Thursday, December 9, 2010

വിവരാവകാശ അപേക്ഷയില്‍ മറുപടി വൈകിച്ച പിഎസ്സി ജോയിന്റ് സെക്രട്ടറിക്ക് പിഴ

വിവരാവകാശപ്രകാരമുള്ള അപേക്ഷയില്‍ മറുപടി താമസിപ്പിച്ചതിനും അധിക ഫീസ് വാങ്ങിയതിനും പിഎസ്സി ജോയിന്റ് സെക്രട്ടറിക്ക് പിഴ. പിഎസ്സി ജോയിന്റ് സെക്രട്ടറിയും സ്റ്റേറ്റ് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഒാഫിസറുമായ എ.ജി. സുധ 2250 രൂപ പിഴ അടയ്ക്കാനും സമയത്തു മറുപടി നല്‍കാത്തതിനാല്‍ പരാതിക്കാരനില്‍നിന്നു വാങ്ങിയ 82 രൂപ മടക്കി നല്‍കാനും ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മിഷണറുടെ ചുമതല വഹിക്കുന്ന വി.വി. ഗിരി ഉത്തരവിട്ടു.

1995ലെ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ (ജനറല്‍ എക്സിക്യൂട്ടീവ് ബ്രാഞ്ച്) തസ്തികയില്‍ എത്രപേരെ തിരഞ്ഞെടുത്തു, അവരുടെ പേരുവിവരം, പരീക്ഷയിലും അഭിമുഖത്തിലും ലഭിച്ച മാര്‍ക്ക് എന്നിവ ആവശ്യപ്പെട്ടാണ് വടവാതൂര്‍ തകടിയേല്‍ ഷാജി ഏബ്രഹാം വിവരാവകാശപ്രകാരം അപേക്ഷ നല്‍കിയത്.

2009 ഡിസംബര്‍ ഒന്നിന് നല്‍കിയ അപേക്ഷയില്‍ പിഎസ്സി അധികൃതര്‍ നല്‍കിയ മറുപടി വ്യക്തമല്ലെന്നു കാണിച്ച് കഴിഞ്ഞ ജൂണില്‍ അപ്പീല്‍ അധികാരിയായ പിഎസ്സി അഡീഷനല്‍ സെക്രട്ടറിക്ക് അപേക്ഷ നല്‍കി. ഇതിലും വ്യക്തമായ മറുപടി ലഭിക്കാതെ, ഫീസ് അടച്ചിട്ടില്ലെന്നായിരുന്നു അപ്പീല്‍ അധികാരിയില്‍നിന്നു ലഭിച്ച അറിയിപ്പ്.തുടര്‍ന്ന് ഷാജി ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍ക്ക് പരാതി നല്‍കി.

നവംബര്‍ ഒന്‍പതിന് അഡീഷനല്‍ സെക്രട്ടറി കമ്മിഷനു മുന്നില്‍ ഹാജരായി വിശദീകരണം നല്‍കി. അപേക്ഷ സമര്‍പ്പിച്ച് 24 ദിവസത്തിനു ശേഷമാണ് ഫീസ് ആവശ്യപ്പെട്ടുള്ള അറിയിപ്പ് നല്‍കിയതെന്നും മറുപടി നല്‍കാനുള്ള ആറു ദിവസ സമയപരിധിക്കു പകരം 15 ദിവസം എടുത്തുവെന്നും കമ്മിഷന്‍ നിരീക്ഷിച്ചു. വിവരാവകാശപ്രകാരം അനുവദിച്ചിട്ടുള്ളതിനെക്കാള്‍ ഒന്‍പത് ദിവസത്തിനു ശേഷമാണ് മറുപടി നല്‍കിയത്.

ഈ കാലതാമസത്തിനു മതിയായ കാരണം ബോധ്യപ്പെടുത്താന്‍ ജോയിന്റ് സെക്രട്ടറിക്ക് കഴിഞ്ഞില്ല.തുടര്‍ന്നാണ് മതിയായ കാരണം കൂടാതെയുണ്ടായ ഒന്‍പത് ദിവസത്തിന് ദിവസം ഒന്നിന് 250 രൂപ പ്രകാരം 2250 രൂപ പിഴ ചുമത്തിയത്. പിഴ അടച്ചില്ലെങ്കില്‍ സ്ഥാവര ജംഗമ വസ്തുക്കള്‍ ജപ്തിചെയ്ത് പിഴ ഈടാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. നിശ്ചിത സമയപരിധിക്കുള്ളില്‍ വിവരം നല്‍കിയിട്ടില്ലാത്തതിനാല്‍ വിവരം സൌജന്യമായി ലഭിക്കാന്‍ അപേക്ഷകന് അര്‍ഹതയുള്ളതിനാല്‍ മറുപടിക്കായി ഈടാക്കിയ 82 രൂപ പരാതിക്കാരന് തിരികെ നല്‍കാനും കമ്മിഷന്‍ നിര്‍ദേശിച്ചു.[malayala manorama dt: 9-12-2010]

No comments:

Post a Comment