Saturday, December 11, 2010

കോഴിപ്പറമ്പ് ബസപകടം: ദുരന്തത്തിനു കാരണം അമിത വേഗതയും അശ്രദ്ധയും

വണ്ടൂര്‍: എറിയാട് കോഴിപ്പറമ്പില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിക്കുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ദുരന്തത്തിനു കാരണമായത് അമിത വേഗതയും അശ്രദ്ധയും. മഞ്ചേരിയില്‍ നിന്ന് കാളികാവിലേക്കു പോവുകയായിരുന്ന കെ.പി ബ്രദേഴ്‌സും വണ്ടൂരില്‍ നിന്നും മഞ്ചേരിയിലേക്കു പോവുകയായിരുന്ന കെ.എം.എസുമാണ് അപകടത്തില്‍പ്പെട്ടത്.
ഇടിയുടെ ആഘാതത്തില്‍ കെ.പി ബ്രദേഴ്‌സ് വയലിലേക്കു ഓടിക്കയറിയാണ് നിന്നത്. കെ.പി ബ്രദേഴ്‌സിലെ ഡ്രൈവര്‍ കാളികാവ് സ്വദേശി വള്ളിക്കാപറമ്പില്‍ ഇഖ്ബാലാണ് മരിച്ചത്.
വളവോടുകൂടിയ പ്രദേശത്ത് അപകടങ്ങള്‍ പതിവാണ്. റോട്ടില്‍ മുന്നറിയിപ്പു ബോര്‍ഡുകളില്ലാത്തതും വിനയാകുന്നു.
അപകടത്തില്‍പ്പെട്ട ബസുകള്‍ മറിയാതിരുന്നതിനാലും വൈദ്യുതി ലൈനുകള്‍ തകരാത്തതിനാലും വന്‍ ദുരന്തം വഴിമാറി. ഇടിയുടെ ആഘാതത്തില്‍ ഇരു ബസുകളുടെയും മുന്‍ ഭാഗം പാടെ തകര്‍ന്നിരുന്നു. റോഡിനു സമീപത്തെ വയലിലേക്കു തെറിച്ചു നീങ്ങിയ ബസ് ചളിയില്‍ ആഴ്ന്നാണ് നിന്നത്.
വണ്ടൂര്‍ കാളികാവ് റൂട്ടില്‍ വാണിയമ്പലം റെയില്‍വേ ഗേറ്റ് അടക്കുന്നതിനു മുമ്പ് മറുപുറം കടക്കാനുള്ള വാഹനങ്ങളുടെ മരണപ്പാച്ചില്‍ ഇവിടെ നിത്യകാഴ്ചയാണ്. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി തൂണിനു ചാരിയാണ് ബസ് കടന്നുപോയത്. ബസ് പോസ്റ്റിലിടിച്ചിരുന്നെങ്കില്‍ ഇരു ബസുകള്‍ക്കും മുകളിലായി വൈദ്യുതി ലൈനുകള്‍ വീഴുമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. വ്യാഴാഴ്ച വണ്ടൂര്‍ ഗേള്‍സ് ഹൈസ്‌കൂള്‍ നേരത്തെ വിട്ടിരുന്നു. കുട്ടികള്‍ ഭൂരിഭാഗവും മുമ്പത്തെ ബസില്‍ പോയിരുന്നതിനാല്‍ അപകടത്തിന്റെ തോത് കുറയാന്‍ കാരണമായി. അപകടം സംഭവിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ എസ്.ഐയും സംഘവും സ്ഥലത്തെത്തി.
ഇതേ സ്ഥലത്ത് മുമ്പും നിരവധി അപകടങ്ങള്‍ നടന്നിട്ടുണ്ട്. ഇറക്കവും കൊടുംവളവും ഇരു ഭാഗത്തുള്ള മരങ്ങളും അപകടത്തിന് കാരണമാകുന്നുണ്ട്. എന്നാല്‍, ഇവിടെ സൂചനാ ബോര്‍ഡുകളോ മറ്റു അടയാളങ്ങളോ ഇതുവരെ വച്ചിട്ടില്ല. അധികൃതര്‍ക്ക് നിരവധി തവണ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

No comments:

Post a Comment