Wednesday, December 8, 2010

മദ്യവിപത്തിനെതിരെ മാര്‍ക്‌സിസ്റ്റ് കൂട്ടായ്മ

മദ്യത്തില്‍ മുങ്ങിച്ചാവാന്‍ പോവുന്ന കേരളത്തില്‍ ചരിത്രത്തിലാദ്യമായാവണം വ്യാപകമായ മദ്യവിരുദ്ധ പ്രചാരണത്തിനിറങ്ങിയിരിക്കുകയാണ് മാര്‍ക്‌സിസ്റ്റ് യുവജന-വിദ്യാര്‍ഥി-മഹിളാ സംഘടനകളുടെ കൂട്ടായ്മ. അതിന്റെ സംസ്ഥാനതല പ്രചരണോദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സി.പി.എം സെക്രട്ടറി പിണറായി വിജയന്‍, കേരളം നേരിടുന്ന വന്‍ വിപത്താണ് മദ്യപാനാസക്തിയെന്ന് ചൂണ്ടിക്കാട്ടി. ആഘോഷങ്ങളുടെ മുഴുവന്‍ അനുപേക്ഷ്യ ഘടകമായി മദ്യം മാറിക്കഴിഞ്ഞ സ്ഥിതിവിശേഷത്തില്‍ ഉത്കണ്ഠ രേഖപ്പെടുത്തിയ അദ്ദേഹം പക്ഷേ, മദ്യനിരോധം അപ്രായോഗികമാണെന്ന നിലപാടില്‍ ഉറച്ചുനിന്നു. വീടുകള്‍തോറുമുള്ള മദ്യവിരുദ്ധ പ്രചാരണവും ബോധവത്കരണവും മാത്രമേ ഈ വിപത്തില്‍നിന്നുള്ള മോചനത്തിനു വഴിയുള്ളൂവെന്നാണ് സി.പി.എമ്മിന്റെയും പോഷക സംഘടനകളുടെയും പക്ഷം. മദ്യപാനം യുവാക്കളില്‍ വര്‍ധിക്കാന്‍ സാഹചര്യമൊരുക്കിയത് അരാഷ്ട്രീയവത്കരണമാണെന്നും അവര്‍ നിരീക്ഷിക്കുന്നു.
ഘട്ടംഘട്ടമായുള്ള മദ്യവര്‍ജനം ഉറപ്പുനല്‍കിയാണ് ഇത്തവണ ഇടതുമുന്നണി അധികാരത്തിലേറിയത്. യു.ഡി.എഫും തെരഞ്ഞെടുപ്പ് വിജ്ഞാപനങ്ങളില്‍ ഒരിക്കലും പടിപടിയായുള്ള മദ്യനിരോധം ഉറപ്പുനല്‍കാന്‍ മടിക്കാറില്ല. എല്ലാം പൊള്ളയായ വാഗ്ദാനങ്ങളായിരുന്നെന്ന്, 1967ന് അധികാരമേറ്റ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള സപ്തകക്ഷി സര്‍ക്കാര്‍ കേരളത്തില്‍ മദ്യനിരോധം റദ്ദാക്കിയശേഷം ഇതഃപര്യന്തം ഭരിച്ച എല്ലാ സര്‍ക്കാറുകളുടെയും ചെയ്തികള്‍ വിളിച്ചോതുന്നു. അന്ന് മനസ്സുവെച്ചാല്‍ സമ്പൂര്‍ണ മദ്യനിരോധം നടപ്പാക്കാമായിരുന്നു. ഏതാനും ആയിരം വരുന്ന ചെത്തുതൊഴിലാളികളുടെ തൊഴില്‍പ്രശ്‌നം എടുത്തുപറഞ്ഞാണ് സര്‍ക്കാറുകളും പാര്‍ട്ടികളും മദ്യനിരോധത്തിന്റെ അപ്രായോഗികതയെ ന്യായീകരിച്ചത്. മദ്യത്തൊഴിലാളികളെ മറ്റു തൊഴിലുകളില്‍ പുനരധിവസിപ്പിച്ചുകൊണ്ട് മദ്യം എന്ന മഹാവിപത്തിനെ സര്‍വശക്തിയും ഉപയോഗിച്ച് പ്രതിരോധിച്ചിരുന്നുവെങ്കില്‍ ഇന്നേറ്റവുമധികം പ്രതിശീര്‍ഷ മദ്യോപഭോഗമുള്ള ഇന്ത്യന്‍ സംസ്ഥാനമായി കേരളം മാറുമായിരുന്നില്ല; 13 വയസ്സു മുതല്‍ കുട്ടികള്‍ മദ്യപാനം ശീലിക്കുമായിരുന്നില്ല; 65 ശതമാനത്തോളമായി മദ്യപരുടെ സംഖ്യ ഉയരുമായിരുന്നില്ല; അവരില്‍ ഇനിയൊരു തിരിച്ചുവരവ് അസാധ്യമാവുംവിധം 20 ശതമാനം ലഹരിയുടെ അടിമകളായിത്തീരുമായിരുന്നില്ല; രാജ്യത്തേറ്റവും വാഹനാപകടങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളം കുപ്രസിദ്ധി നേടുമായിരുന്നില്ല; സ്ത്രീ പീഡനങ്ങളും കുടുംബത്തകര്‍ച്ചയും കുറ്റകൃത്യങ്ങളും മാനോ രോഗങ്ങളും ആത്മഹത്യയും ഭയാനകമായി പെരുകി കേരളം പിശാചിന്റെ സ്വന്തം നാടായി രൂപാന്തരപ്പെടുമായിരുന്നില്ല.
