Thursday, December 9, 2010

കലക്ടര്‍ക്ക് സസ്‌പെന്‍ഷന്‍; പത്ത് വര്‍ഷത്തെ നിയമനം പരിശോധിക്കും

തിരുവനന്തപുരം: നിയമനതട്ടിപ്പുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാത്രി സ്ഥലംമാറ്റിയ വയനാട് കലക്ടര്‍ ടി. ഭാസ്‌കരനെ സസ്‌പെന്‍ഡ് ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 2001 മുതലുള്ള എല്ലാ ജില്ലകളിലെയും എല്ലാ വകുപ്പുകളിലെയും മുഴുവന്‍ നിയമനങ്ങളും വിശദമായി പരിശോധിക്കും. ഇതിന് ഉദ്യോഗസ്ഥ-ഭരണ പരിഷ്‌കാര വകുപ്പില്‍ പ്രത്യേക സെല്‍ ഉണ്ടാക്കും. നിയമനതട്ടിപ്പിനെ കുറിച്ച് ക്രൈംബ്രാഞ്ച് മേധാവി വിന്‍സന്‍ എം. പോളിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം അന്വേഷിക്കും ജീവനക്കാരുടെ അഴിമതി വിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ കുറ്റകരമായ അനാസ്ഥയും ഗുരുതരവീഴ്ചയും വരുത്തിയതിനാണ് ജില്ലാ കലക്ടറെ സസ്‌പെന്‍ഡ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാട് ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയം മന്ത്രിസഭ വിശദമായി ചര്‍ച്ച ചെയ്തു. തട്ടിപ്പിനെ കുറിച്ചുള്ള പരാതി ഒക്‌ടോബറില്‍ റവന്യു മന്ത്രിക്ക് ലഭിച്ചപ്പോള്‍ തന്നെ അദ്ദേഹം കോഴിക്കോട് വിജിലന്‍സ് ഡെപ്യൂട്ടി കലക്ടറോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. ഡെപ്യൂട്ടി കലക്ടറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണത്തിന് ലാന്‍ഡ് റവന്യു കമീഷണര്‍ കെ.ആര്‍. മുരളീധരനെ ചുമതലപ്പെടുത്തി. സുതാര്യ കേരളത്തില്‍ ലഭിച്ച പരാതി അര്‍ഹിക്കുന്ന ഗൗരവത്തോടെ ജില്ലാ കലക്ടര്‍ കൈകാര്യം ചെയ്തിട്ടില്ലെന്ന് കെ.ആര്‍. മുരളീധരന്റെ അന്വേഷണത്തില്‍ വ്യക്തമായി. കലക്ടര്‍ കുറ്റകരമായ അനാസ്ഥ കാണിച്ചതായും വ്യാജമായി ജോലി സമ്പാദിച്ചവരെ പൊലീസ് വെരിഫിക്കേഷന്‍ ഇല്ലാതെ റെഗുലറൈസ് ചെയ്തതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
എല്ലാ ജില്ലകളിലെയും എല്ലാ വകുപ്പുകളിലെയും നിയമനത്തെ കുറിച്ച് അന്വേഷിക്കണമെന്ന പി.എസ്.സി ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ പത്ത് വര്‍ഷം നടത്തിയ നിയമനങ്ങളെ കുറിച്ച് പരിശോധിക്കാന്‍ തീരുമാനിച്ചത്. പി.എസ്.സിയുടെ കൂടി സഹായത്തോടെ അവരുടെ രേഖകളും ഒത്തുനോക്കിയായിരിക്കും ഇത്. പത്തുവര്‍ഷത്തെ നിയമനങ്ങള്‍ പരിശോധിക്കുമ്പോള്‍ മൂന്നരലക്ഷത്തോളം ജീവനക്കാരുടെ രേഖകള്‍ പരിഗണിക്കേണ്ടിവരും. റവന്യു മന്ത്രിയുടെ ഇടപെടല്‍ മൂലമാണ് കലക്ടര്‍ക്ക് നടപടി എടുക്കാതിരിക്കാന്‍ കഴിയാഞ്ഞതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവരം അറിഞ്ഞ ഉടന്‍ റവന്യു മന്ത്രി നടപടി കൈക്കൊണ്ടിരുന്നു. അത്തരം അവാസ്തവ വിവരങ്ങള്‍ ചില മാധ്യമങ്ങള്‍ അനാവശ്യമായി വലിച്ചുനീട്ടുകയാണ്. തട്ടിപ്പ് നടത്തിയവര്‍ ജോയന്റ് കൗണ്‍സിലുകാരാണോ എന്ന് ചോദിച്ചപ്പോള്‍ ആരാണെന്ന് വെരിഫൈ ചെയ്തിട്ടില്ലെന്നായിരുന്നു മറുപടി. തട്ടിപ്പിനെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യമില്ല -മുഖ്യമന്ത്രി പറഞ്ഞു.

No comments:

Post a Comment