Thursday, December 9, 2010

സ്മാര്‍ട്ട് സിറ്റി: മധ്യസ്ഥ ശ്രമം തുടങ്ങി; ഏറെ പ്രതീക്ഷയെന്ന് യൂസഫലി

ദുബൈ: സ്മാര്‍ട്ട് സിറ്റി സംബന്ധിച്ച തര്‍ക്കം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ഏറെ ശുഭപ്രതീക്ഷയുണ്ടെന്നും പ്രമുഖ വ്യവസായിയും നോര്‍ക്ക വൈസ് ചെയര്‍മാനുമായ പത്മശ്രീ എം.എ യൂസഫലി.
പദ്ധതി നടപ്പാകുമെന്ന കാര്യത്തില്‍ തനിക്ക് ശുഭപ്രതീക്ഷയുണ്ട്. മധ്യസ്ഥനെന്ന നിലക്ക് പ്രവര്‍ത്തിക്കാനായതും ഏറെ സന്തോഷമുള്ള കാര്യമാണ്. ടീകോമിന്റെ ഉന്നത വൃത്തങ്ങളുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ടീകോമിന്റെ മാതൃസ്ഥാപനമായ ദുബൈ ഹോള്‍ഡിങ് ചെയര്‍മാനും യു.എ.ഇ കാബിനറ്റ്കാര്യ മന്ത്രിയുമായ മുഹമ്മദ് അല്‍ ഗര്‍ഗാവിയുമായും സി.ഇ.ഒ അബ്ദുല്‍ അസീസ് ആല്‍ മുഅല്ലയുമായും സ്മാര്‍ട്ട് സിറ്റി നടപ്പാക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയതായി അദ്ദേഹം പറഞ്ഞു. നോര്‍ക്ക വൈസ് ചെയര്‍മാനെന്ന നിലക്കാണ് ചര്‍ച്ച നടത്തിയത്. താന്‍ നേരത്തെ പ്രതീക്ഷിച്ചതിലും മികച്ച പുരോഗതിയാണ് ഈ വിഷയത്തിലുള്ളത്. ഒന്നര മണിക്കൂര്‍ സമയം ഇരുവരുമായും സംസാരിച്ചതിന്റെ വിശദാംശങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും യൂസഫലി പറഞ്ഞു. സ്മാര്‍ട്ട്‌സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ടീകോമുമായി ചര്‍ച്ച നടത്തുന്നതിന് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ യൂസഫലിയെ മധ്യസ്ഥനായി നിയോഗിച്ചത്. ടീകോമിന് അന്തിമ കത്ത് നല്‍കുകയും ദുബൈയിലെത്തിയാല്‍ ചര്‍ച്ചയാകാമെന്ന് ടീകോം മറുപടി നല്‍കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ഇത്.

No comments:

Post a Comment