ചെത്തുതൊഴിലാളികളുടെ തൊഴില്‍പ്രശ്‌നം അങ്ങേയറ്റം ഊതിവീര്‍പ്പിച്ചതാണെന്ന് ഏറ്റവുമൊടുവില്‍ കുറ്റിപ്പുറത്തും വാണിയമ്പലത്തുമുണ്ടായ വിഷമദ്യ ദുരന്തത്തെ തുടര്‍ന്നു നടന്ന അന്വേഷണം തുറന്നുകാട്ടി. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കില്‍ മാത്രമാണ് മലബാറില്‍ കാര്യമായി തെങ്ങ് ചെത്തുന്നതെന്നും അത് ജില്ലയില്‍ തന്നെ മദ്യപര്‍ക്ക് തികയാതിരിക്കെ സ്‌പിരിറ്റ് മാഫിയയുടെ ഭീകരമായ ഇടപെടല്‍മൂലം വിഷമദ്യമാക്കി മാറ്റി സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളില്‍ 'തെങ്ങിന്‍കള്ളായി' വിതരണം ചെയ്യുകയാണെന്നുമുള്ള സത്യം പുറത്തുവന്നു. യഥാര്‍ഥ ചെത്തുതൊഴിലാളികള്‍ തെങ്ങു ചെത്തി ഊറ്റിയെടുക്കുന്ന കള്ള് മാത്രം വിതരണം ചെയ്താല്‍, വ്യാജമദ്യ സാമ്രാജ്യംതന്നെ തകര്‍ന്നു തരിപ്പണമാവുമെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. പക്ഷേ, സര്‍ക്കാര്‍ എല്ലാം കണ്ടില്ലെന്നു നടിക്കുന്നു. വ്യാജമദ്യ ലോബി പാര്‍ട്ടികളെയും ഉദ്യോഗസ്ഥരെയും മാസപ്പടിയില്‍ പിടിച്ചുനിര്‍ത്തുന്നു. കുടിയന്മാര്‍ പെട്ടെന്ന് ചാവുന്ന സംഭവങ്ങള്‍ മാത്രം വിഷമദ്യ ദുരന്തമാണെന്നും, മദ്യപരെ ഇഞ്ചിഞ്ചായി ജീവച്ഛവങ്ങളും പൂര്‍ണശവങ്ങളുമാക്കുന്ന മദ്യം അപകടകാരി അല്ലെന്നും സര്‍വസമ്മതമായി പാസാക്കിയിരിക്കയാണ്. സര്‍ക്കാറുകളാവട്ടെ പൊതുമേഖലാ സ്ഥാപനമായ ബിവറേജസ് കോര്‍പറേഷനിലൂടെ വിലകൂടിയ വിദേശമദ്യം ഉല്‍പാദിപ്പിച്ചു സംസ്ഥാനമാകെയുള്ള വിതരണ ശൃംഖലയിലൂടെ 'മാന്യന്മാരെ' കുടിപ്പിച്ച് അനേകായിരം കോടികള്‍ സംഭരിച്ച് സുഖമായി രാജ്യഭരണം നടത്തുന്നു. ലഹരിയില്‍നിന്നുള്ള വരുമാനമാണ് ഈശ്വരവിശ്വാസികളും ഗാന്ധിയന്മാരും ധാര്‍മികതയുടെ പോരാളികളുമായ എല്ലാവരുടെയും സര്‍ക്കാര്‍ വേതനത്തിന്റെ മുഖ്യ സ്രോതസ്സ്. കമ്മി നികത്താന്‍ ചൂതാട്ടത്തില്‍നിന്നുള്ള ചില്വാനവും അനുബന്ധമായുണ്ട്. ഇതായിരിക്കാം ഒരുവേള മദ്യനിരോധം അപ്രായോഗികമാണെന്നു പിണറായിയെക്കൊണ്ട് പറയിച്ചത്. എന്നാല്‍, മദ്യത്തിന്റെ ഉല്‍പാദനവും വിതരണവും ഓണംകേറാമൂലകളിലും ആദിവാസി ഊരുകളിലും വരെ നിര്‍ബാധം തുടരവെ മാര്‍ക്‌സിസ്റ്റ് പോഷകസംഘടനകളുടെ ബോധവത്കരണ പ്രചാരണ പരിപാടി സഫലമാവുമോ? അഥവാ സഫലമാവുക എന്ന മഹാദ്ഭുതം സംഭവിച്ചാല്‍ പൊതുഖജനാവ് പൂട്ടി ധനമന്ത്രി കാശിക്ക് പോവേണ്ടി വരില്ലേ?
