നിങ്ങള്‍ നിങ്ങളുടെ സമ്പത്തിന്റെ മൂന്നിലൊരു ശതമാനം എന്തു ചെയ്യുന്നു?
എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഈ ചോദ്യം സമ്പന്നനോടും സാധാരണക്കാരോടും ദരിദ്രരോടും എല്ലാം കൂടിയാണ്. എല്ലാവര്‍ക്കുമുള്ള ഉത്തരം ഒന്നു തന്നെയായിരിക്കും. രോഗ പ്രതിരോധത്തിന്. പലരുടെ കാര്യവും ഇവിടെ ഒതുങ്ങുമോ എന്നതും സംശയമാണ്.
സ്വകാര്യ ആശുപത്രികള്‍, ഗവണ്‍മെന്റ് ആതുരാലയങ്ങള്‍, നഗരങ്ങളിലും നാട്ടന്‍പുറങ്ങളിലും സ്വകാര്യ പ്രാക്‌ടീസ് നടത്തുന്ന ഡോക്‌ടര്‍മാര്‍, ചെറിയ ചെറിയ നഴ്‌സിംഗ് ഹോമുകള്‍, ഹോമിയോ ഡോക്‌ടര്‍മാര്‍, പാരമ്പര്യവൈദ്യന്‍മാര്‍, മുറി വൈദ്യന്‍മാര്‍, വിഷ ചികിത്സകാരികള്‍, വ്യാജസിദ്ധന്‍മാര്‍ എന്നു വേണ്ട മരുന്നും മന്ത്രവുമില്ലാതെ അത്ഭുതങ്ങള്‍ പ്രവചിക്കുകയും രോഗശാന്തിയും മനഃശാന്തിയും വാഗ്‌ദാനം ചെയ്യുകയും ചെയ്യുന്ന ഏതൊരാളുണ്ടോ, അവിടേക്കെല്ലാം രോഗികളൊഴുന്നു.
മണിക്കൂറുകള്‍ കാത്തുകെട്ടിക്കിടക്കുന്നു. ഭീമമായ കണ്‍സള്‍ട്ടിംഗ് ഫീസും വിലകൂടിയ മരുന്നും വാങ്ങി മടങ്ങുന്നു. ഒരൊറ്റ ആശ്ലേഷത്തിനു വേണ്ടി ദിവസങ്ങള്‍ തന്നെ ക്ഷമയോടെ കത്തിരിക്കാനും അവര്‍ക്കു മടിയില്ല. കൂനുകള്‍ പോലെ ചികിത്സാലയങ്ങള്‍ ഉദിച്ചു പൊങ്ങുന്നു. അവയെല്ലാം പച്ചപിടിച്ച് ചിറകുവിരിച്ച് പറക്കുന്നു. ഈ രംഗത്ത് നിലച്ചുപോകുന്ന സ്ഥാപനങ്ങളില്ലെന്നതാണ് വലിയ സത്യം. വിശ്വസിച്ച് മുതല്‍മുടക്കാവുന്ന ഏക ബിസിനസ് സാമ്രാജ്യമെന്ന് ചുരുക്കം.
മരണത്തെ കണ്ട് ഞെട്ടല്‍ മാറാത്ത തുരുമ്പിച്ച ആശുപത്രി കട്ടിലുകള്‍, അമര്‍ത്തിയ വേദനകളമരാതെ അവയില്‍ നിന്നും പുറത്തേക്ക് വീഴുന്ന ഞെരുക്കങ്ങള്‍, നീളന്‍വരാന്തകളുടെ വിജനമായ ഇടവഴിയില്‍ നിന്നും മരണത്തിന്റെ പിറുപിറുപ്പ്, ഒന്നിനു പിറകെ മറ്റൊന്നായി എത്തുന്ന രോഗികള്‍, രോഗികളുടെ മുഖവും പ്രായവും മാത്രമേ മാറുന്നൊള്ളൂ. കുഷ്‌ഠരോഗാശുപത്രികളില്‍ മെഡിക്കല്‍കോളജ് ആതുരാലയങ്ങളില്‍, പെയിന്‍ ആന്റ് പാലിയേറ്റീവ് പരിചരണ കേന്ദ്രങ്ങളില്‍, വൃദ്ധ സദനങ്ങളില്‍, പ്രതീക്ഷകളസ്‌തമിച്ചിട്ടും മരണവും മരുന്നും മണക്കുന്ന വീടുകളുടെ അകത്തളങ്ങളില്‍, എല്ലാം നാം അവരുടെ അനുഭവ ദൈന്യം പങ്കുവെക്കപ്പെടുന്നവരെ കണ്ടുമുട്ടുന്നു.
