അറിയാനുള്ള അവകാശ നിയമം 2005 (വിവരവകാശ നിയമം 2005) എന്ത്, എന്തിന് ?
രാജ്യഭരണം,പ്രഭുഭരണം,ഏകാധിപത്യഭരണം,ജനാധിപത്യഭരണം എന്നിങ്ങനെ ലോകത്ത് വിവിധ തരത്തിലുള്ള ഭരണസമ്പ്രദായങ്ങളുണ്ട്. ഇവയിൽ ഏറ്റവും പുരോഗമനവും പരക്കെ അംഗീകരിക്കപെട്ടതുമായ ഭരണസമ്പ്രദായമാണ് ജനാധിപത്ത്യം. ജനങ്ങൾ,ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ ഭരിക്കുന്ന സംവിധാനം. ജനങ്ങളുടെ ആധിപത്ത്യമാണിത്,മറിച്ച് ജനങ്ങളുടെ മേലുള്ള ആധിപത്ത്യമല്ല. ജനങ്ങളാണ് രാഷ്ട്രത്തിന്റെ പരമാധികാരികൾ.
സർക്കാരും സർക്കാർ ഓഫീസുകളും മറ്റു പൊതുസ്ഥാപനങ്ങളും ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് പ്രവർത്തിക്കുന്നത് എന്നതിനാൽ ഈ പണം എങ്ങിനെ വിനിയോഗിക്കുന്നു എന്നറിയാനുള്ള പൂർണ്ണ അവകാശം ഏതൊരു പൌരനുമുണ്ട്. ഇപ്രകാരം വിവരം ലഭിക്കുന്നതിനുള്ള വിപ്ലവകരമായ നിയമമാണ് കേന്ദ്ര സർക്കാർ പാസാക്കിയ അറിയാനുള്ള അവകാശ നിയമം 2005
(വിവരവകാശ നിയമം 2005).
നിയമം എന്ന് നിലവിൽ വന്നു ?
2005 മെയ് 11നു ലോകസഭ പാസാക്കിയ അറിയനുള്ള അവകാശ നിയമത്തിന് ജുൺ 15ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. നിയമം പൂർണമായി ഒക്ടോബർ 12 മുതൽ രാജ്യ് ത്തെങ്ങും (ജമ്മു കാശ്മീർ ഒഴികെ) നിലവിൽ വന്നു. നിയമപ്രകാരം പൊതു അധികാരികൾ സ്വമേധയാലോ പൌരന്മാർ ആവശ്യപ്പെടുന്നതനുസരിച്ചോ വിവരങ്ങൾ നൽകണം.
ആരാണ് പെതു അതികാരി ?
പൊതു അധികാരിയെന്നാൽ ഭരണഘടനാപ്രകാരമോ ലോകസഭയുടെയോ നിയമസഭയുടെയോ നിയമം വഴിയോ സർക്കാർ ഉത്തരവ് വഴിയോ നിലവിൽ വന്നതോ രൂപീകരിച്ചതോ ആയ അധികാരിയോ സ്ഥാപനമോ ആണ്. സർക്കാരിൽ നിന്നും ഏതെങ്കിലും തരത്തിൽ സഹായധനം ലഭിക്കുന്ന സർക്കാർ ഇതര സ്ഥാപനങ്ങളും,സംഘടനകളും പൊതു അതികാരി എന്നതിന്റെ നിർവജനത്തിൽപ്പെടും.
എന്താണ് വിവരം ?
‘വിവര’മെന്ന് നിയമത്തിൽ നിർവചിച്ചിട്ടുള്ളത് ഒരു പൊതു അതികാരിക്ക് ഏതു രൂപത്തിലും ലഭിക്കാവുന്ന രേഖകൾ,ആധാരങ്ങൾ,മെമ്മോകൾ,ഇ-മെയിലുകൾ,അഭിപ്രായക്കുറിപ്പുകൾ,പ്രസ്സ് റിലീസുകൾ,സർക്കുലറുകൾ,ഉത്തരവുകൾ,ലോഗ്ബുക്കുകൾ,കരാറുകൾ,റിപ്പോർട്ടുകൾ,കടലാസുകൾ,സാമ്പിളുകൾ,മാത്യകകൾ,ഇലക്ട്രോണിക് രൂപത്തിൽ സൂക്ഷിച്ചുവച്ചിരിക്കുന്ന വിവരങ്ങൾ എന്നിവയാണ്.
