Friday, December 17, 2010

മഞ്ചേരിയില്‍ റോട്ടിലേക്ക് ഇറക്കിക്കെട്ടിയ ഷെഡുകള്‍ പൊളിക്കും

മഞ്ചേരി: നഗരത്തില്‍ തിരക്കേറിയ റോഡുകളിലേക്കിറക്കി ഷെഡ് കെട്ടിയ 35 വ്യാപാരികള്‍ക്ക് പൊതുമരാമത്ത് നോട്ടീസ് നല്‍കി. തഹസില്‍ദാര്‍ കെ.എന്‍. യൂസുഫലിയുടെ നേതൃത്വത്തില്‍ റവന്യൂ, പൊതുമരാമത്ത്, പൊലീസ് ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. പാണ്ടിക്കാട് റോഡിലും മലപ്പുറം റോഡിലുമുള്ള കടകളാണ് മിക്കയിടത്തും റോഡ് കൈയടക്കി ഇറക്കിക്കെട്ടിയത്. മിക്ക സ്ഥാപനങ്ങള്‍ക്കും ആദ്യം മുന്നറിയിപ്പ് നല്‍കിയിരുന്നു.
പാണ്ടിക്കാട് റോഡില്‍ രണ്ട് ബസ്‌സ്റ്റാന്‍ഡുകള്‍ക്കിടയിലെ തെരുവുകച്ചവടം കാരണം വഴിയാത്രക്കാര്‍ റോഡിലൂടെ നടക്കുകയും കുരുക്ക് കൂടുകയും ചെയ്യുന്നു. കാല്‍നടക്കാര്‍ക്കുള്ള ഫുട്പാത്ത് കൈയടക്കിയാണ് മലപ്പുറം റോട്ടില്‍ ചില പഴം-പച്ചക്കറി കടകള്‍ പ്രവര്‍ത്തിക്കുന്നത്. ജനറല്‍ ആശുപത്രിക്കു സമീപം വികലാംഗരടക്കം നടത്തിയിരുന്ന പത്തോളം പെട്ടിക്കടകള്‍ പൊതുമരാമത്ത് മുനിസിപ്പല്‍ അധികൃതര്‍ പൊലീസിനെ ഉപയോഗിച്ച് ആറുമാസംമുമ്പ് പൊളിച്ചുനീക്കിയിരുന്നു. നഗരത്തിലെ മുഴുവന്‍ റോഡുകളിലും ഇത് തുടരുമെന്ന് പറഞ്ഞിരുന്നെങ്കിലും പൊലീസും റവന്യൂ വകുപ്പും മടിച്ചു. ഇപ്പോള്‍ റോഡ്‌സുരക്ഷാ പദ്ധതിയുടെ ഭാഗമായി കലക്ടറുടെ നിര്‍ദേശം വന്നതോടെയാണ് നടപടി. നോട്ടീസ് ലഭിച്ചിട്ടും തടസ്സം ഒഴിവാക്കുന്നില്ലെങ്കില്‍ ബലമായി നീക്കാനാണ് തീരുമാനം. നഗരത്തിലെ മറ്റ് റോഡുകളിലെ പരിശോധന തുടര്‍ദിവസങ്ങളില്‍ നടക്കും.
2007ല്‍ സംസ്ഥാന വ്യാപകമായി കൈയേറ്റം ഒഴിപ്പിച്ച ഘട്ടത്തില്‍ മഞ്ചേരി നഗരത്തില്‍ പാണ്ടിക്കാട് റോഡിലെ കോണ്‍ക്രീറ്റ് കെട്ടിടങ്ങളടക്കം റവന്യൂ, പൊലീസ് സംഘം ജെ.സി.ബി ഉപയോഗിച്ച് നീക്കിയിരുന്നു. എന്നാല്‍, മിക്കയിടത്തും പുതിയ ഷെഡുകള്‍ ഇറക്കിക്കെട്ടിയതായി പരിശോധനയില്‍ കണ്ടെത്തി.

No comments:

Post a Comment