ഇത്രയധികം രോഗികളുണ്ടോ ഈ ഭൂമുഖത്ത്? ഇത്രയധികം ജനങ്ങള്‍ രോഗശന്തിക്കായി പ്രാര്‍ഥനകളോടെയും ഏകാഗ്രതയോടെയും വിവിധ ചികിത്സാവിധികളെ അവലംബിക്കുന്നുണ്ടോ? ജീവിത സംസ്‌കാരത്തിന്റെ വ്യതിയാനങ്ങള്‍ക്കനുസരിച്ച് പരിസ്ഥിതിയുടെ ഭീകരാവസ്ഥ മൂലം പുതിയ പുതിയ അസുഖങ്ങള്‍ ജനിക്കുന്നു. ആധുനിക ടെക്‌നോളജി വികസനത്തിന്റെ വിസ്‌മയകഥകള്‍ തന്നെ പറയുന്നുണ്ടെങ്കിലും ശാസ്‌ത്രത്തിനു തോല്‍പ്പിക്കാന്‍ കഴിയാത്ത അസുഖങ്ങള്‍ മനുഷ്യനെ കീഴ്‌പ്പെടുത്തി മുന്നേറിക്കൊണ്ടിരിക്കുന്നു.
അറുനൂറ് കോടി മനുഷ്യരാണ് ഈ മുഖത്തുള്ളത്. അതില്‍ ഇരുപതു കോടിയോളം പ്രമേഹ രോഗികള്‍ തന്നെയുണ്ട്. ഇന്ത്യയില്‍ മാത്രം മൂന്നു കോടി പ്രമേഹ രോഗികളുണ്ട്. 2030ല്‍ ഇത് എട്ടു കോടി വരുമെന്നും വരും വര്‍ഷങ്ങളില്‍ ഇന്ത്യയുടെ ഗുരുതരമായ ആരോഗ്യ പ്രശ്‌നമായവും പ്രമേഹമെന്നുമാണ് അന്താരാഷ്‌ട്ര പ്രമേഹ ഫൗണ്ടേഷന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
2010 ആകുമ്പോഴേക്കും ലോകത്തിലെ ഹൃദ്രോഗികളില്‍ പകുതിയിലധികവും ഇന്ത്യക്കാരായിരിക്കും. പശ്ചാത്യ രാജ്യങ്ങളില്‍ അറുപത് വയസില്‍ താഴെയുള്ളവരുടെ ഹൃദയാഘാത മരണങ്ങള്‍ ഇരുപത്തിരണ്ടു ശതമാനമാണെങ്കില്‍ ഇന്ത്യയിലിത് അമ്പത് ശതമാനത്തിനു മുകളിലാണെന്ന മുന്നറിയിപ്പ് തരുന്നത് ലോകാരോഗ്യ സംഘടനയാണ്.
ഇന്ത്യയിലെ ഹൃദ്രോഗികളില്‍ 75 ശതമാനം പുകവലിക്കാരാണ്. ഹൃദ്രോഗം, മസ്‌തിഷ്‌കാഘാതം തുടങ്ങിയ ഗുരുതരമായ പല രോഗങ്ങള്‍ക്കും പ്രധാന കാരണമായ കൊളസ്‌ട്രോളും പലപ്പോഴും നിശബ്‌ദ ഘാതകനായി മാറുന്നുണ്ട്.
