Saturday, December 18, 2010

നിയമന തട്ടിപ്പ്: മലപ്പുറം പി.എസ്.സി ഓഫിസില്‍ പരിശോധന അനുവദിച്ചില്ല

മലപ്പുറം: കഴിഞ്ഞ പത്ത് വര്‍ഷം ജില്ലയില്‍ റവന്യു വകുപ്പില്‍ നടന്ന നിയമനങ്ങളിലെ തട്ടിപ്പ് കണ്ടെത്താന്‍ വെള്ളിയാഴ്ച ജില്ലാ പി.എസ്.സി ഓഫിസില്‍ നടത്താന്‍ നിശ്ചയിച്ച പരിശോധന നടന്നില്ല. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ സുന്ദരന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം എത്തിയെങ്കിലും പി.എസ്.സി ഓഫിസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കാന്‍ അനുവദിച്ചില്ല. സംഘത്തിന്റെ കൂടെ മാധ്യമ പ്രവര്‍ത്തകരുടെ സാന്നിധ്യവും പി.എസ്.സി ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചു.
ഒ. വിജയകുമാര്‍, ഹംസ, പ്രസാദ്, സുരേഷ്ബാബു എന്നിവരാണ് പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നത്. ഇവരെ ഏറെ താമസിയാതെ മടക്കിയയച്ചു. 2005 മുതല്‍ അഞ്ച് വര്‍ഷം റവന്യു വകുപ്പില്‍ നടന്ന നിയമനങ്ങളുടെ പട്ടികയാണ് ആദ്യം ആവശ്യപ്പെട്ടിരുന്നതെന്നും അത് തയാറാക്കി നല്‍കുമെന്നും ജില്ലാ പി.എസ്.സി ഓഫിസര്‍ ശൈലജാ ദേവി പറഞ്ഞു. എന്നാല്‍, പരിശോധനക്ക് എത്തിയവര്‍ 2001-2005 കാലത്തെ നിയമനങ്ങളുടെ പട്ടിക ആവശ്യപ്പെട്ടു. പി.എസ്.സി റവന്യു വകുപ്പിലെ നിയമനങ്ങള്‍ മാത്രമല്ല നടത്തുന്നത്.
വിവിധ വകുപ്പുകളിലെ നിയമനം കൈകാര്യം ചെയ്യുന്നതിനാല്‍ മുന്‍കൂട്ടി ആവശ്യപ്പെടാതെ പട്ടിക നല്‍കാനും പരിശോധന അനുവദിക്കാനും സാങ്കേതികമായി പ്രയാസമുണ്ട്. ഇക്കാര്യം ഉദ്യോഗസ്ഥ സംഘത്തെ ബോധിപ്പിച്ച് തിരിച്ചയക്കുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു.പി.എസ്.സി തയാറാക്കിയ പട്ടിക തരാമെന്ന് ഏറ്റിട്ടുണ്ടെന്നും അതേസമയം പി.എസ്.സി ഓഫിസില്‍ ചെന്ന് രേഖ പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും എ.ഡി.എം പി. അബ്ദുറഹ്മാന്‍ പറഞ്ഞു. പി.എസ്.സി തയാറാക്കിയ പട്ടിക ലഭിച്ചാല്‍ പരിശോധിച്ച് നിയമനങ്ങളുടെ സാധുത ഉറപ്പ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment