Thursday, December 30, 2010

ഐവറി കോസ്റ്റ്: ആഫ്രിക്കന്‍ നേതാക്കളുടെ ശ്രമം പരാജയം


അബിദ്ജാന്‍: ഐവറി കോസ്റ്റിലെ രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള പശ്ചിമ ആഫ്രിക്കന്‍ നേതാക്കളുടെ ശ്രമം പരാജയപ്പെട്ടു. തെരഞ്ഞെടുപ്പില്‍ വിജയിച്ച അലസൈന്‍ ഒത്തരാക്ക് അധികാരം കൈമാറണമെന്ന നിര്‍ദേശം നിലവിലുള്ള പ്രസിഡന്റ് ലാറന്റ് ഗാബോ തള്ളിയതിനെ തുടര്‍ന്നാണിത്.
ബെനിന്‍,സിയറ ലിയോണ്‍, കേപ് വെര്‍ദെ എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാരാണ് ഗാബോയെ കണ്ടത്. സൈനിക നടപടി ഉണ്ടാവുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും അദ്ദേഹം വഴങ്ങിയില്ലെന്ന് പശ്ചിമ ആഫ്രിക്കന്‍ നേതാക്കള്‍ പറഞ്ഞു.
ഐവറി കോസ്റ്റ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഗാബോയുടെ എതിരാളിയായ ഒത്താരയുടെ പാര്‍ട്ടി വിജയിച്ചതായി ഇലക്ഷന്‍ കമീഷന്‍ വ്യക്തമാക്കിയിരുന്നു. ഐക്യരാഷ്ട്ര സഭയും പാശ്ചാത്യ രാജ്യങ്ങളും ഇത് ശരിവെച്ചുവെങ്കിലും ഗാബോ അധികാരം ഒത്താരക്ക് കൈമാറാന്‍ വിസമ്മതിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ ചിലയിടങ്ങളില്‍ കൃത്രിമം നടന്നുവെന്നാണ് ഗാബോയുടെ ആരോപണം. ഒത്താരയെ അംഗീകരിക്കുന്ന രാജ്യങ്ങളുമായി നയതന്ത്രബന്ധം വിച്ഛേദിക്കുമെന്ന് ഗാബോ വ്യക്തമാക്കിയിട്ടുണ്ട്.
അധികാര തര്‍ക്കത്തെ തുടര്‍ന്ന് ഐവറി കോസ്റ്റില്‍ കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പതിനായിരക്കണക്കിന് പേര്‍ പലായനം ചെയ്തുവരുകയാണ്.

No comments:

Post a Comment