അഞ്ചു കോടി എച്ച് ഐ വി ബാധിതരുണ്ട് ലോകത്ത്. 35 ലക്ഷം എച്ച് ഐ വി ബാധിതരായ സ്‌ത്രീകളും. പതിനെട്ടിനും 30 വയസിനുമിടയിലാണ് ഇവരുടെ പ്രായം. 1981 മുതല്‍ ഹ്യൂമണ്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ് എന്ന രോഗാണു മൂലം ദുരിതമനുഭവിക്കുകയും മരണത്തിന്റെ കൈയൊതുക്കത്തിലേക്ക് പ്രതിവര്‍ഷം നടന്നടുക്കുകയും ചെയ്യുന്നത് ലക്ഷങ്ങളാണ്. മനുഷ്യരാശിയുടെ നിലനില്‍പിനു തന്നെ ഭീഷണി സൃഷ്‌ടിച്ച എയ്‌ഡ്‌സ് രോഗത്തിനു മുമ്പില്‍ ഇന്നും പ്രതിവിധിയില്ലാതെ പകച്ചു നില്‍ക്കാനെ വൈദ്യശാസ്‌ത്രത്തിനാകുന്നുള്ളൂ.
ലോകജനസംഖ്യയുടെ 40 ശതമാനത്തോളം ഇന്നും മലമ്പനി രോഗത്തിന് അടിമകളാകുന്നു. പ്രതിവര്‍ഷം അമ്പത് കോടിയോളം ജനങ്ങളെ മലമ്പനിപിടിപെടുകയും പത്തു ലക്ഷത്തോളം ആളുകള്‍ മരിക്കുകയും ചെയ്യുന്നു. ക്യാന്‍സര്‍ രോഗത്തെക്കുറിച്ചുള്ള പരീക്ഷണത്തിനും ഗവേഷണത്തിനുമാണ് ലോകം ഏറ്റവും കൂടുതല്‍ സമ്പത്ത് ചെലവഴിച്ചിട്ടുള്ളത്. അതിന്റെ ചികിത്സാരീതിയില്‍ ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടായി എങ്കിലും ഇന്നും ഒരു വലിയ ജനവിഭാഗത്തിന്റെ പേടി സ്വപ്‌നമായി ഈ രോഗം അവശേഷിക്കുന്നു.
മുപ്പതുവര്‍ഷം മുമ്പുണ്ടായിരുന്നതിനേക്കാള്‍ 30 ശതമാനം വര്‍ധനവാണ് ഈ രോഗത്തിന്റെ വ്യാപനത്തല്‍ ഇന്നുമുള്ളത്. പ്രതിവര്‍ഷം പന്ത്രണ്ട് ലക്ഷത്തോളം ക്യാന്‍സര്‍ രോഗമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനു പുറമെ, പകര്‍ച്ചവ്യാധികളായ ജപ്പാന്‍ ജ്വരം, മഞ്ഞപ്പനി, ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, മഞ്ഞപ്പിത്തം, എലിപ്പനി തുടങ്ങി പുതിയ പേരുകളിട്ട് വിളിക്കുന്ന നിരവധി രോഗങ്ങളും ദിനം പ്രതിയെന്നോണം എത്തിക്കൊണ്ടുമിരിക്കുന്നു.
രോഗങ്ങള്‍ക്കു പഞ്ഞമില്ല, രോഗികള്‍ക്കു അവക്കുള്ള ചികിത്സാ കേന്ദ്രങ്ങള്‍ക്കു ക്ഷാമവുമില്ല, ജനസംഖ്യയിലെ വലിയൊരു ശതമാനവും ഇങ്ങനെ ആശുപത്രികളോടും മരുന്നുകളോടും സല്ലപിച്ചു കഴിയുന്നു. അവന്റെ അദ്ധ്വാനത്തിന്റേയും കുടുംബത്തിന്റെ വരുമാനത്തിന്റേയും വലിയൊരു പങ്ക് ഇതിലേക്കു മാറ്റിവെക്കുന്നു. ദരിദ്രരും സാധാരണക്കാരും അതിനാകാതെ അന്യരുടെ കാരുണ്യത്തിനും കൈനീട്ടുന്നു. പത്രത്താളുകളില്‍ കനിവുള്ളവരുടെ കാരുണ്യം തേടുന്ന ചിത്രങ്ങള്‍ നിറയാത്തതെന്നാണ്? ചികിത്സക്കുവേണ്ടി വീടും പറമ്പും പണയപ്പെടുത്തുന്നവര്‍, പലിശക്കും വട്ടിക്കും പണംകടം വാങ്ങുന്നവര്‍.
എന്നിട്ടും തികയാതെ ഇനി എന്തു ചെയ്യണമെന്നറിയാതെ നെടുവീര്‍പ്പിടുന്നവര്‍, നമുക്ക് ചുറ്റും ഇത്തരം മുഖച്ഛായകളുള്ളവര്‍ നൂറുക്കണക്കിനല്ലെ? എന്നാല്‍, രോഗമേതായാലും ചികിത്സ എന്ത് തന്നെയായാലും ഈ സാമ്പാദ്യം ചെലവഴിക്കപ്പെടുന്നത് പാഴായിപ്പോകുന്ന ശ്രമങ്ങള്‍ക്ക് വേണ്ടിയായാലോ?
അതെ, അതാണ് കേരളീയരിലെ വലിയൊരു വിഭാഗത്തിന്റേയും അനുഭവം. പലപ്പോഴുംചികിത്സക്കു വേണ്ടി വിനിയോഗിക്കുന്ന തുക വെറുതെയാകുന്നു. രോഗം ഏതു തന്നെയാകട്ടെ, ചികിത്സയുടെ കാര്യത്തില്‍ ഏറെ പ്രധാന്യവുമര്‍ഹിക്കുന്ന ഒന്നാണ് നേരത്തെയുള്ള രോഗനിര്‍ണയം. തുടക്കത്തിലെയുള്ള ചികിത്സ. ചികിത്സയുടെ വിജയവും പരാജയവും എല്ലായ്‌പ്പോഴും അതിനെ ആശ്രയിച്ചിരിക്കും.
ക്യാന്‍സര്‍ രോഗത്തിന്റെ കാര്യം തന്നെയെടുക്കാം. രോഗം പിടിപെട്ട അവയവത്തില്‍ തന്നെ രോഗം ഒതുങ്ങി നില്‍ക്കുന്ന അവസ്ഥയാണ് ആദ്യഘട്ടം. ഈ അവസ്ഥയില്‍ അസുഖം കണ്ടെത്തിയാല്‍ 90 ശതമാനവും ചികിത്സിച്ചു ഭേദമക്കാന്‍ കഴിയുന്നു. സമീപ അവയവങ്ങളിലേക്കു കൂടി രോഗം വ്യാപിക്കുന്ന രണ്ടാമത്തെ ഘട്ടത്തിലാണ് കണ്ടെത്തുന്നതെങ്കില്‍ അറുപത് ശതമാനമാളുകളിലാണ് ചികിത്സ ഫലപ്രദമാകുക. ഇതും കഴിഞ്ഞുള്ള മൂന്നാമത്തെ ഘട്ടത്തില്‍ ചികിത്സ തുടങ്ങുമ്പോള്‍ പത്തു ശതമാനമാളുകള്‍ക്കേ ജീവിതത്തിലേക്ക് നടന്നു കയറാന്‍സാധിക്കൂ.
