Saturday, December 18, 2010
കാവിഭീകരത കൂടുതല്‍ ആപത്ത് -രാഹുല്‍
ന്യൂദല്‍ഹി: മുസ്‌ലിം തീവ്രവാദത്തേക്കാള്‍ രാജ്യത്തിന് ഭീഷണി ഹിന്ദുത്വ ഭീകരവാദമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി യു.എസ് അംബാസഡര്‍ ടിം റോമറിന് മുന്നറിയിപ്പ് നല്‍കിയതായി വിക്കിലീക്‌സ് വെളിപ്പെടുത്തല്‍. 2009 ജൂലൈ ഒമ്പതിന് പ്രധാനമന്ത്രിയുടെ വസതിയില്‍ ഒരുക്കിയ ഉച്ചവിരുന്നിനിടെ മേഖലയില്‍ ലശ്കര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും അത് ഇന്ത്യക്കു നേരെ ഉയര്‍ത്തുന്ന ഭീഷണിയും സംബന്ധിച്ച യു.എസ് അംബാസഡറുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ലശ്കറെ ത്വയ്യിബക്ക് ഇന്ത്യയില്‍ മുസ്‌ലിംകളില്‍പെട്ട ചിലരുടെ സഹായം ലഭിക്കുന്നതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍, വര്‍ധിച്ചു വരുന്ന ഹൈന്ദവ തീവ്രവാദം ഇതിനേക്കാള്‍ വലിയ ഭീഷണിയാണ്. രാജ്യത്ത് രാഷ്ട്രീയ സാമുദായിക സംഘര്‍ഷം പടര്‍ത്താന്‍ കാവിഭീകരത പങ്കു വഹിക്കുന്നതായും രാഹുല്‍ റോമറിനോട് പറഞ്ഞു.
ദല്‍ഹിയിലെ യു.എസ് എംബസിയില്‍ നിന്ന് അയച്ച സന്ദേശങ്ങളാണ് വിക്കിലീക്‌സ് ചോര്‍ത്തി പുറത്തുവിട്ടത്. മുംബൈ ആക്രമണത്തിനു ശേഷം സാമുദായിക പ്രീണനത്തിന് കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്ന് വിക്കിലീക്‌സ് നേരത്തേ പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കിയിരുന്നു.
ഇന്നലെ രേഖകള്‍ പുറത്തുവന്ന ഉടന്‍ ബി.ജെ.പിയും മറ്റും രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശം അഴിച്ചുവിട്ടതോടെ നയം വ്യക്തമാക്കാന്‍ രാഹുല്‍ ഗാന്ധി നിര്‍ബന്ധിതനായി. രേഖകള്‍ പുറത്തുവിട്ടതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആദ്യപ്രതികരണം. ലശ്കറിനേക്കാള്‍ ഹിന്ദുത്വ തീവ്രവാദികളാണ് ആപത്കരമെന്ന രീതിയില്‍ രാഹുല്‍ നടത്തിയ പ്രസ്താവനയെ ബി.ജെ.പി പ്രചാരണായുധമാക്കുമെന്നു കണ്ടാണ് വിശദീകരണം പുറപ്പെടുവിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടതെന്നറിയുന്നു. ഭീകരവാദത്തിന്റെയും വര്‍ഗീയതയുടെയും എല്ലാ രൂപങ്ങളും രാജ്യത്തിന് ഭീഷണിയാണെന്ന് വിശദീകരണ കുറിപ്പില്‍ രാഹുല്‍ വ്യക്തമാക്കി.
ആരു തന്നെ നടത്തിയാലും ഭീകരതക്കും വര്‍ഗീയതക്കുമെതിരെ ശക്തമായ ജാഗ്രത പുലര്‍ത്താന്‍ നമുക്കു കഴിയണം-രാഹുല്‍ ഗാന്ധിക്കുവേണ്ടി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജനാര്‍ദന ദ്വിവേദിയാണ് പ്രസ്താവന പുറത്തിറക്കിയത്്.
വസ്തുതകള്‍ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നായിരുന്നു വിക്കിലീക്‌സ് രേഖകള്‍ പുറത്തുവന്ന ഉടന്‍ വെള്ളിയാഴ്ച രാവിലെ കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്‌വി പ്രതികരിച്ചത്. യഥാര്‍ഥ വസ്തുത വെളിപ്പെടേണ്ടതുണ്ടെന്ന അഭിപ്രായമാണ് ജനാര്‍ദന ദ്വിവേദിയും ആദ്യം പ്രകടിപ്പിച്ചത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment