Saturday, December 11, 2010

രണ്ട് രൂപയുടെ അരി കൊള്ളയടിക്കാന്‍ റേഷന്‍ കടക്കാരെ അനുവദിക്കരുത്-ഭക്ഷ്യോപദേശകസമിതി

കൊല്ലം: വിലക്കയറ്റം തടയുന്നതിന്റെയും റേഷന്‍കടകളുടെ പ്രവര്‍ത്തനം സാധാരണക്കാര്‍ക്ക് ലഭ്യമാക്കുന്നതിന്റെയും ഭാഗമായി താലൂക്ക് തലത്തില്‍ മോണിട്ടറിങ് സമിതികളുടെയും പഞ്ചായത്ത് തലത്തില്‍ വിജിലന്‍സ് കമ്മിറ്റികളുടെയും രൂപവത്കരണം ഡിസംബറില്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ ഭക്ഷ്യോപദേശക സമിതിയോഗം നിര്‍ദേശം നല്‍കി. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഉള്‍പ്പെടുന്ന മോണിട്ടറിങ് സമിതികള്‍ നിലവില്‍ലഭ്യമായവരെ ഉള്‍പ്പെടുത്തി രൂപവത്കരിക്കാനാണ് നിര്‍ദേശം. വിലകയറുന്ന സാഹചര്യത്തില്‍ രണ്ടുരൂപ നിരക്കില്‍ സര്‍ക്കാര്‍ സാധാരണക്കാര്‍ക്ക് നല്‍കുന്ന അരി കൊള്ളയടിക്കാന്‍ റേഷന്‍കടക്കാരെ അനുവദിക്കരുതെന്ന് സമിതി വ്യക്തമാക്കി.
സര്‍ക്കാര്‍ നയം അനുസരിച്ച് മികച്ചയിനം അരിയാണ് വിതരണം ചെയ്യുന്നതെങ്കിലും ചില കടക്കാര്‍ ബോധപൂര്‍വം മറിച്ച് പ്രചരിപ്പിക്കുകയാണ്- എ.എ. അസീസ് എം.എല്‍.എ വ്യക്തമാക്കി.
കുന്നത്തൂര്‍ താലൂക്ക് റേഷന്‍ ഡിപ്പോ പുനഃസ്ഥാപിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. മാവേലി സ്‌റ്റോറിലും സപ്ലൈകോയിലും സബ്‌സിഡി സാധനങ്ങള്‍ വാങ്ങുന്നവരെ മറ്റ് സാധനങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിച്ചാല്‍ സപ്ലൈ ഓഫിസര്‍മാര്‍ നടപടി സ്വീകരിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. മാവേലി സ്‌റ്റോറുകള്‍ക്ക് കമ്പ്യൂട്ടര്‍ വാങ്ങുന്ന കാര്യം വില സംബന്ധിച്ച് പൊതുവിതരണം, പഞ്ചായത്ത് വകുപ്പുകള്‍ തമ്മിലുള്ള ധാരണപ്പിശകിന്റെ പേരില്‍ വൈകാന്‍ അനുവദിച്ചുകൂടെന്നും സമിതി ചൂണ്ടിക്കാട്ടി. ചാത്തിനാംകുളം, മയ്യനാട് മാവേലിസ്‌റ്റോറുകള്‍ അനുവദിച്ച് ഏഴ് മാസമായിട്ടും തുറക്കാത്തതിനെ സമിതി യോഗം വിമര്‍ശിച്ചു.
അതുപോലെ കുപ്പിവെള്ളവും കവര്‍പാലും പരിശോധനക്ക് വിധേയമാക്കണം. ശബരിമല സീസണ്‍ ആയതിനാല്‍ കുടിവെള്ളം പോലെ ഫ്രൂട്ട്ജ്യൂസുകളും മറ്റ് വര്‍ണപാനീയങ്ങളും പരിശോധിക്കണമെന്ന് യോഗം നിര്‍ദേശിച്ചു. ഗ്യാസ് സിലിണ്ടറിന് അപേക്ഷിക്കുന്നവര്‍ 45-50 ദിവസം വരെ കാത്തിരിക്കേണ്ട അവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ഡിസംബര്‍ 18ന് ചേരുന്ന പാചകവാതക അദാലത്തില്‍ പരിഗണിക്കാന്‍ മാറ്റിവെച്ചു.
കലക്ടറേറ്റ് സമ്മേളന ഹാളില്‍ കലക്ടര്‍ ദേവേന്ദ്രകുമാര്‍ ദൊഡാവത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമിതി യോഗത്തില്‍ എം.എല്‍.എമാരായ എ.എ. അസീസ്, ബി. അനിരുദ്ധന്‍, ജില്ലാ സപ്ലൈ ഓഫിസര്‍ ബി. സുരേന്ദ്രന്‍ എന്നിവരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരും സംബന്ധിച്ചു.

No comments:

Post a Comment