Saturday, December 18, 2010

ജനകീയ കൂട്ടായ്മയില്‍ ഉയര്‍ത്തിയ അഞ്ചുനില ബ്ലോക്ക് രോഗികള്‍ക്ക് ലഭിച്ചില്ല


മഞ്ചേരി: ക്ലാസ് മുറികളില്‍നിന്നടക്കം ചില്ലറത്തുട്ടുകള്‍ സ്വരൂപിച്ച് മലപ്പുറത്തിന്റെ ജനകീയ കൂട്ടായ്മയില്‍ യാഥാര്‍ഥ്യമാക്കിയ മഞ്ചേരി ജനറല്‍ ആശുപത്രി പുതിയ അഞ്ചുനില ബ്ലോക്ക് ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷം പിന്നിട്ടിട്ടും രോഗികള്‍ക്ക് തുറന്നുകൊടുത്തില്ല. കെ.എച്ച്. ആര്‍. ഡബ്ല്യു.എസിന്റെ നേതൃത്വത്തില്‍ സജ്ജീകരിച്ച പണം ഈടാക്കിയുള്ള സി.ടി സ്‌കാന്‍ യൂനിറ്റ് ശനിയാഴ്ച ഉച്ചക്ക് മൂന്നിന് ആരോഗ്യമന്ത്രി പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്യും. 2009 ജനുവരി രണ്ടിന് ബ്ലോക്ക് ഉദ്ഘാടനം നിര്‍വഹിച്ച് മടങ്ങിയ മന്ത്രി ശനിയാഴ്ചയാണ് വീണ്ടും ഇവിടെയെത്തുന്നത്. ആശുപത്രി കെട്ടിടത്തോടൊപ്പം ഒന്നാം നിലയിലെ 12 ഓപറേഷന്‍ തിയറ്ററുകളടങ്ങിയ ഹാള്‍ രണ്ട് മാസംകൊണ്ട് പ്രവര്‍ത്തനസജ്ജമാകുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഒരു വര്‍ഷമായിട്ടും അഞ്ചുനില കെട്ടിടം രോഗികള്‍ക്ക് തുറന്നുകൊടുത്തിട്ടില്ല. ജില്ലാ പഞ്ചായത്ത് ഭരണത്തിന്റെ സാരഥ്യം വഹിച്ചിരുന്നവരാണ് കൂട്ടായ്മക്ക് ചുക്കാന്‍ പിടിച്ചിരുന്നത്. സംരംഭം ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്നുണ്ടോ എന്ന് നോക്കാന്‍ പിന്നീടാരും തിരിഞ്ഞുനോക്കിയില്ല. നിയന്ത്രണം ഉദ്യോഗസ്ഥരുടെ കൈകളിലേക്ക് നല്‍കിയതോടെ സംരംഭം തുടങ്ങിയേടത്തുതന്നെയായി. അഞ്ചുവര്‍ഷത്തിനിടെ ജനറല്‍ ആശുപത്രിയില്‍ ആരോഗ്യവകുപ്പ് അനുവദിച്ച ഫണ്ടുകളെയും പദ്ധതികളെയും സംബന്ധിച്ച് ആരോഗ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് രണ്ടു ദിവസം മുമ്പ് തിരക്കിയിരുന്നു. ഈ പദ്ധതികളുടെയും ഫണ്ടിന്റെയും കണക്ക് ശനിയാഴ്ച നടക്കുന്ന ലാബ് ഉദ്ഘാടന ചടങ്ങില്‍ വീണ്ടും നിരത്തിയേക്കും.കാറ്റും വെളിച്ചവും കിട്ടാത്ത പഴയ കെട്ടിടത്തിന്റെ വരാന്തകളിലും മറ്റും കൈകാല്‍ മുറിഞ്ഞും വേദന തിന്നും കിടക്കുന്ന രോഗികള്‍ ദയനീയ കാഴ്ചയാണ്. വാര്‍ഡുകളിലും വരാന്തകളിലുമടക്കം ഇടംപിടിക്കുകയാണ് ഗര്‍ഭിണികള്‍. പ്രസവ വാര്‍ഡ്, ഓപറേഷന്‍ തിയറ്റര്‍ ഇല്ലാതെ പഴഞ്ചന്‍ ഉപകരണങ്ങളും ഫര്‍ണിച്ചറുകളുമടങ്ങുന്ന പ്രസവമുറി തുടങ്ങിയവക്കെല്ലാം പുതിയ കെട്ടിടം വരുന്നതോടെ മാറ്റമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. കെട്ടിടം നവീകരണത്തിന് സര്‍ക്കാര്‍ അനുവദിച്ച ഒരു കോടിയെക്കുറിച്ച് ഒരു വര്‍ഷം മുമ്പ് മന്ത്രി ആശുപത്രിയിലെത്തിയപ്പോഴും വാചാലയായിരുന്നു. പക്ഷേ, ്രപശ്‌നങ്ങള്‍ ഒന്നുപോലും പരിഹരിക്കപ്പെട്ടില്ല.ആറ് ഡോക്ടര്‍മാര്‍ വേണ്ട അത്യാഹിത വിഭാഗം രണ്ട് താല്‍ക്കാലികക്കാരെവെച്ച് പ്രവര്‍ത്തിക്കുകയാണ്. സ്‌പെഷാലിറ്റി കേഡര്‍ സംവിധാനം വഴി 51 ഡോക്ടര്‍മാരുടെ തസ്തികയുണ്ടാക്കിയെങ്കിലും ചുമതലയില്‍ 30 പേര്‍ മാത്രം. പുതിയ ഓപറേഷന്‍ തിയറ്ററിലേക്ക് ആവശ്യമുള്ള സാമഗ്രികള്‍ മാസങ്ങള്‍ക്ക് മുമ്പെത്തിയിട്ടും ബന്ധപ്പെട്ടവരോട് അന്വേഷിച്ചാല്‍ 'താനീ നാട്ടുകാരനല്ലെന്ന' വിധമാണ് മറുപടി. സന്നദ്ധ സംഘടനകള്‍ സ്‌പോണ്‍സര്‍ ചെയ്തതും പുതുതായി വാങ്ങിയതുമായ കട്ടിലും കിടക്കകളും പുതിയ കെട്ടിടത്തിന്റെ വരാന്തകളില്‍ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുകയാണ്. ഐ.സി.യു യാഥാര്‍ഥ്യമായിട്ടില്ല. എക്‌സ്‌റേ, ഇ.സി.ജി വിഭാഗങ്ങളില്‍ വേണ്ടത്ര ആളില്ല. താല്‍ക്കാലികമായോ കരാര്‍ വ്യവസ്ഥയിലോ 110 പേര്‍ ജോലിചെയ്യുന്നുണ്ട് ഇവിടെ. ജനറല്‍ ആശുപത്രിയാക്കി ഉയര്‍ത്തിയതല്ലാതെ സ്റ്റാഫ് പാറ്റേണ്‍ നടപ്പായിട്ടില്ല. ഇതിന് ഒന്നര വര്‍ഷം മുമ്പ് നല്‍കിയ അപേക്ഷ ഇപ്പോഴും ആരോഗ്യ മന്ത്രിയുടെ മേശപ്പുറത്ത് കാണണം.

No comments:

Post a Comment