വിവരങ്ങൾ സ്വമേധയാ വെളിപ്പെടുത്തണം
ഈ നിയമം നിലവിൽ വന്ന് 120 ദിവസങ്ങൾക്കകം ഓരോ പൊതുഅധികാരിയും തന്റെ ഓഫീസിന്റെ ഘടന,ചുമതല,കർത്തവ്യങ്ങൾ,ഉദ്യോഗസ്ഥരുടെ അധികാരങ്ങൾ,കടമകൾ,ചുമതലകൾ നിർവഹിക്കുന്നതിനുള്ള വ്യവസ്ഥകൾ,ചട്ടങ്ങൾ,റഗുലേഷനുകൾ,സൂക്ഷിക്കുന്ന ആധാരങ്ങളുടെയും മറ്റും വിവരങ്ങൾ,ബോർഡുകളുടെയും കമ്മിറ്റികളുടെയും വിവരങ്ങൾ,അവരുടെ പ്രധിമാസ ശമ്പളം, ഓഫീസിനും അധിന്റെ കീഴിലുള്ള ഓരോ ഏജൻസിക്കും ലഭിച്ച ബജറ്റ് വിഹിതം, സബ്സിഡി, പദ്ധതികളുടെ പൂർണ്ണവിവരങ്ങൾ, ആനുകൂല്യങ്ങൾ ലഭിച്ചവരുടെ വിശദാംശങ്ങൾ,ലഭിച്ച തുക, അനുവദിക്കുന്ന പെർമിറ്റുകൾ, സൌജന്യങ്ങൾ മുതലായവ ലഭിച്ചവരുടെ വിശദാംശങ്ങൾ,സ്ഥപനം സൂക്ഷിക്കുന്ന രജിസ്റ്റരുകളുടെ കണക്കുകൾ,പൌരന്മാർക്ക് വിവരങ്ങൾ അറിയുന്നതിനു ഏർപെടുത്തിയിട്ടുള്ള സൌകര്യങ്ങൾ,പെതു ഇൻഫർമേഷൻ ഓഫീസർമാരുടെ പേർ,ഔദ്യേഗിക പദവി, തുടങ്ങിയവ പരസ്യപ്പെടുത്തേണ്ടതും, വർഷാവർഷം പുതുക്കേണ്ടതുമാണ്. ഇവയൊക്കെ ജനങ്ങൾക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന രൂപത്തിലാണ് വെളിപ്പെടുത്തേണ്ടത്.
നിയമമനുസരിച്ച് പൊതു അധികാരസ്ഥപനങ്ങൾ അവയുടെ എല്ലാ റെക്കോർഡുകളും രേഖകളും ക്രമമായി അടുക്കി നമ്പറിട്ട് സൂക്ഷിക്കണം. ന്യായമായ കാലവധിക്കുള്ളിൽ അവ കംപ്യൂട്ടറിലാക്കി നെറ്റ് വർക്കിലൂടെ രാജ്യത്ത് എല്ലയിടത്തും കിട്ടത്തക്കവിധം സജ്ജമാക്കുകയും വേണം. ഇതിനുപുറമെ പെതു ജനങ്ങളെ ബാധിക്കുന്ന നയങ്ങൾ രൂപീകരിക്കുമ്പോഴും തീരുമാനങ്ങൾ എടുക്കുമ്പോഴും അവയെ സംബന്ധിക്കുന്ന പ്രസക്തമായ എല്ലാ വസ്തുതകളും പരസ്യമാക്കണം.
വിവരം ലഭിക്കാൻ ആർക്ക് അപേക്ഷ നൽകണം ?
എല്ലാ സർക്കാർ ഓഫീസുകളിലും പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരെയും, അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരെയും നിയോഗിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു കാര്യത്തെക്കുറിച്ച് വിവരം ലഭിക്കേണ്ടവർ 10 രൂപ ഫീസ് സഹിതം ബന്ധപ്പെട്ട പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് നൽകണം. രേഖാമൂലമോ ഇലക്ടോണിക്ക് മാധ്യമം വഴിയോ അപേക്ഷ നൽകാം. അപേക്ഷ എഴുതി നൽകാൻ കഴിയാത്ത വ്യക്തി പറയുന്ന കാര്യങ്ങൾ രേഖപ്പെടുത്തി അപേക്ഷ തയ്യാറാക്കുന്നതിനു പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ സഹായിക്കണം അപേക്ഷകൾ വാങ്ങി പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർക്ക് കൈമാറുന്ന ജോലിയാണ് അസിസ്റ്റ്ന്റ് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർക്കുള്ളത്. അപേക്ഷകൻ വിവരം തേടുന്നത് എന്തിനാണെന്ന് വെളിപ്പെടുത്തേണ്ടതില്ല. ബന്ധപ്പെടുത്തുന്നതിനുള്ള വിലാസം മാത്രമേ അപേക്ഷയിൽ കാണിക്കേണ്ടതുള്ളൂ.
അപേക്ഷകന് വിവരങ്ങൾ എ4 വലിപ്പത്തിലുള്ള പേപ്പറിലാണ് ലഭിക്കേണ്ടതെങ്കിൽ ഓരോ പേജിനും രണ്ടു രൂപ വീതം നൽകണം.സാമ്പിളുകളും മോഡലുകളും ലഭിക്കുന്നതിന് അതിനുള്ള യഥാർഥ ചെലവ് നൽകേണ്ടതാണ്. രേഖകളുടെ പരിശോധനയ്ക്ക് ആദ്യത്തെ ഒരു മണിക്കൂറിന് ഫീസില്ല. അതിനു ശേഷമുള്ള ഓരോ 30 മിനിറ്റിനും അതിന്റെ അംശത്തിനും 10 രൂപ വീതമാണ് നൽകേണ്ടത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെ അതു തെളിയിക്കുന്ന രേഖകൾ ഹാജരാക്കുന്ന പക്ഷം ഫീസ് ഒടുക്കുന്നതിൽ നിന്നും ഒഴിവാക്കുന്നതാണ്.
വിവരം 30 ദിവസത്തിനകം നൽകണം
അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ അപേക്ഷകന് വിവരം നൽകണം. അസിസ്റ്റ്ന്റ് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ വഴി ലഭിച്ച അപേക്ഷയാണെങ്കിൽ 35 ദിവസത്തിനകം വിവരം നൽകിയാൽ മതി. എന്നാൽ വ്യക്തിയുടെ ജീവനെയോ സ്വാതന്ത്ര്യത്തെയോ ബാധിക്കുന്ന വിവരമാണ് ആവശ്യപ്പെടുന്നതെങ്കിൽ അത് 48 മണിക്കൂറിനകം നൽകിയിരിക്കണം. വിവരങ്ങൾ നൽകുന്നതിനു പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ ക്കൂടുതൽ ഫീസ് തുക അതിന്റെ ചെലവിനത്തിൽ വാങ്ങിക്കാൻ തീരുമാനം എടുക്കുന്ന പക്ഷം ആ വിവരം അപേക്ഷകനെ അരിയിക്കണം. അപ്രകാരം അറിയിക്കേണ്ടതിലേക്കും ഫീസ് ഒടുക്കേണ്ടതിലേക്കും വേണ്ടിവരുന്ന സമയം 30 ദിവസത്തെ കാലയളവ് കണക്കാക്കുമ്പോൾ ഒഴിവാക്കുന്നതാണ്. നിർദിഷ്ട സമയത്തിനകം വിവരം നൽകാൻ കഴിയുന്നില്ലെങ്കിൽ അതിനുള്ള കാരണവും അപ്പീൽ ബോധിപ്പിക്കുന്നതിനുള്ള കാലയളവും അപ്പീൽ അധികാരിയുടെ വിവരങ്ങളും പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ അപേക്ഷകനെ അറിയിക്കണം. നിശ്ചിത സമയ പരിധിക്കുള്ളിൽ വിവരം നൽകാൻ കഴിയാതെ പോയാൽ യാതൊരു ഫീസും ഈടാക്കതെ അത് നൽകേണ്ടതാണ്.
