Monday, December 20, 2010

വീടുകള്‍ അപകടരഹിതമാക്കാന്‍ കര്‍മ പരിപാടികളുമായി സിവില്‍ ഡിഫന്‍സ്


അബൂദബി: രാജ്യത്തെ വീടുകള്‍ അപകടമുക്തമാക്കാനുള്ള കര്‍മ പരിപാടികള്‍ക്ക് സിവില്‍ ഡിഫന്‍സ് ജനറല്‍ ഹെഡ്ക്വാട്ടേഴ്‌സ് രൂപം നല്‍കി. ഇതുമായി ബന്ധപ്പെട്ട ആറ് മാസം നീളുന്ന ബോധവത്കരണ പരിപാടികള്‍ ഇന്ന് തുടങ്ങുമെന്ന് യു.എ.ഇയുടെ സിവില്‍ ഡിഫന്‍സ് ആക്ടിങ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ റാശിദ് താനി അല്‍ മത്‌റൂശി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ സുരക്ഷാ കാമ്പയിന്‍ ആയിരിക്കുമിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്‌യാന്റെയും ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സെയ്ഫ് ബിന്‍ സായിദ് ആല്‍ നഹ്‌യാന്റെയും നിര്‍ദേശപ്രകാരമാണ് 'കുടുംബങ്ങള്‍ വീടുകളില്‍ സുരക്ഷിതരാണ്' എന്ന കാമ്പയിന്‍ രാജ്യവ്യാപകമായി നടത്തുന്നത്.
വീടിന്റെ സുരക്ഷക്കായി എടുക്കേണ്ട മുന്‍കരുതലുകളെ കുറിച്ചും കുടുംബാംഗങ്ങള്‍ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ചുമാണ് ബോധവത്കരിക്കുന്നത്. ഇതിനായി സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ വീടുവീടാന്തരം കയറിയിറങ്ങി ലഘുലേഖകള്‍ വിതരണം ചെയ്യുകയും കുടുംബാംഗങ്ങളുടെ പ്രതികരണം രേഖപ്പെടുത്തുകയും ചെയ്യും.
വീടുകളില്‍ തീപിടിത്തം ഏറി വരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇത്തരം പ്രചാരണ പരിപാടിക്ക് രൂപം നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചപ്പോളാണ് ജീവനും സ്വത്തും നഷ്ടപ്പെടുന്ന അഗ്‌നിബാധകളില്‍ 12 ശതമാനം വീടുകള്‍ കേന്ദ്രീകരിച്ചുള്ളവയാണെന്ന് കണ്ടെത്തിയത്. റാസല്‍ഖൈമയിലെ മാത്രം കണക്കിലെടുത്താല്‍ അത് 36 ശതമാനമാണ്. കുടുംബാംഗങ്ങളെ മുഴുവന്‍ ബോധവത്കരിക്കാതെ ഇതിന് പരിഹാരം കാണാനാവില്ല എന്ന് തിരിച്ചറിഞ്ഞതിനാലാണ് എല്ലാ വീടുകളും കേന്ദ്രീകരിച്ച് പ്രചാരണം നടത്താന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അറബിയിലും ഇംഗ്ലീഷിലുമായി 42 ലക്ഷം സുരക്ഷാ ബോധവത്കരണ ലഘുലേഖകള്‍ കാമ്പയിന്റെ ഭാഗമായി വിതരണം ചെയ്യും. കുട്ടികള്‍ക്ക് കളിക്കോപ്പുകളും മറ്റും വിതരണം ചെയ്യുന്നുമുണ്ട്. ഓരോ വീടുകളിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെത്തി തീപിടിത്തവും മറ്റ് അപകടങ്ങളും ഉണ്ടാകാന്‍ സാധ്യതയുള്ള കാരണങ്ങള്‍ വിശദീകരിക്കുകയും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യും.
വീട്ടുകാരുടെ അജ്ഞതയും അശ്രദ്ധയും വേണ്ട മുന്‍കരുതല്‍ എടുക്കാത്തതുമാണ് വീടുകളിലെ തീപിടിത്തങ്ങള്‍ക്ക് പ്രധാന കാരണമായി പഠനത്തില്‍ കണ്ടെത്തിയത്. പഴയ വീടുകളിലെ അഗ്‌നിശമന സംവിധനങ്ങളുടെ അഭാവമാണ് മറ്റൊരു കാരണം. മോശം വൈദ്യുതീകരണവും കേടുവന്ന ഇലക്‌ട്രോണിക് ഗൃഹോപകരണങ്ങളും ഗ്യാസ് കണക്ഷനിലെ അപാകതയും അനുമതിയില്ലാതെ വീടുകളില്‍ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുമൊക്കെ ദുരന്തങ്ങള്‍ക്ക് വഴിവെക്കുന്നുണ്ട്.
ഓരോ എമിറേറ്റിലെയും നഗരത്തിലെയും സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ക്കാണ് കാമ്പയിന്റെ ചുമതല. അതത് സെക്ടറിലെ കമാന്‍ഡറും ഡെപ്യൂട്ടി കമാന്‍ഡറും മറ്റ് ഉദ്യോഗസ്ഥരുമാണ് വീടുകള്‍ തോറും പ്രചാരണം നടത്തുക. കാമ്പയിന്റെ ലക്ഷ്യം വിശദീകരിക്കേണ്ട ചുമതലയാണ് കമാന്‍ഡര്‍ക്ക്.
ഡെപ്യൂട്ടി കമാന്‍ഡര്‍ വീട്ടുടമയുടെ അല്ലെങ്കില്‍ ഗൃഹനാഥന്റെ അനുമതിയോടെ വീട് ചുറ്റിക്കണ്ട് അപാകതകളും മുന്‍കരുതല്‍ മാര്‍ഗങ്ങളും വിശദീകരിക്കും. ഇതിന്റെ വിവരങ്ങള്‍ നിര്‍ദിഷ്ട ഫോമില്‍ രേഖപ്പെടുത്തി ഒരു കോപ്പി ഗൃഹനാഥനും മറ്റൊരു കോപ്പി സിവില്‍ ഡിഫന്‍സ് സെന്ററിനും നല്‍കും. കാമ്പയിനെ കുറിച്ചുള്ള വീട്ടുകാരുടെ അഭിപ്രായവും രേഖപ്പെടുത്തും. ഇംഗ്ലീഷിലും അറബിയിലും തയാറാക്കിയ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍, എന്റെ വീട് സുരക്ഷിതമാണ്, എന്റെ കുട്ടികള്‍ സുരക്ഷിതരാണ്, എന്റെ അടുക്കള സുരക്ഷിതമാണ്, എന്റെ ടെന്റ് സുരക്ഷിതമാണ്, ഊര്‍ജ സംരക്ഷണ പൊടിക്കൈകള്‍ എന്നീ ലഘുലേഖകളും വിതരണം ചെയ്യും. 'ഈ വീട് പരിശോധിച്ചു' എന്ന സ്റ്റിക്കറും വാതിലില്‍ സ്ഥാപിക്കും. പൂട്ടിക്കിടക്കുന്ന വീടുകളുടെ വാതിലില്‍ ലഘുലേഖകളടങ്ങിയ ബാഗ് വെക്കുമെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment