Tuesday, April 17, 2012

ഫെയര്‍മീറ്റര്‍കുടിശ്ശിക

ഫെയര്‍മീറ്റര്‍കുടിശ്ശികയെന്നപേരില്‍ മലപ്പുറം ജില്ലയിലെ ഓട്ടോറിക്ഷാ തൊഴിലാളികളില്‍ നിന്നും അനധികൃതമായി പണം പിരിച്ചെടുത്ത വകുപ്പിലെ ജീവനക്കാര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ കീഴിലുള്ള സുതാര്യ കേരളം അന്വേഷിച്ചതിന്റെ ഫയല്‍ മുക്കി.
ഫയലിനെ കുറിച്ച് ഞാന്‍ സുതാര്യ കേരളത്തില്‍ നേരിട്ട് അന്വേഷിച്ചപ്പോഴാണ് ഫയല്‍ കാണാനില്ലെന്ന മറുപടി ലഭിച്ചത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തുള്ള ഫയല്‍ ആയതിനാലാണ് ഇപ്പോള്‍ കാണാനാകാത്തതെന്ന ഒഴുക്കന്‍ മറുപടിയാണ് വകുപ്പ് പറഞ്ഞത്.ഇതോടെ ലീഗല്‍ മെട്രോളജി വകുപ്പിനെ സംരക്ഷിക്കാന്‍ സുതാര്യ കേരളം നടത്തുന്ന തന്ത്രത്തിന്റെ ഭാഗമാണിതെന്ന മനസ്സിലാകുന്നു.
1992 ലാണ് മഞ്ചേരി മുനിസിപ്പാലിറ്റി പരിധികളില്‍ ഓട്ടോറിക്ഷകളില്‍ ഫെയര്‍മീറ്റര്‍ സ്ഥപിക്കണമെന്ന നിയമം നിലവില്‍ വന്നത്.എന്നാല്‍ 2002 വരെ മലപ്പുറം ജില്ലയില്‍ ഈ നിയമം പരിഗണിക്കാതെയാണ് മോട്ടോര്‍ വാഹന വകുപ്പ് വാഹനങ്ങളുടെ രജിസ്‌ട്രേഷനും പെര്‍മിറ്റും നല്‍കിയത്.എന്നാല്‍ 2002 മുതല്‍ ഫെയര്‍മീറ്റര്‍ നിയമം കര്‍ശനമാക്കിയതോടെ നേരത്തെ വാഹനമെടുത്ത ഓട്ടോറിക്ഷ ഡ്രൈവന്മാരില്‍ പെര്‍മിറ്റിന്റെ അടിസ്ഥനമാക്കി ലീഗല്‍ മെട്രോളജി വകുപ്പ് കുടിശ്ശിക വാങ്ങാനാരംഭിച്ചു. ഇതനുസരിച്ച് നിരവധി ഓട്ടോതൊഴിലാളികളില്‍ നിന്ന് 2000 രൂപ വരെ ഈടാക്കിയിരുന്നു. ഇതാണ് വിവാദമായത്. 
തുടര്‍ന്ന് ഡ്രൈവേസ് വെല്‍ഫയര്‍ സൊസൈറ്റി ഭാരവാഹികള്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.2010 ഫെബ്രുവരി പന്ത്രണ്ടിനാണ് കുടിശ്ശിക ഈടാക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.തുടര്‍ന്ന് കുടിശ്ശിക ഈടാക്കിയ പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ഞാന്‍ ലീഗല്‍ മെട്രോളജി വകുപ്പിന് നിവേദനം നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് നിവേദനത്തില്‍ സ്വീകരിച്ച നടപടിയെ സംബന്ധിച്ച് വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കിയിട്ടും മറുപടി നല്‍കിയില്ല. തുടര്‍ന്ന് ഞാന്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ നടപടിയെ ചോദ്യം ചെയ്ത് സംസ്ഥാന വിവരാവകാശ കമ്മീഷനില്‍ അപ്പീല്‍ നല്‍കുകയായിരുന്നു തുടര്‍ന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന്‍ തിരുവനന്തപുരം ലീഗല്‍ മെട്രോളജി വകുപ്പിലെ ഡെപ്യൂട്ടി കണ്‍ട്രോളര്‍ പി ബാബുരാജിനു 20,000രൂപ പിഴ വിധിച്ചിരുന്നു. എന്നാല്‍ വിവരങ്ങള്‍ ലഭ്യാമാക്കാത്തതിനെ തുടര്‍ന്ന് ഞാന്‍ മുഖ്യമന്ത്രിയുടെ 'സുതാര്യ കേരളത്തില്‍' പരാതി നല്‍കുകയായിരുന്നു. ഇതെ തുടര്‍ന്നാണ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്. 
ഈ അന്വേഷണത്തില്‍ ലീഗല്‍മെട്രോളജിവകുപ്പിന് വീഴ്ചപറ്റിയെന്നും ഇത് തികച്ചും ന്യായീകരിക്കാനാകുന്നതല്ലെന്നും ലീഗല്‍മെട്രോളജി ഉത്തരമേഖലാ ഡെപ്യൂട്ടി കണ്‍ട്രോളര്‍ പി ബാബുരാജ് സംസ്ഥാന കണ്‍ട്രോളര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.ഓട്ടോറിക്ഷക്ക് പുതിയ ഫെയര്‍മീറ്റര്‍ ഘടിപ്പിക്കുമ്പോള്‍ ലീഗല്‍മെട്രോളജി ഓഫീസില്‍ കൊണ്ടുവന്ന് ഒരു വര്‍ഷത്തേക്ക് സീല്‍ചയ്യാറാണ് പതിവ്. എന്നാല്‍ ഓരോവര്‍ഷങ്ങളിലും സീല്‍ചെയ്യാതെവന്നാല്‍ ആ വര്‍ഷങ്ങള്‍ക്കുമാത്രമാണ് കുടിശ്ശിക ഈടാക്കേണ്ടത്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും ഓട്ടോറിക്ഷയുടെ കാര്യത്തില്‍ പാലിച്ചുകണ്ടില്ലെന്നും ഇത് തികച്ചും ന്യായീകരിക്കാനാവില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ സുതാര്യ കേരളത്തിന്റെ ഓഫീസില്‍ നേരിട്ടെത്തി കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് ഫയലുകള്‍ അവിടെ കാണാനില്ലെന്ന് പറഞ്ഞത്. സുതാര്യ കേരളത്തിന്റെ നേട്ടങ്ങള്‍ മാത്രം ദൃശ്യ മാധ്യമത്തില്‍ സംപ്രേഷണം ചെയ്ത് സര്‍ക്കാര്‍ നേട്ടമായി അവതരിപ്പിക്കുമ്പോള്‍ ഫയലുകള്‍ തന്നെ അപ്രത്യക്ഷമാകുന്ന സംഭവങ്ങളും നിരവധിയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

