Saturday, December 18, 2010
മലപ്പുറം ക്രാഫ്റ്റ് മേള തുടങ്ങി
മലപ്പുറം: കോട്ടക്കുന്നിനെ ഉത്സവലഹരിയിലാക്കി മലപ്പുറം ക്രാഫ്റ്റ്‌മേളയ്ക്ക് വര്‍ണാഭമായ തുടക്കം. കോട്ടക്കുന്ന് ഓപ്പണ്‍ എയര്‍ സ്റ്റേജില്‍ നടന്ന ചടങ്ങില്‍ മന്ത്രി എളമരം കരീം മേള ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള കരകൗശല വ്യവസായ മേഖലയുടെ സമഗ്ര വികസനമാണ് ക്രാഫ്റ്റ്‌മേള ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ഹരിയാനയിലെ സൂരജ്കുണ്ടില്‍ നടന്നുവരുന്ന ക്രാഫ്റ്റ്‌മേളയുടെ ചുവടുപിടിച്ചാണ് മലപ്പുറത്തും ഇത്തരം മേളകള്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടത്തുന്ന ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന് ആവേശം പകരാന്‍ ഇക്കാലയളവില്‍ എറണാകുളത്ത് ബാംബൂ ഉത്പന്നങ്ങളുടെയും കണ്ണൂരില്‍ ടെക്‌സ് ഫെഡിന്റെയും മേളകള്‍ നടത്തുന്നുണ്ട്. ഇതോടൊപ്പം ബേപ്പൂര്‍ ഫെസ്റ്റും തൃശ്ശൂരിലെ അഗ്രിഫെസ്റ്റും സംഘടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ എം. ഉമ്മര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മേളയോടനുബന്ധിച്ച് കോട്ടക്കുന്നില്‍ ഒരുക്കിയ അന്താരാഷ്ട്ര പവലിയന്റെ ഉദ്ഘാടനം ഇന്ത്യയിലെ ഈജിപ്ഷ്യന്‍ അംബാസിഡര്‍ ഖാലിദ് എല്‍. ബറ്റ്‌ലി നിര്‍വ്വഹിച്ചു. വ്യവസായ വാണിജ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി. ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട്, മലപ്പുറം നഗരസഭാ ചെയര്‍മാന്‍ കെ.പി. മുസ്തഫ, ശ്രീലങ്കന്‍ നാഷണല്‍ ക്രാഫ്റ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ബുദ്ധികീര്‍ത്തി സേന എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മേളയില്‍ അഫ്ഗാനിസ്താന്‍, ശ്രീലങ്ക, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നായി 47 കരകൗശല വിദഗ്ധരും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍നിന്ന് 225 പേരും കേരളത്തില്‍നിന്ന് 160 പേരും പങ്കെടുക്കും. 190 കുടിലുകളിലായി ക്രമീകരിച്ച പ്രദര്‍ശനനഗരിയില്‍ ഐ.എച്ച്.ടി.ടി, ജില്ലാ വ്യവസായ കേന്ദ്രം തീര പവലിയനും മലബാറിന്റെ തനത് രുചിയൂറുന്ന ഭക്ഷണ വിഭവങ്ങളുടെ 12 ഫുഡ് കോര്‍ട്ടുകളും ഒരുക്കിയിട്ടുണ്ട്. 30 കൈത്തറി സ്റ്റാളുകളും മേളയുടെ ആകര്‍ഷണമാണ്. മേള അവസാനിക്കുന്നതുവരെ എല്ലാ ദിവസവും വിവിധ കലാപരിപാടികളും നടക്കും. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് മൂന്നുമുതല്‍ ഒമ്പതുവരെയാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം. കലാപരിപാടികള്‍ വൈകീട്ട് ആറുമണിമുതല്‍ നടക്കും.
Subscribe to:
Post Comments (Atom)
No comments:
Post a Comment