Wednesday, December 15, 2010

ഡോക്ടര്‍മാരുടെ ബഹിഷ്‌കരണ സമരം പരിഹാരമായില്ല

മഞ്ചേരി: ജനറല്‍ ആസ്​പത്രിയില്‍ കെ.ജി.എം.ഒ.എയുടെ നേതൃത്വത്തില്‍ നടക്കുന്ന കാഷ്വാലിറ്റി ബഹിഷ്‌കരണ സമരം നാലുദിവസം പിന്നിട്ടു. വേണ്ടത്ര ഡോക്ടര്‍മാരില്ലാതെ 'മുടന്തി' നീങ്ങുകയാണ് ജില്ലയുടെ പ്രധാന ആതുരാലയം. ചൊവ്വാഴ്ച രാവിലെയും കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസറുടെ അഭാവത്തില്‍ രാവിലെ എട്ടുമുതല്‍ രണ്ടുവരെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. ചികിത്സകിട്ടാതെ പലരും മടങ്ങി. കഴിഞ്ഞദിവസം ചേര്‍ന്ന കെ.ജി.എം.ഒ.എയുടെ യോഗത്തില്‍ ബഹിഷ്‌കരണ സമരത്തില്‍ത്തന്നെ ഉറച്ചുനില്‍ക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. കാഷ്വാലിറ്റിയില്‍ പുതിയ നിയമനം നടത്താതെ സമരത്തില്‍നിന്ന് പിന്തിരിയില്ലെന്ന ഉറച്ച നിലപാടിലാണ് ഡോക്ടര്‍മാര്‍. അതീവ ഗുരുതരാവസ്ഥയിലെത്തുന്ന കേസുകള്‍ക്ക് വിട്ടുവീഴ്ച ചെയ്യാമെന്നും കേസ് ഏറ്റെടുക്കാമെന്നും അവര്‍ പറയുന്നു. ഡോക്ടര്‍മാര്‍ കൈയൊഴിഞ്ഞതോടെ കാഷ്വാലിറ്റിയില്‍ കിടക്കകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. സാധാരണക്കാര്‍ തൊട്ടടുത്ത സ്വകാര്യ ആസ്​പത്രികളെ ആശ്രയിക്കുകയാണ് ഇപ്പോള്‍. ശനിയാഴ്ച മുതലാണ് സ്‌പെഷലൈസ്ഡ് ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്.

No comments:

Post a Comment