എന്നാല്‍, എണ്‍പതു ശതമാനം അര്‍ബുദ രോഗികളും ആദ്യത്തെ രണ്ടു ഘട്ടം കഴിഞ്ഞേ ചികിത്സക്കെത്തൂന്നുള്ളൂ. അപ്പോഴാകട്ടെ ചികിത്സ ഫലപ്രദമല്ല തന്നെ. എന്ന് കരുതി ആരും ചികിത്സ നിര്‍ത്തുന്നില്ല. സാന്ത്വനചികിത്സയില്‍ ഒതുക്കുന്നില്ല, ഉള്ളതെല്ലാം വിറ്റു പെറുക്കിയും മറ്റും നടത്തുന്ന ഈ ശ്രമങ്ങളെല്ലാം പാഴ്‌ശ്രമങ്ങളായി മാറുന്നു. എച്ച് ഐ വി ബാധിതരായ ഒരാളില്‍ ആദ്യ ലക്ഷണങ്ങള്‍ ആറുമാസത്തിനിടെ കണ്ടു തുടങ്ങുന്നു. പിന്നെ ആരോഗ്യമുള്ള ഒരാളില്‍ പത്തുവര്‍ഷം വരെ കാര്യമായ ലക്ഷണങ്ങളൊന്നും കണ്ടു കൊള്ളണമെന്നില്ല. പ്രത്യക്ഷത്തില്‍ അയാള്‍ രോഗവാഹകനാണെന്ന് തിരിച്ചറിയാനുള്ള അടയാളങ്ങളുമില്ല.
എന്നാല്‍ , കേരളത്തിലുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഉഷസ് കേന്ദ്രങ്ങളില്‍ എച്ച് ഐ വി ബാധിതര്‍ക്കുള്ള സൗജന്യ ആന്റി റിട്രോ വൈറല്‍ ചികിത്സ സ്വീകരിക്കുന്നതിലൂടെ അയാള്‍ക്ക് പത്തു മുതല്‍ പതിനഞ്ച് വര്‍ഷത്തോളം ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാന്‍ കഴിയുന്നു. രോഗം ഏത് എന്നതിനേക്കാള്‍ മെച്ചപ്പെട്ട ചികിത്സ ശരീരമാവശ്യപ്പെടുന്ന സമയത്തു നല്‍കുന്നുണ്ടോ എന്നതാണ് പ്രധാനം.
കേവലം ഒരു പനി വന്ന് ആളുകള്‍ മരിച്ചു പോകുന്നില്ലേ, മഞ്ഞപ്പിത്തം മൂത്ത് മരണംസംഭവിക്കുന്നില്ലേ... മാരകമായ രോഗങ്ങളില്‍ നിന്നും ഒരിക്കലും രക്ഷപ്പെടില്ലെന്ന് ഡോക്‌ടര്‍മാര്‍ വിധിയെഴുതിയവര്‍ ജീവിതത്തിലേക്ക് പുഞ്ചിരിയോടെ നടന്നടുക്കുന്നില്ലേ, ഇതെല്ലാം സംഭവിക്കുന്നതും ചികിത്സയോട് രോഗികള്‍കാണിക്കുന്ന അഭിനിവേശവും അവഗണനയും കൊണ്ടുതന്നെയാണ്.