അപേക്ഷകൻ ആവശ്യപ്പെട്ടിട്ടുള്ള വിവരം മറ്റൊരു പൊതുഅധികാരിയുടെ കൈവശമാണ് ഉള്ളതെങ്കിൽ അപേക്ഷയോ അപേക്ഷയുടെ പ്രസക്തഭാഗമോ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ അഞ്ചു ദിവസത്തിനകം ആ പൊതു അധികാരിക്ക് അയച്ചുകൊടുക്കണം. അപേക്ഷകൻ ആവശ്യപ്പെട്ടിരിക്കുന്ന വിവരം ഏതെങ്കിലും മൂന്നാം കക്ഷി നൽകിയതും അദ്ദേഹം അത് രഹസ്യമാക്കി സൂക്ഷിക്കാൻ നൽകിയതുമാണെങ്കിൽ വിവരം നൽകുന്നതിനായി അപേക്ഷ ലഭിച്ച് അഞ്ച് ദിവസത്തിനകം പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ മൂന്നാം കക്ഷിയുടെ സമ്മതം വാങ്ങിയിരിക്കേണ്ടതാണ്. ഇതിനായി മൂന്നാം കക്ഷിക്ക് നോട്ടീസ് അയക്കണം. വിവരങ്ങൾ വെളിപ്പെടുത്തുന്നത് സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കിൽ മൂന്നാം കക്ഷി അത് 10 ദിവസത്തിനകം അറിയിക്കേണ്ടതാണ്.
പിഴശിക്ഷ
നിശ്ചിത സമയപരിധിക്കുള്ളിൽ വിവരം നൽകുന്നില്ലെങ്കിലോ ന്യായമായ കാരണങ്ങളില്ലാതെ അപേക്ഷ നിരസിക്കുകയോ തെറ്റായതോ അപൂർണ്ണവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങൾ നൽകിയാലോ 250 രൂപ മുതൽ 25,000 രൂപ വരെ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ പിഴ ഒടുക്കേണ്ടിവരും. ഇതിനുപുറമെ വകുപ്പുതല അന്വേഷണവും അച്ചടക്ക നടപടിയും ഏറ്റുവാങ്ങേണ്ടി വരുകയും ചെയ്യും.
അപ്പീൽ നൽകുന്നതിനുള്ള അവകാശം
ആവശ്യപ്പെടുന്ന വിവരം ലഭിക്കുന്നില്ലെങ്കിലോ അപൂർണ്ണവും അവാസ്തവവുമായ വിവരമാണ് കിട്ടിയതെങ്കിലോ പൌരനു രണ്ടു തലത്തിൽ അപ്പീൽ പോകാം. ആദ്യത്തെ അപ്പീൽ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസറുടെ ഉയർന്ന റാങ്കിൽ അപ്പീൽ സ്വീകരിക്കുന്നതിന് നിയുക്തനായ ഉദ്യോഗസ്ഥന്, പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസറുടെ തീരുമാനം ലഭിച്ച് 30 ദിവസത്തിനകം നൽകണം. അപ്പീൽ ഹരജിക്കാരന് യഥാസമയം അപ്പീൽ നൽകാൻ കഴിയാഞ്ഞത് മതിയായ കാരണങ്ങൾ മൂലമാണെന്ന് ബോധ്യമാകുന്ന പക്ഷം പ്രസ്തുത ഉദ്യോഗസ്ഥന് (അപ്പലേറ്റ് അതോറിറ്റിക്ക്) കാലപരിധിക്ക് ശേഷം ലഭിക്കുന്ന അപ്പീലും സ്വീകരിക്കാവുന്നതാണ്. ആദ്യ അപ്പീൽ തീരുമാനത്തിനെതിരെ 90 ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപ്പീൽ ഇൻഫർമേഷൻ കമ്മീഷന് സമർപ്പിക്കണം.
No comments:
Post a Comment