Thursday, December 23, 2010

കഅ്ബ കഴുകി


മക്ക: ഭക്തിനിര്‍ഭരമായ ചടങ്ങില്‍ വിശുദ്ധ കഅ്ബ കഴുകി. ഇന്നലെ രാവിലെ സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന് വേണ്ടി മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്റെ മേല്‍നോട്ടത്തിലാണ്് കഅ്ബ കഴുകല്‍ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്.
ഇരുഹറം കാര്യാലയ മേധാവി ശൈഖ് സ്വാലിഹ് ബ്‌നു അബ്ദുറഹ്മാന്‍ അല്‍ഹുസൈന്‍, ഉപമേധാവി ഡോ. മുഹമ്മദ് ബ്‌നു നാസിര്‍ അല്‍ഖുസൈം, മക്ക മേയര്‍ ഡോ. ഉസാമ അല്‍ബാറ്, മക്ക ഗവര്‍ണറേറ്റ് അണ്ടര്‍സെക്രട്ടറി ഡോ. അബ്ദുല്‍ അസീസ് ബ്‌നു അബ്ദുല്ല അല്‍ഖുദൈരി, മക്ക മേഖല ഗവര്‍ണര്‍ ഓഫീസ് ജനറല്‍ മാനേജര്‍ ഡോ. ഇഖാബ് അല്‍ലുവൈഹഖ്, കഅ്ബയുടെ താക്കോല്‍ സൂക്ഷിപ്പുകാരന്‍, നയതന്ത്ര വിദഗ്ധര്‍, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിധിനികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഇന്ത്യയുടെ പ്രതിനിധിയായി റെയില്‍വേ സഹമന്ത്രി ഇ. അഹമ്മദാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇന്ത്യയിലെ സൗദി അംബാസഡര്‍ ഡോ. ഫൈസല്‍ തറാദും സന്നിഹിതനായിരുന്നു. ചടങ്ങിന് ശേഷം മക്ക ഗവര്‍ണര്‍ കഅ്ബ പ്രദക്ഷിണം നടത്തുകയും നമസ്‌കാരം നിര്‍വഹിക്കുകയും ചെയ്താണ് മടങ്ങിയത്. ചടങ്ങിന്റെ സ്മരണക്കായുള്ള ഉപഹാരം ഇരുഹറം കാര്യാലയ മേധാവി ശൈഖ് സ്വാലിഹ് ബ്‌നു അബ്ദുറഹ്മാന്‍ അല്‍ഹുസൈന്‍ മക്ക ഗവര്‍ണര്‍ക്ക് നല്‍കി.
സംസം വെള്ളവും റോസാപൂവില്‍ നിന്നുള്ള മേത്തരം എണ്ണയും കലര്‍ത്തിയാണ് കഅ്ബയുടെ ഉള്‍ഭാഗവും ചുമരും കഴുകിയത്. പ്രവാചക ചര്യ പിന്‍തുടര്‍ന്ന് പില്‍ക്കാലത്ത് അബ്ദുല്‍ അസീസ് രാജാവിന്റെ കാലം തൊട്ട് വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം കഅ്ബ കഴുകിവരുന്നു. മുഹര്‍റം, ശഅ്ബാന്‍ മാസങ്ങളിലാണ് ഇത് നടക്കാറ്.

No comments:

Post a Comment