Monday, December 20, 2010

മസ്‌കത്തില്‍ ഗതാഗത സൗകര്യ വികസനത്തിന് വന്‍ പദ്ധതികള്‍


മസ്‌കത്ത്: മസ്‌കത്ത് ഗവര്‍ണറേറ്റില്‍ ഗതാഗത സംവിധാനം നവീകരിക്കാനും അടിസ്ഥാന സൗകര്യങ്ങളുടെ വന്‍ തോതിലുള്ള വികസനത്തിനും പദ്ധതികള്‍ തയാറാക്കുന്നു. അനുദിനം വര്‍ധിച്ചുവരുന്ന വാഹനത്തിരക്കും ജനസംഖ്യയും കണക്കിലെടുത്താണിത്. ഇതിനായി വിശദവും ശാസ്ത്രീയവുമായ പഠനം നടത്തും. 2025 വരെയുള്ള മസ്‌കത്തിന്റെ ആവശ്യങ്ങള്‍ മുന്‍കൂട്ടി കണ്ടാണ് വികസന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുക.
ഗവര്‍ണറേറ്റില്‍ നിലവിലെ ഗതാഗത സംവിധാനങ്ങളുടെ നവീകരണം സംബന്ധിച്ച പഠനത്തിനും മറ്റുമായി ഏഴര ലക്ഷം ഒമാനി റിയാല്‍ ചെലവഴിക്കും. ഇതുള്‍പ്പെടെ, മസ്‌കത്ത് ഗവര്‍ണറേറ്റിലും സൊഹാര്‍ വിലായത്തിലും നടപ്പാക്കുന്ന സുപ്രധാന പദ്ധതികള്‍ക്കായി ഞായറാഴ്ച കരാര്‍ ഒപ്പുവെച്ചു. ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് അലി ബിന്‍ ഹമൂദ് ബിന്‍ അലി അല്‍ ബുസഈദിയാണ് വിവിധ കമ്പനികളുടെ പ്രതിനിധികളുമായി കരാറില്‍ ഒപ്പുവെച്ചത്. മസ്‌കത്ത് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ എന്‍ജിനീയര്‍ സുല്‍ത്താന്‍ ബിന്‍ ഹംദൂന്‍ അല്‍ ഹാര്‍തി ഉള്‍പ്പെടെ നിരവധി സമുന്നത വ്യക്തികള്‍ സംബന്ധിച്ചു.
സമീപ കാലത്തായി വിവിധ മേഖലകളില്‍ കൈവരിച്ച വന്‍ വികസനത്തെ തുടര്‍ന്ന് ഗള്‍ഫ് മേഖലയിലെ പ്രധാന ശ്രദ്ധാകേന്ദ്രമായി ഒമാന്‍ മാറിയിട്ടുണ്ട്. മസ്‌കത്ത് ഗവര്‍ണറേറ്റിലെ റോഡുകളില്‍ അനുഭവപ്പെടുന്ന വാഹനത്തിരക്ക്, ഗതാഗത രംഗത്ത് വന്‍ തോതിലുള്ള അടിസ്ഥാന സൗകര്യ വികസനം അനിവാര്യമാക്കിയിട്ടുണ്ട്. അനുദിനം വര്‍ധിച്ചുവരുന്ന ജനസംഖ്യയും നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ കുതിപ്പും ഇതിന് ബലമേകുന്നു. ഈ സാഹചര്യത്തിലാണ് 2025 വരെയുള്ള ആവശ്യങ്ങള്‍ മുന്‍കൂട്ടി കണ്ടുള്ള പദ്ധതികള്‍ തയാറാക്കാന്‍ മുനിസിപ്പാലിറ്റി നടപടി തുടങ്ങിയത്. 2025 വരെ ഗവര്‍ണറേറ്റില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വാഹനങ്ങളുടെ എണ്ണം, ജനസംഖ്യ, നിലവിലെ റോഡുകളുടെ സൗകര്യം, അവയുടെ വികസനം, പുതിയ റോഡുകള്‍, ഭൂമിയുടെ ഉപയോഗം തുടങ്ങി എല്ലാ വശങ്ങളും സ്‌പര്‍ശിക്കുന്ന സമഗ്രവും ശാസ്ത്രീയവുമായ പഠനമാണ് നടത്തുക. ഇത് റോഡ് വികസനത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ലെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ എന്‍ജിനീയര്‍ സുല്‍ത്താന്‍ ബിന്‍ ഹംദൂന്‍ ബിന്‍ ഹാര്‍തി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പൊതുഗതാഗത സംവിധാനം കൂടുതല്‍ ശക്തവും വ്യാപകവുമാക്കാനുള്ള പദ്ധതികളും വരുന്നുണ്ട്. മസ്‌കത്തില്‍ ട്രക്കുകള്‍ക്ക് മാത്രമായി പ്രത്യേക റോഡ് നിര്‍മിക്കുന്ന കാര്യം നേരത്തേ തന്നെ പരിഗണനയിലുണ്ട്. അല്‍ ആമിറാത്ത്-ബോഷര്‍ റോഡ് ഈ മാസം പൂര്‍ണമായും തുറക്കുമെന്ന് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ അറിയിച്ചു.

No comments:

Post a Comment