മദ്യത്തില്‍ ഒറിജിനലും വ്യാജനും ഇല്ല, സ്വദേശിയും വിദേശിയും ഇല്ല, നല്ലതും ചീത്തയും ഇല്ല. എല്ലാം കുറഞ്ഞ അളവിലോ കൂടിയ അളവിലോ ലഹരി ഉല്‍പാദിപ്പിക്കുന്ന വിഷപാനീയമാണ്. മദ്യം വിഷമാണ്, അത് ചെത്തരുത്, വില്‍ക്കരുത്, കുടിക്കരുത് എന്ന് മഹാനായ ശ്രീനാരായണ ഗുരു വിവരക്കേട് വിളമ്പിയതല്ല. ഘട്ടംഘട്ടമായി എന്നാല്‍, പഴുതുകളടച്ചു മദ്യത്തിന്റെ ഉല്‍പാദനവും വില്‍പനയും കര്‍ശനമായി നിയന്ത്രിക്കുകയും ഒടുവില്‍ നിരോധിക്കുകയുമല്ലാതെ ഈ മാരക വിപത്തില്‍നിന്ന് കേരളത്തെ രക്ഷപ്പെടുത്താന്‍ കുറുക്കുവഴിയില്ല. അതോടൊപ്പം, മദ്യവര്‍ജനത്തിന് ശക്തവും സമഗ്രവുമായ ബോധവത്കരണവും ആവശ്യമാണ്, സ്വാഗതാര്‍ഹമാണ്. പാഠപുസ്തകങ്ങളിലൂടെ ലഹരിയുടെ ദൂഷ്യഫലങ്ങള്‍ തലമുറകളെ പഠിപ്പിച്ചും, മദ്യാസക്തരായ അധ്യാപകരെ ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തിയും ബാര്‍ ലൈസന്‍സുകള്‍ കര്‍ശനമായി നിയന്ത്രിച്ചും 18 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക് മദ്യവില്‍പന പാടേ നിരോധിച്ചും സിനിമകളില്‍ മദ്യപാന രംഗങ്ങള്‍ക്കു നേരെ കത്രിക പ്രയോഗിച്ചും ഔദ്യോഗിക വിരുന്നുകളില്‍ ലഹരിക്ക് നിശ്ശേഷം വിലക്കേര്‍പ്പെടുത്തിയുംകൊണ്ട് മദ്യവിരുദ്ധ നടപടികള്‍ക്ക് സര്‍ക്കാര്‍ ആര്‍ജവം കാട്ടുമെങ്കില്‍ മാര്‍ക്‌സിസ്റ്റ് യുവജന കൂട്ടായ്മയുടെ കാമ്പയിന്‍ ഒട്ടൊക്കെ ഗുണംചെയ്യാനാണിട. ഏതു നിലക്കും ഇതൊരു പാര്‍ട്ടിക്കാര്യമായി കാണാതെ ജനകീയ സമരമാക്കി മാറ്റാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയണം, മുന്‍വിധികളില്ലാതെ എല്ലാ മനുഷ്യസ്‌നേഹികളും അതോട് സഹകരിക്കുകയും വേണം.

No comments:

Post a Comment