Saturday, December 11, 2010

ചേലേമ്പ്ര കവര്‍ച്ച: കലക്ടറെയും മുന്‍ കലക്ടറെയും വിസ്തരിച്ചു

മഞ്ചേരി: ചേലേമ്പ്ര സൗത് മലബാര്‍ ഗ്രാമീണ ബാങ്ക് കവര്‍ച്ചാ കേസില്‍ ജില്ലാ കലക്ടര്‍ എം.സി. മോഹന്‍ദാസ്, മുന്‍ കലക്ടര്‍ ഡോ. രവീന്ദ്രന്‍ എന്നിവരെ ജില്ലാ സെഷന്‍സ് ഒന്നാം അതിവേഗ കോടതി സാക്ഷികളായി വിസ്തരിച്ചു. ബാങ്കിന്റെ ലോക്കര്‍ സ്‌ഫോടക വസ്തു ഉപയോഗിച്ചാണ് തകര്‍ത്തത്. സ്‌ഫോടകവസ്തു കൈവശം വെക്കാന്‍ പ്രതികള്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നില്ല. ഒന്നാം അതിവേഗ കോടതി ജഡ്ജി പി.എസ്. നസീര്‍ അഹമ്മദ് മുമ്പാകെയാണ് പ്രോസിക്യൂഷന്‍ വിസ്തരിച്ചത്. 2007 ഡിസംബര്‍ 30നാണ് ചേലേമ്പ്ര ബാങ്ക് കവര്‍ച്ച. 79.88 കി.ഗ്രാം സ്വര്‍ണവും 24.93 ലക്ഷം രൂപയും കവര്‍ന്ന കേസില്‍ പ്രതികളായ കോട്ടയം വാണിയംപുരക്കല്‍ ജോസഫ് (ബാബു) തൃശൂര്‍ ഒല്ലൂര്‍കടവില്‍ ഷിബു എന്ന രാഗേഷ്, കൊയിലാണ്ടി മൂടാടിനങ്ങലത്ത് രാധാകൃഷ്ണന്റെ ഭാര്യ കനകേശ്വരി എന്നിവരെ മാസങ്ങള്‍ക്കുശേഷം പ്രത്യേക പൊലീസ് സംഘം അറസ്റ്റു ചെയ്തിരുന്നു. ഫോറന്‍സിക് വിദഗ്ധന്‍ സോമരാജന്‍, പൊലീസ് ഫോട്ടോഗ്രാഫര്‍ സാബു എന്നിവരെ 22ന് വിസ്തരിക്കും. വെള്ളിയാഴ്ച വിസ്തരിച്ച മുന്‍ കലക്ടര്‍ ഡോ. രവീന്ദ്രന്‍ ഇപ്പോള്‍ സര്‍വേ ആന്‍ഡ് ലാന്റ് റെക്കോര്‍ഡ്‌സ് ഡയറക്ടറാണ്. കേസിന്റെ വിസ്താരം അന്തിമഘട്ടത്തിലാണ്.

No comments:

Post a Comment