Wednesday, December 15, 2010

സുതാര്യ കേരളം: ജില്ലയില്‍നിന്നുള്ള 20 പരാതികള്‍ തീര്‍പ്പാക്കി

മലപ്പുറം: സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികളില്‍ പരിഹാരം കാണുന്നതിനുള്ള മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സെല്ലിന്റെ 'സുതാര്യ കേരളം' പരിപാടിയില്‍ നവംബറില്‍ ലഭിച്ച 20 പരാതികള്‍ക്ക് ജില്ലാ തലത്തില്‍ പരിഹാരം കണ്ടെത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ച അഞ്ച് പരാതികളില്‍ മൂന്നെണ്ണത്തിന് പരിഹാരം കണ്ടെത്തിയതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ സി.പി. മൊയ്തീന്‍കുട്ടി അറിയിച്ചു. വഴിക്കടവ് പാലോലം പടിയന്‍ ആയിഷ ലുബ്‌നക്ക് തൊഴില്‍ രഹിത വേതനം ലഭ്യമാക്കാനും വാഴയൂരിലെ കെ.പി. അമ്മാളുവിന് സമ്പൂര്‍ണ വൈദ്യുതീകരണ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുത്തി വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാനും നടപടിയെടുത്തു. ഊരകം മിനി ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ സ്ഥാപനം നടത്തുന്ന കെ.വി. സുധാകരന് ലൈസന്‍സ് പുതുക്കി കിട്ടാനുണ്ടായ കാലതാമസം സംബന്ധിച്ച പരാതിയിലും പരിഹാരമായി. റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസില്‍ ലഭിച്ച രണ്ട് പരാതികളിലും പരിഹാരമായതായി ആര്‍.ടി.ഒ പി.ടി. എല്‍ദോ അറിയിച്ചു. വാഴക്കാട് വരെ പെര്‍മിറ്റുള്ള ബസുകള്‍ എടവണ്ണപ്പാറയില്‍ സര്‍വീസ് അവസാനിപ്പിക്കുന്നില്ലെന്ന് മൊബൈല്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഉറപ്പാക്കും. വാഴക്കാട് പഞ്ചായത്തില്‍ ബസ് ഓപ്പറേറ്റര്‍മാരില്‍ നിന്നും അപേക്ഷ ലഭിക്കുന്നമുറക്ക് കൂടുതല്‍ പെര്‍മിറ്റ് അനുവദിക്കുമെന്ന് ആര്‍. ടി.ഒ. അിറയിച്ചു.
എടയൂര്‍ വടക്കുമ്പ്രം പൊറ്റേക്കളംപാട് ഗ്യാസ് സിലിണ്ടര്‍ വിതരണം കാര്യക്ഷമമല്ലെന്ന കെ. വി. വേലായുധന്റെ പരാതിയില്‍ പരിഹാരമായതായി ജില്ലാ സപ്ലൈ ഓഫിസര്‍ എ. രാധാകൃഷ്ണന്‍ അറിയിച്ചു.
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കാന്‍ മുന്നിയൂര്‍ വില്ലേജ് പാറക്കടവ് തെക്കേപാടം റോഡില്‍ അല്‍ഫിനാ ഹോളോബ്രിക്‌സ് സ്ഥാപന ഉടമക്ക് നോട്ടീസ് നല്‍കിയതായി എണ്‍വയണ്‍മെന്റ് എന്‍ജിനീയര്‍ സി.വി. ജയശ്രീ അറിയിച്ചു.
പള്ളി, പൊതുവഴി എന്നിവയില്‍നിന്ന് ദൂരപരിധി പാലിക്കാതിരുന്ന പൊന്നാനി റെയ്ഞ്ചിലെ വെള്ളീരിയിലെ കള്ളുഷാപ്പിന്റെ ലൈസന്‍സ് റദ്ദാക്കിയതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എം.എസ്. മുഹമ്മദ് സിയാദ് അറിയിച്ചു. അരീക്കോട് ബ്ലോക്കിലെ കാവനൂര്‍ പഞ്ചായത്തിലെ 20 -ാം നമ്പര്‍ ഇരിവേറ്റി കള്ളുഷാപ്പിന് രണ്ടാഴ്ചക്കകം ചുറ്റുമതില്‍കെട്ടാനും നിയമാനുസൃത വഴിമാത്രം ഉപയോഗിക്കാനും നടപടിയായി. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ പി.എച്ച്.ഡി. വിദ്യാര്‍ഥിക്ക് ഫെല്ലോഷിപ്പ് കുടിശ്ശിക നല്‍കുന്നത് സംബന്ധിച്ചും സ്വാശ്രയ കോളജുകളിലെ മാനേജ്‌മെന്റ് സീറ്റുകളില്‍ പ്രവേശം നേടുന്ന പട്ടികജാതി-ഒ.ഇ.സി. വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം ലഭ്യമാക്കുന്നത് സംബന്ധിച്ചുമുള്ള പരാതികളും തീര്‍പ്പാക്കിയതായി പട്ടികജാതി വികസന ഓഫിസര്‍ കെ.പി. കൃഷ്ണകുമാര്‍ അറിയിച്ചു. കുറ്റിപ്പുറം സര്‍വീസ് സഹകരണ ബാങ്കിലെ സെക്രട്ടറി നിയമനം സംബന്ധിച്ചും സഹകരണ ബാങ്കുകളില്‍നിന്നുള്ള വായ്പ എഴുതി തള്ളുന്നതിനായുള്ള രണ്ട് നിവേദനങ്ങളിലും തീര്‍പ്പാക്കിയതായി സഹകരണ വകുപ്പ് ജോയന്റ് രജിസ്ട്രാര്‍ എം. വേലായുധന്‍ അറിയിച്ചു. സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള പരാതികളുടെ സത്വര പരിഹാരത്തിന് അണ്ടര്‍ സെക്രട്ടറി, സുതാര്യ കേരളം, മുഖ്യമന്ത്രിയുടെ പൊതുജനപരാതി പരിഹാര സെല്‍, ഗവ. സെക്രട്ടേറിയറ്റ് തിരുവനന്തപുരം വിലാസത്തില്‍ അപേക്ഷ നല്‍കാം. ബി.എസ്.എന്‍.എല്‍ ലാന്‍ഡ് നമ്പറുകളില്‍നിന്ന് 155300 ടോള്‍ ഫ്രീ നമ്പറിലും മോബൈല്‍ ഫോണില്‍നിന്ന് 0471 - 155300 നമ്പറിലും മറ്റ് കമ്പനികളുടെ മൊബൈലുകളില്‍നിന്ന് 0471 - 2115054, 2115098 നമ്പറുകളിലും വിളിക്കാം.

No comments:

Post a Comment