Saturday, December 18, 2010

പൊലീസ് വേഷം ധരിച്ച് പണം തട്ടിയ കേസിലെ പ്രതികള്‍ പിടിയില്‍


പാണ്ടിക്കാട്: പൊലീസ് വേഷമണിഞ്ഞ് വാഹനം തടഞ്ഞുനിര്‍ത്തി കുഴല്‍പ്പണം തട്ടുന്ന കേസിലെ രണ്ട് പ്രതികളെ കൂടി പാണ്ടിക്കാട് സി.ഐ എം. ഉല്ലാസ് കുമാറും സംഘവും പിടികൂടി. കോട്ടയം ജില്ലക്കാരായ സംക്രാന്തി സ്വദേശി തിരുട്ടുമാലിയില്‍ അബ്ദുല്‍സലാം (51) നനാടന്‍ സ്വദേശി കളത്തില്‍ ജോയി (41) എന്നിവരാണ് അറസ്റ്റിലായത്.
ബുധന്‍ രാത്രി 8.30ന് പെരിന്തല്‍മണ്ണ മണ്ണാര്‍ക്കാട് റോഡില്‍ പുതിയ തട്ടിപ്പ് ആസൂത്രണം ചെയ്യുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. 2009 ഡിസംബര്‍ 12ന് പട്ടിക്കാട് ചുങ്കത്ത് ബൈക്കില്‍ പണവുമായി പോവുകയായിരുന്ന തൂത സ്വദേശി പുത്തന്‍ പുരക്കല്‍ ശംസുദ്ദീനെ തടഞ്ഞുനിര്‍ത്തി പ്രതികള്‍ രണ്ടേമുക്കാല്‍ ലക്ഷം തട്ടിയെടുത്തിരുന്നു. പെരിന്തല്‍മണ്ണ സ്വദേശിയായ വാടയില്‍ ഫിറോസ് മേലാറ്റൂര്‍ ഒലിപ്പുഴയിലുള്ള ബന്ധുവിന് സ്ഥലം വിറ്റ വകയില്‍ ലഭിച്ച പണം ഫിറോസ് വശം കൊടുത്തയക്കുമ്പോഴാണ് പ്രതികള്‍ തട്ടിയെടുത്തത്.
കാറിലും ബൈക്കിലുമായി ആറുപേരടങ്ങുന്ന സംഘമാണ് ഉണ്ടായിരുന്നത്. ഇതില്‍ കാറും കാറിലുണ്ടായിരുന്ന കോട്ടയം സ്വദേശികളായ എട്ടേമുക്കാല്‍ മനോമോഹന്‍ എന്ന മനോജ്, തടത്തില്‍ വിജയന്‍, പുലിയാട്ട് അശോകന്‍, തമിഴ്‌നാട് സ്വദേശി ഈശ്വരന്‍ എന്നിവരെയും മേലാറ്റൂര്‍ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. ബൈക്കിലുണ്ടായിരുന്ന പ്രതികളാണ് ഇപ്പോള്‍ പിടിയിലായത്. സംഭവം കഴിഞ്ഞ് എറണാകുളത്ത് ഒളിച്ച് താമസിക്കുകയായിരുന്നു ഇവര്‍. കോഴിക്കോട് സ്വദേശിയായ ഒരാള്‍ നല്‍കുന്ന വിവരമനുസരിച്ചാണ് പ്രതികള്‍ കുഴല്‍പണം കൊണ്ടുപോകുന്നവരെ തടഞ്ഞുനിര്‍ത്തി പണം തട്ടിയിരുന്നത്.

No comments:

Post a Comment