Wednesday, December 15, 2010

അധ്യാപകര്‍ എം.എല്‍.എയെ തടഞ്ഞു

വണ്ടൂര്‍: ജില്ലാ ശാസ്ത്രമേളക്കെത്തിയ എം.എല്‍.എയെ അധ്യാപകര്‍ തടഞ്ഞു. ചൊവ്വാഴ്ച ഉച്ചക്കായിരുന്നു മേള സന്ദര്‍ശിക്കാനെത്തിയ വണ്ടൂര്‍ എം.എല്‍.എ എ.പി. അനില്‍കുമാറിനെ അധ്യാപകര്‍ തടഞ്ഞത്.
മത്സരാര്‍ഥികള്‍ക്കൊപ്പം എത്തിയ അധ്യാപകരെ പ്രവൃത്തി പരിചയ മേള നടക്കുന്ന ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് പുറത്താക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു എം.എല്‍.എക്ക് മുന്നില്‍ പരാതികളുമായി അധ്യാപകര്‍ എത്തിയത്.
സ്‌കൂള്‍ മതിലിന് പുറത്തെ റോഡരികിലായിരുന്നു ബെഞ്ചിട്ട് അധ്യാപകരെ ഇരുത്തിയത്.
കുറച്ച് പേര്‍ തൊട്ടടുത്ത കടകളിലും ഒഴിഞ്ഞ കെട്ടിടങ്ങള്‍ക്കുള്ളിലും ഇരുന്നു. എന്നാല്‍, ഭൂരിഭാഗം അധ്യാപികമാരും മൂത്രപ്പുര,കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കാതെ വിഷമിച്ചു. ഇതാണ് പ്രതിഷേധങ്ങളിലെത്തിച്ചത്.
തുടര്‍ന്ന് എം.എല്‍.എ അധികൃതരുമായി ഇടപെട്ട് ഇവരെ വീണ്ടും സ്‌കൂളിലേക്ക് പ്രവേശിപ്പിച്ചു. ആദ്യ ദിവസമായ തിങ്കളാഴ്ച സ്‌കൂളില്‍ നടന്ന മത്സരത്തില്‍ കുട്ടികളുടെ കൂടെ വന്ന അധ്യാപകരെ സ്‌കൂളില്‍തന്നെയായിരുന്നു നിര്‍ത്തിയത്.
എന്നാല്‍, മത്സരം തുടങ്ങിയതിന് ശേഷം കുട്ടികള്‍ ഇരിക്കുന്ന സ്റ്റാളില്‍ പ്രവേശിക്കുകയും നിര്‍ദേശം നല്‍കുകയും സഹായിക്കുകയും ചെയ്തുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായിരുന്നു അധ്യാപകരെ പുറത്ത് നിര്‍ത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.

No comments:

Post a Comment