1 comment:

  1. ലീഗൽ മെട്രോളജി വകുപ്പ് സുതാര്യകേരളം ഓഫീസിനു സമർപ്പിച്ച റിപ്പോർട്ട് അപ്രത്യക്ഷമായ വാർത്ത അദ്ഭുതത്തോടെയാണു വായിച്ചത്. സുതാര്യകേരളം പദ്ധതിയിൽ എന്തെങ്കിലും പ്രത്യേകത എടുത്തു പറയാനില്ലെന്നതാണു വാസ്തവം. ഏതെങ്കിലും ഒരു ഡിപ്പാർട്ടുമെന്റിനെക്കുറിച്ചുള്ള പരാതി മുഖ്യമന്ത്രിയുടെ സുതാര്യകേരളം വിഭാഗത്തിൽ ബോധിപ്പിച്ചാൽ ബന്ധപ്പെട്ട ഡിപ്പാർട്ടുമെന്റിലേക്ക് അതു ഫോർവേഡു ചെയ്യുകയെന്ന ദൗത്യം മാത്രമാണ് അവർ ചെയ്യുന്നത്. റിപ്പോർട്ട് നൽകുന്നതിനു സമയ പരിധി നിശ്ചയിച്ചാൽത്തന്നെ പ്രസ്തുത സമയപരിധിയിൽ അതു സമർപ്പിയ്ക്കാറില്ലെന്നത് പരമാർത്ഥമാണ്. ഈ സമയ പരിധിക്കുള്ളിൽ നടപടി ഉണ്ടാവുന്നുണ്ടോയെന്ന് ബന്ധപ്പെട്ടവർ ശ്രദ്ധിക്കാറില്ല. എപ്പോഴെങ്കിലും സമർപ്പിച്ചാൽ അത് പരാതിക്കാരനു ലഭിച്ചാലായി എന്ന അവസ്ഥയിലാണു മിക്ക കാര്യങ്ങളും. ഒരുതരത്തിൽപ്പറഞ്ഞാൽ സുതാര്യകേരളം പോസ്റ്റുമാന്റെ പണി മാത്രമാണ് എടുക്കുന്നത്. ഇവിടുന്നുകിട്ടിയാൽ അങ്ങോട്ടു കൊടുക്കുകയും അവിടുന്നു കിട്ടിയാൽ ഇങ്ങോട്ടു കൊടുക്കുകയുമെന്നതിന് മറ്റെന്താ പറയുക? നിശ്ചിത സമയ പരിതിയിൽ നടപടിയുണ്ടാവാത്തപക്ഷം സുതാര്യകേരളം കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല.

    ലീഗൽ മെട്രോളജി വകുപ്പിനെതിരായി ഹൈക്കോടതി വിധി വന്നത് 2012 ഏപ്രിൽ 12നാണെന്നു വാർത്തയിൽ കണ്ടു. 2009 ഏപ്രിൽ 12നാണ് പ്രസ്തുത വിധി വന്നതെന്ന് സൂചിപ്പിക്കട്ടെ. വർഷങ്ങളായി നീതിക്കുവേണ്ടി പോരാടുന്ന ഒരുപട്ടം ഓട്ടോഡ്രൈവർമാരുടെ ശബ്ദം ഉറക്കെ വിളിച്ചുപറയാൻ തേജസ് ദിനപത്രവും ഇത്തരം കാര്യങ്ങൾ പുറത്തുകൊണ്ടു വരുന്നതിൽ താങ്കൾ നടത്തുന്ന ശ്രമവും അഭിനന്ദനാർഹമാണ്. ഇത്തരത്തിൽ ജനോപകാരപ്രദമായ സത്യങ്ങൾ വിളിച്ചുപറയുന്നതുതന്നെയാണ് യഥാർത്ഥ മാനവധർമ്മം.

    ReplyDelete