പൊന്നാനി: കുറ്റിക്കാട്ടുള്ള നഗരസഭാ ശ്മശാനത്തിന് സമീപം ഭാരതപ്പുഴയില്‍ പൊലീസും റവന്യു ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയില്‍ ഏഴു മണല്‍ തോണി പിടികൂടി. സ്ഥലത്തെത്തിയ തഹസില്‍ദാര്‍ കെ. മൂസക്കുട്ടിയെ മണല്‍ മാഫിയ തടഞ്ഞുവെച്ചതിനെത്തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഞായറാഴ്ച പുലര്‍ച്ചെ ആറോടെയാണ് സംഭവം. കലക്ടറുടെ നിര്‍ദേശപ്രകാരമാണ് പരിശോധന നടത്തിത്.
ബിയ്യംകായല്‍ വിനോദ സഞ്ചാര കേന്ദ്രത്തിലെ രണ്ട് സ്‌പീഡ് ബോട്ടുകളിലാണ് പൊലീസും റവന്യു അധികൃതരും പരിശോധനക്കെത്തിയത്. പിടികൂടിയ ഏഴ് തോണികള്‍ കടവിനടുത്ത്‌വെച്ച് ജെ.സി.ബി ഉപയോഗിച്ച് പൊളിച്ച് നീക്കി.
ഞായറാഴ്ച അതിരാവിലെ പൊലീസും റവന്യു ഉദ്യോഗസ്ഥരും കനോലി കനാല്‍ വഴി രണ്ട് സ്‌പീഡ് ബോട്ടുകളി ല്‍ കുറ്റിക്കാട് ശ്മശാനത്തിനടുത്തുള്ള പുഴയിലെത്തുകയായിരുന്നു. അധികൃതരെ കണ്ടതോടെ പുഴയില്‍നിന്ന് മണല്‍വാരുകയായിരുന്ന 15 ഓളം തോണികളിലെ തൊഴിലാളികള്‍ പരിഭ്രാന്തരായി. ഇതില്‍ എട്ടോളം തോണികള്‍ തൊഴിലാളികള്‍ പുഴയില്‍ മുക്കി പുറത്തൂര്‍ ഭാഗത്തേക്ക് നീന്തിക്കയറി. മറ്റുള്ള തോണികളിലെ തൊഴിലാളികളും നീന്തി രക്ഷപ്പെട്ടു. പിടികൂടിയതില്‍ രണ്ട് തോണികള്‍ യമഹ എന്‍ജിന്‍ ഘടിപ്പിച്ചതാണ്.
കക്ക വാരാന്‍ ലൈസന്‍സുള്ള യമഹ ഘടിപ്പിച്ച ഒരു തോണി വിട്ടുകൊടുത്തുവെന്ന് പൊലീസ് പറഞ്ഞു. ബാക്കിയുള്ള തോണികള്‍ സിവില്‍ സ്‌റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു. പക്ഷേ, ഇത് ബുദ്ധിമുട്ടായതിനാല്‍ പുഴയോരത്ത് വെച്ചുതന്നെ ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചുനീക്കുകയായിരുന്നു. ഇതിനിടെ ഒരു സംഘമാളുകള്‍ സ്ഥലത്തെത്തിയ തഹസില്‍ദാറെ വളഞ്ഞപ്പോഴാണ് പൊലീസ് ലാത്തി വീശിയത്. എസ്.ഐ കെ. മാധവന്‍കുട്ടി, കോണ്‍സ്റ്റബിള്‍മാരായ അനില്‍, മധു, ഖാലിദ്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ സത്യാനന്ദ്, മോനിച്ചന്‍, ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മണല്‍ വേട്ട. അതേസമയം, പൊലീസ് പുഴയില്‍ നിന്ന് പിടികൂടിയത് യമഹ ഘടിപ്പിച്ച രണ്ട് തോണി മാത്രമാണെന്നും ബാക്കി അഞ്ചെണ്ണം മണല്‍ക്കടവില്‍ കെട്ടിയിട്ട തോണികളാണെന്നും മണല്‍ തൊഴിലാളികള്‍ പറയുന്നു.
No comments:
Post a Comment