തിരൂര്‍: മദ്യലഹരിയില്‍ ഓടിച്ച ജീപ്പ് നഗരത്തില്‍ അപകട പരമ്പര തീര്‍ത്തു. കാല്‍ നടയാത്രക്കാരിയെ ഇടിച്ച് തെറിപ്പിക്കുകയും നാലു വാഹനങ്ങള്‍ക്ക് കേടുപറ്റുകയും ചെയ്തു. നാല് തമിഴര്‍ക്കും പരിക്കു പറ്റി. നഗരമധ്യത്തില്‍ വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം.
ഏഴൂര്‍ പീസി പടി സ്വദേശി കാവുങ്ങല്‍ പ്രദീപാണ് മദ്യലഹരിയില്‍ ജീപ്പുമായെത്തി നഗരത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ചത്. ഇയാള്‍ ചെമ്പ്ര റോഡില്‍നിന്ന് മസ്ജിദുതൗഹീദിനു മുന്നിലെ റോഡിലൂടെ മലപ്പുറം റോഡിലേക്ക് വരുന്നതിനിടെയാണ് അപകട പരമ്പര തീര്‍ത്തത്. ഈ റോഡിലെ ഓട്ടോ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട നാലു ഓട്ടോകളെ ഇയാളുടെ ജീപ്പ് ഇടിച്ചു.
എന്നിട്ടും നിര്‍ത്താതെ മുന്നോട്ട് പോയ ജീപ്പിനെ ഓട്ടോഡ്രൈവര്‍മാര്‍ പിന്തുടര്‍ന്നു. മലപ്പുറം റോഡില്‍ പ്രവേശിച്ച ജീപ്പ് ഇയാള്‍ റിങ് റോഡ് ജങ്ഷനിലേക്ക് അതിവേഗം ഓടിച്ച് കയറ്റുകയായിരുന്നു. അതിനിടെ ഇവിടുത്തെ ഫുട്പാത്തിലൂടെ നടന്ന് പോകുകയായിരുന്ന തിരൂര്‍ പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിലെ ജീവനക്കാരി കോഴിച്ചെന ലൂസി ആനന്ദിനെയാണ് ജീപ്പ് ഇടിച്ചിട്ടത്. സമീപം നിന്ന നാല് തമിഴര്‍ക്കും പരിക്കു പറ്റി. പല വാഹനങ്ങളും യാത്രക്കാരും ജീപ്പിനു മുന്നില്‍നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്കാണ്. പരിഭ്രാന്തനായ പ്രദീപ് ജീപ്പ് എതിര്‍വശത്തേക്ക് വെട്ടിച്ചതിനിടെ നിയന്ത്രണം വിട്ട് ഡിവൈഡറിലേക്കു ഇടിച്ചു കയറി. ഇറങ്ങിയോടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാര്‍ വളഞ്ഞ് വെച്ച് തല്ലി.
പിന്നീട് സ്‌റ്റേഷനില്‍നിന്ന് കൂടുതല്‍ പൊലീസെത്തിയതോടെയാണ് ഇയാളെ നാട്ടുകാര്‍ വിട്ടയച്ചത്. പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരിക്കേറ്റ ലൂസി ആനന്ദിനെ തിരൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ തമിഴര്‍ക്ക് താലൂക്കാശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി.
No comments:
Post a Comment