ആരോഗ്യത്തെക്കുറിച്ച് വളരെ ശ്രദ്ധാലുക്കളാണ് നമ്മള്‍. കുട്ടികളുടെ ആരോഗ്യത്തിനും വലിയ പ്രധാന്യംനല്‍കുന്നു. അവര്‍ക്ക് രോഗം വരാതിരിക്കാന്‍ അങ്ങേയറ്റം ശ്രമിക്കുന്നു. ഏറ്റവും അടുപ്പമുള്ളവര്‍ക്ക് ഒരു പനി വന്നാല്‍ നമുക്കത് സഹിക്കില്ല. എന്നാല്‍, സ്വന്തം കാര്യങ്ങളില്‍ പലര്‍ക്കും ഈ ശ്രദ്ധയില്ല. അതുകൊണ്ടു തന്നെ മലയാളികള്‍ക്കിന്ന് എല്ലാരോഗവും സുപരിചിതമാണ്. അസുഖം പിടിപെട്ടാല്‍ ഡോക്‌ടറെ ചെന്നു കാണുന്നു, വില കൂടിയ മരുന്നുകള്‍ വാങ്ങുകയും കഴിക്കുകയും ചെയ്യുന്നു. അതിനേക്കാള്‍ വില കൂടിയ ഉപദേശങ്ങള്‍ ഒരു ചെവിയിലൂടെ കേട്ട് നിസ്സാരമായി തള്ളിക്കളയുന്നു. മിക്ക രോഗങ്ങളും നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍ നിന്നും ജീവിക്കുന്ന ചുറ്റുപാടില്‍ നിന്നും ലഭിക്കുന്നവയാണ്. ചിലര്‍ക്ക് പാരമ്പര്യമായും പകര്‍ന്ന് കിട്ടുന്നു.കാസര്‍കോട് ജില്ലയിലെ പതിമൂന്ന് പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കശുമാവിന്‍ തോട്ടത്തിന്റെ പരിസരങ്ങളെ മരണത്താഴ്‌വര എന്നു വിളിക്കേണ്ടി വന്നത് ഇവിടെ എന്‍ഡോസള്‍ഫാനെന്ന വിഷദ്രാവകം തെളിച്ചതു കൊണ്ടായിരുന്നു. ഇന്നും ഇവിടെ ജനിതക തകരാറുമായി കുഞ്ഞുങ്ങള്‍ ജനിച്ചുവീഴുന്നു. അംഗവൈകല്യത്തോടെ പിറക്കുന്നവരുടെ എണ്ണവും ക്രമാതീതമായി ഉയരുന്നു.
ത്വക് രോഗങ്ങള്‍ കൂടുന്നു, സ്‌ത്രീകളില്‍ ആര്‍ത്തവ സംബന്ധമായ ക്രമക്കേടുകള്‍ ഉണ്ടാകുന്നു, പലര്‍ക്കും ആപത്‌കരമായ ആസ്‌തമയുണ്ട്. കുഞ്ഞുങ്ങളുടെ വളര്‍ച്ച മുരടിക്കുന്നു. സ്‌ത്രീപുരുഷ വന്ധ്യതയും ഗര്‍ഭമലസലും മിക്ക വീടുകളുടേയും ശാപമായി മാറിയിരിക്കുന്നു. ഇവര്‍ എന്‍ഡോസള്‍ഫാന്റെ ഇരകളെങ്കില്‍ കഴിക്കുന്ന ആഹാരത്തില്‍ നിന്നു തന്നെയല്ലെ, നമുക്കും പലരോഗങ്ങളും തിരിച്ചു കിട്ടിക്കൊണ്ടേയിരിക്കുന്നത്.
ഭക്ഷണക്കാര്യത്തില്‍ നമുക്ക് ഒരു ശ്രദ്ധയുമില്ല. കിട്ടുന്നതെന്തും വാരിവലിച്ചു കഴിക്കുന്ന മലയാളീശീലത്തിന് അറുതിയുണ്ടായിട്ടുമില്ല. മത്സ്യം, മാംസം,മുട്ട, എണ്ണ കൂടുതലായുപയോഗിക്കുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ വര്‍ജിക്കണമെന്നാണ്. ആരോഗ്യ പ്രവര്‍ത്തകരും അത് നിരുത്സാഹപ്പെടുത്തുന്നു. കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ ഡോക്‌ടര്‍ ഈ ശീലം ഉപേക്ഷിക്കുവാനും ആവശ്യപ്പെടുന്നുണ്ട്. അമിതമായ മൃഗക്കൊഴുപ്പ്, അച്ചാറുകളുടെ വര്‍ധിത ഉപയോഗം, എരിവ്, പുളി, മസാല എന്നിവയുടെ ഉപയോഗവും നന്നല്ല. മൃഗക്കൊഴുപ്പ് അച്ചാറുകളുടെ ഉപയോഗം എന്നിവ ക്യാന്‍സറിന് പോലും കാരണമാകുന്നു. എണ്ണയില്‍ വറുത്തവയും ബേക്കറി പലഹാരങ്ങളും തടി കൂടാന്‍ കാരണമാകുന്നു. അമിതമായി ഉറങ്ങരുത്. ഉച്ചയുറക്കവും തടിവര്‍ധിപ്പിക്കും, ഭക്ഷണം നിയന്ത്രിക്കാതെ വ്യായാമത്തെ മാത്രം ആശ്രയിച്ചിട്ടും കാര്യമില്ല.
