെന്നും അറിയാം.പക്ഷേ, എനിക്ക് കുറ്റസമ്മതം നടത്തണം. പ്രത്യാഘാതം സംബന്ധിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്. മജിസ്‌ട്രേറ്റ്: സ്വന്തം നിലക്ക് തന്നെയാണോ കുറ്റസമ്മതം? അസിമാനന്ദ: അതെ.

മജിസ്‌ട്രേറ്റ്: പൊലീസ്, സി.ബി.ഐ എന്നിവര്‍ നിങ്ങളെ ഭീഷണിപ്പെടുത്തുകയോ പ്രേരിപ്പിക്കുകയോ വാഗ്ദാനം നല്‍കുകയോ ചെയ്‌തോ? അസിമാനന്ദ: ഇല്ല

മജിസ്‌ട്രേറ്റ്: ചെലവൊന്നും കൂടാതെ താങ്കള്‍ക്ക് വേണ്ടി വാദിക്കാന്‍ ഒരഭിഭാഷകനെ വിട്ടു കിട്ടുമെന്ന കാര്യം അറിയുമല്ലോ? അസിമാനന്ദ: അതെ. എന്നാല്‍, നിയമ സഹായത്തിന് എനിക്കൊരു അഭിഭാഷകനെ വേണ്ടതില്ല.

No comments:

Post a Comment