എന്നാല്‍, വ്യായാമം ചെയ്യാന്‍ പലര്‍ക്കും മടിയാണ്. ശാരീരികധ്വാനമില്ലാത്ത ജോലി ചെയ്യുന്നവരിലും വ്യായാമമില്ലാത്തവരിലും ഹൃദ്രോഗ സാധ്യത ഇരട്ടിയാണ്. വ്യായാമമുള്ളയാളുടെ ഹൃദയത്തിന് അതില്ലാത്തയാളുടെതിനേക്കാള്‍ ഒന്നര മടങ്ങിലധികം അദ്ധ്വാനം കുറവാണ് എന്നതാണ് ഇതിനു കാരണം. ഹൃദയത്തിന് ജോലി ഭാരം കൂടുന്നതിനനുസരിച്ച് ഹൃദയപേശികള്‍ക്ക് ബലക്ഷയം സംഭവിക്കുന്നുണ്ട്. ഇത് ക്രമേണ ഹൃദയാഘാതത്തിലേക്കുള്ള വാതില്‍ തുറന്നിടുകയാണ്.
ചുരുക്കത്തില്‍ മിക്ക രോഗങ്ങളേയും നമ്മളോ നമ്മുടെ പരിസ്ഥിതിയോ ബോധപൂര്‍വം സൃഷ്‌ടിച്ചെടുക്കുന്നവയാണ്. അലസത ഇതിന്റെ സാധ്യതകളെ ഊട്ടിയുറപ്പിക്കുന്നു. മഹാരോഗങ്ങളെക്കുറിച്ചും അതിന്റെ ആരംഭസൂചനകളെക്കുറിച്ചും എല്ലാവര്‍ക്കും ഏകദേശധാരണയുണ്ട്. എന്നാല്‍, അവ കണ്ടെത്തിയാലും രോഗനിര്‍ണയം നടത്താന്‍ തൊണ്ണൂറ്‌ശതമാനമാളുകളും ഒരുക്കമല്ല. ഈ അലംഭാവം തന്നെയണ് മിക്ക രോഗങ്ങളുടേയും അവസ്ഥകളെ ഭീകരമാക്കിത്തീര്‍ക്കുന്നത്.
വൈകി ശ്രമിക്കുന്ന പല പ്രയത്‌നങ്ങളേയും പാഴ്‌ശ്രമങ്ങളാക്കി മാറ്റുന്നതും, ഇങ്ങനെ നിഷ്‌പ്രഭമായ ഒരു ചികിത്സക്കുവേണ്ടി നവ വിഭവശേഷിയുടെ വലിയൊരു ശതമാനമാണ് പാഴാക്കിക്കളയുന്നത്. അതേക്കുറിച്ച് ആരും ബോധവാന്‍മാരല്ല തന്നെ. ഡോക്‌ടര്‍മാരും ഗവേഷകരും ആരോഗ്യപ്രവര്‍ത്തകരുമെല്ലാം ചികിത്സാ രംഗത്തും ബോധവത്‌ക്കരണ രംഗത്തും പ്രവര്‍ത്തിക്കുമ്പോഴും ഗൗരവപൂര്‍വം ആലോചിക്കേണ്ടതും സാധാരണക്കാരേയും മറ്റും ആഴത്തില്‍ ഉണര്‍ത്തിക്കേണ്ടതും ഈ കാര്യത്തെക്കുറിച്ചാണ്. ഇനിയെങ്കിലും ശ്രദ്ധിക്കേണ്ടതും ഇതിനാണ്.
No comments:
Post a Comment